Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site MapWith Love, to those who caned me...
(and those who didn‘t!)


തല്ലിയവരോട് (തല്ലിയിട്ടില്ലാത്തവരോടും!) സ്നേഹപൂർവം...

***
My memories and views about corporal punishments in schools


സ്കൂളില്‍ പഠിച്ചിരുന്ന കാലത്ത് എന്നും ക്ലാസ്സിലെ ‘നമ്പര്‍ വണ്‍‘ ആയിരുന്നതു കൊണ്ട് തല്ലു കൊള്ളാനുള്ള ‘ചാന്‍സ്‘ കുറവായിരുന്നു എനിക്ക്. എങ്കിലും സാമാന്യം നല്ലൊരു ‘തല്ലുകൊള്ളി‘യായായിരുന്നു ഞാന്‍. തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ കേട്ടെഴുത്തില്‍ ഒരു വാക്ക് തെറ്റിയതിന് (ആ വാക്ക് ഏതെന്നു പോലും ഇന്നും ഓര്‍മയുണ്ട് എനിക്ക് - ‘ഐരാവതം‘) പുഷ്പ ടീച്ചറുടെ കൈയില്‍ നിന്ന് കിട്ടിയ അടി മുതല്‍ തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളില്‍ പത്താം ക്ലാസില്‍ മാത്‌സ് ക്ലാസില്‍ ഒരു ചോദ്യത്തിന്റെ ഉത്തരം തെറ്റിച്ചതിന് (തെറ്റിയതല്ല...!) ബെന്നി മാഷ്‌ടെ കൈയില്‍ നിന്ന് കിട്ടിയ ചൂരല്‍ പ്രയോഗം വരെ ചെറുതും വലുതുമായ ഒത്തിരി തല്ലുകളുടെ ഓര്‍മകൾ ഇന്നും മനസ്സിൽ തെളിഞ്ഞു നിൽക്കുന്നുണ്ട്. എന്നാലും ചില സന്ദര്‍ഭങ്ങളിലെങ്കിലും കിട്ടേണ്ടിയിരുന്നത് കിട്ടിയില്ലെന്ന് തോന്നിയിട്ടുമുണ്ട്.

ഈ അടിയൊക്കെ കൊള്ളുമ്പോഴും എന്നെ അത്ഭുതപ്പെടുത്തിയിരുന്ന ഒരു കാര്യമുണ്ട് - തല്ലു കിട്ടുമ്പോഴൊക്കെ തല്ലുന്നവരോടുള്ള സ്നേഹവും ബഹുമാനവും കൂടിയിട്ടേയുള്ളൂ എന്റെ മനസ്സില്‍. ചെയ്യാത്ത തെറ്റുകളുടെ പേരില്‍ ശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന അവസരങ്ങളില്‍ പോലും തല്ലിയവരോട് ദേഷ്യമോ പരിഭവമോ പോലും തോന്നിയിട്ടില്ല ഒരിക്കലും. എനിക്ക് ഏറ്റവും പ്രിയപ്പട്ട അധ്യാപകരുടെയും എന്നെ ഏറ്റവും കൂടുതല്‍ തല്ലിയിട്ടുള്ളവരുടെയും ഓരോ ലിസ്റ്റ് തയ്യാറാക്കിയാല്‍ രണ്ടും തമ്മില്‍ 90 ശതമാനമെങ്കിലും ചേര്‍ച്ചയുണ്ടാവും. എന്നെ ഏറ്റവും കൂടുതല്‍ തവണ തല്ലിയിട്ടുള്ള അധ്യാപകന്‍ എന്ന ‘ക്രെഡിറ്റ്‘ അവകാശപ്പെടാവുന്ന ബെന്നി മാഷ്,* ഒറ്റത്തവണ ഏറ്റവും കൂടുതല്‍ തല്ലിയ ജോസ് സാര്‍** തുടങ്ങിയവര്‍ അക്കൂട്ടത്തിലെ മുന്‍നിരക്കാരാണ്.

(*:എട്ടാം ക്ലാസ്സിലും പത്തിലും മാത്‌സ് പഠിപ്പിച്ചിരുന്ന ശ്രീ. ബെന്നി ഫ്രാന്‍സിസ്. പല തവണ അടി കിട്ടിയ ശേഷവും ക്ലാസ്സില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങള്‍ മന:പൂര്‍വം തെറ്റിക്കാറുണ്ടായിരുന്നു ഞാന്‍ - കിട്ടിയത് പോരെന്ന മട്ടില്‍ വീണ്ടും തല്ലു കൊള്ളാന്‍ വേണ്ടിത്തന്നെ! അങ്ങനെ ഒരിക്കല്‍ ഒരു ജനുവരി പതിനഞ്ചിന് (1991) അദ്ദേഹ ത്തിന്റെ കൈയില്‍ നിന്ന് കിട്ടിയ (അതോ വാങ്ങിയതോ?) അടിയുടെ പാട് മങ്ങിയെങ്കിലും ഇന്നും മായാതെ കിടപ്പുണ്ട് എന്റെ വലതു കൈവെള്ളയില്‍. ആ നിമിഷങ്ങളുടെ മധുരിക്കുന്ന ഓര്‍മകള്‍ മനസ്സിലും - പതിനാറു കൊല്ലം കഴിഞ്ഞിട്ടും.)
(**:ആറാം ക്ലാസ്സിലെ സോഷ്യല്‍ സയന്‍സ് അധ്യാപകനായിരുന്ന ശ്രീ. കെ. എം. ജോസ്. ഒറ്റ ‘സെഷനി’ല്‍ (ജനുവരി 3, 1989) ഒന്നും രണ്ടുമല്ല, നാല്‍പത്തഞ്ച് അടിയാണ് അദ്ദേഹം എനിക്കു തന്നത് - അതും ക്ളാസ്സിലെ മുഴുവന്‍ കുട്ടികളുടെയും മുന്‍പില്‍ വെച്ച് ചൂരല്‍ കൊണ്ട് കൈവെള്ളകളിലും ചന്തിയിലും തുടകളിലുമായി. (എന്തിനായിരുന്നു അടി എന്നു ചോദിക്കരുത് - തക്കതായ കാരണം ഉണ്ടായിരുന്നെന്ന് കൂട്ടിക്കോളൂ.) എങ്കിലും ഓരോ അടി കൊള്ളുമ്പോഴും സാറിനോടുള്ള ഇഷ്ടം കൂടുകയായിരുന്നു എന്റെ മനസ്സില്‍. ഞാന്‍ അറിഞ്ഞു കൊണ്ട് ചെയ്ത ഒരു വലിയ തെറ്റിനുള്ള ശിക്ഷയായിരുന്നു ആ അടി എന്നതു തന്നെ കാരണം.)

അച്ചടക്കത്തിന്റെ വാള്‍ സദാ ധരിച്ച് വിദ്യാര്‍ഥികളെ അടക്കി ഭരിച്ചിരുന്ന അധ്യാപകര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ ഒരു മുഖം. കുട്ടികളില്‍ ഭയം ഉണര്‍ത്താന്‍ മാത്രം ഉപയോഗിക്കപ്പെട്ടിരുന്ന ചൂരലിന് സ്നേഹത്തിന്റെ മുഖവുമുണ്ടെന്ന് ആദ്യമായി കാണിച്ചു തന്ന കല്യാണിക്കുട്ടി ടീച്ചര്‍ക്ക് എന്റെ മനസ്സില്‍ അമ്മയുടെ രൂപമാണ്, അന്നും ഇന്നും. സ്വന്തം മക്കളെയെന്ന പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയുമായിരുന്നു ടീച്ചര്‍ കുട്ടികളെ കണ്ടിരുന്നത്. വടിയെടുക്കുമ്പോള്‍ പോലും ആ മുഖത്ത് ദേഷ്യമല്ല, ‘മക്കളെ’ തല്ലേണ്ടിവരുന്നതിലുള്ള വിഷമമാണ് തെളിയാറുള്ളത്. ഇന്നും ടീച്ചറെ ‘ടീച്ചര്‍’ എന്നല്ല, ‘അമ്മ’യെന്നു വിളിക്കാനാണ് എനിക്കിഷ്ടം. (പലപ്പോഴും അങ്ങനെ തന്നെയാണ് വിളിക്കുന്നതും!)

പിന്നെ സുകുമാരന്‍ മാഷ്. കുട്ടികള്‍ - പ്രത്യേകിച്ചും ചെറിയ ക്ളാസ്സുകളിലെ കുട്ടികള്‍ - ‘ഭീകരതയുടെ ആള്‍രൂപ’മായി കണ്ടിരുന്ന അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഒരിക്കലും അടി കിട്ടിയിട്ടില്ലെങ്കിലും ആ ചൂരലിന്റെ ‘ചൂട്’ ഒരിക്കലെങ്കിലും ഒന്ന് അറിയണമെന്ന് ഒരാശ (വല്ലാത്തൊരു ആശ തന്നെ!) ഏറെ നാള്‍ മനസ്സില്‍ സൂക്ഷിച്ചിരുന്നു ഞാന്‍. (എന്തു കൊണ്ടായിരുന്നു അങ്ങനെയൊരാഗ്രഹം എന്നു ചോദിച്ചാല്‍, സത്യം പറയാമല്ലോ, ഇന്നും എനിക്കറിയില്ല!)

ഓര്‍മകളിലൂടെ ഒരു ‘തിരിച്ചു പോക്ക്‘ നടത്തുമ്പോള്‍ മാര്‍ക്കോസ് മാഷെ മറക്കുന്നതെങ്ങനെ? ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയാതിരുന്നതിന്റെ പേരില്‍ ചൂരലിന്റെ ‘മധുരം’ നുകരാന്‍ അവ സരം തന്ന ശ്രീ. കെ. എസ്. മാര്‍ക്കോസ്. എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടുള്ള ഏറ്റവും മികച്ച അധ്യാപകരില്‍ ഒരാള്‍. ആറാം ക്ലാസ്സില്‍ ‘scream’ എന്ന വാക്കിന്റെ അര്‍ത്ഥം ഇംഗ്ലീഷില്‍ പറയാന്‍ ആവശ്യപ്പെട്ട സാര്‍ എനിക്ക് അന്ന് ആദ്യത്തെ പരാജയം സമ്മാനിച്ചത് സാറിന്റെ കൈയില്‍ നിന്ന് നല്ല രണ്ടടി വാങ്ങിത്തന്നതോടൊപ്പം എന്നെ ഇംഗ്ലീഷ് ഭാഷയുടെ ആരാധകനാക്കി മാറ്റുകയും ചെയ്തു. എന്നെ ഞാനാക്കി മാറ്റുന്നതില്‍ അവിസ്മരണീയമായ പങ്കു വഹിച്ച അനുഭവങ്ങളില്‍ ഒന്നായിരുന്നു അതെന്ന് സമ്മതിക്കാന്‍ എനിക്ക് ഇന്നും സന്തോഷമേയുള്ളൂ. (പക്ഷേ, ആ ദിവസത്തിനു ശേഷം സാര്‍ ക്ലാസ്സില്‍ ചോദ്യം ചോദിക്കുന്ന പരിപാടി അവസാനിപ്പിച്ചത് എന്തു കൊണ്ടായിരുന്നു എന്ന് എനിക്ക് ഇന്നും മനസ്സിലായിട്ടില്ല..!)

തല്ലു കൊള്ളാതിരിക്കാന്‍ വേണ്ടി കളവു പറയുന്നവര്‍ എത്ര വേണമെങ്കിലും ഉണ്ടാവും. കള്ളം പറഞ്ഞതിന് തല്ലു കിട്ടിയവരും. പക്ഷേ, തല്ലു വാങ്ങാന്‍ വേണ്ടി കളവു പറഞ്ഞ ‘ചരിത്രം’ എന്നെപ്പോലെ മറ്റാര്‍ക്കെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ്. ഇംഗ്ലീഷ് സെക്കന്‍ഡ് പേപ്പര്‍ പഠിപ്പിച്ചിരുന്നത് വിന്‍സെന്റ് മാഷ് (ശ്രീ. വിന്‍സെന്റ് ഫെര്‍ണാണ്ടസ്). അദ്ദേഹത്തിന്റെ അടി വളരെ ‘കടുപ്പ’മാണെന്നായിരുന്നു പൊതുവേ അറിയപ്പെട്ടിരുന്നത്. എങ്കില്‍പ്പിന്നെ അതൊന്ന് ‘പരീക്ഷിക്കണ’മെന്ന് എനിക്കു തോന്നി. അങ്ങനെ ഒരു ദിവസം (ഫെബ്രുവരി 12, 1992) ടെക്സ്റ്റ് ബുക്ക് കൊണ്ടുവരാന്‍ മറന്നുപോയി എന്നു (കളവു) പറഞ്ഞ് സാറിന്റെ കൈയില്‍ നിന്ന് നല്ല ഒന്നാന്തരം ചൂരല്‍ പ്രയോഗം ‘ചോദിച്ചു വാങ്ങി’യ ഞാന്‍ ക്ലാസ് കഴിഞ്ഞ ശേഷം ഒന്നും സംഭവിക്കാത്തതു പോലെ ബാഗില്‍ നിന്ന് പുസ്തകം പുറത്തെടുത്തപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ‘ഞെട്ടിയത്’ കണ്ടു നിന്നവരായിരുന്നു.

അത്യാവശ്യം ‘തല്ലുകൊള്ളിത്തരം’ കൈമുതലായി ഉണ്ടായിരുന്നതു കൊണ്ടാണോ എന്നറിയില്ല, കുട്ടിക്കാലം മുതലേ തല്ലിനോട് അനുകൂല മനോഭാവമാണ് എന്നും എനിക്ക് ഉണ്ടായിരുന്നത്. അടി കൊള്ളേണ്ടിടത്ത് - അത് എനിക്കു തന്നെയാണെങ്കില്‍പ്പോലും - അടി തന്നെ വേണമെന്ന നിലപാടാണ് എന്റേത് - അന്നും ഇന്നും. പക്ഷേ തല്ലുന്നത് സ്നേഹത്തോടെയാവണം - ദേഷ്യമരുത്. തല്ലേണ്ടത് എന്തിനെന്നും എപ്പോഴെന്നും എങ്ങനെയെന്നും അറിയാവുന്ന അധ്യാപകന് (അധ്യാപികയ്ക്ക്) മാത്രമേ അതു സാധിക്കൂ. കുട്ടികളുടെ മനസ്സറിഞ്ഞ് ശിക്ഷിക്കാന്‍ കഴിയുന്നതിലാണ് അധ്യാപകരുടെ വിജയം. കുട്ടിക്ക് കിട്ടുന്ന അടി അവന്റെ (അവളുടെ) ശരീരത്തെ മാത്രമേ വേദനിപ്പിക്കാവൂ - മനസ്സിനെയല്ല. തല്ലു കൊള്ളുന്ന കുട്ടിയുടെ മനസ്സില്‍ തല്ലുന്ന ആളോട് തിരിച്ചും സ്നേഹം തോന്നും, അപ്പോള്‍. അടി കിട്ടാന്‍ കാരണമായ തെറ്റ് തിരുത്താനും മേലില്‍ അത് ആവര്‍ത്തിക്കാതിരിക്കാനും അവന്‍ (അവള്‍) ശ്രദ്ധിക്കുകയും ചെയ്യും.

തെറ്റു തിരുത്തുന്നതോടൊപ്പം ആ തെറ്റ് ആവര്‍ത്തിക്കുന്നതില്‍ നിന്ന് കുട്ടിയെ പിന്‍തിരിപ്പിക്കുക എന്നതും തല്ലിന്റെ ഉദ്ദേശ്യമാണെങ്കിലും അതിന് അടി കിട്ടുമെന്ന പേടി ഉണ്ടാവണമെന്ന അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നില്ല. തല്ലിനെ പേടിച്ചല്ല, തെറ്റ് മനസ്സിലാക്കിയാവണം അതില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. അല്ലെങ്കില്‍ തല്ലു കിട്ടാനുള്ള സാഹചര്യം ഇല്ലാതെ വന്നാല്‍ തെറ്റ് ആവര്‍ത്തിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല - പ്രേരക സ്വഭാവമുള്ള തെറ്റുകളാണെങ്കില്‍ പ്രത്യേകിച്ചും. ഉദാഹരണത്തിന്, സ്കൂളില്‍ പുകവലിച്ചതിന് തല്ലു കിട്ടിയ കുട്ടി പേടി കൊണ്ട് പുകവലിക്കാതിരുന്നേക്കാം. അതേ സമയം ‘സാര്‍ കാണാതെ വലിക്കാം’ എന്നു ചിന്തിച്ചാല്‍ ശിക്ഷയും ശിക്ഷകനും ഒരു പോലെ പരാജയമാവില്ലേ...?

എന്നാല്‍ കാലവും സാഹചര്യങ്ങളും മാറുന്നതനുസരിച്ച് ശിക്ഷാ രീതികളിലും മാറ്റം വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ശ്രീ. ലോനപ്പന്‍ നമ്പാടന്‍ പറഞ്ഞതു പോലെ ‘പേടിപ്പിച്ചും പീഡിപ്പിച്ചും പഠിപ്പിച്ചിരുന്ന’ കാലത്തെ രീതികളല്ല ഇന്നു വേണ്ടത്. ഇപ്പോഴത്തെ അധ്യാപന രീതിയില്‍ ‘തല്ലിപ്പഠിപ്പിക്കലി’ന് സ്ഥാനമില്ല. അതേ സമയം സ്കൂളുകളില്‍ നിന്ന് തല്ല് എന്ന ‘ആയുധ’ത്തെ പൂര്‍ണമായി പടിയിറക്കി വിടാറായെന്ന് തോന്നുന്നില്ല. പഠനത്തില്‍ ‘വീക്ക്’ ആയ കുട്ടികളുടെ പ്രശ്നങ്ങള്‍ ‘വീക്കു’ കൊണ്ട് പരിഹരിക്കാന്‍ ശ്രമിക്കുന്ന കാലഹരണപ്പെട്ട ശൈലി അവസാനിപ്പിക്കേണ്ടതാണെങ്കിലും പഠിത്തവുമായി നേരിട്ട് ബന്ധമില്ലാത്ത ചില കാര്യങ്ങളിലെങ്കിലും ഇപ്പോഴും ‘ചൂരല്‍ കുടുംബ’ത്തിന് ഉള്ള ‘സ്ഥാനം’ അവഗണിക്കാനാവില്ല.

ചുരുക്കിപ്പറഞ്ഞാല്‍ അധ്യാപകരോട് എനിക്കു പറയാനുള്ളത് ഇതാണ്: നിങ്ങള്‍ കുട്ടികളെ തല്ലിക്കോളൂ - പക്ഷേ തല്ലാനൊരുങ്ങും മുന്‍പ് ഒന്നല്ല, മൂന്നു വട്ടം ആലോചിക്കണം. ‘ഈ അടി ഒഴിവാക്കാനാവാത്ത വിധം ആവശ്യമാണോ?’ ‘അടി കൊള്ളേണ്ടത് ഇവന് (ഇവള്‍ക്ക്) തന്നെയാണോ?’ ‘ഈ കുട്ടിയോടോ മറ്റാരോടെങ്കിലുമോ ഉള്ള ദേഷ്യം എന്റെ മനസ്സിലുണ്ടോ?’ ഇതില്‍ ആദ്യത്തെ രണ്ടു ചോദ്യങ്ങള്‍ക്ക് ‘അതെ’ എന്നും മൂന്നാമത്തേതിന് ‘ഇല്ല’ എന്നും ഉത്തരം കിട്ടുന്നെങ്കില്‍ മാത്രമേ വടിയെടുക്കാവൂ. അങ്ങനെയല്ലെങ്കില്‍ ‘തല്ലു കൊള്ളേണ്ടത്’ നിങ്ങള്‍ക്കു തന്നെയാണെന്നറിയുക.Note 1:
സ്കൂളുകളില്‍ അധ്യാപകര്‍ നല്‍കുന്ന ശാരീരിക ശിക്ഷകളെ മാത്രമേ ഈ ലേഖനത്തില്‍ പരിഗണിച്ചിട്ടുള്ളൂ. വീടുകളില്‍ മാതാപിതാക്കളും ചേട്ടന്‍ / ചേച്ചിമാരും കുട്ടികളെ തല്ലാറുണ്ടെങ്കിലും അവയെ വ്യത്യസ്തമായി പരിഗണിക്കേണ്ടതുണ്ട്. (വീട്ടില്‍ കുട്ടിക്കാലം മുതല്‍ കൈ, സ്കെയില്‍ തുടങ്ങി ചൂരല്‍ വരെയുള്ള ‘ആയുധ’ങ്ങള്‍ കൊണ്ട് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി കിട്ടിയിട്ടുള്ള തല്ലുകളെക്കുറിച്ച് എഴുതാന്‍ തുടങ്ങിയാല്‍ അതത്ര പെട്ടെന്നൊന്നും തീരില്ല!)

Note 2: രാജ്യത്ത് വിദ്യാഭ്യാസ അവകാശ നിയമം (‘Right of Children to Free and Compulsory Education Act 2009’, popularly known as 'Right to Education Act') നിലവിൽ വരുന്നതിനു വർഷങ്ങൾക്കു മുൻപ് എഴുതിയതാണ് ഈ ലേഖനം. പ്രസ്തുത നിയമം നിലവിൽ വന്നതോടെ സ്കൂളുകളിൽ അടി ഉൾപ്പെടെ എല്ലാ തരത്തിലുമുള്ള ശാരീരിക ശിക്ഷകളും നിരോധിക്കപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ ലേഖനത്തിലെ ചില പരാമർശങ്ങൾ അപ്രസക്തമായിരിക്കാം.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.