Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Map

കല്യാണിക്കുട്ടി ടീച്ചര്‍ - മാതൃത്വത്തിന്റെ ‘അദ്ധ്യാപികാവതാരം

(മാതൃതുല്യമായ സ്നേഹത്തിന്റെ ‘അവതാര’മായിരുന്ന കല്യാണിക്കുട്ടി ടീച്ചറെക്കുറിച്ചുള്ള ഓര്‍മക്കുറിപ്പുകള്‍) ‍


തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയോടൊപ്പം മൂന്നാം വയസ്സില്‍ (1981) ‘സ്കൂള്‍’ എന്ന ‘പുതിയ ലോക’ത്ത് ആദ്യ കാല്‍വെപ്പു നടത്തിയ ദിവസം മുതല്‍ 1993 മാര്‍ച്ച് 29-ന് എസ് എസ് എല്‍ സി പരീക്ഷയുടെ അവസാന പേപ്പര്‍ (ചോദ്യപേപ്പര്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് മാറ്റി വെക്കേണ്ടി വന്ന ‘ഭൂമിശാസ്ത്രം’) എഴുതിത്തീര്‍ത്ത് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ (ഇപ്പോള്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) ക്ലാസ് മുറികളോട് അവസാന യാത്ര പറഞ്ഞ് പടിയിറങ്ങുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിനിടയില്‍ ഒട്ടേറെ അധ്യാപകരുടെ (അധ്യാപികമാരുടെയും) സ്നേഹവാത്സല്യങ്ങളുടെ (തത്ഭവമായ ശിക്ഷകളുടെയും!) മാധുര്യം നുകരാന്‍ അവസരം ലഭിച്ചിട്ടുണ്ട് എനിക്ക്. അവരില്‍ പലരുമായും സുദൃഢമായ ആത്മബന്ധം സ്ഥാപിക്കാനും ഒരു വ്യാഴവട്ടത്തിലേറെ ആ അടുപ്പം ദീപ്തമായി നിലനിര്‍ത്താനും കഴിഞ്ഞു എന്നത് വലിയൊരു നേട്ടമായിത്തന്നെയാണ് ഞാന്‍ കാണുന്നത്.

കുട്ടികളോട് ‘സ്നേഹം പ്രകടിപ്പിക്കാന്‍’ അസാധാരണവും പ്രവചനാതീതവുമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതില്‍ ഏറ്റവും വിദഗ്ദ്ധരായ ‘പ്രൊഫഷണല്‍’ വിഭാഗമാണ് അധ്യാപകര്‍ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്ക്. അവരുടെ സ്നേഹത്തിന്റെ പല മുഖങ്ങളും അടുത്തു കാണാന്‍ അധ്യാപക ദമ്പതികളുടെ മകനായ എനിക്ക് കഴിഞ്ഞിട്ടുണ്ട്. എനിക്ക് ഏറ്റവും പ്രിയങ്കരരായ അധ്യാപകരില്‍ പലരുടെയും സ്നേഹത്തിന് പലപ്പോഴും ചൂരലിന്റെ മുഖമായിരുന്നു...! അതു കൊണ്ടായിരിക്കാം, എന്റെ ഏറ്റവും പ്രിയപ്പെട്ട അധ്യാപകരുടെയും എന്നെ ഏറ്റവും കൂടുതല്‍ തല്ലിയിട്ടുള്ളവരുടെയും ഓരോ ലിസ്റ്റ് തയ്യാറാക്കിയാല്‍ രണ്ടും തമ്മില്‍ 90 ശതമാനമെങ്കിലും ചേര്‍ച്ചയുണ്ടാവും. അവരില്‍ ചിലരുടെയെങ്കിലും കൈയില്‍ നിന്ന് തല്ലു വാങ്ങാന്‍ വേണ്ടി മാത്രം പല ‘തന്ത്ര’ങ്ങളും പയറ്റിയിട്ടുണ്ട് ഞാന്‍ - ക്ലാസില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതിരിക്കുക / തെറ്റിക്കുക, കൂട്ടുകാര്‍ക്ക് ‘ഹോം വര്‍ക്ക്’ കോപ്പിയടിക്കാന്‍ സഹായം ചെയ്തുകൊടുത്ത ശേഷം കോപ്പിയടിച്ചതിന് അവര്‍ക്ക് അടി കിട്ടുന്ന സാഹചര്യം ഉണ്ടായാൽ അവരെ സഹായിച്ചെന്ന തെറ്റ് ഏറ്റുപറയുക, പുസ്തകം ബാഗില്‍ വെച്ചിരുന്നുകൊണ്ടു തന്നെ ‘മറന്നു പോയെ’ന്ന് കളവു പറയുക അങ്ങനെ പലതും.

‘വിപ്ളവം തോക്കിന്‍ കുഴലിലൂടെ’ എന്ന പഴയ മുദ്രാവാക്യം പോലെ ‘സ്നേഹം ചൂരലിലൂടെ’ പ്രകടിപ്പിക്കുന്ന അധ്യാപകര്‍ക്കിടയില്‍ തികച്ചും വ്യത്യസ്തമായ ഒരു മുഖം - അതായിരുന്നു കല്യാണിക്കുട്ടി ടീച്ചർ. സ്വന്തം മക്കളെയെന്ന പോലെ സ്നേഹത്തോടെയും ശ്രദ്ധയോടെയുമായിരുന്നു ടീച്ചര്‍ കുട്ടികളെ കണ്ടിരുന്നത്. മാനവികതയുടെ ഏറ്റവും ഉദാത്തമായ ഭാവമാണ് മാതൃത്വമെന്ന് പറയാറുണ്ട്. ആ മാതൃത്വത്തിന് പ്രത്യക്ഷരൂപമെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ അതിന് ടീച്ചറുടെ മുഖമായിരിക്കും എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്. എനിക്കു മാത്രമല്ല, കുറച്ചു നാളത്തേക്കെങ്കിലും ടീച്ചറുടെ ശിഷ്യരായിരിക്കാൻ ഭാഗ്യമുണ്ടായിട്ടുള്ള എല്ലാവര്‍ക്കും അതുതന്നെ തോന്നിയിട്ടുണ്ടാവും, ഒരിക്കലെങ്കിലും.

*****

ടീച്ചറെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ എന്റെ മനസ്സില്‍ തെളിയുന്ന ഒരു രംഗമുണ്ട് - ക്ലാസ്സിനു മുന്‍പില്‍ മേശയുടെ അടുത്ത് കൈയില്‍ ചൂരലുമായി നില്‍ക്കുന്ന ടീച്ചര്‍. ടീച്ചറുടെ മുന്‍പില്‍ തെല്ലൊന്ന് കുനിഞ്ഞ മുഖവുമായി നില്‍ക്കുന്ന ഒരു പത്തുവയസ്സുകാരനും. കൈയില്‍ ചൂരലുണ്ടെങ്കിലും ടീച്ചറുടെ മുഖത്ത് ഗൌരവമോ ദേഷ്യമോ കാണാനില്ല. പക്ഷേ... ആരുമറിയാതെ ഉള്ളിലടക്കിയ ഒരു സ്വകാര്യദു:ഖത്തിന്റെ നേര്‍ത്ത അലകള്‍ ആ മുഖത്ത് തെളിയുന്നുണ്ടോ? അറിഞ്ഞുകൂടാ... തന്റെ പ്രിയപ്പെട്ട ടീച്ചറുടെ കൈയില്‍ നിന്ന് തല്ലു കിട്ടാന്‍ പോകുന്നു എന്ന തിരിച്ചറിവിന്റെ ആഘാതത്തിലും ആ അഞ്ചാം ക്ലാസ്സുകാരന്റെ മുഖത്ത് തല്ലിനെക്കുറിച്ചുള്ള ഭയാശങ്കകളില്ല. പകരം ടീച്ചറുടെ ദു:ഖം സ്വയം ഏറ്റുവാങ്ങിയോ എന്നു തോന്നിക്കുമാറുള്ള ഒരു വിഷാദഛായ. താന്‍ ഏറ്റവുമധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ടീച്ചറെക്കൊണ്ട് ചൂരലെടുപ്പിക്കേണ്ടിവന്നതിലുള്ള വിഷമമാണ് ആ പത്തുവയസ്സുകാരന്റെ മുഖത്ത്.

‘നീ... നീ എന്തിനാണതു ചെയ്തത്...? അപകടമാണെന്ന് അറിയില്ലേ..? ബാലന്‍സ് കിട്ടാതെ വീണിരുന്നെങ്കില്‍ എന്താകുമായിരുന്നു...?’ ടീച്ചറുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ അവന് ഉത്തരമില്ലായിരുന്നു. ‘സോറി ടീച്ചര്‍... ആ സമയത്ത് ആലോചിക്കാതെ ചെയ്തുപോയതാണ്...’ ‘ങും... ഇനിയത് ആവര്‍ത്തിക്കരുത്... അതിന്...’ ക്ലാസ്സിലെ തന്റെ ‘ബെസ്റ്റ് സ്റ്റുഡന്റി’നെ ശിക്ഷിക്കേണ്ടി വരുന്നതിന്റെ വിഷമം ഉള്ളിലൊതുക്കി ടീച്ചര്‍ മെല്ലെ ചൂരല്‍ ഉയര്‍ത്തി. അടി തരാൻ ഒരുങ്ങുമ്പോഴും ടീച്ചറുടെ വാക്കുകളില്‍ നിറയുന്നത് തന്നോടുള്ള സ്നേഹവാത്സല്യങ്ങളാണെന്ന തിരിച്ചറിവിന്റെ നിറവില്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറായി അവന്‍ മെല്ലെ മുഖം കുനിച്ചു.

(ഇവിടെ ചെറിയൊരു ‘പശ്ചാത്തല വിവരണം’ ആവശ്യമാണെന്ന് തോന്നുന്നു. താന്‍ കാരണം തന്റെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് ചൂരലെടുക്കേണ്ടിവന്നതില്‍ വിഷമിക്കുന്ന ആ അഞ്ചാം ക്ലാസ്സുകാരന്‍ ആരായിരുന്നു എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ? വീടിനു മുന്‍പില്‍ക്കൂടി പോകുന്ന സ്കൂള്‍ ബസ്സിലായിരുന്നു ആ നാളുകളില്‍ എന്റെ സ്കൂള്‍ യാത്ര. ടീച്ചറുടെ യാത്രയും അതേ ബസ്സില്‍ത്തന്നെ. ആ ദിവസം രാവിലെ സ്കൂളിലെത്തിയപ്പോള്‍ ബസ് മുറ്റത്ത് നിര്‍ത്തുന്നതിനു മുന്‍പ് ‘സ്ലോ’ ആയി നീങ്ങിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഒരു ‘സാഹസം’ കാണിച്ചു - ഒരു കൈയില്‍ സ്കൂള്‍ബാഗുമായി സ്റ്റെപ്പിന്‍മേല്‍ നിന്നു കൊണ്ട് വാതില്‍ തുറന്നു. ബസ് നിന്ന ഉടനെ ഇറങ്ങാനുള്ള ഒരുക്കത്തിലായിരുന്നു അത്. മുന്‍പിലെ മൂന്നോ നാലോ സീറ്റുകളില്‍ ഇരുന്ന ഏതാനും കുട്ടികള്‍ മാത്രമേ അതു കണ്ടിട്ടുണ്ടാവൂ എന്നായിരുന്നു ഞാന്‍ കരുതിയത്. പക്ഷേ മറ്റു പലരും അതു കണ്ടതേയില്ലെങ്കിലും ടീച്ചര്‍ അതു ശ്രദ്ധിച്ചിരുന്നു. (മകന്റെ സുരക്ഷിതത്വത്തെപ്പറ്റി അതീവ ശ്രദ്ധാലുവായ ഒരമ്മയ്ക്കു മാത്രമേ അതു കഴിയൂ.) അപകടകരമായ ആ തെറ്റിനുള്ള ശിക്ഷയായിരുന്നു ടീച്ചര്‍ എനിക്കു തന്നത്. ഒരു ‘മാതൃകാ വിദ്യാര്‍ഥി’(?)യെന്ന ‘ലേബല്‍’ വഹിച്ചിരുന്നതു കൊണ്ട് എനിക്കു തരുന്ന ശിക്ഷയും മാതൃകാപരമാവണമെന്ന് ടീച്ചര്‍ ആഗ്രഹിച്ചിരുന്നിരിക്കാം. അതുകൊണ്ടാവാം ക്ലാസ്സുമായി ബന്ധമില്ലാത്ത കാര്യമായിരുന്നിട്ടും സ്റ്റാഫ് റൂമിലേക്കു വിളിക്കാതെ ശിക്ഷ ക്ലാസ്സില്‍ വെച്ചുതന്നെ നല്‍കാന്‍ തീരുമാനിച്ചത്.)

ആദ്യം വലതു കെവെള്ളയിലും പിന്നെ ഇടതു ചന്തിയിലും രണ്ടു തവണ വീതം ചൂരല്‍ പതിയുമ്പോഴും ആ 'മധുരമുള്ള വേദന'യ്ക്കൊപ്പം ടീച്ചറോടുള്ള സ്നേഹവും ബഹുമാനവും പതിന്മടങ്ങായി വളരുകയായിരുന്നു എന്റെ മനസ്സില്‍. ജീവിതത്തില്‍ ആദ്യമായി ഒരു ശിക്ഷ ഞാന്‍ ആഹ്ലാദപൂര്‍വം ഏറ്റുവാങ്ങിയത് അന്നായിരുന്നു. (സംശയിക്കേണ്ട. ‘ആഹ്ലാദപൂര്‍വം’ എന്നുതന്നെയാണ് എഴുതിയത്. ‘തല്ലു കൊള്ളുന്നതില്‍ ആഹ്ലാദമോ’ എന്ന ചോദ്യം ന്യായം തന്നെ. പക്ഷേ സ്നേഹം - അതു തല്ലിന്റെ രൂപത്തിലായാലും - ലഭിക്കുമ്പോള്‍ ആഹ്ലാദമല്ലാതെ മറ്റെന്തു തോന്നാന്‍?)

*****

രംഗം 2: ഒരു വര്‍ഷത്തിനു ശേഷം. ആദ്യ രംഗത്തിലെ അഞ്ചാം ക്ലാസ്സുകാരന്‍ ആറാം ക്ലാസ്സിലാണിപ്പോള്‍. വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയിലുണ്ടായ ഒരു ‘അപകട’ത്തില്‍ ഒടിവു പറ്റിയ ഇടതു കൈ പ്ളാസ്റ്ററിട്ട് കഴുത്തിലൂടെ ‘സ്ളിങ്‘ ഇട്ടിരിക്കുകയാണ്. ഒരു ദിവസം ഉച്ചയ്ക്കു ശേഷമുള്ള രണ്ടാമത്തെ പിരിയഡ്. 6B - യില്‍ ചാര്‍ജ് ഉള്ള അധ്യാപകന്‍ അവധിയിലായതു കൊണ്ട് ക്ലാസ് ‘ഫ്രീ’യാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ക്ലാസ്സിന്റെ നിയന്ത്രണം ഏറ്റെടുക്കേണ്ട ചുമതലയുള്ള ക്ലാസ് ലീഡര്‍ കൂടി അപ്രതീക്ഷിതമായി ‘വീണുകിട്ടിയ‘ സ്വാതന്ത്ര്യം ‘ആഘോഷിക്കാന്‍‘ തീരുമാനി’ച്ചതോടെ ക്ലാസ് ഫലത്തില്‍ ‘നാഥനില്ലാക്കളരി’യായി മാറി. കടലാസു കഷ്ണങ്ങളും മറ്റും നിലത്തു മുഴുവന്‍ ചിതറിക്കിടക്കുന്നതു കാണാമായിരുന്നു.

ക്ലാസ്സിലെ ബഹളം മറ്റു ക്ലാസ്സുകള്‍ക്കു കൂടി ശല്യമായിത്തുടങ്ങിയതോടെ തൊട്ടടുത്ത ക്ലാസ്സില്‍ (6thC) പഠിപ്പിച്ചുകൊണ്ടിരുന്ന കല്യാണിക്കുട്ടി ടീച്ചര്‍ അവിടേക്കു കയറി വന്നു. സ്വാഭാവികമായും ബഹളം ‘സ്വിച്ച് ഓഫ്’ ചെയ്തതു പോലെ നിലച്ചു. ശാന്തമായ ക്ലാസ്സിനെ അവലോകനം ചെയ്യുന്നതിനിടയിലാണ് നിലത്ത് ചിതറിക്കിടന്നിരുന്ന കടലാസു കഷ്ണങ്ങള്‍ ടീച്ചറുടെ ശ്രദ്ധയില്‍പ്പെട്ടത്. സാധ്യമായ മിക്കവാറും എല്ലാ ആകൃതിയിലും വലുപ്പത്തിലും ഉണ്ടായിരുന്നു അവ. ‘കുറ്റവാളി’കളെ കണ്ടുപിടിക്കുക അസാധ്യമെന്നുറപ്പ്. ക്ലാസ്സിലെ ഏതാണ്ടെല്ലാവരും ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പങ്കാളികളായതു കൊണ്ട് ‘ഒറ്റുകാര്‍’ ഉണ്ടാവില്ല. സ്വമേധയാ കുറ്റമേല്‍ക്കാന്‍ ആരെങ്കിലും തയ്യാറാകുമെന്ന് പ്രതീക്ഷിക്കാനും വയ്യ. ഈ സാഹചര്യത്തില്‍ ക്ലാസ്റൂം വൃത്തിയായി സൂക്ഷിക്കാൻ ക്ലാസ്സിലെ എല്ലാ കുട്ടികൾക്കും തുല്യ ഉത്തരവാദിത്വമുണ്ടെന്നും അതിനാല്‍ത്തന്നെ എല്ലാവരും ശിക്ഷാര്‍ഹരാണെന്നുമുള്ള നിലപാട് സ്വീകരിക്കാന്‍ ടീച്ചര്‍ നിര്‍ബന്ധിതയായി. (ഒരുപക്ഷേ ജീവിതത്തില്‍ ആദ്യമായായിരിക്കാം ടീച്ചര്‍ അങ്ങനെയൊരു നടപടിക്ക് ഒരുങ്ങിയത്.)

അടുത്ത പത്തുപതിനഞ്ചു മിനുട്ടുനേരം ടീച്ചറുടെ ചൂരലിന് ‘പിടിപ്പതു പണി’യായിരുന്നു. അവസാന ഘട്ടത്തിലാണ് വാതിലിനടുത്ത് ഇടതുവശത്തുള്ള ബെഞ്ചിനടു - ത്തേക്ക് ടീച്ചര്‍ നീങ്ങിയത്. അവിടെ ‘സ്ലിങ്ങി’ല്‍ ഇട്ട ഇടതുകൈക്കു മേല്‍ വലതുകൈ ചേര്‍ത്തുപിടിച്ച് ഇരിക്കുന്ന ഒരു ‘പാവം പയ്യനെ’ കണ്ട് ടീച്ചര്‍ ഒരു നിമിഷം നിന്നു. ‘ഈ അവസ്ഥയിലായതുകൊണ്ട് നിന്നെ ഞാന്‍ ഒഴിവാക്കുകയാണ്...’ ഒറ്റ വാക്യത്തില്‍ ‘വിധിപ്രഖ്യാപനം’ പൂര്‍ത്തിയാക്കി ടീച്ചര്‍ മുന്നോട്ടു നീങ്ങി. ‘ടീച്ചര്‍...’ അപ്രതീക്ഷിതമായ ആ ‘പിന്‍വിളി’ കേട്ട് ടീച്ചര്‍ ഒരു നിമിഷം ‘പിടിച്ചുനിര്‍ത്തി’യതു പോലെ നിന്നു. ‘എന്താ വിജിത്ത്...?’ ‘ടീച്ചര്‍... എന്നെ മാത്രമായി ഒഴിവാക്കരുത്...’ ‘ങും..? അതെന്താ..?’ ‘ക്ലാസ് വൃത്തിയായി സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നല്ലേ ടീച്ചർ പറഞ്ഞത്‍.‍..? അപ്പോള്‍പ്പിന്നെ ഒരാളെ മാത്രം ഒഴിവാക്കുന്നത്...’ ‘ഈ നിലയില്‍ നിന്നെ ശിക്ഷിക്കാനൊരുങ്ങുന്നത് ശരിയാവില്ല... മാത്രമല്ല, ഇക്കാര്യത്തില്‍ നീ എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെന്ന് എനിക്ക് തോന്നുന്നില്ല...’ ‘പക്ഷേ അത് തെറ്റുചെയ്യാതെ ശിക്ഷിക്കപ്പെട്ട മറ്റുള്ളവരോട് ചെയ്യുന്ന മറ്റൊരു തെറ്റാവില്ലേ ടീച്ചര്‍...? പിന്നെ, ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്നും പറയാനാവില്ല. സത്യത്തില്‍ ഈ കടലാസുകളില്‍ ഒന്നുരണ്ടെണ്ണത്തിന്റെയെങ്കിലും ഉത്തരവാദിത്വം എനിക്കാണ്... കൈ ബാന്‍ഡേജിലാണെന്നു കരുതി ചെയ്ത തെറ്റ് തെറ്റല്ലാതാവില്ലല്ലോ ടീച്ചര്‍...?’ ‘അതു ശരി... അപ്പോള്‍ എന്റെ കൈയീന്ന് അടി ‘ചോദിച്ചു വാങ്ങാ’നാണ് നിനക്കിഷ്ടം, അല്ലേ...? ശരി... നിന്റെ വാദം ഞാന്‍ അംഗീകരിക്കുന്നു...’ ടീച്ചറുടെ ചൂരല്‍ ഒരിക്കല്‍ക്കൂടി ഉയര്‍ന്നു. തന്റെ പ്രിയപ്പെട്ട ‘കുട്ടി’യെ മനസ്സില്ലാമനസ്സോടെ ശിക്ഷിക്കേണ്ടിവരുന്നതിന്റെ വിഷമവും അവന് തന്നോടുള്ള സ്നേഹം തിരിച്ചറിയുന്നതിന്റെ സുഖവും ടീച്ചറുടെ മുഖത്ത് ഒരുപോലെ തെളിഞ്ഞിരുന്നു അപ്പോള്‍.

*****

മികച്ച ഒട്ടേറെ അധ്യാപകരുടെ ക്ലാസ്സുകളില്‍ ഇരിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. അവരില്‍ മിക്കവരുടെയും സ്നേഹം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുമുണ്ട്. പക്ഷേ സ്വപ്നങ്ങളില്‍പ്പോലും കടന്നുവരാനാവും വിധം എന്റെ മനസ്സിനെ കീഴടക്കുന്നതില്‍ ടീച്ചറെപ്പോലെ വിജയിച്ചവര്‍ വേറെ ഇല്ലെന്നു തന്നെ പറയാം. ആ നാളുകളിലെ എന്റെ സ്വപ്നങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടാറുള്ള ഒരു മുഖമായിരുന്നു ടീച്ചറുടേത്. വലതു കൈയില്‍ ചൂരലും മുഖത്ത് നേര്‍ത്തൊരു വിഷാദഛായയും മനസ്സു നിറയെ ദിവ്യമായ സ്നേഹത്തിന്റെ നറുംപാലുമായി നില്‍ക്കുന്ന ടീച്ചറും തന്റെ പ്രിയപ്പെട്ട ടീച്ചറുടെ സ്നേഹ വാത്സല്യങ്ങള്‍ നിറഞ്ഞ ചെറു പ്രഹരങ്ങള്‍ നിറഞ്ഞ മനസ്സോടെ ഏറ്റുവാങ്ങാന്‍ തയ്യാറായി കൈകള്‍ നീട്ടി നില്‍ക്കുന്ന പത്ത് - പതിനൊന്നു വയസ്സുകാരനും പലപ്പോഴും ആ സ്വപ്നങ്ങളിലെ ‘സ്ഥിരം കഥാപാത്രങ്ങളാ’യിരുന്നു.

മക്കളില്ലാത്തതുകൊണ്ടാവാം, ടീച്ചറുടെ മനസ്സില്‍ കുട്ടികള്‍ക്ക് എന്നും മക്കളുടെ സ്ഥാനമായിരുന്നു. തന്റെ ഉള്ളിലെ മാതൃത്വത്തിന്റെ മാധുര്യം ‘മക്കള്‍’ക്ക് ആവോളം പകര്‍ന്നുകൊടുക്കാനായിരുന്നു ടീച്ചര്‍ക്ക് എന്നും ഇഷ്ടം. ആ സ്നേഹത്തിന് ‘ചൂരലിന്റെ മുഖം’ നല്‍കാന്‍ ഒരിക്കലും ടീച്ചര്‍ക്ക് ഇഷ്ടമായിരുന്നില്ല. അപൂര്‍വമായെങ്കിലും വടിയെടുക്കുമ്പോള്‍ പോലും ആ മുഖത്ത് ദേഷ്യമല്ല, ‘മക്കളെ’ തല്ലേണ്ടിവരുന്നതിലുള്ള വിഷമമാണ് തെളിയാറുള്ളത്. വെറും രണ്ടു തവണ മാത്രമേ തല്ലിയിട്ടൂള്ളൂ എങ്കിലും ആ കൈയിലെ ചൂരലിന് സ്നേഹത്തിന്റെ മുഖമാണെന്ന് കാണിച്ചു തന്ന കല്യാണിക്കുട്ടി ടീച്ചര്‍ക്ക് അന്നും ഇന്നും എന്റെ മനസ്സില്‍ അമ്മയുടെ രൂപമാണ്. ഇന്നും ടീച്ചറെ ‘ടീച്ചര്‍’ എന്നല്ല, ‘അമ്മ’യെന്നു വിളിക്കാനാണ് എനിക്കിഷ്ടം. പലപ്പോഴും അങ്ങനെ തന്നെയാണ് വിളിക്കുന്നതും. ഇപ്പോഴും ഞാന്‍ നാട്ടിലെത്തുമ്പോഴൊക്കെ ടീച്ചർ സ്ഥലത്തുണ്ടെങ്കിൽ വീട്ടില്‍ ചെന്ന് കാണാറുണ്ട് ഞാൻ. ആ സന്ദര്‍ശനങ്ങള്‍ പലപ്പോഴും അവസാനിക്കുന്നത് ഞാന്‍ ടീച്ചറുടെ പാദങ്ങള്‍ തൊട്ടു വന്ദിക്കുന്നതോടെയാവും - ജന്മം നല്‍കിയില്ലെങ്കിലും ഒരായുഷ്കാലത്തേക്കു വേണ്ട സ്നേഹം മുഴുവന്‍ ഏതാനും മാസങ്ങള്‍ കൊണ്ട് പകര്‍ന്നു നല്‍കിയ ആ ‘അമ്മ’യോടുള്ള സ്നേഹാദരങ്ങളുടെ ഒരു ബഹിര്‍സ്ഫുരണമെന്നോണം. (സത്യം പറയാമല്ലോ, ഇന്നുവരെ എന്റെ സ്വന്തം അമ്മയുടെ മുന്‍പില്‍പ്പോലും അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടില്ല എനിക്ക്...!)

ഞാന്‍ ഒരിക്കലും ഒരു ഈശ്വരവിശ്വാസിയായിരുന്നില്ല. എങ്കില്‍പ്പോലും ഗുരുവിനെ മാതാപിതാക്കള്‍ക്കും സര്‍വോപരി ദൈവത്തിനു തന്നെയും തുല്യമായി കാണുന്ന പൌരാണിക സങ്കല്‍പത്തോട് എനിക്കെന്നും എന്തോ ഒരു ഇഷ്ടം തോന്നിയിരുന്നു. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കു പോലും വിലയില്ലാതാകുന്ന, അവരെ ഓര്‍ക്കാന്‍ ‘മാതൃദിന’വും ‘പിതൃദിന’വും ‘പിതാമഹ ദിന’വുമൊക്കെ വേണ്ടിവരുന്ന ഈ ‘ഉത്തരാധുനിക’ കാലഘട്ടത്തില്‍ ‘ഗുരു സാക്ഷാത് പരബ്രഹ്മഃ’ എന്ന ആ മഹത്തായ സങ്കല്‍പത്തിന് എത്രത്തോളം വിലയുണ്ടാകുമെന്നറിയില്ല. എങ്കിലും അതില്‍ക്കുറഞ്ഞ മറ്റൊരു സ്ഥാനവും മതിയാവില്ലെന്ന് ഞാന്‍ കരുതുന്ന എന്റെ പ്രിയപ്പെട്ട ‘അമ്മ’യ്ക്ക് - കല്യാണിക്കുട്ടി ടീച്ചര്‍ക്ക് - എന്റെ ഈ വാക്കുകള്‍ പൂജാപുഷ്പങ്ങളായി സമര്‍പ്പിക്കട്ടെ.

Note: ഈ ലേഖനത്തില്‍ വിവരിച്ച രംഗങ്ങള്‍ ലേഖകന്റെ ഓര്‍മയില്‍ നിന്ന് എടുത്തെഴുതിയതാണ്. അതിനാല്‍ സംഭാഷണങ്ങള്‍ നൂറു ശതമാനം കൃത്യമായിരിക്കണമെന്നില്ല. എന്നാല്‍ സംഭാഷണങ്ങളില്‍ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങളോട് പൂര്‍ണമായും നീതി പുലര്‍ത്തിയിട്ടുണ്ട്.
~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.