Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Map

ബെന്നി ഫ്രാന്‍സിസ് - സൌമ്യനായ ‘കൊലയാളി

(എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗണിതശാസ്ത്രാദ്ധ്യാപകനായിരുന്ന ബെന്നി മാഷെക്കുറിച്ചുള്ള ഓര്‍മകള്‍) ‍


അമ്മ അധ്യാപികയായിരുന്ന തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ ആരംഭിച്ച സ്കൂള്‍ ജീവിതത്തിന്റെ ഉത്തരാര്‍ദ്ധ കാലഘട്ടം (1987 -‌ ’93) ഞാന്‍ ചെലവഴിച്ചത് തലശ്ശേരിയിലെ ഏറ്റവും പ്രശസ്തമായ സ്ഥാപനങ്ങളിലൊന്നായ സെന്റ് ജോസഫ്‌സ് ബോയ്സ് ഹൈസ്കൂളിലായിരുന്നു. (ഇപ്പോഴത്തെ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട അധ്യാപകരുടെ (അത്രതന്നെ ‘പ്രിയം’ ഇല്ലാത്തവരുടെയും!) സ്നേഹം ഏറ്റുവാങ്ങിക്കൊണ്ട് പിന്നിട്ട ജീവിതത്തിലെ ‘സുവര്‍ണ നാളുകള്‍’ എന്നു വിശേഷിപ്പിക്കാവുന്ന കാലഘട്ടം. എന്നെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയെടുക്കുന്നതില്‍ അവിസ്മരണീയമായ പങ്കു വഹിച്ച ആ സ്നേഹദീപങ്ങളില്‍ ചിലരെക്കുറിച്ചുള്ള ഓര്‍മകള്‍ എന്റെ ചില ചെറു കുറിപ്പുകളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ആ പരമ്പരയിലേക്ക് തെല്ല് വൈകിയാണെങ്കിലും എന്റെ പ്രിയപ്പെട്ട ‘ബെന്നിമാഷെ’ക്കൂടി കൊണ്ടുവരികയാണ് - എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട ഗണിതശാസ്ത്രാധ്യാപകന്‍ എന്ന സ്ഥാനത്തിന് എതിരാളികളില്ലാത്ത അവകാശിയായ ശ്രീ. ബെന്നി ഫ്രാന്‍സിസ്. സമവാക്യങ്ങളും സൂത്രവാക്യങ്ങളും മറ്റും മന:പാഠമാക്കാന്‍ മാത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിച്ച് അവരെ വെറും ‘വിവര സംഭരണ സംവിധാനങ്ങള്‍’ മാത്രമാക്കി ഒതുക്കുന്ന ‘സാദാ അദ്ധ്യാപക ശൈലി’ വിട്ട് അവരെ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. (വെറും ‘ഹാര്‍ഡ് ഡിസ്കു’കളല്ല, സി പി യു-കളായിരുന്നു അദ്ദേഹത്തിനു വേണ്ടിയിരുന്നതെന്നു ചുരുക്കം!) അദ്ധ്യാപനത്തില്‍ തനതായ ഒരു പാത തെളിച്ച് വിദ്യാര്‍ഥികളില്‍ നിന്ന് ഓരോ നിമിഷവും ഏറ്റവും മികച്ച പ്രകടനം മാത്രം ആവശ്യപ്പെടുന്ന അദ്ദേഹത്തിന്റെ രീതികളോട് പൊരുത്തപ്പെടാന്‍ കഴിയാതിരുന്ന ചിലരെങ്കിലും അദ്ദേഹത്തിന് ‘പന്നി’ എന്നും കുറച്ചു കൂടി ‘ഉയര്‍ന്ന നിലവാരം’ പുലര്‍ത്തിയിരുന്ന മറ്റു ചിലര്‍ ‘മിസ്റ്റര്‍ ക്രൂക്കഡ്’ എന്നും മറ്റും ‘വിളിപ്പേരുകള്‍’ സമ്മാനിച്ചിരുന്നു. (ആ ‘ചിലരി’ല്‍ ഞാന്‍ ഉണ്ടായിരുന്നില്ല ഒരിക്കലും - പലപ്പോഴും അസാധാരണമായ ‘ഇന്‍ഡയറക്റ്റ്’ ചോദ്യങ്ങള്‍ കൊണ്ട് കുട്ടികളെ വട്ടം കറക്കുന്ന ആ ‘തനതായ ശൈലി’യുടെ ഇരയാകേണ്ടി വന്നിട്ടുണ്ടെങ്കിലും!)

എട്ട് (8th D), പത്ത് (10th B) ക്ലാസ്സുകളിലാണ് എനിക്ക് അദ്ദേഹത്തിന്റെ ‘പ്രിയപ്പെട്ട’ വിദ്യാര്‍ത്ഥിയായിരിക്കാനുള്ള ഭാഗ്യം ലഭിച്ചത്. (‘പ്രിയം’ ചൂരല്‍ പ്രയോഗത്തിലൂടെ ‘പ്രകടിപ്പിക്കാ’നായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ‘പ്രിയം’ എന്നത് വേറെ കാര്യം! അതു കൊണ്ടുതന്നെ, എട്ടാം ക്ലാസ്സിലെ രണ്ടു പരീക്ഷകളിലൊഴികെ എന്നും ‘ക്ലാസ് ടോപ്പറാ’യിരുന്ന എന്നെ തല്ലാന്‍ അവസരം കിട്ടുക എന്ന ‘ഭാഗ്യം’ ഏറ്റവും കൂടുതല്‍ തവണ (13) ലഭിച്ച അധ്യാപകന്‍ എന്ന ‘ക്രെഡിറ്റ്’ അദ്ദേഹത്തിനു മാത്രം അവകാശപ്പെട്ടതാണ്. ജോസ് സാറിനെ (ശ്രീ. കെ. എം. ജോസ്) മാറ്റി നിര്‍ത്തിയാല്‍ എനിക്ക് സ്കൂള്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ അടി കിട്ടിയിട്ടുള്ളതും അദ്ദേഹത്തിന്റെ കൈയില്‍ നിന്നുതന്നെ. എന്നാലും ചിലപ്പോഴെങ്കിലും ക്ലാസ്സില്‍ അദ്ദേഹത്തിന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം മനഃപൂര്‍വം തെറ്റിക്കാറുണ്ടായിരുന്നു ഞാന്‍ - കിട്ടിയത് പോരെന്ന മട്ടില്‍ വീണ്ടും തല്ലു വാങ്ങാന്‍ വേണ്ടിത്തന്നെ!)

സാറിനെക്കുറിച്ചുള്ള ‘മധുരസ്മരണകള്‍’ ഒട്ടേറെയുണ്ടെങ്കിലും എന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്ന ചില രംഗങ്ങള്‍ മാത്രം ഇവിടെ പങ്കുവെക്കാനാണ് എന്റെ ശ്രമം - പരിമിതികള്‍ ഉണ്ടെങ്കിലും.

ഇന്ന് 2005 ഒക്ടോബര്‍ 31. നാളെ കേരള സംസ്ഥാനത്തിന്റെ ‘അന്‍പതാം പിറന്നാള്‍’. സാറിനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഓര്‍മകള്‍ നാളെ ‘മധുരപ്പതിനാറി’ന്റെ നിറവിലേക്ക് പദമൂന്നുകയാണ്. ഇന്നലെയെന്ന പോലെ മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്ന ആ നിമിഷങ്ങളെക്കുറിച്ച് ആദ്യമായി എഴുതുന്നത് ഇന്നുതന്നെയായത് യാദൃശ്ചികമായിരിക്കാം.

1990 ഒക്ടോബര്‍ 31. തലശ്ശേരി ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ അധ്യാപകനായ അച്ഛനോടൊപ്പം ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച ശേഷം സ്കൂളിലേക്ക് തിരിച്ചുവരുന്ന വഴിക്കാണ് ഞാന്‍ രൂപേഷിനെ (അച്ഛന്റെ സഹോദരിയുടെ മകന്‍ - സ്കൂളില്‍ 8thF ഡിവിഷനിലായിരുന്നു അവന്‍.) കണ്ടത്. ക്ലാസ്സുകളെപ്പറ്റിയും അധ്യാപകരെപ്പറ്റിയുമൊക്കെ സംസാരിച്ചു കൊണ്ടിരുന്നതിനിടയിലാണ് അവന്‍ എനിക്ക് ആ ‘ഗോള്‍ഡന്‍ ഇന്‍ഫര്‍മേഷന്‍’ തന്നത് - ബെന്നിമാഷ് - അവന്റെ ക്ലാസ്സിലും മാത്‌സ് പഠിപ്പിച്ചിരുന്നത് സാര്‍ തന്നെയായിരുന്നു - ഒരു പുതിയ ‘സ്വഭാവം’ കാണിച്ചു തുടങ്ങിയിരിക്കുന്നു! ക്ലാസ്സില്‍ ചോദ്യങ്ങള്‍ ചോദിക്കുക എന്ന സ്വഭാവം. വെറുതെ എന്തെങ്കിലും കുറച്ച് ചോദ്യങ്ങളല്ല. വര്‍ഷത്തിന്റെ തുടക്കത്തില്‍ പഠിപ്പിച്ച ചില ഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങള്‍. (അന്നത്തെ ‘സിലബസ്’ പ്രകാരം എട്ടാം ക്ലാസ്സിലെ മാത്‌സ് പഠനത്തിന്റെ തുടക്കം ‘ഗണങ്ങ’ളെ(Sets)ക്കുറിച്ചുള്ള അടിസ്ഥാന ആശയങ്ങളോടെയായിരുന്നു. പിന്നെ ഏതാണ്ട് പാതി വഴി പിന്നിട്ട ശേഷം ‘ഗണങ്ങള്‍ - കൂടുതല്‍ വസ്തുതകള്‍’ എന്ന മറ്റൊരു അധ്യായവും. ഈ ‘രണ്ടാം ഭാഗം’ തുടങ്ങുന്നതിന് മുന്നോടിയായി ആദ്യ ഭാഗത്ത് പഠിച്ച കാര്യങ്ങള്‍ കുട്ടികളുടെ മനസ്സില്‍ എത്രത്തോളം ‘പ്രവര്‍ത്തനക്ഷമ’മാണെന്ന് പരിശോധിക്കുകയായിരുന്നു സാറിന്റെ ലക്ഷ്യമെന്ന് വ്യക്തം.)

‘ഇന്‍ഫര്‍മേഷന്‍’ ഇവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കില്‍ അതിനെ ഞാന്‍ മിക്കവാറും അവഗണിച്ചേനെ - അത് എന്നെ ‘ബാധിക്കുന്ന’ പ്രശ്നമല്ല എന്ന നിലയില്‍. പക്ഷേ രൂപേഷ് തുടര്‍ന്ന് പറഞ്ഞ വിവരങ്ങള്‍ സംഗതി അത്ര നിസ്സാരമായി തള്ളിക്കളയാവുന്നതല്ല എന്ന സൂചനയാണ് നല്‍കിയത്. ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുന്നവരെ ‘വെറുതെ വിടാ’നുള്ള ‘മൂഡി’ലല്ല സാറിന്റെ നീക്കങ്ങള്‍ എന്ന സൂചനയാണ് അവന്റെ വിവരണങ്ങളില്‍ നിന്ന് കിട്ടിയത്. ക്ലാസ്സിലെ മുഴുവന്‍ കുട്ടികള്‍ക്കും - ഒന്നാം റാങ്കുകാരനടക്കം - ആദ്യ ദിവസം തന്നെ സാറിന്റെ ചൂരലിന്റെ ‘രുചി’ അറിയേണ്ടി വന്നു എന്ന വാര്‍ത്ത കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് വ്യക്തമായ സൂചന നല്‍കി. എങ്കിലും അത് അത്ര കാര്യമായി എടുക്കുന്നില്ല എന്ന മട്ടിലാണ് ഞാന്‍ പ്രതികരിച്ചത്. (‘നോര്‍മല്‍’ നിലയിലാണെങ്കില്‍ ഏതു ചോദ്യത്തെയും അനായാസമായി നേരിടാം എന്ന ആത്മവിശ്വാസമുണ്ടായിരുന്നു. ഇനി അതല്ല, രൂപേഷ് സൂചിപ്പിച്ചതു പോലെ ക്ലാസ്സിനെ മുഴുവന്‍ കീഴടക്കിയേ അടങ്ങൂ എന്ന ‘വാശി’ സാറിനുണ്ടെങ്കില്‍ എത്രയൊക്കെ മുന്‍കരുതലെടുത്താലും പ്രയോജനമൊന്നുമില്ല - കൈ നീട്ടിക്കൊടുക്കുന്നത് ഏതാനും നിമിഷത്തേക്ക് വൈകിക്കാമെന്നല്ലാതെ. രണ്ടായാലും ‘ഐ ഡോണ്‍ട് കെയര്‍!’) എങ്കിലും അപ്രതീക്ഷിതമായി ‘വീണു കിട്ടിയ’ വിവരം ചില കൂട്ടുകാര്‍ക്ക് ഒരു മുന്നറിയിപ്പ് എന്ന നിലയില്‍ കൈമാറാനാണ് ഞാന്‍ തീരുമാനിച്ചത്.

രംഗം 1 - ദിവസം: 1990 നവംബര്‍ 1. ക്ലാസ്സില്‍ സാറിന്റെ വരവും കാത്തിരിക്കുകയാണ് ഞങ്ങള്‍. പതിവിനു വിപരീതമായി ചില മുഖങ്ങളിലെങ്കിലും ഒരു ‘യുദ്ധ‘ത്തെ നേരിടാനൊരുങ്ങുന്നതിന്റെ പിരിമുറുക്കം കാണാനുണ്ട്. കാത്തിരിപ്പ് അധികനേരം വേണ്ടിവന്നില്ല. എത്തിയപാടെ കാര്യമായ മുഖവുരയൊന്നും കൂടാതെ സാര്‍ ‘കാര്യ’ത്തിലേക്കു കടന്നു. കഷ്ടിച്ച് പതിനഞ്ചു മിനിറ്റു മാത്രം. കാര്യമായ തയ്യാറെടുപ്പുകളുമായി എത്തിയവരൊക്കെ പരാജയം സമ്മതിച്ചു കഴിഞ്ഞു. അത്ര എളുപ്പം ‘അശ്വമേധം’ പൂര്‍ത്തിയാക്കാന്‍ സാറിനെ അനുവദിക്കില്ല എന്ന മട്ടില്‍ വെല്ലു വിളിയുടെ മഹാമേരുക്കളായി രണ്ടുപേര്‍ മാത്രം ക്ലാസ്സിലെ രണ്ടു ‘റോ’യിലെയും രണ്ടാമത്തെ ബെഞ്ചുകളില്‍ തലയുയര്‍ത്തി നില്‍പ്പുണ്ട് - ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ ആയ രാഹുലും (രാഹുല്‍ ഹരീന്ദ്രന്‍ - സ്കൂള്‍ ജീവിതത്തില്‍ എന്നെ ക്ലാസ്സില്‍ രണ്ടാം സ്ഥാനത്തേക്ക് പിന്‍തള്ളാന്‍ കഴിഞ്ഞ ഏക എതിരാളി) തല്‍ക്കാലം ‘നമ്പര്‍ ടു’ ആണെങ്കിലും ഒന്നാം സ്ഥാനം പിടിച്ചെടുക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കില്ലെന്ന വാശിയുമായി നില്‍ക്കുന്ന വിജിത്ത് എന്ന ഈയുള്ളവനും. ചുരുങ്ങിയ സമയത്തിനുള്ളില്‍ത്തന്നെ ഒരു കാര്യം വ്യക്തമായി - പറയാന്‍ തുടങ്ങുന്നത് എന്തെന്ന കൃത്യമായ ധാരണയുള്ളവര്‍ക്കു മാത്രമേ സാറിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാനെങ്കിലും കഴിയൂ. പറഞ്ഞുതുടങ്ങിയ ശേഷം ഇടയ്ക്കു വെച്ച് തെറ്റിയെന്നു തോന്നിയാലും ‘ട്രാക്ക് മാറാന്‍’ അവസരമില്ല. (വാക്കിനു വിലയുണ്ടായിരിക്കണം - മാറ്റിപ്പറയരുത്...!) ഉത്തരം കൃത്യമാവണമെന്നു കരുതി ‘ആലോചിച്ചുറപ്പിച്ച്’ പറഞ്ഞുതുടങ്ങാമെന്നു കരുതുന്നവര്‍ക്കും ‘നോ ചാന്‍സ്’ - പറയാനുള്ളത് അതിവേഗം പറഞ്ഞുതുടങ്ങിയേ പറ്റൂ.

തന്റെ ‘ലക്ഷ്യ’ത്തിന് വിഘാതമായി ചെറുത്തുനില്‍പ്പിന്റെ അധ്യായങ്ങള്‍ രചിക്കുന്ന ആ രണ്ടു പോരാളികളെക്കൂടി എങ്ങനെയെങ്കിലും കീഴടക്കണമെന്ന വാശിയുള്ളതു പോലെയായിരുന്നു സാറിന്റെ തുടര്‍ന്നുള്ള നീക്കങ്ങള്‍. അതിന് അദ്ദേഹം ആദ്യം തെരഞ്ഞെടുത്തത് ‘നമ്പര്‍ ടു’വിനെയായിരുന്നു. ഒന്നിനൂ പിറകെ ഒന്നായി നേരിട്ടുള്ളതും അല്ലാത്തതുമായ ചോദ്യങ്ങളുടെ ഒരു ‘പ്രവാഹം’ തന്നെ ആരംഭിക്കുകയായി. ഒടുവില്‍...

‘പി (P), ക്യു (Q) എന്നീ രണ്ടു ഗണങ്ങളില്‍ പി = ക്യു ആണെങ്കില്‍ ‘പി’യും ‘ക്യു’വും എന്തു ഗണങ്ങളായിരിക്കും?’ എന്ന ‘നിരുപദ്രവി’യായ ചോദ്യത്തിനു മുന്‍പില്‍ അവന്റെ ശ്രദ്ധ ഒരു നിമിഷം ഒന്നു പതറി. ‘അനന്യ ഗണങ്ങള്‍’ (‘Equal sets’ - എല്ലാ തരത്തിലും പരസ്പരം തുല്യമായ ഗണങ്ങള്‍) എന്ന, ഉറക്കത്തില്‍പ്പോലും തെറ്റാന്‍ ഇടയില്ലാത്ത ഉത്തരം മനസ്സിലുണ്ടെങ്കിലും പറഞ്ഞത് ‘സമാംഗ ഗണങ്ങള്‍’ (‘Equivalent sets’ - അംഗങ്ങള്‍ ഒന്നല്ലെങ്കിലും അവയുടെ എണ്ണം തുല്യമായ ഗണങ്ങള്‍ - n(P) = n(Q) or P ~ Q) എന്ന്. പറഞ്ഞു തുടങ്ങിയപ്പോള്‍ത്തന്നെ ‘പോരാട്ടം’ അവസാനിച്ചു എന്ന് അവനു മനസ്സിലായിക്കഴിഞ്ഞിരുന്നു. ഉത്തരം തെറ്റിയെന്ന് സാര്‍ പോലും തിരിച്ചറിയുന്നതിനു മുന്‍പ് അവന്‍ മനസ്സിനെ ഒരുക്കിയെടുക്കാന്‍ തുടങ്ങിയിരുന്നു - ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയതിന്റെ പേരില്‍ കിട്ടാന്‍ പോകുന്ന ചൂരല്‍ പ്രയോഗം ഏറ്റു വാങ്ങാന്‍. അധികം വൈകാതെ രാഹുലും കീഴടങ്ങിയതോടെ ‘ചരിത്രം തിരുത്തിക്കുറി’ക്കുന്ന ആ നിമിഷങ്ങള്‍ സമാഗതമായി.

*****

1991 ജനുവരി. ചെറിയൊരൂ ഇടവേളയ്ക്കു ശേഷം സാര്‍ തന്റെ പഴയ ‘ആക്രമണ ശൈലി’ വീണ്ടെടുത്തിരിക്കുകയാണ്. പഠിപ്പിച്ച ഭാഗത്തു നിന്ന് പ്രതീക്ഷിക്കാവുന്ന കുറേ ചോദ്യങ്ങള്‍ ചോദിക്കുക എന്നതല്ല സാറിന്റെ രീതി. അതുകൊണ്ടുതന്നെ സമവാക്യങ്ങളും സിദ്ധാന്തങ്ങളും പ്രമാണങ്ങളുമൊക്കെ ‘മന:പാഠമാക്കി’യിട്ടു വലിയ കാര്യമൊന്നുമില്ല. ആദ്യ ചോദ്യത്തിന് ശരിയുത്തരം പറയാനായാല്‍ ‘രക്ഷപ്പെട്ടു’ എന്നു കരുതുകയും വേണ്ട. ആദ്യ റൌണ്ടില്‍ ക്ലാസ് മുഴുവന്‍ ‘കവര്‍’ ചെയ്തു കഴിഞ്ഞാല്‍ പിന്നെ ശരിയുത്തരം പറഞ്ഞവരുടെ ‘രണ്ടാമൂഴ’മാണ്. ചോദ്യങ്ങളുടെ ‘പെരുമഴക്കാലം’. പലപ്പോഴും ഒരേ ചോദ്യം തന്നെ തിരിച്ചും മറിച്ചും പല തവണ ആവര്‍ത്തിക്കും - വളച്ചൊടിച്ച്. ഒരേ കാര്യം പല തവണ ആവര്‍ത്തിച്ച് തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നാല്‍ ഏത് വമ്പനും ഒരു നിമിഷം ഒന്ന് പതറുമെന്ന ‘പോലീസ് മന:ശാസ്ത്ര’ത്തില്‍ സാറിന് ‘തകര്‍ക്കാന്‍ പറ്റാത്ത വിശ്വാ‍സ’മുണ്ടായിരുന്നെന്ന് തോന്നുന്നു. കണക്കല്ലേ... അങ്ങനെ തിരിച്ചും മറിച്ചും വളച്ചൊടിച്ചുമൊക്കെ ചോദിക്കാന്‍ പറ്റുമോ, അങ്ങനെ ചോദിക്കാന്‍ തുടങ്ങിയാലും അതിനൊരു പരിധിയില്ലേ എന്നൊക്കെ സംശയമുള്ളവര്‍ക്കായി ഇതാ ഒരു ‘സാം‌പിള്‍’: ജ്യാമിതിയിലെ അടിസ്ഥാന പ്രമാണങ്ങളുടെ ഗണത്തില്‍പ്പെടുത്താവുന്ന ‘പൈതഗോറസ് തിയറം’ - മട്ടത്രികോണത്തിന്റെ (right - angled triangle) വശങ്ങളുടെ നീളങ്ങള്‍ തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന, ‘പാദം2 + ലംബം2 = കര്‍ണം2 അഥവാ ‘a2 + b2 = c2’ (where 'c' is the hypotenuse) എന്ന് സമവാക്യരൂപത്തില്‍ ഏതു കുട്ടിയും മന:പാഠം പറയുന്ന ആ സിദ്ധാന്തത്തെക്കുറിച്ചുള്ള ചോദ്യം സാറിന്റെ വായില്‍ നിന്ന് വരുന്നത് ദാ ഇങ്ങനെയാവും: 'ഒരു മട്ടത്രികോണത്തിന്റെ പാദം ‘a’യും ലംബം ‘b’യും കര്‍ണം ‘c’യും ആണെങ്കില്‍ (a2 + b2 + c2) / 2 -ന്റെ വര്‍ഗമൂലം (square root) എന്തായിരിക്കും?’ പാദം ‘a'യും ലംബം ‘b’യും കര്‍ണം ‘c’യും ആയതുകൊണ്ട് a2 + b2 = c2 ആണെന്നും അതുകൊണ്ട് a2 + b2 + c2 = 2c2 ആണെന്നും അതിനെ രണ്ടുകൊണ്ടു ഹരിച്ചാല്‍ കിട്ടുന്നതിന്റെ (c2) വര്‍ഗമൂലം ‘c’ അഥവാ ‘കര്‍ണം’ ആണെന്നും നിമിഷനേരത്തിനകം മനക്കണക്കു കൂട്ടാന്‍ കഴിയാത്തവന്‍ ‘സമ്മാനം’ വാങ്ങാന്‍ എത്രയും വേഗം തയ്യാറെടുക്കുന്നതാവും നല്ലത്. ഇമ്മാതിരി ചോദ്യങ്ങളാണു വരുന്നതെങ്കില്‍ കുട്ടികളുടെ കാര്യം എന്താവുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?)

സാറിന്റെ ‘ആക്രമണശൈലി’ക്കെതിരെ ‘പ്രത്യാക്രമണം’ മറന്നിട്ടില്ലെങ്കിലും അല്പം വ്യത്യസ്തതയാര്‍ന്ന ഒരു പുതിയ ‘സ്റ്റൈല്‍’ സ്വീകരിച്ചിരിക്കുകയാണ് ഞാന്‍. സാറിന്റെ ‘മനസ്സറിഞ്ഞ്’ പ്രതികരിക്കുന്ന ‘ഇന്ററാക്റ്റീവ് റെസ്പോണ്‍സ്’ എന്നു വിശേഷിപ്പിക്കാവുന്ന ഒരു ‘സംവിധാനം’. സാര്‍ ‘നോര്‍മല്‍’ മൂഡിലാണെങ്കില്‍ ഒരു തരത്തിലും കീഴടങ്ങാന്‍ ഞാന്‍ തയ്യാറാവില്ല. എന്നാല്‍ നേരത്തെ പറഞ്ഞതു പോലെ ക്ലാസ്സിനെ മുഴുവന്‍ കീഴടക്കിയേ അടങ്ങൂ എന്ന വാശിയുള്ള നിലപാടാണ് സാര്‍ സ്വീകരിക്കുന്നതെങ്കില്‍ എന്റെ കഴിവു മുഴുവന്‍ ഉപയോഗിച്ച് സാറിനെ പരമാവധി ‘വട്ടം കറക്കിയ’ ശേഷം അവസാനം ‘ആശ്വസിപ്പിക്കാ‘നെന്നോണം ‘ദുര്‍ബലമായ’ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ച് തോറ്റു കൊടുക്കും - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ചെയ്യാറുള്ളതു പോലെ. അത്രയും നേരം ‘ഓടിച്ച’തിന്റെ ‘ദേഷ്യം തീര്‍ക്കാ’നെന്നോണം തല്ലിന് ശക്തി കൂടും - ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ സ്ഥാനം പിടിച്ചെടുത്തിട്ടുള്ളതു കൊണ്ട് പ്രത്യേകിച്ചും. പക്ഷേ എത്ര വേദനിച്ചാലും സാര്‍ തരുന്നതൊക്കെ ‘സന്തോഷപൂര്‍വം’ ഏറ്റുവാങ്ങാന്‍ വിഷമമൊന്നും തോന്നാറില്ല എനിക്ക്.

രംഗം 2: 1991 ജനുവരി 15. അര മണിക്കൂറോളം നീണ്ട ‘യുദ്ധ’ത്തില്‍ ക്ലാസ്സിന്റെ പോരാട്ടവീര്യം മുഴുവന്‍ തന്നിലേക്ക് ആവാഹിച്ചെടുത്ത്, കഴിഞ്ഞ മാസം നടന്ന അരക്കൊല്ലപ്പരീക്ഷയില്‍ ക്ലാസ്സിലെ ‘നമ്പര്‍ വണ്‍’ സ്ഥാനം പിടിച്ചെടുത്തത് വെറും ‘ഭാഗ്യവിജയ’മല്ലെന്ന് തെളിയിക്കാനുള്ള വാശിയോടെ ഒരു ‘ഒറ്റയാള്‍ പട്ടാള’മായി നിലകൊള്ളുകയായിരുന്നു അവന്‍. അവന്റെ (തന്റെയും) കഴിവു പരീക്ഷിക്കാന്‍ വേണ്ടി ചോദ്യങ്ങളെ ‘വളച്ചൊടിക്കാ’നുള്ള ശ്രമത്തില്‍ പലപ്പോഴും അവ ഉദ്ദേശിച്ചതിനേക്കാള്‍ ദുര്‍ബലമായിപ്പോകുന്നത് സാര്‍ തിരിച്ചറിയുന്നില്ലെന്ന് മനസ്സിലായപ്പോള്‍ ‘പതിവു പരിപാടി’ ആവര്‍ത്തിക്കാന്‍ സമയമായെന്ന് അവന്റെ മനസ്സു പറഞ്ഞു. വിഷമകരമായ ഒട്ടേറെ ചോദ്യങ്ങളെ അനായാസമായി നേരിട്ട അവന്‍ അങ്ങനെ ഒടുവില്‍ നിസ്സാരമായ ഒരു ചോദ്യത്തിന് ‘മുന്‍കൂട്ടി തീരുമാനിച്ചുറപ്പിച്ച’ ഉത്തരം നല്‍കി ‘കീഴടങ്ങി’.

ഒട്ടും വൈകിയില്ല, സാര്‍ പതിവുപോലെ ചൂരലുമായി ഒന്നാമത്തെ ബെഞ്ചിന്റെ ഇടത്തേ അറ്റത്തേക്കു നീങ്ങി. കൈ നീട്ടിയ പ്രശാന്തിനെ ‘ഞെട്ടിച്ചു’കൊണ്ടാണ് സാറിന്റെ ‘ഓര്‍ഡര്‍’ വന്നത്: ‘രണ്ടു കൈയും..’ തൊട്ടുപിന്നാലെ ക്ലാസ്സിനെ മുഴുവന്‍ ഞെട്ടിച്ച ഒരു ‘പ്രഖ്യാപനം’: ‘ഇന്ന് ചെറിയൊരു മാറ്റമുണ്ട് - അടി അഞ്ചെണ്ണമായിരിക്കും...‘ ‘നീലാകാശത്തു നിന്നൊരു വെള്ളിടി’ പോലെ എത്തിയ ആ ആഘാതത്തില്‍ നിന്ന് മോചനമെന്നോണം ഒരു വിശദീകരണവും: ‘ആദ്യത്തെ രണ്ടടി രണ്ടുകൈയിലുമായി... അങ്ങനെ നാല്. പിന്നെ ഒരു കൈയില്‍ മാത്രമായി ഒന്നും...’ (യഥാര്‍ത്ഥത്തില്‍ അടി മൂന്നെണ്ണമേയുള്ളൂ എന്ന് ചുരുക്കം! കേട്ടപ്പോള്‍ ചിരിക്കാനാണ് തോന്നിയതെങ്കിലും ചിരി വന്നില്ല.)

രണ്ടു ‘റോ’യിലെയും ആദ്യ ബെഞ്ചുകളും വലതു വശത്തെ ‘റോ’യിലെ രണ്ടാമത്തെ ബെഞ്ചും ‘കവര്‍’ ചെയ്ത ശേഷം സാര്‍ ഇടതു വശത്തേക്കു നീങ്ങി. രണ്ടാമത്തെ ബെഞ്ചിന്റെ വലത്തേയറ്റത്ത് എന്തൊക്കെയോ രഹസ്യങ്ങള്‍ ഉള്ളിലൊതുക്കിയെന്നോണം ‘നിഗൂഢ’ ഭാവത്തോടെ നില്‍ക്കുകയാണ് അദ്ദേഹത്തിന്റെ അന്നത്തെ ഏക എതിരാളി. അവന്റെ മുന്‍പിലെത്തിയ അദ്ദേഹം ഒരു നിമിഷം ഒന്നു നിന്നു. തന്റെ ‘ആയുധങ്ങള്‍’ക്കെതിരെ അര മണിക്കൂറോളം പൊരുതി നില്‍ക്കാനുള്ള കരുത്തു കാട്ടിയ അവന് എന്തു ‘സ്പെഷ്യല്‍ ട്രീറ്റ്മെന്റാ’ണ് കൊടുക്കേണ്ടതെന്ന് ആലോചിക്കുകയായിരുന്നിരിക്കാം.

‘ങാ... വിജിത്ത്... നീയല്ലേ ഇപ്പോള്‍ ക്ലാസ്സില്‍ ഫസ്റ്റ്..?’ ‘അതെ സര്‍..’ ‘ഏറ്റവും നന്നായി പഠിക്കുന്നവരെ ശിക്ഷിക്കുന്നത് മാതൃകാപരമായിട്ടാവണം... അതുകൊണ്ട് നിനക്ക് അടി ഒരെണ്ണം കൂടുതലായിരിക്കും... എന്താ..?’ ‘സര്‍... ഒരു സംശയം...’ ‘ങും..?’ ‘സര്‍... രണ്ടടി രണ്ടു കൈയിലുമായിട്ടാവുമ്പോള്‍ ‘ടൂ ഇന്‍ടു ടൂ = ഫോര്‍’ എന്നതിനേക്കാള്‍ ‘ടൂ ബൈ ടൂ = വണ്‍’ എന്നു പറയുന്നതല്ലേ കൂടുതല്‍ ശരി..?’ യാതൊരു ഭാവഭേദവുമില്ലാതെ ‘നിഷ്കളങ്ക’(?!)മായ ആ ചോദ്യം കേട്ട് സാര്‍ ഒരു നിമിഷം ഒന്നു ‘ഞെട്ടി’ക്കാണും - സാര്‍ മാത്രമല്ല, അതു കേട്ട കുട്ടികളും. ‘ങാ... അതും ശരിയാ... പക്ഷേ അങ്ങനെ കണക്കു കൂട്ടിയാല്‍ അഞ്ചാവണമെങ്കില്‍ അടി പത്തെണ്ണമാക്കേണ്ടി വരും... അതേതായാലും വേണ്ട... തല്‍ക്കാലം എന്റെ കണക്കുതന്നെ മതി... ങും...’ സാറിനെ ഞെട്ടിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷം ഉള്ളിലൊതുക്കി അവന്‍ കൈകള്‍ നീട്ടി. ഒന്ന്... രണ്ട്... മൂന്ന്. കൈവെള്ളകളില്‍ ഇളം ചുവപ്പു നിറത്തില്‍ വരകള്‍ തെളിഞ്ഞു. കൈ പിന്‍വലിക്കാമായിരുന്നെങ്കിലും സാറിന്റെ ‘മനസ്സു വായിച്ചിട്ടെ’ന്ന പോലെ അവന്‍ അതേ നിലയില്‍ത്തന്നെ നിന്നു - ഏതാനും നിമിഷങ്ങള്‍ കൂടി. സാറിന്റെ കൈയിലെ ചൂരല്‍ രണ്ടു തവണ കൂടി ഉയര്‍ന്നു താണു - യാതൊരാവശ്യവുമില്ലാതെ ചോദിച്ച ‘വികൃതിച്ചോദ്യ’ത്തിനുള്ള ‘സമ്മാനം’. വലതു കൈവെള്ളയില്‍ ഒരു ‘അരുവി’ ഉറവെടുക്കുന്നത് അവന്‍ കണ്ടെങ്കിലും അതു ശ്രദ്ധിക്കാതെ സാര്‍ അടുത്ത ‘ലക്ഷ്യ’ത്തിനു നേരെ തിരിഞ്ഞതോടെ അവന്‍ കൈകള്‍ പിന്‍‌വലിച്ച് ബെഞ്ചില്‍ ഇരുന്നു.

Mark left by Sir's caning

(ചിത്രം ഏതാനും ദിവസങ്ങൾക്കു ശേഷം)

(ഏതാണ്ട് പതിനഞ്ചു കൊല്ലം മുന്‍പ് ആ ജനുവരി 15ന് സാറിന്റെ കൈയില്‍ നിന്ന് കിട്ടിയ (അതോ വാങ്ങിയതോ?) ആ അടിയുടെ പാട് മങ്ങിയെങ്കിലും ഇന്നും മായാതെ കിടപ്പുണ്ട് എന്റെ വലതു കൈവെള്ളയില്‍. ആ നിമിഷങ്ങളെക്കുറിച്ചുള്ള മധുരിക്കുന്ന ഓര്‍മകള്‍ മനസ്സിലും. സാറിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും പ്രതിഫലനമെന്നോണം ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള ദിവസങ്ങളാണ് നവംബര്‍ ഒന്നും ജനുവരി പതിനഞ്ചും. ഈ രണ്ടു ദിവസങ്ങളിലും ഞാന്‍ എവിടെയായിരുന്നാലും സാറിനെ ഫോണില്‍ വിളിച്ചെങ്കിലും സംസാരിക്കാറുണ്ട്. നാട്ടിലെത്തുമ്പോഴൊക്കെ സാറിനെ സ്കൂളിലോ വീട്ടിലോ ചെന്ന് കാണാറുമുണ്ട്.)

രംഗം 3: ഫെബ്രുവരി 22. സാറിപ്പോള്‍ തികച്ചും ‘സെലക്ടീവ്‘ ആയിരിക്കുന്നു - ‘ലക്ഷ്യങ്ങള്‍’ തെരഞ്ഞെടുക്കുന്നതില്‍. ക്ലാസ്സിനെ മുഴുവന്‍ ഒന്നിച്ച് കീഴടക്കുന്ന രീതി വിട്ട് ഏറ്റവും മികച്ച നിലവാരമുള്ള കുറച്ചു പേരെ മാത്രം ‘തിരഞ്ഞുപിടിച്ച്’ ‘ആക്രമിക്കു’ന്ന പുതിയ ശൈലി. (അതിന്റെ ഫലം ഏറ്റവും നന്നായി അനുഭവിക്കേണ്ടി വരുന്നത് ആരൊക്കെയാവുമെന്ന് പ്രത്യേകിച്ച് പറയേണ്ടല്ലോ?) ഞാനും രാഹുലും സാറിന്റെ ‘ഫേവറിറ്റ്” ടാര്‍ഗെറ്റ്സ്’ ആയി മാറിയിരിക്കുകയാണിപ്പോള്‍. അന്ന് ഞങ്ങളെ രണ്ടുപേരെയും മാത്രമായി ‘കൈകാര്യം’ ചെയ്യാനായിരുന്നു സാറിന്റെ പരിപാടി. ലക്ഷ്യം നേടാന്‍ സാറിന് ഏറെയൊന്നും വിയര്‍പ്പൊഴുക്കേണ്ടി വന്നില്ല.

പതിവുപോലെ ചൂരലെടുക്കുന്നതിനു പകരം അന്ന് ഞങ്ങളെ ക്ലാസ്സിനു മുന്‍പിലേക്ക് വിളിച്ചുകൊണ്ടുവന്ന് നിര്‍ത്തുകയാണ് സാര്‍ ചെയ്തത്. വീണ്ടും പതിവു തെറ്റിച്ചു കൊണ്ട് രണ്ടുപേരോടും പ്രത്യേകം പ്രത്യേകമായി അല്പം ‘കൊച്ചുവര്‍ത്തമാനം’. (എന്തിനാണോ ആവോ?) എന്റെ ഊഴമെത്തിയപ്പോള്‍ സാറിന്റെ ആദ്യത്തെ ചോദ്യം എന്റെ ഉത്തരം തെറ്റിയതിനെപ്പറ്റിയായിരുന്നു. ‘എന്തു പറ്റി വിജിത്ത്... ഈസിയായി ഉത്തരം പറയേണ്ട ചോദ്യമായിരുന്നല്ലോ...’ ‘അത്... സര്‍... ഞാന്‍ ചോദ്യം ശരിക്ക് ശ്രദ്ധിച്ചിരുന്നില്ല...’ (സാറിന്റെ അദ്ധ്വാനം കുറക്കാന്‍ വേണ്ടി മന:പൂര്‍വം തെറ്റിച്ചതാണെന്ന് പറയാന്‍ പറ്റില്ലല്ലോ...!) ‘ങും... അപ്പോള്‍ ഉത്തരം അറിയാഞ്ഞിട്ടോ പഠിക്കാഞ്ഞിട്ടോ അല്ല, അശ്രദ്ധയാണ് പ്രശ്നം, അല്ലേ...? അതിന് ശിക്ഷ സ്പെഷ്യലാണ്...‘ ‘സ്പെഷ്യലോ...? എന്തു സ്പെഷ്യല്‍...?’ മനസ്സില്‍ ഉയര്‍ന്ന ചോദ്യം, പക്ഷേ ചോദിച്ചില്ല. അതിനു മുന്‍പേ വിശദീകരണം വന്നു: ‘ഇന്ന് അടി കൈയിലല്ല...’ ചൂരല്‍ കൊണ്ട് എന്റെ ചന്തിയുടെ ഇടതുവശത്ത് ചെറുതായി തട്ടിക്കൊണ്ടാണ് സാര്‍ പൂരിപ്പിച്ചത്: ‘ഇതാ ഇവിടെയായിരിക്കും...’ അതു പറഞ്ഞത്. കിട്ടാന്‍ പോകുന്ന ‘സ്പെഷ്യല്‍ ശിക്ഷ’യെപ്പറ്റി എന്തെങ്കിലും ആലോചിക്കാന്‍ കഴിയും മുന്‍പ് സാറിന്റെ അടുത്ത ചോദ്യം വന്നു: ‘മുന്‍പ് കിട്ടിയിട്ടുണ്ടോ അങ്ങനെ...?’ ‘ഉണ്ട് സര്‍... നാലാം ക്ലാസ് മുതല്‍... ആറാം ക്ലാസ്സില്‍ ജോസ് സാറിന്റെ കൈയില്‍ നിന്ന് കുറേ കിട്ടിയിട്ടുണ്ട്... പിന്നെ...’ ‘അപ്പോള്‍ ഇത് ആദ്യത്തേതല്ല, നല്ല എക്സ്പീരിയന്‍സുണ്ട്, അല്ലേ...? ങും... ഏതായാലും ഇന്ന് ഒരു ‘ചെയ്‌ഞ്ച്’ കൂടിയുണ്ട്. നിങ്ങളുടെ ‘വിധി’ നിര്‍ണയിക്കുന്നത് ഞാനല്ല, നിങ്ങളുടെ കൂട്ടുകാര്‍ തന്നെയായിരിക്കും...’ അതെ, ക്ലാസ്സില്‍ ഒരു ‘അഭിപ്രായ വോട്ടെടുപ്പ്’ നടത്തുകയായിരുന്നു സാറിന്റെ ലക്ഷ്യം. സഹപാഠികള്‍ക്ക് ഞങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാട് എന്തെന്ന് മനസ്സിലാക്കാനുള്ള ഒരു ശ്രമം എന്നു വേണമെങ്കില്‍ പറയാം.

‘വോട്ടെടുപ്പി’ല്‍ രാഹുലിനെ ശിക്ഷിക്കരുതെന്ന് ഏതാണ്ടെല്ലാവരും - ഒന്നോ രണ്ടോ പേരൊഴികെ - ആവശ്യപ്പെട്ടപ്പോള്‍ എന്റെ കാര്യത്തില്‍ ‘പിന്തുണ’ കുറവായിരുന്നു. ‘ശിക്ഷാ വിരുദ്ധര്‍’ക്ക് ‘കേവല ഭൂരിപക്ഷം’ ഉണ്ടെങ്കിലും എനിക്ക് ‘നല്ല രണ്ടെണ്ണം കൊള്ളണ’മെന്ന അഭിപ്രായമുള്ളവര്‍ ‘അവഗണിക്കാനാവാത്ത ന്യൂനപക്ഷ’മായിരുന്നു - പത്തു പതിനഞ്ചു പേര്‍. (അവരില്‍ ചിലരെങ്കിലും അങ്ങനെയൊരു നിലപാടാവും സ്വീകരിക്കുകയെന്നും അതിന് കാരണമെന്തെന്നും എനിക്കു തന്നെ അറിയാമായിരുന്നു എന്നത് വേറെ കാര്യം.)

‘ജനപിന്തുണ’യിലുള്ള ഈ വ്യത്യാസം ശ്രദ്ധിക്കാതിരിക്കാന്‍ സാറിന് കഴിയില്ലായിരുന്നു. ‘ഇതെന്താ വിജിത്ത് ഇങ്ങനെ..?’ ‘എന്താ സര്‍..?’ ‘രാഹുലിന് ക്ലാസ്സിന്റെ മുഴുവന്‍ സപ്പോര്‍ട്ട് ഉള്ളപ്പോള്‍ നിന്റെ കാര്യത്തില്‍ അതില്ലല്ലോ...? നിനക്ക് അടി കൊള്ളണമെന്ന അഭിപ്രായമുള്ള കുറേപ്പേരുണ്ടല്ലോ...? അതെന്താ... അവര്‍ക്ക് നിന്നോട് എന്തെങ്കിലും വൈരാഗ്യമുണ്ടോ...?’ ‘അത് അവരോടു തന്നെ ചോദിക്കണം സര്‍... എനിക്കറിയില്ല... പക്ഷേ എനിക്കറിയാവുന്ന ഒന്നുണ്ട്...’ ‘ങും.. അതെന്താ..?’ ‘സാര്‍ എനിക്കൊരവസരം തന്നിരുന്നെങ്കില്‍ എന്റെ വോട്ടും ഈ ‘ന്യൂനപക്ഷ‘ത്തോടൊപ്പമായിരിക്കുമായിരുന്നു...’ ‘ങാഹാ... എന്നുവെച്ചാല്‍ നിനക്ക് അടി വേണമെന്ന്..’ ‘അല്ല സര്‍... തെറ്റു ചെയ്തിട്ടുണ്ടെന്ന് ഉറപ്പുള്ളവരെ ശിക്ഷിക്കുന്നതില്‍ മറ്റുള്ളവരുടെ അഭിപ്രായം ചോദിക്കരുതെന്ന്... ഞങ്ങളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് സാറിന് തോന്നിയതു കൊണ്ടാണല്ലോ സര്‍, അവിടെ ബെഞ്ചിലിരുന്ന ഞങ്ങള്‍ ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്...?’

(ഈ ‘വിവരണം’ ഞാന്‍ ഇവിടെ അവസാനിപ്പിക്കുകയാണ്. രംഗത്തിന്റെ തുടര്‍ന്നുള്ള ഭാഗം നിങ്ങളുടെ ഭാവനയ്ക്ക് വിട്ടുതരുന്നു. നിങ്ങള്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ അപ്രകാരം ഭാവനയില്‍ കാണുന്ന രംഗങ്ങള്‍ എന്നെ അറിയിക്കുക...)

***** ***** *****

ഇതുവരെ പറഞ്ഞത് ക്ലാസ്സിൽ ചോദ്യങ്ങൾ കൊണ്ട് ‘അമ്മാനമാടു’ന്ന ബെന്നിമാഷെക്കുറിച്ചും സാറിന്റെ ചോദ്യശരങ്ങൾക്കു മുൻപിൽ ഏറെക്കുറെ അനിവാര്യമായ പരാജയം ഏറ്റുവാങ്ങുന്ന ഞാൻ എന്ന വിദ്യാർഥിയെക്കുറിച്ചും. ഇനി പറയാൻ പോകുന്നത് അതേ കാലഘട്ടത്തിൽത്തന്നെ ക്ലാസ്സുമായി ബന്ധപ്പെട്ടുതന്നെയുള്ള മറ്റൊരു മേഖലയിലെ ഈ രണ്ടുപേരുടെയും പ്രകടനങ്ങളെപ്പറ്റിയാണ്.

ക്ലാസ്സിൽ പഠിപ്പിക്കുന്ന കാര്യങ്ങൾ കുട്ടികൾ ശരിയായി മനസ്സിലാക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ അവർക്ക് കഴിയുന്നുണ്ടെന്നും ഉറപ്പുവരുത്താനും ആ കഴിവ് അവർ എങ്ങനെ, എത്രത്തോളം നന്നായി ഉപയോഗിക്കുന്നു എന്ന് പരിശോധിക്കാനുമായി എക്കാലത്തെയും അധ്യാപകർ ഉപയോഗിച്ചിരുന്ന (ഇപ്പോഴും ഉപയോഗിച്ചുവരുന്ന) മാർഗമാണ് ഗൃഹപാഠം അഥവാ ‘ഹോം വർക്ക്’. ടെക്സ്റ്റ് പുസ്തകത്തിൽ ഓരോ പാഠത്തിന്റെയും അവസാനം ഉൾപ്പെടുത്താറുള്ള ചോദ്യങ്ങളിൽ നിന്ന് ഏതാനും എണ്ണം തെരഞ്ഞെടുത്തു നൽകി അവയുടെ ഉത്തരങ്ങൾ വീട്ടിലിരുന്ന് എഴുതി അടുത്ത ദിവസം ക്ലാസ്സിൽ വരുമ്പോൾ കൊണ്ടുവരാൻ ആവശ്യപ്പെടുകയാണ് മിക്കവാറും അധ്യാപകർ പിന്തുടർന്നിരുന്ന രീതി. കുട്ടികളിൽ ഏറെപ്പേരും ആ നിർദേശങ്ങൾ കൃത്യമായി പാലിക്കാറുമുണ്ടായിരുന്നു. പക്ഷേ എന്തിനും ‘കുറുക്കുവഴി’കൾ തേടുന്ന പ്രവണതയുള്ളവർ എക്കാലത്തുമുണ്ടല്ലോ. ഞങ്ങളുടെ ക്ലാസ്സും വ്യത്യസ്തമായിരുന്നില്ല. ‘ഹോം വർക്കി’നെ ആ നിലയിൽ കാണാതെ 'സ്കൂൾ / ക്ലാസ് വർക്ക്' ആക്കുന്ന കുറേപ്പേരെങ്കിലും ഉണ്ടായിരുന്നു ഞങ്ങളുടെ ക്ലാസ്സിലും - വീട്ടിലിരുന്ന് എഴുതി കൊണ്ടുവരുന്നതിനു പകരം സ്കൂളിൽ എത്തിയ ശേഷം ക്ലാസ്സിലെ ‘നല്ല കുട്ടി’കളായ സഹപാഠികളിൽ ആരുടെയെങ്കിലും പുസ്തകം ചോദിച്ചുവാങ്ങി പകർത്തിയെഴുതി ‘മിടുക്കന്മാ’രാകുന്നവർ. എന്റെയും രാഹുലിന്റെയുമൊക്കെ ഹോംവർക്ക് നോട്ടു ബുക്കുകളായിരുന്നു അവരിൽ മിക്കവരുടെയും പ്രധാന ‘റഫറൻസ്’. ഈ ‘പകർത്തിയെഴുത്തു വിശാരദന്മാ’രുടെ സാന്നിധ്യത്തെപ്പറ്റി മിക്കവാറും എല്ലാ അധ്യാപകരെയും പോലെ ബെന്നി മാഷിനും ബോധ്യമുണ്ടായിരുന്നു - ആരൊക്കെയാണവർ എന്ന കാര്യമൊഴികെ.

ജനുവരി അവസാനത്തോടെ മുന്നറിയിപ്പൊന്നുമില്ലാതെ സാർ ഒരു തീരുമാനമെടുത്തു - ‘പകർത്തിയെഴുത്തുകാരു’ടെ ‘മുഖം മൂടി’ പിടിച്ചുമാറ്റാൻ. ഒരു ദിവസം പതിവുപോലെ ‘ഹോം വർക്ക്’ പരിശോധിക്കുന്നതിനിടയിൽ ഇത്തരക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമം കൂടി നടത്തിയത് സാർ പ്രതീക്ഷിച്ചതിലേറെ വിജയകരമായി - ‘കോപ്പിയടി’ക്കാരായ ആറേഴു പേരെ ഒന്നിച്ച് പിടികൂടാൻ കഴിഞ്ഞു. ഒപ്പം അവർക്ക് പുസ്തകം കൊടുത്ത് സഹായിച്ച രണ്ടുമൂന്നു പേരെയും. പിടിക്കപ്പെട്ടവർക്ക് അർഹമായ ‘സമ്മാനം’ നൽകാൻ സാറിന് ഒട്ടും ആലോചിക്കേണ്ടിവന്നില്ല - പതിവുള്ള ‘ചോദ്യോത്തര പരിപാടി’യിൽ നൽകിയതിനു സമാനമായ ‘ട്രീറ്റ്‌മെന്റ്’. കഷ്ടിച്ച് പതിനഞ്ചു മിനിറ്റിനകം രണ്ടുതവണ സാറിന്റെ ചൂരലിന്റെ രുചി അനുഭവിക്കേണ്ട അവസ്ഥയാണ് അവർക്കുണ്ടായത്.

കോപ്പിയടിച്ചവരെയും അവർക്ക് സഹായം നൽകിയവരെയും - മുഴുവനായല്ലെങ്കിലും - പിടികൂടാനായെങ്കിലും സാറിനു കണ്ടുപിടിക്കാനാവാതെ പോയ ഒരു ‘രഹസ്യം’ ശേഷിച്ചിരുന്നു - കോപ്പിയടിക്കാരിൽ ഏറെപ്പേരും ‘റഫർ’ ചെയ്തത് ഒരേ ‘മാസ്റ്റർ കോപ്പി’ ആയിരുന്നു എന്നും അതിന്റെ ഉടമ ആരെന്നും. (ആ ‘ഉടമ’ മറ്റാരുമായിരുന്നില്ല, ‘വിജിത്ത്’ എന്ന ഈയുള്ളവൻ തന്നെ!) പിടിക്കപ്പെട്ടവരിൽ രണ്ടുമൂന്നു പേരോടെങ്കിലും ആരുടെ പുസ്തകം നോക്കിയാണ് എഴുതിയതെന്നു ചോദിച്ചിരുന്നെങ്കിൽ ആ രഹസ്യവും അനായാസം കണ്ടെത്താൻ സാറിനു കഴിയുമായിരുന്നു. എന്തുകൊണ്ടാണെന്നറിയില്ല സാറിന് അന്ന് ആ ‘ബുദ്ധി’ തോന്നാതിരുന്നത്.

അന്നത്തെ ‘ചോദ്യോത്തര യുദ്ധ’ത്തിൽ സാറിനെ വിജയകരമായി നേരിടാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലായിരുന്ന എനിക്ക്, സാറിന്റെ ‘കോപ്പി പിടിത്ത’ത്തിനു സാക്ഷ്യം വഹിച്ചതു മുതൽ ആ സന്തോഷം നഷ്ടമായി. കൂട്ടുകാരിൽ ചിലർക്കെങ്കിലും തല്ലു കിട്ടാൻ ഞാൻ നേരിട്ടല്ലെങ്കിലും കാരണക്കാരനായില്ലേ എന്നൊരു തോന്നൽ. കോപ്പിയടിക്കാൻ സഹായിക്കുക വഴി അവരുടെ തെറ്റിൽ തുല്യ പങ്കാളിയായിട്ടും പിടിക്കപ്പെടാതിരുന്നതു കൊണ്ടു മാത്രമല്ലേ രക്ഷപ്പെട്ടത് എന്ന ചിന്ത കുറ്റബോധം പോലെ മനസ്സിൽ കിടന്ന് അസ്വസ്ഥത സൃഷ്ടിച്ചുകൊണ്ടിരുന്നു. ഉച്ചയ്ക്ക് ഊണു കഴിക്കുമ്പോൾപ്പോലും മനസ്സ് ശാന്തമായിരുന്നില്ല. ഊണു കഴിച്ചു കഴിഞ്ഞ് തിരികെയെത്തി ക്ലാസ്സിൽ വെറുതെയിരിക്കുമ്പോഴും മനസ്സ് ആലോചനാമഗ്നമായിരുന്നു. ഡസ്കിനുള്ളിലും ബാഗിലും കിടപ്പുള്ള നോട്ടുപുസ്തകങ്ങൾ കാണുമ്പോഴൊക്കെ ‘ഹോം വർക്ക് ബുക്ക്’ ആണു മനസ്സിൽ വരുന്നത്.

സമയം ഒന്നര മണിയാകാറായി. ഏറെ നേരമായി മനസ്സിനെ അലട്ടിക്കൊണ്ടിരുന്ന ചിന്തകൾക്ക് ശാശ്വതമായ അന്ത്യം കുറിക്കാനുള്ള നിർണായക തീരുമാനവുമായി, ഇനിയും വൈകിയാൽ ശരിയാവില്ല എന്ന് ഉറപ്പിച്ച് ഞാൻ ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി. നേരെ സ്റ്റാഫ് റൂമിലേക്ക്. പ്രതീക്ഷിച്ചതു പോലെ ബെന്നി മാഷ് സീറ്റിലുണ്ടായിരുന്നു. നേരെ അടുത്തേക്കു ചെന്നു. ‘സർ...’ ‘ങാ... എന്താ വിജിത്ത്...?’ ‘സാർ ഇന്ന് ക്ലാസ്സിൽ ഹോം വർക്ക് കോപ്പിയടിച്ചവരെ പിടിച്ചിരുന്നില്ലേ...’ ‘ങും... അതിനെന്താ...?’ ‘അല്ല... കോപ്പിയടിച്ച അഞ്ചാറു പേരെയും അവരെ സഹായിച്ച മൂന്നുനാലു പേരെയും പിടിച്ചു, പക്ഷേ...’ ‘പക്ഷേ...?’ ‘മാസ്റ്റർ കോപ്പി’ പിടിച്ചില്ല...’ ‘മാസ്റ്റർ കോപ്പി’യോ...? അതെന്താ...?’ ‘അത് സർ... ആ കൂട്ടത്തിൽ പകുതിയിലധികം പേരുടെയും ‘ഒറിജിനൽ റഫറൻസ്’ എന്റെ ഹോംവർക്ക് ബുക്കായിരുന്നു...’ ‘ആഹാ...! അതെയോ...?’ ‘അതെ സർ... ഒറിജിനൽ എന്ന് സാർ വിചാരിച്ചതു പോലും എന്റേതിന്റെ കോപ്പിയായിരുന്നു...’ ‘ങും... അതു ശരി... പക്ഷേ ഇത് ഇപ്പോൾ പറയാൻ എന്താ കാരണം...’ ‘അത്... സാർ തന്നെയാ...’ ‘ഞാനോ...?’ ‘അതെ സർ... കോപ്പിയടിച്ചവരെ മാത്രമായിരുന്നു സാർ പിടിച്ചിരുന്നതെങ്കിൽ ഞാൻ ഇക്കാര്യം ഒരുപക്ഷേ പറയില്ലായിരുന്നു... പക്ഷേ സഹായിച്ചവർക്ക് അടക്കം ശിക്ഷ കിട്ടിയ സ്ഥിതിയ്ക്ക് മിണ്ടാതിരിക്കുന്നതു ശരിയല്ലെന്നു തോന്നി...’ ‘ങും... പക്ഷേ ഈ തോന്നൽ എന്തേ ഇത്രയും സമയം കഴിഞ്ഞ് ഉണ്ടായത്...?’ ‘അതിപ്പോ എന്താ പറയുക... ആ സമയത്ത് എന്തോ ഒന്നും തോന്നിയില്ല... പിന്നെ ആലോചിച്ചപ്പോൾ എന്തോ... ഒരു കുറ്റബോധം പോലെ...’ ‘അതു ശരി... എന്നിട്ട് ഇപ്പോൾ കുറ്റബോധം മാറിയോ...?’ ‘ഇല്ല സർ...’ ‘അതെന്താ...? കുറ്റം സമ്മതിച്ചുകഴിഞ്ഞാൽപ്പിന്നെ കുറ്റബോധത്തിന്റെ ആവശ്യമില്ലല്ലോ...’ ‘അങ്ങനെയല്ല സർ... അത് ഒരു ‘പാർട്ട്’ മാത്രം... മുഴുവനായി മാറണമെങ്കിൽ...’ ഒരു നിമിഷം നിർത്തിയ ശേഷമാണു ഞാൻ ആ ‘നിർണായക വാചകം’ പൂർത്തിയാക്കിയത്: ‘... അവർക്കു കിട്ടിയതോ അതിൽ കൂടുതലോ ശിക്ഷ എനിക്കു കൂടി കിട്ടേണ്ടിവരും...’ ‘ങേ...?’ സാർ ഒരു നിമിഷം ഒന്ന് അമ്പരന്നോ...? ‘അതു ശരി... അപ്പോൾ നീ അടി ‘ചോദിച്ചു വാങ്ങാൻ’ വന്നതാണോ...?’ ‘അങ്ങനെയും വേണമെങ്കിൽ പറയാം...’ സാറിന്റെ മുഖത്തേക്കും മേശപ്പുറത്തു തന്നെ കിടപ്പുണ്ടായിരുന്ന ചൂരലിലേക്കും മാറിമാറി നോക്കിക്കൊണ്ട് ചെറിയൊരു പുഞ്ചിരിയോടെയായിരുന്നു എന്റെ മറുപടി.

*****
ക്ലാസ്സിലേക്കു മടങ്ങുന്നതിനിടയിൽ എന്റെ മനസ്സിൽ ഒരു ‘ചാരൻ’ ജന്മമെടുക്കുന്നുണ്ടായിരുന്നു - ഒരു ഒന്നാം തരം ‘ഒറ്റുകാരൻ’. കോപ്പിയടിക്കാരുടെ ഇടയ്ക്കിടെയുള്ള ശല്യം ഒഴിവാക്കാൻ വഴി കാണാതെ വിഷമിച്ചിരിക്കെ നിനച്ചിരിക്കാതെ ‘വീണുകിട്ടിയ’ അവസരം ഭംഗിയായി ഉപയോഗിക്കാൻ തന്നെയായിരുന്നു അവന്റെ തീരുമാനം. കൂട്ടുകാരെ പിണക്കാതെ തന്നെ അവരെ കോപ്പിയടിയിൽ നിന്ന് പിൻതിരിപ്പിക്കാൻ സഹായകമാകുന്ന ഒരു ‘ദ്വിമുഖ തന്ത്രം’ - അതായിരുന്നു മനസ്സിൽ. ഇരയെ സഹായിക്കുന്നതായി ഭാവിച്ചുകൊണ്ട് വേട്ടക്കാരനു വഴികാട്ടുന്ന പരിപാടി. ഒരു വശത്ത് ഹോംവർക്ക് ബുക്ക് ചോദിക്കുന്നവരെ പിണക്കാതെ ‘കൈയയച്ച്’ സഹായിക്കുമ്പോൾത്തന്നെ മറുവശത്ത് കോപ്പിയടിക്കാരെ പിടികൂടാൻ സാറിനെയും സഹായിച്ച് അവരെ ‘കെണിയിലാക്കു’ക എന്ന, പ്രത്യക്ഷത്തിൽ ‘ചതി’ എന്നുതന്നെ വിളിക്കാവുന്ന പദ്ധതിയായിരുന്നു ഞാൻ തയ്യാറാക്കിയത്. (ഇതെഴുതുന്നതു വരെ എനിക്കും സാറിനും രണ്ടുമൂന്ന് അധ്യാപകർക്കുമല്ലാതെ മറ്റാർക്കും അറിയാത്ത രഹസ്യമായിരുന്നു ആ ‘ചതി പ്രയോഗം’.)

എന്റെ ‘കോപ്പിയടി വിരുദ്ധ യുദ്ധതന്ത്രം’ പ്രയോഗിക്കാനുള്ള അവസരത്തിനായി ഏറെയൊന്നും കാത്തിരിക്കേണ്ടിവന്നില്ല. രണ്ടുമൂന്നു ദിവസത്തിനകം അടുത്ത ‘ഹോംവർക്ക് ദിനം’ വന്നെത്തി. രാവിലെ ക്ലാസ് തുടങ്ങുന്നതിനു മുൻപുള്ള ‘സ്റ്റഡി ടൈമി’ൽ ‘സഹായം’ തേടിയെത്തിയവരെ നിരാശരാക്കാതെ ഹോംവർക്ക് ബുക്ക് അവർക്കു വിട്ടുകൊടുത്തു ഞാൻ. അടുത്ത അരമണിക്കൂർ നേരം ക്ലാസ്സിലെ പലരുടെയും കൈകളിലൂടെ കടന്നുപോയ്ക്കൊണ്ടിരുന്ന നോട്ടുബുക്ക് തിരികെയെത്താൻ കാത്തുനിൽക്കാതെ, ക്ലാസ് തുടങ്ങുന്നതിനു മുൻപുള്ള അഞ്ചുമിനിറ്റ് ഇന്റർവെൽ സമയത്ത് ഞാൻ ആർക്കും യാതൊരു സൂചനയും നൽകാതെ സ്റ്റാഫ് റൂമിലേക്കു ചെന്നു. 8thA-യുടെ ‘ചാർജ്’ ഉണ്ടായിരുന്ന ബെന്നി മാഷ് ക്ലാസ്സിലേക്കു പോകാനുള്ള ഒരുക്കത്തിലാണ്. അറ്റൻഡൻസ് റജിസ്റ്ററും ഇംഗ്ലീഷ് ടെക്സ്റ്റ്‌ബുക്കും ചൂരലും മേശപ്പുറത്തു കിടപ്പുണ്ട്.

അല്പം പോലും ആലോചിച്ചു നിൽക്കാതെ അടുത്തേക്കു ചെന്ന ഞാൻ സാറിന്റെ ചോദ്യത്തിനു കാത്തു നിൽക്കാതെ, കൈയിൽ കരുതിയിരുന്ന കുറിപ്പ് നീട്ടി. അഞ്ചാറു പേരുകൾ അടങ്ങിയ ഒരു ചെറിയ ‘ലിസ്റ്റ്’ ആയിരുന്നു അത്. ‘ങും...? എന്താ ഇത്...?’ ലിസ്റ്റിലൂടെ കണ്ണോടിക്കുന്നതിനിടയിലായിരുന്നു സാറിന്റെ ചോദ്യം. ‘സാറിനെ ഒന്നു സഹായിക്കാമെന്നു വെച്ചു...’ ‘എന്തു സഹായം...?’ ‘ക്ലാസ്സിലെ ഇന്നത്തെ ‘ഹോംവർക്ക് കോപ്പിയടി’ക്കാരുടെ ലിസ്റ്റാ ഇത്...’ ‘ആഹാ...! അതു ശരി...! അപ്പോൾ ‘ചാരപ്പണി’ തുടങ്ങി, അല്ലേ...?’ ‘അതെ സർ...’ ഒരു നിമിഷം ഒന്നു നിർത്തിയ ശേഷം ഞാൻ തുടർന്നു: ‘പിന്നെ...’ ‘പിന്നെ...?’ ‘ഇതിലെ ആദ്യത്തെ അഞ്ചു പേരും അവസാനത്തെയാളും എന്റെ സഹായം സ്വീകരിച്ചവരാണ്...’ ‘ഓഹോ...! അതു ശരി... ചാരപ്പണി മാത്രമല്ല, ഒറ്റും ഉണ്ട്, അല്ലേ...?’ ‘ങും... അതു മാത്രമല്ല സർ... ഞാൻ പറഞ്ഞതിനു മറ്റൊരു ‘മീനിങ്’ കൂടിയുണ്ട്...’ ‘ങും...? അതെന്താ...?’ ‘സാർ ഒന്ന് ആലോചിച്ചുനോക്കിയാൽ പിടികിട്ടും...’ കൃത്യമായ മറുപടി നൽകാതെ ചെറിയൊരു പുഞ്ചിരിയോടെ ഒഴിഞ്ഞുമാറി ഞാൻ.

*****
എന്റെ സഹായം സാർ ബുദ്ധിപൂർവം തന്നെ ഉപയോഗിച്ചു എന്ന് അധികം വൈകാതെ തന്നെ മനസ്സിലായി. നാലാമത്തെ ‘പിരീഡി’ലായിരുന്നു ഞങ്ങൾക്ക് സാറിന്റെ ക്ലാസ്. ഹോംവർക്ക് ചെയ്യാൻ / പുസ്തകം കൊണ്ടുവരാൻ മറന്നവർക്കുള്ള ശിക്ഷ നൽകിയ ശേഷമായിരുന്നു സാർ ‘കോപ്പി പിടിത്ത’ത്തിലേക്കു കടന്നത്. ആദ്യം കൃത്യമായ ക്രമമൊന്നുമില്ലാതെ ഞാനും രാഹുലും അടക്കം കോപ്പിയടിക്കാരല്ലാത്ത ഏതാനും പേരെ വിളിച്ച് ഹോംവർക്ക് പരിശോധിക്കുന്നതായി ‘അഭിനയി’ച്ച ശേഷം ഞാൻ രാവിലെ നൽകിയിരുന്ന ലിസ്റ്റിലെ പേരുകൾ ഓർത്തെടുത്ത് ഓരോരുത്തരെയായി വിളിച്ച് ഹോംവർക്ക് ബുക്ക് കൊണ്ടുവരാൻ പറഞ്ഞു. ഇടയ്ക്ക് ലിസ്റ്റിൽ പെടാത്ത ചിലരെയും ഉൾപ്പെടുത്താൻ മറന്നില്ല. പ്രതിപ്പട്ടികയിൽ പെട്ടവരുടെ ഊഴം വരുമ്പോൾ അവർ എഴുതിയത് ഒന്ന് ഓടിച്ചു വായിച്ചു നോക്കിയിട്ട് തികച്ചും നാടകീയമായി ‘ഇത് ഇന്നയാളുടെ ബുക്കിൽ നിന്ന് കോപ്പിയടിച്ചതല്ലേ...’ എന്നൊരു ചോദ്യം. ഒട്ടും പ്രതീക്ഷിക്കാതെ പിടി വീണെന്നു മനസ്സിലാകുന്ന ‘പ്രതി’ ശരിക്കും ഞെട്ടാൻ മറ്റൊന്നും വേണ്ടല്ലോ...! കോപ്പിയടിച്ചത് കൃത്യമായി മനസ്സിലാക്കിയിട്ടാണു സാറിന്റെ ചോദ്യമെന്നു കരുതുന്ന പ്രതിക്ക് കുറ്റം സമ്മതിക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നും തോന്നും. ഫലം, സാറിനു ‘കോപ്പി പിടിത്ത’ത്തിൽ നൂറു ശതമാനം വിജയം, കോപ്പിയടിക്കാരിൽ ഒന്നൊഴിയാതെ എല്ലാവർക്കും ‘കിട്ടേണ്ടതു കിട്ടുക’യും ചെയ്യും.

‘കോപ്പിയടി’ക്കാരെ സഹായിക്കുന്നതായി നടിച്ച് അവരുടെ സൗഹൃദവും വിശ്വാസവും നിലനിർത്തിക്കൊണ്ടുതന്നെ അവരെ അവർ പോലുമറിയാതെ ‘ഒതുക്കുക’ എന്ന ‘ഇരട്ട ലക്ഷ്യ’ത്തോടെ ഞാൻ ആവിഷ്കരിച്ച ‘യുദ്ധതന്ത്രം’ അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വൻ വിജയം നേടുക തന്നെ ചെയ്തു. എത്രയൊക്കെ ‘സമർഥമായി’ കോപ്പിയടിച്ചാലും സാറിന്റെ ക്ലാസ്സിൽ പിടിക്കപ്പെടും എന്ന നില സംജാതമായതോടെ സ്ഥിരം ‘കോപ്പിയടിവീരന്മാർ’ പോലും പതിവു തെറ്റിക്കാൻ നിർബന്ധിതരായി. അപൂർവമായി മാത്രം കോപ്പിയടി എന്ന മാർഗം സ്വീകരിച്ചിരുന്നവരാകട്ടെ, അത് പൂർണമായി ഉപേക്ഷിക്കുകയും ചെയ്തു. ഈ നേട്ടത്തിന് ഒരു ‘മറുവശം’ കൂടി ഉണ്ടായിരുന്നു - ആ ഏതാനും ആഴ്ചകൾക്കുള്ളിൽ എനിക്ക് സ്റ്റാഫ് റൂം സന്ദർശനവും സാറിന്റെ കൈയിൽ നിന്ന് ചൂരലടി ഏറ്റുവാങ്ങലും പല തവണ ആവർത്തിക്കേണ്ടിവന്നു എന്നത്!

(ബെന്നി മാഷും ഞാനും തമ്മിലുള്ള ‘ചൂരൽ ബന്ധം’ ചുരുക്കത്തിൽ ഇവിടെ)

(ഈ കുറിപ്പ് അവസാനിപ്പിക്കുന്നതിനു മുൻപ് ഒരു കൊച്ചു ‘സ്വകാര്യം’ കൂടി. കൊച്ചു കൊച്ചു കഥകളും നോവലൈറ്റുകളുമൊക്കെ എഴുതുക എന്ന ‘അസുഖം’ എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴേ തുടങ്ങിയതാണ് എനിക്ക്. ആദ്യമായി ഒരു കഥ എഴുതാന്‍ എനിക്ക് പ്രേരണയായത് സാറിന്റെ ക്ലാസ്സുകളില്‍ നിന്നുള്ള അനുഭവങ്ങളായിരുന്നു. ജീവിച്ചിരിക്കുന്ന പലരെയും ഞാന്‍ പല കഥകളിലും കഥാപാത്രങ്ങളാക്കിയിട്ടുണ്ടെങ്കിലും അവരില്‍ ഒരാളെ മാത്രമേ യഥാര്‍ത്ഥ പേരില്‍ത്തന്നെ അവതരിപ്പിച്ചിട്ടുള്ളൂ - ആദ്യമായി എഴുതിയ കഥയിലെ നായികയുടെ അമ്മയായി അവതരിപ്പിച്ച, സാറിന്റെ ജീവിത സഖിയെ. (പക്ഷേ അക്കാര്യം ഇന്നും1 അവര്‍ക്ക് അറിയില്ല എന്നത് വേറെ കാര്യം!))

******** ******** ********

1:‘ഇന്നും’ എന്നു പറഞ്ഞത് ഈ ലേഖനം ആദ്യം എഴുതിയ സമയത്തെ കാര്യമാണ്. പിന്നീട് അവർ അക്കാര്യം അറിഞ്ഞിട്ടുണ്ട് - ഈ ലേഖനത്തിലൂടെത്തന്നെ.

Note: ഈ ലേഖനത്തിൽ വിവരിച്ച രംഗങ്ങൾ ലേഖകന്റെ ഓർമയിൽ നിന്ന് എടുത്തെഴുതിയതാണ്. അതിനാൽ സംഭാഷണങ്ങൾ നൂറു ശതമാനം കൃത്യമായിരിക്കണമെന്നില്ല.എന്നാൽ സംഭാഷണങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങളോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.
~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.