Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map





വിന്‍സെന്റ് ഫെര്‍ണാണ്ടസ് - ‘പഞ്ചനക്ഷത്ര’ സ്മരണകള്‍
(സഹപാഠികളെ അമ്പരപ്പിച്ച ഒരു ‘നുണ നാടക’ത്തെക്കുറിച്ച്‍) ‍


തല്ലു കൊള്ളാതിരിക്കാന്‍ വേണ്ടി കളവു പറയുന്നവര്‍ എത്ര വേണമെങ്കിലും ഉണ്ടാവും. കള്ളം പറഞ്ഞതിന് തല്ലു കിട്ടിയവരും. പക്ഷേ തല്ലു വാങ്ങാന്‍ വേണ്ടി കളവു പറഞ്ഞ ‘ചരിത്രം’ എന്നെപ്പോലെ മറ്റാര്‍ക്കെങ്കിലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. തലശ്ശേരി സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂളിലെ (ഇപ്പോള്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍) എന്റെ സഹപാഠികളെ സ്തബ്ധരാക്കിയ ആ ‘നുണ നാടക’ത്തിന്റെ കഥയാണ് ഇവിടെ അനാവൃതമാകുന്നത്.

ക്ലാസ്സിന്റെ - അധ്യാപനത്തിന്റെ - നിലവാരം (നിലവാരമില്ലായ്മയും!) കൊണ്ടും വിദ്യാര്‍ത്ഥികളെ സ്നേഹിച്ചും അവരെ ‘കൈയിലെടുക്കാ’നുള്ള കഴിവുകൊണ്ടുമൊക്കെ കുട്ടികളുടെ മനസ്സുകളില്‍ സ്ഥാനം നേടിയ അധ്യാപകര്‍ ഒട്ടേറെപ്പേരുണ്ട്. എന്നാല്‍ അവരില്‍ നിന്നൊക്കെ വ്യത്യസ്തമായ ഒരു ‘മുഖ’മായിരുന്നു അദ്ദേഹത്തിന്റേത് - വിന്‍സെന്റ് മാഷ്. ഒന്‍പതാം ക്ലാസ്സില്‍ (9F) ഇംഗീഷ് സെക്കന്‍ഡ് പേപ്പര്‍ പഠിപ്പിച്ചിരുന്ന ശ്രീ. വിന്‍സെന്റ് ഫെര്‍ണാണ്ടസ്. ഒരു ‘സ്വയം പ്രഖ്യാപിത ചൂരല്‍ പ്രേമി’യായിരുന്നു (ഇപ്പോഴും വലിയ മാറ്റമൊന്നും വന്നിട്ടില്ല!) അദ്ദേഹം. ‘അഞ്ച്’എന്ന സംഖ്യയോടായിരുന്നു സാറിന്റെ മറ്റൊരു ‘പ്രണയം’. അദ്ദേഹത്തിന്റെ ‘കോടതി’യില്‍ തെറ്റുകാരായി വിധിക്കപ്പെടുന്നവര്‍ക്കുള്ള ശിക്ഷയുടെ ഏറ്റവും കുറഞ്ഞ ‘നിലവാരം’ സൂചിപ്പിക്കുന്ന ‘മാന്ത്രിക സംഖ്യ’യാണത് - ആരോപിതമായ ‘കുറ്റം’ എന്തുതന്നെയായാലും എത്ര നിസ്സാരമായാലും സാറിന്റെ കൈയില്‍പ്പെട്ടാല്‍ അഞ്ചടി ‘മിനിമം ഗ്യാരന്റി’! അവിശ്വസനീയമെന്ന് ഒരുപക്ഷേ തോന്നിയേക്കാം, സാറിന്റെ ഈ ‘സവിശേഷത’ തന്നെയാണ് എന്നെ അദ്ദേഹവുമായി അടുപ്പിച്ചത്.

*****

1992 ഫെബ്രുവരി 12. രണ്ടാമത്തെ പിരിയഡ് ഇംഗീഷ് സെക്കന്‍ഡാണ് - വിന്‍സെന്റ് മാഷിന്റെ ക്ലാസ്. അന്ന് ക്ലാസ്സില്‍ ആരും പ്രതീക്ഷിക്കാത്ത ചില ‘സംഭവങ്ങള്‍’ അരങ്ങേറുമെന്ന് എന്റെ ഏറ്റവും അടുത്ത ചില സുഹൃത്തുക്കള്‍ക്ക് ‘മുന്നറിയിപ്പു’ നല്‍കിയിരുന്നു ഞാന്‍. ഒപ്പം ക്ലാസ്സിലെ വലത്തേയറ്റത്തെ ‘റോ’യിലെ ആദ്യത്തെ രണ്ടു ബെഞ്ചുകളില്‍ നിന്ന് ഒരാളെ ബാധിക്കുന്നതാവും ആ സംഭവങ്ങള്‍ എന്നും. (ആ ‘ആള്‍’ ഞാന്‍ തന്നെയാണെന്നത് തല്‍ക്കാലം ‘സസ്പെന്‍സ്’ ആയി ഇരിക്കട്ടെ എന്ന് തീരുമാനിച്ചിരുന്നു ഞാന്‍.)

സമയം 10.40. ആദ്യ പിരിയഡിന്റെ അന്ത്യം കുറിച്ചുകൊണ്ട് ബെല്‍ മുഴങ്ങി. കാത്തിരിപ്പിന്റെ ഏതാനും നിമിഷങ്ങള്‍. എന്റെ ‘മുന്നറിയിപ്പു’ ലഭിച്ച കൂട്ടുകാരില്‍ ചിലരു- ടെയെങ്കിലും മുഖങ്ങളില്‍ സംശയങ്ങളുടെയും ആശങ്കകളുടെയും നിഴലുകള്‍ കാണാനുണ്ട്.

അധികനേരം കാത്തിരിക്കേണ്ടിവന്നില്ല. ക്ലാസ്സിലെത്തിയ സാര്‍ പതിവു പോലെ അധികം വൈകാതെ ടെക്സ്റ്റ് ബുക്ക് തുറന്നു. കഴിഞ്ഞ ദിവസം നിര്‍ത്തിയ പേജിലേക്ക്. അപ്പോള്‍...

വലത്തേയറ്റത്തെ ‘റോ’യിലെ ആദ്യ ബെഞ്ചില്‍ ഒരു ചലനം. ഇടതു നിന്ന് മൂന്നാമത് ഇരിക്കുകയായിരുന്ന വിദ്യാര്‍ത്ഥി എഴുന്നേറ്റ് അടുത്തിരുന്നവരെ മറികടന്ന് ക്ലാസ്സിന്റെ മുന്‍പിലേക്കു നീങ്ങി - സാറിന്റെ അടുത്തേക്ക്.

‘സര്‍...’ വിളി കേട്ട് സാര്‍ അവന്റെ നേരെ തിരിഞ്ഞു. ‘ങും..?’ ‘സര്‍.. ഞാന്‍ ടെക്സ്റ്റ് ബുക്ക് കൊണ്ടുവന്നിട്ടില്ല...’ ‘ഓ.. അതെയോ...? നില്‍ക്ക്...’ സാര്‍ ക്ലാസ്സിനു നേരെ തിരിഞ്ഞു. ‘ആരാ ക്ലാസ് ലീഡര്‍..?’ ‘സര്‍...’ ശ്രീകുമാര്‍ എഴുന്നേറ്റു. ‘അപ്പുറത്തെ ക്ലാസ്സില്‍ മാഷ്‌ടെ കൈയില്‍ ചൂരലുണ്ടാവും... ചെന്ന് വാങ്ങിക്കൊണ്ടു വാ...’ വിധി പറയും മുന്‍പേ ന്യായാധിപന്റെ മനസ്സ് - അദ്ദേഹം വിധിക്കാന്‍ പോകുന്ന ശിക്ഷയും - അറിഞ്ഞ പ്രതിയെപ്പോലെ സാറിന്റെ മുന്‍പില്‍ നില്‍ക്കുന്ന സഹപാഠിയെ ഒന്നു നോക്കി ശ്രീകുമാര്‍ പുറത്തേക്കു നടന്നു. സാര്‍ വീണ്ടും ക്ലാസ്സിനു നേരെ തിരിഞ്ഞ് ടെക്സ്റ്റ് ബുക്ക് തുറന്നു. സാറിന്റെ ശ്രദ്ധ ക്ലാസ്സിനു നേരെയായതോടെ ആ പതിനാലുകാരനും ക്ലാസ്സിനു നേരെ തിരിഞ്ഞു. തങ്ങളുടെ കണ്‍മുന്‍പില്‍ ചുരുളഴിയുന്ന തീര്‍ത്തും അപ്രതീക്ഷിതമായ സംഭവവികാസങ്ങള്‍ കണ്ട് സ്തബ്ധരായിരിക്കുകയായിരുന്ന സഹപാഠികളുടെ മുഖഭാവങ്ങള്‍ അവലോകനം ചെയ്യവേ അവന്റെ മുത്ത് നിഗൂഢമായ ഒരു പുഞ്ചിരി തെളിഞ്ഞു.

നിമിഷങ്ങള്‍ക്കകം ശ്രീകുമാര്‍ തിരിച്ചെത്തി - കൈയില്‍ നല്ലൊരു ചൂരലുമായി. ക്ലാസ്സിലേക്കു കടന്നു വന്ന അവന്റെ കൈയില്‍ നിന്ന് ചൂരല്‍ വാങ്ങി സാര്‍ ‘പ്രതി’യുടെ നേരെ തിരിഞ്ഞു. ‘ങും.. നീ ടെക്സ്റ്റ് കൊണ്ടു വന്നിട്ടില്ല.. അല്ലേ..? അതെന്താ കൊണ്ടുവരാഞ്ഞത്...? വേണ്ടെന്നു വെച്ചതാണോ...?’ ‘അല്ല സര്‍... മറന്നു പോയതാണ്...’ ‘മറന്നുപോയോ..? ഈ മറവി എല്ലാ കാര്യത്തിലും ഉണ്ടോ..? വേറെ ഏതെങ്കിലും ബുക്ക് മറന്നിട്ടുണ്ടോ..?’ ‘ഇല്ല സര്‍...’ ‘രാവിലെ ഭക്ഷണം കഴിക്കാനോ കുളിക്കാനോ ഒന്നും മറന്നുപോകാറില്ലല്ലോ...?’ ‘ഇല്ല...’ ‘അപ്പോള്‍ മറവിയല്ല നിന്റെ പ്രശ്നം... അശ്രദ്ധ... അല്ലേ..?’ ‘സര്‍...’ ‘ങാ.. അതിന് അടിയല്ലാതെ വേറെ വഴിയില്ല... ങും... ഇങ്ങോട്ടു മാറി നില്‍ക്ക്...’

സാറിന്റെ ആജ്ഞയനുസരിച്ച് ക്ലാസ്സിലെ നടുവിലെ ‘റോ’യിലെ ആദ്യ ഡെസ്കിനു മുന്‍പിലേക്ക് നീങ്ങി നിന്നു അവന്‍ - തന്റെ ‘നുണനാടകം’ ‘വിജയിച്ച’തിന്റെ സന്തോഷം പുറത്തു കാട്ടാതെ. ഒട്ടും വൈകിയില്ല, സാറിന്റെ കൈയിലെ ചൂരല്‍ വായുവില്‍ ഒരു അര്‍ദ്ധവൃത്തം തീര്‍ത്തു. ആദ്യത്തെ അടി ശരിക്കും കൃത്യമായി ചന്തിക്കു തന്നെ. പ്രതീക്ഷിച്ച (അതോ ആഗ്രഹിച്ചതോ?) അത്ര ‘സ്ട്രോങ്’ അല്ല എന്നു മനസ്സിലായപ്പോള്‍ അറിയാതെ അവന്റെ ചുണ്ടില്‍ ഒരു കൊച്ചു പുഞ്ചിരി ഒരു നിമിഷം മിന്നി മറഞ്ഞു. ചൂരല്‍ വീണ്ടും ഉയര്‍ന്നു. ഒന്ന്.. രണ്ട്... മൂന്ന്... നാലു തവണ കൂടി - സാറിന്റെ ‘സ്ഥിരം ശൈലി’യില്‍. നാലുതവണ ഇടതു ചന്തിയിലും ഒരു തവണ ചന്തിയിലും തുടയിലുമായും പറന്നിറങ്ങി ‘ചിത്രരചന’ നടത്തിയ ചൂരല്‍ അതോടൊപ്പം അവന്റെ ഇടതു കൈത്തണ്ടയിലും ഇളം ചുവപ്പു നിറത്തില്‍ പാടുകള്‍ തീര്‍ത്തു. സാര്‍ ചൂരല്‍ മേശപ്പുറത്തു വെച്ച് വീണ്ടും അവന്റെ നേരെ തിരിഞ്ഞു. ‘ങും... പോയി ഇരുന്നോ...’ സാറിന്റെ മുന്‍പില്‍ ഒരു നിമിഷം ഒന്നു തല കുനിച്ച് അവന്‍ തിരിഞ്ഞു നടന്നു - തന്റെ ബെഞ്ചിനടുത്തേക്ക്.

പറഞ്ഞുകേട്ടതു പോലെ അത്ര ‘ഹെവി’യൊന്നുമല്ല സാറിന്റെ അടി എന്ന ‘നിഗമന’ത്തിലാണ് തന്റെ ‘പരീക്ഷണ അനുഭവ’ത്തില്‍ നിന്ന് അവന്‍ എത്തിച്ചേര്‍ന്നത്. തന്റെ ‘ആള്‍ ടൈം ഫേവറിറ്റ്സ് ലിസ്റ്റി’ലുള്ള ജോസ് സാറിനെക്കുറിച്ചാണ് അവനപ്പോള്‍ ഓര്‍ത്തത്. മൂന്നു കൊല്ലം മുന്‍പ് താന്‍ കാണിച്ച ഒരു ‘സാഹസ’ത്തിന് സാറിന്റെ കൈയില്‍ നിന്ന് കിട്ടിയ ‘സമ്മാന’ത്തിന്റെ ഏഴയലത്തു പോലും വരില്ലല്ലോ ഇത് എന്ന് അവന്‍ ഒരു പുഞ്ചിരിയോടെ ഓര്‍ത്തു.

*****

സമയം 11.20. രണ്ടാം പിരിയഡിന്റെ അന്ത്യം കുറിച്ചുകൊണ്ട് ബെല്‍ മുഴങ്ങി. ഇന്റര്‍വെല്‍. സാര്‍ ക്ലാസ് അവസാനിപ്പിച്ച് പുറത്തേക്കു നടന്നു. പതിവു പോലെ പുറത്തേക്കു പോകുന്നതിനു പകരം കുട്ടികള്‍ പലരും ക്ലാസ്സിലെ വലത്തേയറ്റത്തെ ‘റോ‘യിലെ ആദ്യ ബെഞ്ചിനടുത്തേക്കാണ് നീങ്ങിയത് - അവരുടെ അന്നത്തെ ‘ശ്രദ്ധാകേന്ദ്ര’മായ സഹപാഠിയുടെ അടുത്തേക്ക്. ‘ഇതായിരുന്നോ നീ പറഞ്ഞ ‘സംഭവം’...? പേടിപ്പിച്ചുകളഞ്ഞല്ലോ...’ ‘ങാ... പക്ഷേ... സംഭവം മുഴുവനായിട്ടില്ല...’ ‘എന്നു വെച്ചാല്‍...?’ ‘എന്നുവെച്ചാല്‍... ഒരു ഭാഗം കൂടിയുണ്ട്... ദാ... ഇതു തന്നെ...’ അവന്‍ ബാഗ് തുറന്ന് ഒരു പുസ്തകം എടുത്ത് ഡെസ്കിന്മേല്‍ വെച്ച് തുറന്നു.

‘ങേ...? ഇത്...’ ‘യെസ്... മറന്നുപോയെന്ന് ഞാന്‍ സാറിനോടു പറഞ്ഞ ഇംഗീഷ് സെക്കന്‍ഡ് ടെക്സ്റ്റ് തന്നെ...’ ‘അപ്പോള്‍... നീ...’ ‘കളവു പറഞ്ഞതാണ്... സിംപിള്‍..!’ ‘പക്ഷേ... എന്തിന്..? എന്തായിരുന്നു നിന്റെ ഉദ്ദേശ്യം..?’ ‘സംഭവിച്ചത് എന്താണോ അതു തന്നെ... സാറിന്റെ കൈയില്‍ നിന്ന്...’ ‘നിനക്കെന്താ ‘വട്ടു’ണ്ടോ..?’ ‘വട്ടൊന്നുമല്ല... സാറിന്റെ അടിയുടെ ‘വെയ്റ്റ്’ എത്രയുണ്ടെന്ന് ഒന്ന് അളക്കണമെന്നു തോന്നി... എനിക്ക് എത്രത്തോളം താങ്ങാന്‍ പറ്റുമെന്നും... അത്രയേയുള്ളൂ...’ ‘അതൊരു വല്ലാത്ത തോന്നലാണല്ലോ..? എന്നിട്ട് അളവിന്റെ റിസള്‍ട്ട്...?’ ‘നിങ്ങളൊക്കെ പറയുന്നതു പോലെ അത്ര വലിയ കാര്യമൊന്നുമല്ല എന്ന് മനസ്സിലായി... ഇങ്ങനെയാണെങ്കില്‍ അഞ്ചല്ല അമ്പതെണ്ണം കിട്ടിയാലും എനിക്ക് പ്രശ്നമല്ല...’ ചിരിച്ചുകൊണ്ട് അവന്‍ ഡെസ്കിന്‍മേല്‍ നിന്ന് പുസ്തകമെടുത്ത് തിരികെ ബാഗില്‍ വെച്ചു.

*****

വര്‍ഷങ്ങള്‍ക്കു മുന്‍പ് ആ ഫെബ്രുവരി 12ന് അരങ്ങേറിയ ആ ‘നുണനാടക’ത്തിലൂടെ സാറിനെ ‘കബളിപ്പിച്ച്’ തല്ലു ‘ചോദിച്ചുവാങ്ങി’യ ‘കഥ’ പതിമൂന്നു കൊല്ലം കഴിഞ്ഞ് ഈ വര്‍ഷം* ജനുവരിയില്‍ അവന്‍ അദ്ദേഹത്തിന്റെ മുന്‍പില്‍ ഒരു ലേഖനത്തിലൂടെ വെളിപ്പെടുത്തി. ആ ലേഖനം ഈ വര്‍ഷത്തെ സ്കൂള്‍ മാഗസിനിലേക്ക് ഒരു ‘സ്പെഷ്യല്‍ എന്‍ട്രി’ ആയി നിര്‍ദേശിച്ചുകൊണ്ടാണ് സാര്‍ അവന്റെ വെളിപ്പെടുത്തലിനെ സ്വീകരിച്ചത്. അതിനു ശേഷം നാട്ടിലെത്തുമ്പോഴൊക്കെ ഞാന്‍ സാറിനെ സ്കൂളിലോ വീട്ടിലോ ചെന്ന് കാണാറുണ്ട്.

********

*: ‘ഈ വര്‍ഷം’ എന്നതുകെണ്ട് ഉദ്ദേശിക്കുന്നത് ഈ ലേഖനം ആദ്യം എഴുതിയ 2006-നെയാണ്. ഇവിടെ പരാമര്‍ശ വിധേയമായ മാഗസിന്‍ ചില സാങ്കേതിക കാരണങ്ങളാല്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ലെങ്കിലും അടുത്ത തവണ മാഗസിന്‍ ഇറങ്ങിയപ്പോള്‍ പ്രസ്തുത ലേഖനം അതില്‍ ഉള്‍പ്പെടുത്തിയിരുന്നു.


 ¤ Photo Courtesy: St. Joseph's Boys High School Facebook page

 ¤ Original Image: http://farm3.static.flickr.com/2696/4101361378_44122017e7_o.jpg


Note: ഈ ലേഖനത്തിൽ വിവരിച്ച രംഗങ്ങൾ ലേഖകന്റെ ഓർമയിൽ നിന്ന് എടുത്തെഴുതിയതാണ്. അതിനാൽ സംഭാഷണങ്ങൾ നൂറു ശതമാനം കൃത്യമായിരിക്കണമെന്നില്ല. എന്നാൽ സംഭാഷണങ്ങളിൽ പ്രകടിപ്പിക്കപ്പെടുന്ന ആശയങ്ങളോട് പൂർണമായും നീതി പുലർത്തിയിട്ടുണ്ട്.
~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.