Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map






ഒരു ‘ആദ്യാനുഭവ’ത്തിന്റെ ഓര്‍മയ്ക്ക്

(സ്കൂള്‍ ജീവിതത്തില്‍ എനിക്ക് ലഭിച്ച ആദ്യ ശിക്ഷയെക്കുറിച്ച് ഒരോര്‍മക്കുറിപ്പ്‍) ‍


മൂന്നാം വയസ്സില്‍ - ചിലപ്പോള്‍ അതിനും മുന്‍പേ - കുട്ടികള്‍ സ്കൂള്‍ ജീവിതം ആരംഭിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു ‘സംഭവ’മല്ല. എല്‍ കെ ജി, യു കെ ജി തുടങ്ങിയ ‘ഓമനപ്പേരു’കളുമായി മൂന്നും നാലും വയസ്സുള്ള കൊച്ചു കുട്ടികള്‍ക്ക് ‘പീഢന കേന്ദ്ര’ങ്ങളായി മാറുന്ന സ്ഥാപനങ്ങളിലെ ‘വിദ്യാ അഭ്യാസ’(?!)ത്തിന്റെ നാളുകളിലൂടെ കടന്നുവന്നിട്ടില്ലെങ്കിലും മൂന്നാം വയസ്സു മുതല്‍ സ്കൂള്‍ ജീവിതത്തിന്റെ രുചി അറിഞ്ഞുതുടങ്ങിയതാണ് ഞാനും. തലശ്ശേരി കാവുംഭാഗം സൌത്ത് യു. പി. സ്കൂളില്‍ അധ്യാപികയായിരുന്ന അമ്മയോടൊപ്പമായിരുന്നു ‘സ്കൂള്‍’ എന്ന ‘പുതിയ ലോക’ത്ത് എന്റെ ആദ്യ കാല്‍വെപ്പുകള്‍. 1993 മാര്‍ച്ച് 29-ന് തലശ്ശേരി സെന്റ് ജോസഫ്‌സ് ഹൈസ്കൂളിന്റെ ക്ലാസ് മുറികളോട് അവസാന യാത്ര പറയുന്നതു വരെയുള്ള പന്ത്രണ്ടു വര്‍ഷത്തെ സ്കൂള്‍ ജീവിതത്തിനിടയില്‍ എന്റെ പ്രിയപ്പെട്ട അധ്യാപകരില്‍ നിന്ന് ഏറ്റുവാങ്ങാന്‍ കഴിഞ്ഞ സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും (തത്ഭവമായ ശിക്ഷകളുടെയും!) മാധുര്യം നിറഞ്ഞ ഓര്‍മകള്‍ ഇന്നും എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. ആ ഓര്‍മകളില്‍ നിന്ന് ചികഞ്ഞെടുത്ത, സ്കൂള്‍ ജീവിതത്തിന്റെ ആദ്യ നാളുകളില്‍ നടന്ന ഒരു സംഭവമാണ് ഇവിടെ ചുരുളഴിയുന്നത്. വരൂ, ഇരുപത്തിമൂന്നു വര്‍ഷങ്ങള്‍ക്കു പിന്നിലേക്ക്...

അധ്യയന വര്‍ഷം 1983 - ’84. എന്റെ വിദ്യാലയ ജീവിതം ‘ഔദ്യോഗിക’മായി ആരംഭിച്ചിട്ട് ഏതാനും മാസങ്ങളേ ആയിട്ടുള്ളൂ. രണ്ടു കൊല്ലം അമ്മയുടെ ‘നിഴലാ’യി നടന്നിരുന്നതു കൊണ്ട് അപരിചിതത്വത്തിന്റെ പ്രശ്നമില്ല. ടീച്ചര്‍മാരും ‘സീനിയര്‍’ ചേട്ടന്‍മാരും ചേച്ചിമാരും ഒക്കെ പരിചിതര്‍. ടീച്ചറുടെ മകന്‍ എന്ന ‘ലേബല്‍’ വഹിക്കുന്നതു കൊണ്ട് അവര്‍ നല്‍കുന്ന പ്രത്യേക പരിഗണന. ക്ലാസ്സില്‍ ‘ഫസ്റ്റ് ബെഞ്ചുകാര’നായ എനിക്ക് അടുത്തു തന്നെ ഇരിക്കുന്ന രണ്ടു പേരെ കൂട്ടുകാരായി കിട്ടിയിട്ടുണ്ട് - പഠിത്തത്തില്‍ രണ്ടാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്ന നിതീഷ്, റജിലാല്‍ എന്നിവര്‍. (എന്തിനാ രണ്ടാം സ്ഥാനത്തിനു വേണ്ടി മത്സരിക്കുന്നത്, ഒന്നാം സ്ഥാനത്തിനു തന്നെ ശ്രമിക്കരുതോ എന്നു ചോദിക്കരുത് - അതിന് എതിരാളികളില്ലാത്ത അവകാശി വേറെയുണ്ട് - വിജിത്ത് എന്ന ഈയുള്ളവന്‍ തന്നെ..!) എല്ലാ അര്‍ത്ഥത്തിലും സന്തോഷം നിറഞ്ഞ നാളുകള്‍. ഒറ്റ പ്രശ്നം മാത്രമേയുള്ളൂ - ഒന്നാം ക്ലാസ്സിലെ ‘സ്ഥിരം ക്ലാസ് ടീച്ചറാ’യിരുന്ന അമ്മ അക്കൊല്ലം ആ ചുമതല വേണ്ടെന്നു വെച്ചിരിക്കുകയാണ് - മകനെ ശരിക്കും അറിയാവുന്നതുകൊണ്ടാവും!

അങ്ങനെ ടീച്ചര്‍മാരുടെയും സഹപാഠികളുടെയും സ്നേഹഭാജനമായി കഴിഞ്ഞിരുന്ന ആ നാളുകളില്‍ ഒരു ദിവസം - മാസമോ തീയതിയോ കൃത്യമായി ഓര്‍മയില്ല - മലയാളം പഠിപ്പിച്ചിരുന്ന പുഷ്പ ടീച്ചര്‍ ക്ലാസ്സില്‍ അപൂര്‍വമായി മാത്രം നടത്താറുള്ള ‘കേട്ടെഴത്ത്’ എന്ന ‘പരീക്ഷണം’ നടത്താന്‍ തീരുമാനിച്ചു. ടീച്ചറുടെ പ്രഖ്യാപനം വന്ന് നിമിഷങ്ങള്‍ക്കകം തുടച്ചു വൃത്തിയാക്കിയ സ്ലേറ്റുകളും പെന്‍സിലുകളുമായി ഞങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ക്ലാസ് ശാന്തം, നിശ്ശബ്ദം. ഏതാനും സെക്കന്‍ഡുകളുടെ ഇടവേളയോടെ ടീച്ചര്‍ പറയുന്ന വാക്കുകള്‍ മാത്രമേ കേള്‍ക്കാനുള്ളൂ. എട്ടോ ഒന്‍പതോ വാക്കുകള്‍ ആയെന്നു തോന്നുന്നു. എന്റെ സ്ലേറ്റില്‍ എഴുതിക്കൊണ്ടിരുന്ന ഭാഗത്ത് കഷ്ടിച്ച് ഒരു വരി കൂടി എഴുതാനുള്ള സ്ഥലമേ ബാക്കിയുള്ളൂ. ക്ലാസ്സിലെ നിശ്ശബ്ദതയില്‍ ഒരു ചെറു ചലനം സൃഷ്ടിച്ചു കൊണ്ട്, ടീച്ചറുടെ ശബ്ദം മുഴങ്ങി - ‘ഐരാവതം’. എന്തുകൊണ്ടെന്നറിയില്ല, അത് അവസാനത്തേതായിരിക്കുമെന്ന് എനിക്കു തോന്നി. ഒറ്റ വാക്കിനു വേണ്ടി മാത്രമായി സ്ലേറ്റിന്റെ ‘ക്ളീന്‍’ ആയ മറുവശം ഉപയോഗിക്കാന്‍ മടിച്ച് ഞാന്‍ നേരത്തെ എഴുതിയതിനു താഴെ ബാക്കിയുള്ള ഇത്തിരി സ്ഥലത്തു തന്നെ ആ‘ആന‘യെക്കൂടി തളയ്ക്കാന്‍ തീരുമാനിച്ചു. പക്ഷേ...

എഴുതിയപ്പോള്‍ ചെറിയൊരു ‘അബദ്ധം’ പറ്റി - പെന്‍സില്‍ സ്ലേറ്റിന്റെ വക്കില്‍ തട്ടിയതു കാരണം ‘ര’, ‘റ’ പോലെ ആയിപ്പോയി. സ്ഥലപരിമിതിയെ അവഗണിച്ചതിന്റെ ഫലം..! ഞാനാണെങ്കില്‍ ആ പിശക് ശ്രദ്ധിച്ചതുമില്ല - എഴുതിയത് ശരിയാണെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടായിരുന്നു. പ്രതീക്ഷിച്ചതു പോലെ ‘ഐരാവതം’ അന്നത്തെ ‘ഡിക്റ്റേഷന്‍ സെഷനി’ലെ അവസാന വാക്കുതന്നെയായിരുന്നു. ഇനി ‘പരിശോധനാ സമയം’. അധികം വൈകാതെ എന്റെ സ്ലേറ്റ് ടീച്ചറുടെ കൈയിലെത്തി. ടീച്ചറുടെ തൊട്ടടുത്തു തന്നെ ഞാനും. സ്ലേറ്റിലെ വരികളിലൂടെ കണ്ണോടിച്ച് ടീച്ചര്‍ അവസാനത്തെ വാക്കിനു നേരെ ഒരു ‘x’ അടയാളമിട്ടതു കണ്ടപ്പോള്‍ ഞാന്‍ ഒരു നിമിഷം ഒന്നു ഞെട്ടി. എഴുതിയതിലെ തെറ്റ് എന്താണെന്നറിയാതെ ഞാന്‍ ടീച്ചറുടെ മുഖത്തേക്കു നോക്കി. ടീച്ചര്‍ ഒന്നും മിണ്ടാതെ എന്റെ ‘ഐറാവത’ത്തിനു മേല്‍ ചോക്കു കൊണ്ട് ഒന്നു തൊട്ടു - തെറ്റ് ചൂണ്ടിക്കാട്ടാനെന്നോണം. അപ്പോള്‍ മാത്രമാണ് എനിക്ക് ആ അബദ്ധം മനസ്സിലായത്. എന്തു ചെയ്യാം..? വൈകിപ്പോയില്ലേ..?

അധികം വൈകാതെ ‘മൂല്യനിര്‍ണയം’ പൂര്‍ത്തിയാക്കിയ ടീച്ചര്‍ കസേരയില്‍ നിന്ന് എഴുന്നേറ്റു. തെറ്റായി എഴുതിയ വാക്കുകളുടെ എണ്ണം അനുസരിച്ച് കുട്ടികളോട് എഴുന്നേറ്റു നിൽക്കാൻ പറഞ്ഞ ടീച്ചർ കുട്ടികളുടെ എണ്ണക്കൂടുതൽ കണ്ടിട്ടാണോ എന്നറിയില്ല, ഒരു നിമിഷം എന്തോ ആലോചിച്ചു നിന്നു. പിന്നെ തീരുമാനം ഉറപ്പിച്ചെന്നോണം തിരിഞ്ഞ് മേശപ്പുറത്തു കിടന്നിരുന്ന വടി കൈയിലെടുത്തു. (വടിയെന്നു പറഞ്ഞാല്‍ ചൂരലല്ല - അത് മൂന്നാം (?) ക്ലാസ്സിലും അതിനു മുകളിലും ഉള്ള ‘മുതിര്‍ന്ന’ കുട്ടികള്‍ക്കായി ‘റിസര്‍വ്ഡാ’ണ്. നാലിൽ താഴെയുള്ള ചെറിയ ക്ലാസ്സുകളില്‍ കൂടുതല്‍ ‘പ്രചാരം’ സ്കെയിലിനാണ് - പ്ലാസ്റ്റിക്, മരം, സ്റ്റീൽ അങ്ങനെ പല തരത്തിൽപ്പെട്ടവ. പക്ഷേ ഇവിടെ ടീച്ചറുടെ ‘ആയുധം’ ഇതു രണ്ടുമല്ല, അടുത്തുള്ള പറമ്പില്‍ വളര്‍ന്നു നില്‍ക്കുന്ന പേരറിയാത്ത ഒരു മരത്തിന്റെ കമ്പാണ് - ചെറിയ ക്ലാസ്സുകളില്‍ മാത്രം ഉപയോഗത്തിലുള്ള മറ്റൊരു ആയുധം. കണ്ടാല്‍ പേടി തോന്നിക്കാന്‍ തക്ക വണ്ണമുള്ളതാണെങ്കിലും ഏറെ ജലാംശമുള്ളതും അതു കൊണ്ടു തന്നെ ദുര്‍ബലവുമാണത്. ആഞ്ഞൊന്നടിച്ചാല്‍ പല കഷണങ്ങളായി ചിതറിപ്പോകാവുന്നതേയുള്ളൂ. എങ്കിലും അഞ്ചോ ആറോ വയസ്സു മാത്രമുള്ള കൊച്ചു കുട്ടികള്‍ക്ക് ചേര്‍ന്ന ചെറിയൊരു ‘ഡോസ്’ കൊടുക്കാന്‍ അതു തന്നെ ധാരാളം.)

ടീച്ചറുടെ നീക്കം കണ്ടപ്പോള്‍ത്തന്നെ എനിക്ക് ഒരു കാര്യം വ്യക്തമായി - ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ വെച്ച് അടി കിട്ടുക എന്ന അനുഭവം ഏറെയൊന്നും അകലെയല്ല. (‘ജീവിതത്തിൽ ആദ്യമായി’ എന്നൊക്കെ പറയാൻ മാത്രം 'ജീവിച്ചോ' എന്നു ചോദിക്കരുത്!) ഉള്ളിന്റെയുള്ളില്‍ എങ്ങോ പേടിയുടെ ചെറു നാമ്പുകള്‍ ഉയരുന്നുവോ..? ഏയ്... സാധ്യതയില്ല. അതോ ഇല്ലാത്ത ധൈര്യം ഉണ്ടെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമമോ...? അറിഞ്ഞുകൂടാ... ഏതായാലും ഒരു കാര്യത്തില്‍ ‘ധൈര്യ’മുണ്ട് - തല്ലു വാങ്ങാന്‍ ഞാന്‍ ഒറ്റയ്ക്കല്ല..! ഒന്നൊഴിയാതെ ക്ലാസ്സിലെ എല്ലാവരും കൂടെയുണ്ടാവും. കാരണം, എന്നെപ്പോലെ ഒരു തെറ്റെങ്കിലും വരുത്തിയിട്ടുണ്ട് എല്ലാവരും..!

അധികം വൈകാതെ ടീച്ചര്‍ എന്റെ അടുത്തെത്തി. ‘എന്താ വിജൂ... നീയും ഇങ്ങനെ...’ ‘അത്.. ടീച്ചര്‍.. ഞാന്‍... സ്ലേറ്റ്...’ ‘ങും... കൈയിങ്ങോട്ടു നീട്ട്...’ മനസ്സില്‍ ഉയരുന്ന നേര്‍ത്ത പേടിയുടെ അലകള്‍ കണ്ണുകളില്‍ തെളിയുന്നുണ്ടോ...? അല്പം കുനിഞ്ഞ മുഖത്തോടെ ഞാന്‍ മെല്ലെ വലതു കൈ നീട്ടി. ടീച്ചറുടെ മുഖത്തേക്കു നോക്കാനാവാതെ, നീട്ടിപ്പിടിച്ച കൈവെള്ളയില്‍ മിഴകള്‍ നട്ടുകൊണ്ട് ഒരു നിമിഷം. ടീച്ചറുടെ കൈ വായുവില്‍ ഉയര്‍ന്നു. അച്ഛനും അമ്മയും അല്ലാതെ മൂന്നാമതൊരാളുടെ കൈയില്‍ നിന്ന് കിട്ടുന്ന ആദ്യത്തെ അടി. (അവസാനത്തേത് ഇന്നേക്ക് കൃത്യം അഞ്ചു വര്‍ഷം മുന്‍പ് എന്റെ പ്രിയപ്പെട്ട അഞ്ജുച്ചേച്ചിയുടെ കൈയില്‍ നിന്നും. ആ അവസാന ശിക്ഷയുടെ അഞ്ചാം വാര്‍ഷിക ദിനത്തിലാണ് ‘ആദ്യ ശിക്ഷ’യെക്കുറിച്ച് എഴുതുന്നത് എന്നത് കേവലം യാദൃശ്ചികമാവാം..!*). വലതു കൈവെള്ളയില്‍ ഇളം ചുവപ്പു നിറത്തില്‍ ഒരു പാടു തെളിഞ്ഞു. പ്രതീക്ഷിച്ചത്ര വേദന തോന്നിയില്ല. മനസ്സില്‍ അതുവരെയുണ്ടായിരുന്ന പേടി എങ്ങോട്ടു പോയെന്നറിയില്ല...! ടീച്ചറുടെ കൈ ഒരിക്കല്‍ക്കൂടി ഉയര്‍ന്നുതാണു. ഇത്തവണ കുറച്ചുകൂടി വേദനയുണ്ട് - ഒന്നാമത്തേതിന്റെ വേദന മാറും മുന്‍പായതു കൊണ്ടാവാം. അതോടൊടൊപ്പം ഒരു ‘അത്ഭുതം’ കൂടി സംഭവിച്ചു - വടിയുടെ അറ്റം നെടുകെ പിളര്‍ന്നു - മൂന്നോ നാലോ ചീന്തുകളായി. (അടുത്ത ബെഞ്ചുകളില്‍ തങ്ങളുടെ ഊഴം കാത്തു നില്‍ക്കുന്ന കൂട്ടുകാര്‍ ‘ഭാഗ്യവാന്മാര്‍’...!) ടീച്ചര്‍ ഇടതു വശത്തേക്കു നീങ്ങി - റജിലാലിന്റെ അടുത്തേക്ക്. നീട്ടിയ കൈ പിന്‍വലിച്ച് ഞാന്‍ ബെഞ്ചില്‍ ഇരുന്നു.

അടിയുടെ വേദന - സഹിക്കാനാവാത്ത വിധം കടുത്തതൊന്നുമല്ലെങ്കിലും - കടിച്ചമര്‍ത്തി തള്ളി നീക്കിയ ആ നിമിഷങ്ങളില്‍ മനസ്സില്‍ ഉയര്‍ന്ന വികാരം എന്തായിരുന്നോ ആവോ...? അന്നേവരെ കണ്ടുമാത്രം പരിചയമുണ്ടായിരുന്ന ‘സ്കൂളിലെ തല്ല്’ ആദ്യമായി അനുഭവിക്കേണ്ടി വന്നതിലുള്ള വിഷമമോ അതോ മുതിർന്ന ക്ലാസ്സുകളിലെ ചേട്ടന്‍മാർക്കും ചേച്ചിമാർക്കുമൊക്കെ കിട്ടുന്നത് രണ്ടു വർഷമായി കണ്ടുപരിചയമുള്ളതു വെച്ച് പ്രതീക്ഷിച്ച അത്രയൊന്നും ‘പ്രശ്ന’മില്ലാതെ ‘ആദ്യ ശിക്ഷാ നിമിഷങ്ങള്‍’ കടന്നു പോയതിലുള്ള ആശ്വാസമോ..? അതോ വിവരം അറിഞ്ഞാല്‍ അമ്മയുടെ പ്രതികരണം എന്തായിരിക്കുമെന്ന ആശങ്കയോ..? (ടീച്ചര്‍ അമ്മയോട് കാര്യം പറയുമെന്ന് ഉറപ്പാണ്.) അറിഞ്ഞുകൂടാ...

അത് ഒരു തുടക്കം മാത്രമായിരുന്നു - ചെയ്തതും ചെയ്യാത്തതുമായ തെറ്റുകളുടെ പേരില്‍ എന്റെ പ്രിയപ്പെട്ട അധ്യാപകര്‍ പലപ്പോഴായി ‘സ്നേഹപൂര്‍വം’ ‘സമ്മാനിച്ച’ ചെറുതും വലുതുമായ ഒട്ടേറെ ശിക്ഷകളുടെ പരമ്പരയുടെ തുടക്കം. ഏറെയും കൈവെള്ളകളിലും കുറേയൊക്കെ ചന്തിയിലും ചിലപ്പോഴൊക്കെ തുടകളിലും ഏതാനും മിനിറ്റുകൾ മുതൽ വർഷങ്ങളോളം വരെ മായാതെ കിടന്ന പാടുകളും മനസ്സിൽ ഒട്ടും മായാത്ത മധുര സ്മരണകളും ബാക്കിവെച്ച് കടന്നു പോയ വര്‍ഷങ്ങളുടെ തുടക്കം. അനുഭവങ്ങള്‍ പലതും മറവിക്ക് വഴിമാറിയെങ്കിലും ‘ആദ്യാനുഭവ’മെന്ന നിലയില്‍ ഇരുപത്തിമൂന്നു വര്‍ഷം മുന്‍പത്തെ ആ നിമിഷങ്ങള്‍ ഇന്നും എന്റെ മനസ്സില്‍ മായാതെ മിന്നി നില്‍ക്കുന്നുണ്ട് - എന്നും നിലനില്‍ക്കുന്ന ഹൃദ്യമായ ഒരോര്‍മയായി.

********

*: ഈ ലേഖനത്തിന്റെ 2006 ഡിസംബറില്‍ എഴുതിയ ‘ആദ്യ പ്രതി’യില്‍ നിന്നാണ് ഈ വാക്യങ്ങള്‍. ഇവിടെ പരാമര്‍ശിക്കപ്പെടുന്ന സംഭവം നടന്നത് 2001 ഡിസംബര്‍ 24-നാണ്.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.