Home
HomeAbout
About MeFavourites Favourites


Photos
PhotosNews
Editor's DeskNews
Special CorrespondentWorks
WorksBlog
BlogBiodata
BiodataContact Contact Me


Support
Help & Support

വിജി പിണറായി


Viji Pinarayi

SiteMap
Site Mapഎന്റെ ജീവിതം
(എന്റെ 'Turned Leaves' എന്ന ആത്മകഥയുടെ മലയാള സംഗ്രഹം)

എന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാന്‍ താല്പര്യമുണ്ടായേക്കാവുന്ന കുറച്ച് കാര്യങ്ങള്‍...

പലതും നിങ്ങള്‍ക്ക് അറിയാവുന്നതു തന്നെയാവാം. ചിലതെങ്കിലും അങ്ങനെയല്ലാതെയും.


1978 ഫെബ്രുവരി 14‌-ന് കണ്ണൂര്‍ ജില്ലയിലെ ചരിത്രപ്രസിദ്ധമായ പിണറായി ഗ്രാമത്തില്‍, വയനാട്ടിലെ ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ അദ്ധ്യാപകനായിരുന്ന ‘വിജയന്‍ മാഷു’ടെയും കാവുംഭാഗം സൌത്ത് യു. പി. സ്കൂള്‍ അദ്ധ്യാപികയായിരുന്ന ശാരദ ടീച്ചറുടെയും മകനായി ജനനം. ആദ്യത്തെ കുഞ്ഞിന്റെ ‘ജീവിതം’ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ത്തന്നെ അവസാനിച്ചു പോയിരുന്നതു കൊണ്ട് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഓപ്പറേഷന്‍ തീയേറ്ററില്‍ കത്തി, കൊടില്‍, സൂചി തുടങ്ങിയ ‘ആയുധങ്ങളു’മായി ജാഗരൂകരായി നിലയുറപ്പിച്ച ഡോക്ടര്‍മാരുടെയും നേഴ്‌സുമാരുടെയും പടയുടെ സഹായത്തോടെയായിരുന്നു ദുര്‍ബലശരീരനായി, ഒടിഞ്ഞ തുടയെല്ലോടെ ഈയുള്ളവന്റെ പ്രഥമ ബാഹ്യലോകദര്‍ശനം - മരണത്തിനു വിട്ടു കൊടുക്കാതെ സംരക്ഷിച്ച് പുറം ലോകത്തേക്ക് കൂട്ടിക്കൊണ്ടുവരാനുള്ള ആവേശത്തില്‍ ‘സംരക്ഷണസേന’യിലെ ആര്‍ക്കോ പറ്റിയ ഒരു കൈയബദ്ധം. ജീവിതത്തിന് ഇതിനേക്കാള്‍ ‘തകര്‍പ്പന്‍’ തുടക്കം ആര്‍ക്കു കിട്ടും?

മൂന്നു വയസ്സു തികഞ്ഞതോടെ അമ്മ സ്കൂളില്‍ പോകുമ്പോള്‍ എന്നെക്കൂടി കൊണ്ടുപോയിത്തുടങ്ങി. അപ്പോഴേക്കും എനിക്ക് ഒരു അനിയത്തിയെ കൂടി കിട്ടിയിരുന്നു - ഷൈനി. (അതിനകം അച്ഛനും അമ്മയും എന്നെയും കൊണ്ട് കാവുംഭാഗത്ത് അമ്മയുടെ വീട്ടില്‍ താമസം തുടങ്ങിയിരുന്നു, അമ്മയ്ക്ക് ജോലിക്കു പോകാനുള്ള സൌകര്യം കണക്കിലെടുത്ത്.) നാട്ടില്‍ ‘തയ്യില്‍ സ്കൂള്‍’ എന്നറിയപ്പെട്ടിരുന്ന കാവുംഭാഗം സൌത്ത് യു. പി. സ്കൂളിലെ ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസ്സുകള്‍ അങ്ങനെ എന്റെ എല്‍ കെ ജിയും യു കെ ജിയുമൊക്കെയായി. ‘ടീച്ചറുടെ മകന്‍’ എന്ന പ്രത്യേക പരിഗണനയില്‍ ചേട്ടന്മാരും ചേച്ചിമാരും അദ്ധ്യാപകരുമൊക്കെ നിര്‍‌ലോഭം ചൊരിഞ്ഞ സ്നേഹത്തിന്റെ തണലില്‍ പഠിത്തവും കളിയും അത്യാവശ്യം വികൃതികളും ‘തല്ലുകൊള്ളിത്തര’ങ്ങളുമൊക്കെയായി ആറു വര്‍ഷത്തെ രാജകീയ ജീവിതം. (ഒന്നാം ക്ലാസ്സില്‍ ഒരു ദിവസം കേട്ടെഴുത്തില്‍ ഒരു വാക്ക് തെറ്റിയതിന് പുഷ്പ ടീച്ചറുടെ കൈയില്‍ നിന്ന് കിട്ടിയ അടിയാണ് എന്റെ ഓര്‍മയിലുള്ള ആദ്യ ശിക്ഷ. തെറ്റിയ വാക്ക് ഏതെന്നു പോലും എനിക്ക് ഇന്നും ഓര്‍മയുണ്ട് - ‘ഐരാവതം’.) അതിനിടയ്ക്ക് പല ട്രാന്‍സ്‌ഫറുകള്‍ക്കു ശേഷം അച്ഛന്‍ തലശ്ശേരി ഗവണ്‍‌മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ എത്തിയിരുന്നു. യു. പി. ക്ലാസ്സുകളില്‍ - പ്രത്യേകിച്ച് ഏഴാം ക്ലാസ്സ് - ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അച്ഛന്‍, പഠിപ്പിച്ചിരുന്ന പുസ്തകങ്ങളിലെ കഥകളും കവിതകളുമൊക്കെ രാത്രി വെറുതെയിരിക്കുമ്പോള്‍ പറഞ്ഞുതരാറുണ്ടായിരുന്നു. അതിന്റെയൊക്കെ ഫലമായിട്ടാവാം, സ്കൂളില്‍ ‘ഔപചാരിക’മായി ഇംഗ്ലീഷ് പഠനം തുടങ്ങുന്നതിനു (നാലാം ക്ലാസ്സ്) മുന്‍പു തന്നെ ഞാന്‍ ഇംഗ്ലീഷ് വായിക്കാനും അത്യാവശ്യം എഴുതാനുമൊക്കെ - തപ്പിത്തടഞ്ഞാണെങ്കിലും - പഠിച്ചുതുടങ്ങിയിരുന്നു. അങ്ങനെ, നാട്ടിലെ കുട്ടികള്‍ക്ക് പൊതുവേ ‘കീറാമുട്ടി’യായ ഇംഗ്ലീഷ് ഭാഷയോട് എനിക്ക് അസാധാരണമായ ഒരു അഭിനിവേശം (പ്രണയം?) തന്നെ തോന്നിത്തുടങ്ങുകയായിരുന്നു.

ഏറെക്കുറെ അച്ഛന്റെ തണലിലായിരുന്ന എന്റെ പഠന രീതികളിലും താല്പര്യങ്ങളിലും അദ്ധ്യാപകരുടെ സ്വാധീനം തുടങ്ങുന്നത് നാലാം ക്ലാസ് മുതലാണ്. കണക്ക് പഠിപ്പിച്ചിരുന്ന ദാസന്‍ മാഷായിരുന്നു എന്റെ ആദ്യ പ്രചോദനം. എന്നെ ഗണിതശാസ്ത്രത്തിന്റെ ആരാധകനാക്കി മാറ്റിയത് അദ്ദേഹത്തിന്റെ ക്ലാസ്സുകളായിരുന്നു എന്ന് നിസ്സംശയം പറയാം. അദ്ദേഹത്തോട് കിടപിടിക്കാനാകുന്ന മറ്റൊരു ഗണിതാദ്ധ്യാപകനെ കിട്ടാന്‍ അതിനേക്കാള്‍ എത്രയോ മികച്ച അധ്യയന നിലവാരമുള്ള സ്കൂളില്‍ പോലും എനിക്ക് നാലു കൊല്ലം കാത്തിരിക്കേണ്ടിവന്നു എന്നതു തന്നെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യത്തിനു തെളിവ്. രണ്ടു വര്‍ഷത്തിനകം (1988 - ല്‍) ജീവിതത്തെ പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അദ്ദേഹത്തിന് തോന്നിയില്ലായിരുന്നെങ്കില്‍...

മകന്‍ പരീക്ഷകളില്‍ നേടിക്കൊണ്ടിരുന്ന ഉയര്‍ന്ന മാര്‍ക്കുകളും മൂന്നാം ക്ലാസ് മുതല്‍ ക്വിസ് മത്സരങ്ങളിലും മറ്റും കാഴ്ച വെച്ചിരുന്ന മികച്ച പ്രകടനവുമൊക്കെ കണ്ടായിരിക്കാം, അവന്‍ നാലാം ക്ലാസ് കഴിഞ്ഞതോടെ അച്ഛനമ്മമാരുടെ ആഗ്രഹങ്ങള്‍ക്ക് ചിറകു മുളച്ചുതുടങ്ങി. അവരുടെ പ്രതീക്ഷകള്‍ തെറ്റിക്കാതെ തലശ്ശേരിയിലെ ഏറ്റവും ‘നിലയും വിലയു’മുള്ള സ്കൂള്‍ എന്ന ഖ്യാതിയുണ്ടായിരുന്ന സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹൈസ്കൂളില്‍ (ഇപ്പോൾ സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂൾ) അഞ്ചാം ക്ലാസ്സില്‍ പ്രവേശനം നേടുന്നതിനുള്ള പരീക്ഷയില്‍ - എന്റെ ജീവിതത്തിലെ ആദ്യത്തെ ‘എന്‍‌ട്രന്‍സ്’ പരീക്ഷ - വിജയവുമായി ഞാന്‍ സീറ്റ് ഉറപ്പിച്ചു.

അഞ്ചാം ക്ലാസ് - സെന്റ് ജോസഫ്‌സിലെ ആദ്യ വര്‍ഷം. അമ്മയുടെ തണലില്‍നിന്ന് അകന്ന് സ്വതന്ത്രനായി സ്കൂള്‍ ജീവിതത്തെ അതിന്റെ യഥാര്‍ഥ രൂപത്തില്‍ അനുഭവിച്ചറിയാന്‍ കിട്ടിയ ആദ്യാവസരം. സ്കൂളിലെ ചിട്ടവട്ടങ്ങളെക്കുറിച്ച് പലരും പകര്‍ന്നു തന്നിരുന്ന, നിറം പിടിപ്പിച്ച അര്‍ധസത്യങ്ങളും അതിലേറെ അസത്യങ്ങളുമൊക്കെക്കൂടി ചേര്‍ന്നപ്പോള്‍ മനസ്സില്‍ മുളപൊട്ടിയിരുന്ന ആശങ്കകള്‍ അസ്ഥാനത്താണെന്ന് തിരിച്ചറിയാന്‍ അധികം വൈകിയില്ല. സ്കൂളിലേക്കും തിരിച്ചും സ്കൂള്‍ ബസ്സിലുള്ള യാത്രയുടെയും പുതിയ കൂട്ടുകാരെ കിട്ടിയതിന്റെയും ആഹ്ലാദത്തിലും അമ്മ കൂടെയില്ലാത്തതിന്റെ വിഷമം മനസ്സിന്റെ ഏതോ കോണില്‍ അല്പമെങ്കിലും ശേഷിച്ചിരുന്നെങ്കില്‍ അതകറ്റാന്‍ മറ്റൊരു ‘അമ്മ’യെയും കിട്ടി - സയന്‍സ് പഠിപ്പിച്ചിരുന്ന കല്യാണിക്കുട്ടി ടീച്ചര്‍. ‘അച്ചടക്ക’ത്തിന്റെ വാള്‍ ചൂരലിന്റെ രൂപത്തില്‍ ധരിച്ച് സ്കൂളിനെ അടക്കി ഭരിച്ചിരുന്ന ഹെഡ് മാസ്റ്റര്‍ ലക്ഷ്മണന്‍ മാഷ്, കുട്ടികളുടെ - പ്രത്യേകിച്ച് താഴ്ന്ന ക്ലാസ്സുകളിലെ കുട്ടികളുടെ - മനസ്സുകളില്‍ ‘ഭീകരതയുടെ ആള്‍രൂപം’ എന്ന ‘ബഹുമതി’ക്ക് അവകാശിയായിരുന്ന സുകുമാരന്‍ മാഷ് തുടങ്ങിയ സിംഹങ്ങള്‍ അരങ്ങു വാണിരുന്ന സ്കൂളില്‍ വിദ്യാര്‍ഥികളെ സ്വന്തം മക്കളെപ്പോലെ സ്നേഹിച്ച ടീച്ചര്‍ ഒരു മഹാത്ഭുതം തന്നെയായിരുന്നു. അപൂര്‍വം സന്ദര്‍ഭങ്ങളിലെങ്കിലും വടിയെടുക്കാറുണ്ടെങ്കിലും ടീച്ചറുടെ ചൂരലിനു പോലും സ്നേഹത്തിന്റെ മുഖമായിരുന്നു എന്നാണ് എനിക്കു തോന്നിയിരുന്നത്. മറ്റു കുട്ടികളേക്കാള്‍ ഉപരിയായി എന്നോട് ടീച്ചര്‍ക്ക് എന്തോ ഒരു പ്രത്യേക വാത്സല്യം ഉണ്ടായിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അന്നൊരിക്കല്‍ ഒപ്പിച്ച ചെറിയൊരു വികൃതിയുടെ പേരില്‍ ടീച്ചറുടെ കൈയില്‍ നിന്ന് കിട്ടിയ ചൂരല്‍ പ്രയോഗം പോലും ഒരു ശിക്ഷയായിട്ടല്ല, ടീച്ചര്‍ എനിക്കു തന്ന ‘സ്നേഹസമ്മാന’മായാണ് ഞാന്‍ കാണുന്നത്. ഇന്നും ടീച്ചറെ ‘ടീച്ചര്‍’ എന്നല്ല, ‘അമ്മ’യെന്നു വിളിക്കാനാണ് എനിക്കിഷ്ടം.

മദ്ധ്യവേനലവധിക്കാലത്ത്, അടുത്ത വര്‍ഷത്തേക്കു വേണ്ട ടെക്സ്റ്റ് പുസ്തകങ്ങളും മറ്റും നേരത്തെ തന്നെ വാങ്ങി വെച്ച്, ക്ലാസ്സ് തുടങ്ങും മുന്‍പ് പഠിത്തം തുടങ്ങുക എന്ന ‘തന്ത്രം’ ഞാന്‍ പ്രയോഗിച്ചുതുടങ്ങിയത് അക്കാലത്തായിരുന്നു. ക്ലാസ്സിലെ പഠനം ഫലത്തില്‍ ഒരു ‘റിവിഷന്‍’ ആയി മാറും. അതുകൊണ്ടു തന്നെ പഠിച്ചത് മനസ്സില്‍ കൂടുതല്‍ ഉറയ്ക്കുകയും ചെയ്യും. പരീക്ഷാ സമയത്ത് കാര്യമായ അദ്ധ്വാനമൊന്നും വേണ്ടിവരികയുമില്ല. വെറുതെ ഒന്ന് ഓടിച്ചു നോക്കിയാല്‍ മാത്രം മതി. ഈ പുതിയ ‘അഡ്വാന്‍സ് സ്റ്റഡി ടെക്‌നിക്’ ക്ലാസ്സിലെ എന്റെ പ്രകടനത്തെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്. പുതിയ സ്കൂളില്‍ പരിചയപ്പെടാന്‍ കിട്ടിയ ‘പഠിപ്പു മുടക്ക്’ എന്ന ‘പ്രതിഭാസ’വും മറ്റൊരു തരത്തില്‍ എന്റെ പഠനസപര്യയെ സഹായിക്കുകയാണ് ചെയ്തത് - സമരം കാരണം സ്കൂള്‍ വിട്ട് നേരത്തെ വീട്ടിലെത്തിയാല്‍ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലല്ലോ...? പഠിക്കാനുള്ള പുസ്തകങ്ങളോടൊപ്പം പൊതു വിഷയങ്ങളിലും മറ്റുമുള്ള പുസ്തകങ്ങളും സാഹിത്യകൃതികളും മറ്റുമൊക്കെ വായിച്ചു തുടങ്ങിയത് ആ നാളുകളിലായിരുന്നു. മനസ്സില്‍ ‘പുസ്തകപ്രണയം’ മൊട്ടിടാന്‍ വേറെന്തു വേണം...?

എന്റെ ജീവിതത്തെ അഭൂതപൂര്‍വമാം വിധം മാറ്റിമറിച്ച ദിനങ്ങളായിരുന്നു അടുത്ത വര്‍ഷം എന്നെ കാത്തിരുന്നത്. എന്നെ ഇന്നത്തെ ‘ഞാന്‍’ ആക്കി രൂപപ്പെടുത്തുന്നതില്‍ സെന്റ് ജോസഫ്‌സിലെ ആറാം ക്ലാ‍സ്സും അന്ന് എന്നെ പഠിപ്പിച്ച അദ്ധ്യാപകരില്‍ ചിലരും വഹിച്ച പങ്കിനെ ‘അവിസ്മരണീയം’ എന്നേ വിശേഷിപ്പിക്കാനാവൂ. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കലവറയില്ലാത്ത സ്നേഹവാത്സല്യങ്ങളുമായി കൂടെയുണ്ടായിരുന്ന ‘ടീച്ചറമ്മ’, ഏറ്റെടുത്ത വേഷം ആടിത്തീര്‍ക്കാനാവാതെ യവനികയ്ക്കു പിന്നില്‍ മറയേണ്ടിവന്ന ദാമോദരന്‍ മാഷ്, രണ്ടു വര്‍ഷത്തിലേറെയായി മനസ്സില്‍ മുരടിച്ചു കിടന്നിരുന്ന ‘ഇംഗ്ലീഷ് പ്രണയ’ത്തെ പൂര്‍വാധികം ഉജ്ജ്വലമായി പുനരുജ്ജീവിപ്പിച്ച മാര്‍ക്കോസ് മാഷ്, എനിക്ക് ജീവിതത്തില്‍ ഇന്നേവരെ അനുഭവിക്കേണ്ടി വന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും കടുത്ത ശിക്ഷയുടെ പൊള്ളുന്നതെങ്കിലും മധുരമുള്ള ഓര്‍മകള്‍ സമ്മാനിച്ച ജോസ് സാർ... ഓര്‍മകള്‍ അനവധി.

മറ്റു വിഷയങ്ങളൊന്നും പോരാഞ്ഞ് ഇംഗ്ലീഷ് പോലും മലയാളത്തില്‍ ‘പഠിപ്പിക്കുന്ന’(?) ‘മലയാളം മീഡിയം മാന്ത്രികവിദ്യ’യ്ക്കു പിന്നാലെ പോകാതെ ഭാഷയുടെ സൌന്ദര്യം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കിയ മാര്‍ക്കോസ് മാഷ് എന്റെ ‘ആംഗല പ്രണയ’ത്തെ തെല്ലൊന്നുമല്ല സഹായിച്ചത്. പരീക്ഷ അടുത്തിരുന്ന അവസരത്തില്‍ ‘റിവിഷ’ന്റെ ഭാഗമായി ‘scream’ (to cry loudly) എന്ന വാക്കിന്റെ അര്‍ഥം ഇംഗ്ലീഷില്‍ (മലയാളത്തിലല്ല!) പറയാന്‍ ആവശ്യപ്പെട്ടപ്പോള്‍ ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയാതെ പരാജയം സമ്മതിക്കേണ്ടിവന്നത് സാറിന്റെ കൈയില്‍ നിന്ന് നല്ല രണ്ടടി വാങ്ങിത്തന്നതോടൊപ്പം ഇംഗ്ലീഷിനോടുള്ള എന്റെ ആഭിമുഖ്യത്തെ പതിന്മടങ്ങായി വളര്‍ത്തുന്നതിന് നാന്ദി കുറിക്കുകയുമാണ് ചെയ്തത്. ക്ലാസ്സില്‍ എന്റെ കൂടെ ഒരേ ബെഞ്ചില്‍ ഇരുന്നിരുന്ന രണ്ടു സഹപാഠികളുടെ തമ്മിലടി എനിക്കു കൂടി പ്രശ്നങ്ങള്‍ സൃഷ്ടിച്ചു തുടങ്ങിയപ്പോള്‍ അവരില്‍ ഒരാള്‍ക്കെതിരെ ഹെഡ്‌‌മാസ്റ്റര്‍ക്ക് ഇംഗ്ലീഷില്‍ പരാതിയെഴുതിക്കൊടുക്കാന്‍ തക്ക ധൈര്യം പകര്‍ന്നു തന്നത് സാറിന്റെ ക്ലാസ്സുകളല്ലാതെ മറ്റൊന്നുമായിരുന്നില്ല.

കാല്‍ക്കൊല്ലപ്പരീക്ഷയില്‍ മറ്റെല്ലാ വിഷയങ്ങളിലും ക്ലാസ്സില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയ എനിക്ക് മലയാളത്തില്‍ മാത്രം അതു നഷ്ടപ്പെടുമെന്നു കണ്ടപ്പോള്‍ മനസ്സില്‍ ഉണര്‍ന്ന ‘അത്യാഗ്രഹം’ ആന്‍സര്‍ പേപ്പര്‍ തിരുത്തി അദ്ധ്യാപകനെ കബളിപ്പിക്കാന്‍ ശ്രമിക്കുക എന്ന ഗുരുതരമായ തെറ്റിലേക്ക് നയിച്ചപ്പോള്‍ അതിന് ജോസ് സാര്‍ നല്‍കിയ ശിക്ഷ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്തതായി. കൈവെള്ളകളിലും ചന്തിയിലും തുടകളിലുമായി ‘സമ്മാനിച്ച’ നാല്‍‌പത്തഞ്ച് ചൂരല്‍‌പ്രഹരങ്ങളിലൂടെ സാര്‍ എനിക്കു പകര്‍ന്നുനല്‍കിയത് വിലമതിക്കാനാവാത്ത ഒട്ടനവധി പാഠങ്ങളായിരുന്നു. ഒപ്പം ആ പിരിയഡ് അവസാനിക്കുന്നതു വരെയുള്ള ഏതാനും മിനിറ്റു നേരത്തേക്കെങ്കിലും ക്ലാസ്സില്‍ നിന്ന് പുറത്താക്കപ്പെടുക എന്ന, മുന്‍‌പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത അനുഭവവും. കുറ്റത്തിന്റെ ഗൌരവമനുസരിച്ച് ഹെഡ് മാസ്റ്റര്‍ക്ക് ‘റിപ്പോര്‍ട്ട്’ ചെയ്യേണ്ടതാണെങ്കിലും സാര്‍ അതു ചെയ്യാതിരുന്നത് നല്‍കിയ ശിക്ഷ തന്നെ വേണ്ടതിലധികമായി എന്ന തോന്നലിനേക്കാള്‍ അദ്ദേഹത്തിന് എന്നോടുണ്ടായിരുന്ന സ്നേഹം കൊണ്ടായിരുന്നു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അന്ന് സാര്‍ അങ്ങനെയൊരു 'ഉദാരമനസ്കത‘ കാണിച്ചില്ല്ലായിരുന്നെങ്കില്‍ എന്റെ ഔപചാരിക വിദ്യാഭ്യാസം അന്നത്തോടെ അകാലചരമമടഞ്ഞേനേ. പിറ്റേന്ന് അമ്മയെ കൂട്ടിക്കൊണ്ടു വന്നിട്ട് ക്ലാസ്സില്‍ കയറിയാല്‍ മതിയെന്ന ഉത്തരവു കൂടി നല്‍കിയിരുന്നെങ്കിലും അത് സാറിനെക്കൊണ്ട് പിന്‍‌വലിപ്പിക്കാന്‍ കഴിഞ്ഞത് എന്റെ നാക്കിന്റെ മിടുക്കോ സാറിന്റെ ഔദാര്യമോ വെറും ഭാഗ്യമോ എന്ന് ഉറപ്പിച്ചു പറയാനാവില്ല. സംഭവം വീട്ടില്‍ അറിഞ്ഞപ്പോള്‍ ‘ചൂരല്‍ക്കഷായ’ത്തിന്റെ മറ്റൊരു ‘ഡോസ്’ കൂടി തന്ന അച്ഛന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് പോകാതിരുന്നത് കൊണ്ടു മാത്രമാണ് എനിക്ക് ഇപ്പോള്‍ ഇതെഴുതാന്‍ കഴിയുന്നത്.

ശിക്ഷകള്‍ കിട്ടുന്തോറും ശിക്ഷിക്കുന്ന അദ്ധ്യാപകരോട് കൂടുതല്‍ സ്നേഹവും ബഹുമാനവും തോന്നുക എന്ന, അതിനു മുന്‍പ് ‘അമ്മ’യുടെ കാര്യത്തില്‍ മാത്രം ഉണ്ടായിട്ടുള്ള ‘അത്ഭുതം’ കൂടുതല്‍ വ്യാപകമായി അനുഭവപ്പെട്ടു തുടങ്ങിയത് ആ നാളുകളിലായിരുന്നു. ചില കാര്യങ്ങളിലെങ്കിലും മറ്റു കുട്ടികളില്‍ നിന്ന് വ്യത്യസ്തമായി അല്പം ‘തലതിരിഞ്ഞ’വനാണ് ഞാനെന്ന് സ്വയം തിരിച്ചറിഞ്ഞു തുടങ്ങിയതും അക്കാലത്തു തന്നെ. ചിലപ്പോഴെങ്കിലും തല്ല് ‘ചോദിച്ചു വാങ്ങുന്ന’ മട്ടിലുള്ള വികൃതികള്‍ കാട്ടുന്നത് ‍‘തലതിരിഞ്ഞ’തു കൊണ്ടാവാനല്ലേ വഴിയുള്ളൂ...? അല്ലെങ്കില്‍ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഉണ്ടായ ഒരു അപകടത്തിന്റെ ഫലമായി ഒടിവു പറ്റിയ ഇടതു കൈ പ്ലാസ്റ്ററിലായിരുന്ന നാളുകളില്‍ കാട്ടിക്കൂട്ടിയ വികൃതികള്‍, ഒരു പക്ഷേ സഹതാപം കൊണ്ടാവാം, കണ്ടില്ലെന്നു നടിച്ച് ശിക്ഷയില്‍ നിന്ന് ഒഴിവാക്കാറുണ്ടായിരുന്ന ടീച്ചര്‍മാരില്‍ ചിലരെയെങ്കിലും പിന്‍‌തിരിപ്പിക്കാന്‍ ശ്രമിച്ചിരുന്നത് ‘മഹാമനസ്കത’യല്ല, ഒരു തരം ‘സുപ്പീരിയോറിറ്റി കോം‌പ്ലക്സ്’(?!) കൊണ്ടായിരുന്നിരിക്കണം.

സ്കൂള്‍ സിലബസ്സിനുള്ളില്‍ ഒതുങ്ങി നില്‍ക്കാത്ത പഠനരീതി സ്വായത്തമാക്കിയിരുന്നതു കൊണ്ട് ക്വിസ് മത്സരങ്ങള്‍, ശാസ്ത്ര - ഗണിതശാസ്ത്രപാടവ പരീക്ഷകള്‍ തുടങ്ങിയവയില്‍ സ്കൂളിന്റെ ‘സ്ഥിരം പ്രതിനിധി’യായി മാറാനുള്ള അവസരവും ആ നാളുകളില്‍ എന്നെത്തേടിയെത്തി. അഞ്ചാം ക്ലാസ്സിലും ആറിലുമൊക്കെ പഠിക്കുന്ന സമയത്തു തന്നെ മുതിര്‍ന്ന ക്ലാസ്സുകളിലെ കുട്ടികളെപ്പോലും പിന്‍‌തള്ളി സ്കൂള്‍ തലത്തിലും പുറത്തും ചില ‘അത്ഭുത വിജയങ്ങള്‍’ നേടാനായത് എന്റെ ‘താരമൂല്യം’ കൂട്ടുക തന്നെ ചെയ്തു. നേട്ടങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത് ഹൈസ്കൂള്‍ വിഭാഗത്തിലെ പോലും അദ്ധ്യാപകരുടെ ‘പെറ്റ്’ ആയി മാറാന്‍ സഹായകമായി എന്നതും വിസ്മരിക്കാനാവില്ല. ആയിടയ്ക്ക് ഇടതുപക്ഷ യുവജന സംഘടനയായ ഡി വൈ എഫ് ഐ അതിന്റെ സ്ഥാപന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസ - ക്വിസ് മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടാന്‍ കഴിഞ്ഞത് എടുത്തുപറയത്തക്ക നേട്ടമൊന്നും അല്ലെങ്കിലും എന്നിലെ രാഷ്ട്രീയബോധത്തെ ഉണര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കു വഹിച്ച സംഭവമെന്ന നിലയില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ പിണറായിയില്‍ ജനിച്ച എന്റെ രക്തത്തില്‍ ആ മണ്ണിന്റെ രാഷ്ട്രീയ പാരമ്പര്യം അലിഞ്ഞുചേര്‍ന്നിരുന്നോ എന്ന് പറയാനാവില്ലെങ്കിലും ആ കാലഘട്ടത്തില്‍ കണ്ണൂരിലും പരിസരങ്ങളിലും ഉണ്ടായ ചില സംഭവവികാസങ്ങള്‍ വ്യക്തമായ ഇടതുപക്ഷ അനുകൂല രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പ്രേരകമായി എന്നതു സത്യം.

ഏതാണ്ട് ഇതേ നാളുകളില്‍തന്നെയായിരുന്നു മറ്റൊരു മേഖലയിലും എന്റെ ശ്രദ്ധ പതിഞ്ഞു തുടങ്ങിയത് - മതങ്ങളും വിശ്വാസങ്ങളും‍. നൂറു ശതമാനം കമ്യൂണിസ്റ്റായ അച്ഛനൊഴികെ വീട്ടില്‍ മറ്റെല്ലാവര്‍ക്കും ദൈവവിശ്വാസം ആവശ്യത്തിലേറെ ഉണ്ടായിരുന്നെങ്കിലും എന്തുകൊണ്ടെന്നറിയില്ല,ചെറുപ്പം മുതലേ ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും എന്തോ അരു അകല്‍ച്ച തോന്നിയിരുന്നു എനിക്ക്. കൊച്ചു കുട്ടിയായിരുന്നപ്പോള്‍ സന്ധ്യയ്ക്ക് അമ്മ കോലായില്‍ തെളിച്ചു വെക്കുന്ന നിലവിളക്കിന്റെ മുന്‍‌പിലിരുന്ന് നാമം ജപിക്കാനൊക്കെ കൂടാറുണ്ടായിരുന്നെങ്കിലും അതൊന്നും ഒരിക്കലും ആത്മാര്‍ഥമായിട്ടായിരുന്നില്ല. അമ്മ പറയുന്നു, മകന്‍ എന്ന നിലയില്‍ ഞാന്‍ അനുസരിക്കുന്നു - അത്ര തന്നെ. വായനാശീലം വളര്‍ന്നുതുടങ്ങിയതോടെ മറ്റു മതങ്ങളിലും വിശ്വാസങ്ങളിലും ശ്രദ്ധ പതിയാന്‍ തുടങ്ങി. സ്കൂള്‍ കൃസ്ത്യന്‍ മാനേജ്‌മെന്റിന്റേതായിരുന്നതിനാല്‍ സ്വാഭാവികമായും ആദ്യ ഘട്ടത്തില്‍ എന്റെ താല്പര്യം ആ വഴിക്കായിരുന്നു. ആയിടയ്ക്ക് ഒരിക്കല്‍ സ്കൂളില്‍ മാനേജ്‌മെന്റിന്റെ താല്പര്യപ്രകാരം വിതരണം ചെയ്യപ്പെട്ട ബൈബിള്‍ ‘പുതിയ നിയമ’ത്തിന്റെ ഒരു പ്രതി കൈയില്‍ കിട്ടിയത് ഒരു തുടക്കം മാത്രമായിരുന്നു. കൃസ്തീയ വിശ്വാസങ്ങളെയും ആചാരങ്ങളെയും കുറിച്ച് കൂടുതല്‍ അടുത്തറിയാനായി പിന്നെ എന്റെ ശ്രമം. അതിനു വേണ്ടി ഞാന്‍ സ്വീകരിച്ച മാര്‍ഗം എന്തെന്നോ? അവരിലൊരാളെപ്പോലെ അവരോടൊപ്പം ചേരുക. സ്കൂളിന്റെ മുറ്റത്തു തന്നെയുള്ള ഹോളി റോസറി ദേവാലയത്തില്‍ (അതോ പള്ളിയുടെ മുറ്റത്ത് സ്കൂള്‍ എന്നാണോ പറയേണ്ടത്?) എല്ലാ മാസവും ആദ്യത്തെ വെള്ളിയാഴ്ച ‘ഫസ്റ്റ് ഫ്രൈഡേ മാസ്സ്’ എന്നറിയപ്പെട്ടിരുന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ നടക്കാറുണ്ടായിരുന്നു. ഞങ്ങളുടെ സ്കൂളിലെയും അടുത്തുള്ള, ‘കോണ്‍‌വെന്റ്’ എന്നറിയപ്പെട്ടിരുന്ന സേക്രഡ് ഹാര്‍ട്ട് ഗേള്‍‌സ് ഹൈസ്കൂളിലെയും കൃസ്ത്യന്‍ കുട്ടികളും അദ്ധ്യാപകരുമാണ് അതില്‍ പങ്കെടുക്കാറുള്ളത്. അവര്‍ക്കിടയിലേക്ക് ഒരു ‘നുഴഞ്ഞുകയറ്റം’ നടത്തുകയായിരുന്നു എന്റെ പരിപാടി. ആദ്യം കുറച്ചു നാള്‍ പുറത്ത് കാഴ്ചക്കാരനായി, പിന്നെ അവരിലൊരാളെപ്പോലെ കൂടെ കൂടി... ഒപ്പം കൂടുതല്‍ ആഴവും പരപ്പുമുള്ള വായനയും. അങ്ങനെ മറ്റു മതങ്ങളെപ്പറ്റി അറിയാനും മനസ്സിലാക്കാനുമുള്ള താല്പര്യം വളര്‍ന്നു തുടങ്ങുകയായിരുന്നു. അടുത്ത നാലു വര്‍ഷത്തോളം തുടര്‍ന്നു ഈ പഠന പരിപാടി.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ രണ്ടെണ്ണം ഇതേ വര്‍ഷമാണ് ഉണ്ടായത് എന്നത് മറ്റെല്ലാ തരത്തിലും മനോഹരമായിരുന്ന നാളുകളില്‍ കാളിമ പടര്‍ത്തി. എന്റെ അമ്മമ്മ(അമ്മയുടെ അമ്മ)യുടെയും ദാസന്‍ മാഷുടെയും മരണം. കുടുംബസംബന്ധമായ ചില വിഷമങ്ങളില്‍ നിന്നുളവായ നിരാശ ദാസന്‍ മാഷെ ജീവിതം ഒരു തീവണ്ടിക്കു മുന്‍പില്‍ ഹോമിക്കാന്‍ പ്രേരിപ്പിച്ച വാര്‍ത്ത അറിഞ്ഞപ്പോള്‍ സ്വന്തം കുടുംബത്തിലെ ആരെയോ നഷ്ടപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്. വല്ലാത്ത ഒരു തളര്‍ച്ച. അതേ വര്‍ഷം തന്നെ ദുര്‍ഗാഷ്ടമി നാളിലായിരുന്നു അമ്മമ്മയുടെ മരണം. ഒരുപാട് സ്നേഹമുള്ളവരെ പെട്ടെന്ന് നഷ്ടപ്പെടുന്നതിന്റെ വേദന ശരിക്കും അനുഭവിച്ചത് അന്നായിരുന്നു. എന്നെ ഒത്തിരി ഇഷ്ടമായിരുന്നു അമ്മമ്മയ്ക്ക്. അനുസരണയുടെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ കര്‍ക്കശസ്വഭാവക്കാരനായിരുന്ന അച്ഛന്‍, ഒരു പക്ഷേ നിസ്സാരമെന്നു പോലും പറയാവുന്ന വികൃതികള്‍ക്കു പോലും കടുത്ത ശിക്ഷകള്‍ തന്നെ നല്‍കാറുണ്ടായിരുന്നു. അന്നും ഇന്നും അച്ഛന്റെ നിഴല്‍ പോലെ കഴിയുന്ന അമ്മ എന്നും അച്ഛനെ പിന്‍‌തുണയ്ക്കാറേയുള്ളൂ - അടി കൊണ്ട് പുളയുന്ന എന്റെ കരച്ചില്‍ അടുത്ത വീടുകളെക്കൂടി പിടിച്ചുകുലുക്കുമ്പോള്‍ പോലും. അപ്പോഴൊക്കെ തടസ്സം പിടിക്കാനും അടിയുടെ വേദന മറക്കുവോളം എന്നെ ആശ്വസിപ്പിക്കാനും എത്താറുണ്ടായിരുന്നത് അമ്മമ്മയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ന് ആ ഓര്‍മകളിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ കാണാനാവുന്നത് കലവറയില്ലാത്ത സ്നേഹത്തിന്റെ പരസ്പരവിരുദ്ധമെന്നു തോന്നിക്കുന്നതെങ്കിലും പരസ്പര പൂരകങ്ങളായ രണ്ടു മുഖങ്ങള്‍ - ശിക്ഷയുടെയും സാന്ത്വനത്തിന്റെയും.

ഏഴാം ക്ലാസ്സിന് എന്റെ ഓര്‍മകളില്‍ എടുത്തുപറയത്തക്ക സ്ഥാനമൊന്നുമില്ല. ഒരു തരം ശൂന്യത. പഠിപ്പിച്ചിരുന്ന ഒരദ്ധ്യാപകന് കത്തെഴുതുക എന്ന ‘സാഹസം’ കാണിച്ചതു മാത്രമാണ് മനസ്സില്‍ തങ്ങി നില്‍ക്കുന്ന ഏക ഓര്‍മ. ജൂലായ് മാസത്തിന്റെ ഒടുവില്‍ വയനാട്ടിലോ മറ്റോ ഏതോ സ്കൂളിലേക്ക് സ്ഥലം മാറ്റമായി പോയ ജോസ് സാറിന് നന്ദിയും ആശംസകളും അറിയിച്ചുകൊണ്ടുള്ള ആ എഴുത്ത് എഴുതാന്‍ വീട്ടില്‍ അച്ഛന്റെ മേശയില്‍ നിന്ന് ഒരു ഇന്‍ലന്റ് ‘കട്ടെടുക്കാന്‍’ ധൈര്യം തന്നത് സാറിനോടുള്ള സ്നേഹം മാത്രമായിരുന്നു. (ഈ വരികള്‍ എഴുതുന്നതു വരെ ആ ‘മോഷണ കഥ’ എനിക്കു മാത്രമറിയാവുന്ന രഹസ്യം.) (സാറിനെ വീട്ടില്‍ ചെന്ന് കാണാമെന്ന് ആ എഴുത്തില്‍ നല്‍കിയ വാഗ്ദാനം നീണ്ട പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം (2006-ല്‍) യാഥാര്‍ഥ്യമാക്കി സാറിനെ അത്ഭുതപ്പെടുത്താമെന്ന് കരുതിയ എന്നെ സ്വാഗതം ചെയ്തു കൊണ്ട് ആ എഴുത്ത് താന്‍ ഇന്നും സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്ന് സാര്‍ വെളിപ്പെടുത്തിയപ്പോള്‍ ആ സന്ദര്‍ശനം ഒരു ‘ചരിത്ര സംഭവം’ തന്നെയായി.)

മൂന്നു വര്‍ഷം മുന്‍പ് എഴുതിയ എല്‍ എസ് എസ് സ്കോളര്‍ഷിപ്പ് പരീക്ഷയിലെ വിജയം വളരെ വൈകിയെങ്കിലും അറിഞ്ഞത് ഓര്‍മയില്‍ നില്‍ക്കുന്ന മറ്റൊരു സംഭവം. വിജയം നേടിയവരുടെ പേരുവിവരങ്ങള്‍ അടങ്ങിയ ലിസ്റ്റ് അവര്‍ പഠിക്കുന്ന സ്കൂളിനു പകരം പരീക്ഷാകേന്ദ്രത്തിലേക്ക് - കാവുംഭാഗം ഗവണ്‍‌മെന്റ് ഹൈസ്കൂള്‍ - അയച്ച ഒരു ‘ക്ലറിക്കല്‍ മിസ്റ്റേക്’ വില്ലനായപ്പോള്‍ പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ത്തന്നെ എട്ടാം സ്ഥാനക്കാരനായിരുന്ന എനിക്ക് നഷ്ടമായത് ഒരു വാച്ച് സ്വന്തമാക്കാനുള്ള അവസരമായിരുന്നു. (സ്കോളര്‍ഷിപ്പ് നേടിയാല്‍ വാച്ച് വാങ്ങിത്തരാമെന്ന വാഗ്ദാനമുണ്ടായിരുന്നു അച്ഛന്റേതായി.) അന്ന് ആ സ്കൂളില്‍ പ്രധാനാദ്ധ്യാപികയായിരുന്ന ടീച്ചറുടെ ശ്രദ്ധയില്‍ ആ പഴയ റാങ്ക് ലിസ്റ്റ് പെട്ടതും ആ ടീച്ചര്‍ക്ക് എന്റെ അമ്മയെ പരിചയമുണ്ടായിരുന്നതും ഒരു പക്ഷേ എന്റെ ഭാഗ്യമായിരുന്നിരിക്കാം.

എന്റെ ജീവിതത്തെ ഏറെ സ്വാധീനിച്ച സംഭവങ്ങളാണ് ആറാം ക്ലാ‍സ്സില്‍ ഉണ്ടായതെങ്കില്‍ ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം എന്നെ കാത്തിരുന്നത് വിദ്യാലയ ജീവിതത്തിലെ ‘സുവര്‍ണ നാളുക’ളായിരുന്നു. സെന്റ് ജോസഫ്‌സിന്റെ ചരിത്രത്തില്‍ത്തന്നെ ഏറ്റവും മികച്ച മലയാളം അദ്ധ്യാപകന്‍ എന്ന് പേരെടുത്ത ജയന്‍ മാഷ് (ശ്രീ. ടി. ജയപ്രകാശ്), തൊട്ടു മുന്‍ വര്‍ഷം വരെ തെല്ല് ഭയം കലര്‍ന്ന ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന സുകുമാരന്‍ മാഷ് എന്നിവര്‍ക്കൊപ്പം എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഗണിതശാസ്ത്രാ‍ദ്ധ്യാപകന്‍ എന്ന സ്ഥാനത്തിന് എതിരാളികളില്ലാത്ത അവകാശിയായ ബെന്നി മാഷ് (ശ്രീ. ബെന്നി ഫ്രാന്‍‌സിസ് ) കൂടി ചേര്‍ന്നപ്പോള്‍ 1990 - 91-ലെ 8th D ചരിത്രം തിരുത്തിയെഴുതാന്‍ ഒരുങ്ങുകയായിരുന്നു. ഒപ്പം സ്കൂള്‍ ജീവിതത്തില്‍ പഠനരംഗത്ത് എനിക്കു ലഭിച്ച ഏറ്റവും കരുത്തനായ എതിരാളിയായ രാഹുലും കൂടിയായപ്പോള്‍ അരങ്ങൊരുങ്ങിയത് എന്റെ ജീവിതത്തിലെ ഏറ്റവും സംഭവബഹുലമായ ദിനങ്ങള്‍ക്കായിരുന്നു.

ക്ലാസ്സെടുക്കുന്ന ശൈലിയുടെ മനോഹാരിത കൊണ്ടും ക്ലാസ്സിലും പുറത്തുമുള്ള പെരുമാറ്റം കൊണ്ടും കുട്ടികളുടെയൊക്കെ സ്നേഹം പിടിച്ചുപറ്റിയ ജയന്‍ മാഷായിരുന്നിരിക്കാം ഒരുപക്ഷേ സ്കൂളിലെ ഏറ്റവും കൂടുതല്‍ കുട്ടികളുടെ ‘ഫേവറിറ്റ് ടീച്ചര്‍’. ആഗോളീകരണം, ഉദാരീകരണം തുടങ്ങിയ സങ്കല്പങ്ങള്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കടന്നു വരുന്നതിനും വര്‍ഷങ്ങള്‍ക്കു മുന്‍‌പു തന്നെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയത്തില്‍ ‘അത്യുദാരീകരണം’ പ്രാവര്‍ത്തികമാക്കിയിരുന്നതും അദ്ദേഹത്തിന്റെ ജനപ്രീതിക്ക് സഹായകമായ ഒരു ഘടകമായിരുന്നിരിക്കാം. (ആ നയത്തിന്റെ ‘ഗുണം’ ഏറ്റവും കൂടുതല്‍ അനുഭവിച്ചിട്ടുള്ളവരില്‍ ഒരാളാണ് ഞാനും.) ശാസ്ത്ര - ഗണിതശാസ്ത്ര മേഖലകള്‍ക്കൊപ്പം മലയാള സാഹിത്യത്തോടും അടുപ്പം തോന്നിത്തുടങ്ങിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ സ്വാധീനവും വിസ്മരിക്കാനാവില്ല. ഇങ്ങനെയൊക്കെയാണെങ്കിലും എന്റെ മനസ്സില്‍ അദ്ദേഹം സ്ഥാനം പിടിച്ചിട്ടുള്ളത് ഇപ്പറഞ്ഞ ഘടകങ്ങള്‍ കൊണ്ടൊന്നുമായിരുന്നില്ല. അതിന് നിദാനമായ സംഭവവികാസങ്ങളിലേക്ക്...

ക്ലാസ്സില്‍ അദ്ധ്യാപകന്‍ ഇല്ലാതെ ഒരഞ്ചു മിനിറ്റെങ്കിലും കിട്ടിയാല്‍ കൊച്ചു കുട്ടികളെപ്പോലെ കലപിലകൂട്ടുന്ന സ്വഭാവം ഹൈസ്കൂള്‍ തലത്തിലെത്തിയിട്ടും ഉപേക്ഷിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഒരു ദിവസം ഉച്ചയ്ക്കു മുന്‍പുള്ള അവസാന പിരിയഡ്. ഞങ്ങളുടെ ക്ലാസ്സില്‍ ചാര്‍ജ് ഉണ്ടായിരുന്ന അദ്ധ്യാപകന്‍ അന്ന് അവധിയിലായിരുന്നു. ഒപ്പം ‘മോണിറ്ററിങ്’ എന്ന സങ്കല്പത്തിനു തന്നെ ‘അവധി’ നല്‍കിയാല്‍ സ്ഥിതി എന്താവുമെന്ന് പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ? ബഹളം മറ്റു ക്ലാസ്സുകളെക്കൂടി തടസ്സപ്പെടുത്തുന്ന നിലയിലേക്ക് വളര്‍ന്ന ഘട്ടത്തില്‍ തൊട്ടപ്പുറത്ത് 8A-യില്‍ പഠിപ്പിച്ചു കൊണ്ടിരുന്ന ജയന്‍ മാഷ് ഞങ്ങളുടെ ക്ലാസ്സിലേക്ക് കയറിവന്നു. കുട്ടികളെ ഒന്നടങ്കം എഴുന്നേല്‍പ്പിച്ചു നിര്‍ത്തിയ ശേഷം, താന്‍ പറയാതെ ആരും ഇരിക്കേണ്ട എന്നും ഉച്ചയ്ക്ക് ബെല്ലടിച്ചാലും ആരും ക്ലാസ് വിട്ട് പുറത്തുപോകരുതെന്നുമുള്ള ‘ഇരട്ട ശിക്ഷാവിധി’ പ്രഖ്യാപിച്ച് അദ്ദേഹം ക്ലാസ്സിലേക്കു മടങ്ങി. സമയം പന്ത്രണ്ടരയാകാറായിരുന്നു. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോഴേക്കും ലോങ് ബെല്‍ മുഴങ്ങി - ഉച്ചഭക്ഷണസമയം. അപ്പുറത്ത് ക്ലാസ്സ് അവസാനിപ്പിച്ച സാര്‍ സ്റ്റാഫ് റൂ‍മിലേക്കു മടങ്ങി. ഞങ്ങളുടെ കാത്തിരിപ്പിന് - അല്ല, നില്‍പ്പിന്! - നീളമേറുകയായിരുന്നു. ക്ഷമ നശിച്ച പലരും നിന്നും ഇരുന്നുമൊക്കെ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. എനിക്കാണെങ്കില്‍ ഒരു കിലോമീറ്ററിനപ്പുറം ഗേള്‍സ് സ്കൂളില്‍ അച്ഛന്റെയടുത്തെത്തണം ഊണു കഴിക്കാന്‍. മിനിറ്റുകള്‍ കഴിയുന്തോറും വിശപ്പും അതിനേക്കാളുപരി, യഥാര്‍ഥ ‘കുറ്റവാളി’കള്‍ ഒന്നും സംഭവിക്കാത്തതു പോലെ ഭക്ഷണവും കഴിച്ച് കളിയും ചിരിയുമൊക്കെയായി കഴിയുമ്പോള്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവരുന്നതിലുള്ള വിഷമവും അനീതിയോടുള്ള പ്രതിഷേധവും എല്ലാം കൂടിയായപ്പോള്‍ ഞാന്‍ തളര്‍ന്നു തുടങ്ങുകയായിരുന്നു. സാധാരണ ഒരു മണിക്ക് ക്ലാസ്സ് കഴിഞ്ഞ് അച്ഛന്‍ സ്റ്റാഫ് റൂമില്‍ എത്തുമ്പോഴേക്കും അവിടെ കാത്തിരിക്കാറുള്ള ഞാന്‍ അന്ന് ഒന്നേകാലായിട്ടും എത്താത്തതു കണ്ട് അച്ഛന്‍ എന്നെത്തേടി സ്കൂളിലെത്തി. ഹെഡ് മാസ്റ്ററുടെ നിര്‍ദേശ പ്രകാരം ഓഫീസ് സ്റ്റാഫിലെ മാര്‍ട്ടിന്‍ എന്നെ വിളിക്കാന്‍ ക്ലാസ്സിലെത്തിയപ്പോഴേക്കും ഞാന്‍ കരച്ചിലിന്റെ വക്കത്തെത്തിയിരുന്നു. അസ്വസ്ഥമായ ഭാവം കണ്ട് ‘എന്തു പറ്റി’യെന്ന അച്ഛന്റെയും അദ്ധ്യാപകരുടെയും ചോദ്യങ്ങള്‍ക്ക് ഞാന്‍ വ്യക്തമായ മറുപടിയൊന്നും പറയാതിരുന്നത് അവരെ കൂടുതല്‍ ആശയക്കുഴപ്പത്തിലാഴ്ത്തി. (ചോദ്യത്തിനുള്ള ശരിയായ മറുപടി ‘(തെറ്റ്)പറ്റിയത് എനിക്കല്ല, ജയന്‍ മാഷ്‌ക്കാണ്’ എന്നാണെങ്കിലും ഒരു അദ്ധ്യാപകനെതിരെ പരസ്യമായ വിമര്‍ശനം ഉന്നയിക്കുന്നത് ശരിയല്ലെന്ന ചിന്ത അങ്ങനെ ഒരു മറുപടിക്ക് വിഘാതമാകുകയായിരുന്നു.) ഏതായാലും അപ്പോഴേക്കും ക്ലാസ്സിലെ മറ്റു കുട്ടികള്‍ പറഞ്ഞ് കാര്യങ്ങള്‍ അറിയേണ്ടവര്‍ അറിഞ്ഞു കഴിഞ്ഞിരുന്നു. ഊണു കഴിക്കാന്‍ പോയിരുന്ന ജയന്‍ മാഷ് തിരിച്ചെത്തിയത് ഈ രംഗത്തേക്കായിരുന്നു. ഞങ്ങള്‍ നാല്പതോളം പേര്‍ സാറിനെ കാത്ത് നില്‍പ്പുണ്ടെന്ന കാര്യം തന്നെ മറന്നുപോയിരുന്നു അദ്ദേഹം. എന്നെ കണ്ടപ്പോള്‍ മാത്രമാണ് ‘അബദ്ധം’ പറ്റിയത് അദ്ദേഹത്തിന് മനസ്സിലായത്. ശേഷം ചരിത്രം.

ഏതാനും മാസങ്ങള്‍ക്കു മുന്‍പു വരെ മറ്റ് അദ്ധ്യാപകരോടുള്ളതിനേക്കാള്‍ ഒരല്പം കൂടുതല്‍ അകലം പാലിച്ച് ഒട്ടൊരു ഭയത്തോടെ മാത്രം കണ്ടിരുന്ന സുകുമാരന്‍ മാഷ് എന്ന ‘ഭീകര’ന്റെ(?!) തികച്ചും വ്യത്യസ്തമായ ഒരു മുഖം അടുത്തുകാണാന്‍ കഴിഞ്ഞതും ആ നാളുകളിലായിരുന്നു. കെമിസ്ട്രി ക്ലാസ്സില്‍ അദ്ദേഹത്തിന്റെ തമാശകള്‍ക്കു പോലും ഒരല്പം ഗൌരവഭാവമുണ്ടായിരുന്നോ എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. കാര്‍ക്കശ്യം മുഖമുദ്രയായി ഉണ്ടെങ്കിലും ആ മുഖപടത്തിനു പിന്നില്‍ ചില സൌമ്യഭാവങ്ങളും ജോലിയോടുള്ള ആത്മാര്‍ഥതയും മറഞ്ഞിരിപ്പുണ്ടെന്ന് അടുത്തറിയാന്‍ കഴിഞ്ഞത് അദ്ദേഹത്തിന്റെ ക്ലാസ്സുകളിലൂടെയായിരുന്നു. ‘കടിച്ചാല്‍ പൊട്ടാത്ത’ ശാസ്ത്രീയനാമങ്ങളും നെടുങ്കന്‍ ‘സ്ട്രക്‍ചറല്‍ ഫോര്‍‌മുല’കളുമൊക്കെയായി ഒരു തരം ‘ഭീമാകാര’രൂപം പ്രാപിച്ചിരുന്ന കെമിസ്ട്രി എന്റെ എക്കാലത്തെയും ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങളിലൊന്നാക്കി മാറിയതിന്റെ ‘ക്രെഡിറ്റ്’ പൂര്‍ണമായും അദ്ദേഹത്തിന് അവകാശപ്പെട്ടതു തന്നെ. ചോക്കെടുത്തു കാണിച്ച് ‘ഇതൊരു ടെസ്റ്റ്‌‌ട്യൂബാണെന്ന് സങ്കല്പിക്കുക’ എന്നു പറഞ്ഞ് ‘ക്ലാസ്സെടുക്കു’ന്നവരും ‘അദ്ധ്യാപനം’ എന്നത് വിഷയവുമായി ബന്ധമുള്ള ഒരു വാചകം പോലും ക്ലാസ്സില്‍ പുസ്തകം നോക്കിയോ അല്ലാതെയോ പറയാതെ വിദ്യാര്‍ഥികളെക്കൊണ്ട് ടെക്സ്റ്റ് ബുക്കില്‍ നിന്ന് കുറേ ഖണ്ഡികകള്‍ വായിപ്പിക്കുന്നതില്‍ മാത്രം ഒതുങ്ങുന്ന, അദ്ധ്വാനം ഒട്ടും ആവശ്യമില്ലാത്ത വെറും ‘കടലാസു തൊഴിലാ’ണെന്ന് ധരിച്ചിരുന്നവരുമായ ‘ചാരുകസേരവാദ്ധ്യാന്മാര്‍’ക്ക് (സെന്റ് ജോസഫ്‌സില്‍ തന്നെ) ക്ഷാമമില്ലാതിരുന്ന, ‘ലബോറട്ടറി’ എന്നത് സ്കൂളില്‍ വര്‍ഷത്തില്‍ 365 ദിവസവും 24 മണിക്കൂറും അടഞ്ഞുകിടക്കുന്ന ഏക മുറിയാണ് എന്ന ‘അനുഭവ പാഠം’ മാത്രം ലഭിച്ചിരുന്ന, ആ കാലത്ത് വിദ്യാര്‍ഥികളില്‍ ചെറിയൊരു വിഭാഗത്തിനെങ്കിലും സ്കൂളിലെ ലബോറട്ടറി തുറന്നു കാണാനുള്ള ‘ഭാഗ്യം’ ലഭിച്ചെങ്കില്‍ അവര്‍ അതിന് കടപ്പെട്ടിരിക്കുന്നത് സുകുമാരന്‍ മാഷോടു മാത്രം. അഞ്ചാം ക്ലാസ്സിലും ആറിലുമൊക്കെയായിരുന്നപ്പോള്‍ ക്ലാസ്സില്‍ ടീച്ചര്‍ ഇല്ലാത്ത സമയത്ത് സംസാരിക്കുക പോലുള്ള ചെറിയ ‘വികൃതി’കളുടെ പേരില്‍ സഹപാഠികളെ സാര്‍ ‘കൈകാര്യം’ ചെയ്യുന്നതു കണ്ട് ഭയന്നിരുന്ന ഞാന്‍, സ്കൂള്‍ ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ എത്തിയപ്പോഴേക്കും അദ്ദേഹത്തിന്റെ കൈയില്‍ നിന്ന് നല്ല രണ്ടെണ്ണം കൊള്ളണമെന്ന് ആഗ്രഹിച്ചുപോകുന്ന നിലയില്‍ എത്തിയെന്നു പറഞ്ഞാല്‍ ഊഹിക്കാമല്ലോ അദ്ദേഹം എന്റെ മനസ്സിനെ എത്രത്തോളം കീഴടക്കിയിരുന്നു എന്ന്?

ഒന്നാം ക്ലാസ് മുതല്‍ ഏഴു വര്‍ഷം തുടര്‍ച്ചയായി എല്ലാ പരീക്ഷകളിലും ക്ലാസ്സില്‍ ഒന്നാം സ്ഥാനം ‘കുത്തക’യെന്നോണം നിലനിര്‍ത്തിയിരുന്ന എനിക്ക് ആദ്യമായി തിരിച്ചടി നേരിട്ടത് ആ വര്‍ഷമായിരുന്നു. അഞ്ചാം ക്ലാസ്സിലെ ആദ്യ പരീക്ഷകളില്‍ ഏറെക്കുറെ ഒപ്പത്തിനൊപ്പം മത്സരിക്കാനുണ്ടായിരുന്ന ദിവ്യേഷ് എന്ന സഹപാഠിക്കു ശേഷം കാര്യമായ എതിരാളികളേ ഇല്ലാതിരുന്ന എനിക്ക് കരുത്തനായ എതിരാളിയായി രാഹുല്‍ - രാഹുല്‍ ഹരീന്ദ്രന്‍ - രംഗപ്രവേശം ചെയ്തപ്പോള്‍ എട്ടാം ക്ലാസ്സിലെ ആദ്യത്തെ മിഡ്-ടേം പരീക്ഷയില്‍ സ്കൂള്‍ ജീവിതത്തില്‍ ആദ്യമായി എനിക്ക് ക്ലാസ്സിലെ ഒന്നാം സ്ഥാനം നഷ്ടമായി. അഞ്ചു മാര്‍ക്കിന്റെ, അത്ര ചെറുതല്ലാത്ത വ്യത്യാസത്തില്‍ എന്നെ പിന്‍‌തള്ളിയ രാഹുലിനോട് പകരം വീട്ടുക എന്നതായി പിന്നെ എന്റെ സര്‍വപ്രധാനമായ ലക്ഷ്യം. വൈകാതെ എത്തിയ കാല്‍ക്കൊല്ലപ്പരീക്ഷയിലും പക്ഷേ ആഗ്രഹം സഫലമായില്ല. മുന്‍പത്തേതിനെക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞെങ്കിലും വിജയമുറപ്പിക്കാന്‍ അതു മതിയായിരുന്നില്ല. പരാജയത്തിന്റെ ‘മാര്‍ജിന്‍’ മൂന്നു മാര്‍ക്കായി കുറക്കാന്‍ കഴിഞ്ഞു എന്നതു മാത്രമായിരുന്നു നേട്ടം. ലക്ഷ്യം നേടാനായില്ലെങ്കിലും അടുത്ത അവസരം എനിക്കുള്ളതാണ് എന്ന് ഞാന്‍ അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നു. വെറും മൂന്നു മാര്‍ക്കിന്റെ ‘ലീഡ്’ മാറ്റി മറിക്കാന്‍ വലിയ അത്ഭുതങ്ങളൊന്നും ആവശ്യമില്ലല്ലോ. ഒന്നാം സ്ഥാനം നിലനിര്‍ത്താനും പിടിച്ചെടുക്കാനുമുള്ള ഞങ്ങളുടെ മത്സരം ചില ‘അപ്രതീക്ഷിത’ അനന്തരഫലങ്ങള്‍ക്കും ഇടയാക്കിയെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. (ഈ ‘അനന്തരഫലങ്ങള്‍’ എന്തെന്ന വിശദീകരണം പിന്നീടാവാം) ഏതായാലും എന്റെ നിരന്തര പരിശ്രമവും കാത്തിരിപ്പും വെറുതെയായില്ല. അരക്കൊല്ലപ്പരീക്ഷയില്‍ കണക്കു തീര്‍ക്കുകതന്നെ ചെയ്തു - ഇരുപതോളം മാര്‍ക്കിന്റെ വന്‍ വ്യത്യാസത്തില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു കൊണ്ട്.

സ്കൂള്‍ ജീവിതകാലത്ത് (അതിനു ശേഷവും) എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുള്ള അദ്ധ്യാപകര്‍ ഒട്ടേറെയുണ്ട്. അവരില്‍ കല്യാണിക്കുട്ടി ടീച്ചറെ മാറ്റി നിര്‍ത്തിയാല്‍ പ്രഥമഗണനീയസ്ഥാനം അലങ്കരിക്കുന്നത് ആരെന്നു ചോദിച്ചാല്‍ അന്നും ഇന്നും ഒരുത്തരമേയുള്ളൂ: ബെന്നി മാഷ്. ക്ലാ‍സ്സിലെ ഏറ്റവും മികച്ച വിദ്യാര്‍ഥികളില്‍ ഒരാളെന്ന സ്ഥാനം എന്നും വഹിച്ചിരുന്ന എന്നെ ശിക്ഷിക്കാനുള്ള ‘ഭാഗ്യം’ ഏറ്റവും കൂടുതല്‍ തവണ ലഭിച്ചിട്ടുള്ള അദ്ധ്യാപകനും അദ്ദേഹം തന്നെയാണെന്നത് കേവലം യാദൃശ്ചികമാവാം. (അല്ലാതെയുമിരിക്കാം!) അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ മാത്രം മതിയാവും അമ്പതു പേജെങ്കിലുമുള്ള ഒരു പുസ്തകം തന്നെ എഴുതാന്‍. മനസ്സില്‍ എന്നെന്നും നിറഞ്ഞുനില്‍ക്കുന്ന ഓര്‍മകളെ ഏതാനും വരികളില്‍ ഒതുക്കാനുള്ള ശ്രമം വൃഥാവ്യായാമമായി ഒതുങ്ങിപ്പോകുമോ എന്ന് ആശങ്കയുണ്ടെങ്കിലും ഒന്നു ശ്രമിച്ചുനോക്കട്ടെ.

1990 നവംബര്‍ 1. കേരളപ്പിറവിയുടെ മുപ്പത്തിനാലാം വാര്‍ഷികദിനം. എന്റെ മനസ്സില്‍ ‘ബെന്നി മാഷ്’ എന്ന ‘മഹാപ്രസ്ഥാന’ത്തിന്റെ സ്വാധീനത്തിന്റെ പിറവിയും കുറിക്കപ്പെട്ടത് അന്നായിരുന്നു. ആ ദിവസം ക്ലാസ്സില്‍ ഒരു പുതിയ അദ്ധ്യായം പഠിപ്പിക്കാന്‍ തുടങ്ങേണ്ടിയിരുന്നതാണ് - ‘ഗണങ്ങളെ’(sets)ക്കുറിച്ച്. വര്‍ഷത്തിന്റെ തുടക്കത്തില്‍ ആദ്യ അദ്ധ്യായവും ഗണങ്ങളെക്കുറിച്ചുള്ളതു തന്നെയായിരുന്നു. അതുകൊണ്ട് ‘രണ്ടാം ഭാഗം’ പഠിപ്പിക്കാന്‍ തുടങ്ങും മുന്‍പ് ഓര്‍മ പുതുക്കാന്‍ വേണ്ടി ഒരു പദ്ധതി സാര്‍ ആസൂത്രണം ചെയ്തിരുന്നു - ആദ്യഭാഗത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങള്‍ ചോദിക്കുക എന്ന പരിപാടി. വെറുതെ പേരിന് കുറച്ചു ചോദ്യങ്ങള്‍ ചോദിച്ച് അവസാനിപ്പിക്കാനുള്ള ‘മൂഡി’ലായിരുന്നില്ല അദ്ദേഹം‍. ചോദ്യങ്ങള്‍ക്ക് ശരിയായി ഉത്തരം പറയുന്നവരെ കൂടുതല്‍ ചോദ്യങ്ങള്‍ കൊണ്ട് വട്ടം കറക്കുക എന്ന ‘വിനോദപരിപാടി’യായിരുന്നു സാറിന്റെ ലക്ഷ്യം. ‘പരിപാടി’ തുടങ്ങി അധികം വൈകാതെ തന്നെ രണ്ടുമൂന്നുപേര്‍ ഒഴികെ എല്ലാവരും പരാജയം സമ്മതിച്ചു. പെട്ടെന്നൊന്നും കീഴടങ്ങാതെ പിടിച്ചുനിന്നവരില്‍ പ്രമുഖര്‍ ക്ലാസ്സിലെ അന്നത്തെ ഒന്നാം സ്ഥാനക്കാരനായിരുന്ന രാഹുലും രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഞാനുമായിരുന്നു‍. അത്ര എളുപ്പത്തില്‍ അങ്ങ് തോറ്റു കൊടുക്കാന്‍ മനസ്സില്ല എന്ന മട്ടില്‍ നിലയുറപ്പിച്ചിരുന്ന ഞങ്ങളെക്കൂടി മുട്ടു കുത്തിക്കുക എന്ന ഉദ്ദേശ്യവുമായി നേരിട്ടുള്ളതും അല്ലാത്തതുമായ ചോദ്യങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിക്കുകയായിരുന്നു സാര്‍ ചെയ്തത്. ഒരേ ചോദ്യങ്ങള്‍ തന്നെ ഒന്നിനു പിറകെ ഒന്നായി തിരിച്ചും മറിച്ചും ചോദിച്ചു കൊണ്ടിരുന്നാല്‍ ഏത് വമ്പനും ഒരു നിമിഷമെങ്കിലും പതറുമെന്ന ‘പോലീസ് മന:ശാസ്ത്ര’ത്തില്‍ സാറിന് ഉറച്ച വിശ്വാസമുണ്ടായിരുന്നെന്നു തോന്നുന്നു. ഏതായാലും സാറിന്റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. ആശയക്കുഴപ്പമുണ്ടാക്കുന്ന ഒട്ടേറെ ചോദ്യങ്ങളെ ഏറെക്കുറെ അനായാസമായി നേരിട്ട എനിക്ക് ഒടുവില്‍ നിസ്സാരമായ ഒരു ‘സ്ട്രെയ്‌റ്റ് ഫോര്‍വേഡ്’ ചോദ്യത്തിനു മുന്‍പില്‍ ഒരു നിമിഷം ശ്രദ്ധ പതറി. സാധാരണ നിലയില്‍ ഉറക്കത്തില്‍ പോലും തെറ്റാനിടയില്ലാത്ത ഉത്തരം മനസ്സിലുണ്ടായിരുന്നെങ്കിലും പറഞ്ഞതു തെറ്റി. അധികം വൈകാതെ മറ്റൊരു ‘ചതിക്കുഴി’യില്‍ രാഹുല്‍ കൂടി വീണതോടെ ഒരു ‘ചരിത്ര സംഭവ’ത്തിന് അരങ്ങൊരുങ്ങുകയായിരുന്നു - ജീവിതത്തില്‍ ആദ്യമായി ക്ലാസ്സില്‍ ഒരു ചോദ്യത്തിന് ഉത്തരം തെറ്റിയതിന്റെ പേരില്‍ കിട്ടാന്‍ പോകുന്ന ചൂരല്‍ പ്രയോഗം ഏറ്റുവാങ്ങാന്‍.

അത് ഒരു തുടക്കം മാത്രമായിരുന്നു. തുടര്‍ന്നുള്ള ദിനങ്ങള്‍ പോരാട്ടത്തിന്റേതായിരുന്നു. രാഹുലുമായി ക്ലാസ്സില്‍ ഒന്നാം സ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടം ഒരു വശത്ത്. മറുവശത്ത് തല്ലു കൊള്ളാതിരിക്കാന്‍ സാറുമായുള്ള പോര്. ആദ്യ ഘട്ടത്തില്‍ രാഹുലിനോടുള്ള വാശി കാരണം പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് സാറിന്റെ മുന്നേറ്റങ്ങളെ സാമാന്യം ഫലപ്രദമായി പ്രതിരോധിക്കാന്‍ സഹായിച്ചിരുന്നു. പക്ഷേ അതിനൊരു മറുവശം കൂടി ഉണ്ടായിരുന്നു എന്നു മാത്രം - ഞങ്ങളുടെ ഈ പോരാട്ടം ഞങ്ങളെ രണ്ടുപേരെയും സാറിന്റെ ‘ഫേവറിറ്റ് ടാര്‍ഗെറ്റ്‌സ്’ ആക്കി മാറ്റി - ചോദ്യശരങ്ങള്‍ക്കു മാത്രമല്ല, ഏറെക്കുറെ ഉറപ്പായ തല്ലിനും...! (നന്നായി പഠിക്കുന്നതിന് ‘നന്നായി തല്ലു കിട്ടുക’ എന്ന ‘പാര്‍ശ്വഫലം’ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല!)

അരക്കൊല്ലപ്പരീക്ഷയില്‍ ക്ലാസ്സിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് കഴിഞ്ഞ ഏതാനും മാസങ്ങളായി നിലനിന്നിരുന്ന ‘ക്രമരാഹിത്യം’ പരിഹരിച്ച് ‘സാധാരണ നില’ പുന:സ്ഥാപിച്ചതോടെ എന്റെ ‘കഷ്ടകാല‘(?!)വും തുടങ്ങുകയായിരുന്നു. ജനുവരി മുതല്‍ സാറുമായുള്ള ‘എറ്റുമുട്ടലുകള്‍’ കൂടുതല്‍ രൂക്ഷമായി. തല്ലു കൊള്ളുന്നതിന്റെ ‘ഫ്രീക്വന്‍സി’ ഉയര്‍ന്നു - ആഴ്ചയില്‍ രണ്ടും മൂന്നും തവണയായി. ചോദ്യങ്ങളുടെ നിലവാരത്തേക്കാള്‍ അന്തിമ ലക്ഷ്യത്തില്‍ മാത്രം ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ സാറിന്റെ ചോദ്യങ്ങളില്‍ ചിലപ്പോഴെങ്കിലും ചില്ലറ ‘അബദ്ധങ്ങള്‍’ കടന്നുവരാനും തുടങ്ങിയിരുന്നു - അത്ര പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറില്ലെങ്കിലും. ആദ്യ നാളുകളില്‍ എളുപ്പം തോറ്റുകൊടുക്കാതെ പൊരുതി നില്‍ക്കാറുണ്ടായിരുന്ന എന്റെ മനസ്സില്‍ ചില മാറ്റങ്ങള്‍ വന്നു തുടങ്ങിയത് അതിനിടയ്ക്കായിരുന്നു. എതിരാളികളെ ഏതുവിധേനയും കീഴടക്കുക എന്ന ഏക ലക്ഷ്യവുമായി ‘ആക്രമിക്കുന്ന’ സാറിന്റെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്നത് വൃഥാവ്യായാമ - മാണെന്ന് ഒരു തോന്നല്‍. ഒപ്പം, അടി കിട്ടുന്നത് ഏറെക്കുറെ പതിവായതു കൊണ്ടാവാം, സാറിന്റെ ചൂരലിനോട് എന്തോ ഒരു പ്രത്യേക ‘ഇഷ്ട’വും തോന്നിത്തുടങ്ങി. ആഴ്ചയില്‍ ഒരു ദിവസമെങ്കിലും സാറിന്റെ കൈയില്‍ നിന്ന് നല്ല രണ്ടെണ്ണം കിട്ടിയില്ലെങ്കില്‍ ‘ഉറക്കം വരില്ല’ എന്ന പോലെ. ('ഡ്രഗ് അഡിക്‍ഷന്‍’ എന്നൊക്കെ പറയുന്നതു പോലെ ‘കെയ്‌ന്‍ അഡിക്‍ഷന്‍’?!) അങ്ങനെയൊരു തോന്നല്‍ മനസ്സില്‍ നാമ്പെടുത്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. ‘ഏറ്റുമുട്ടലുകള്‍’ ആസൂത്രിത ‘നാടക’ങ്ങള്‍ക്ക് വഴിമാറി. ആക്രമണത്തെ സര്‍വശക്തിയുമെടുത്ത് ചെറുത്തു തോല്പിക്കുന്നതിനു പകരം കടുകട്ടിയായ ചോദ്യങ്ങളെയൊക്കെ നേരിട്ട് കുറേ നേരം ‘ഓടിച്ച’ ശേഷം അവസാനം നിസ്സാരമായ ഏതെങ്കിലും ചോദ്യത്തിന് ഉത്തരം മന:പൂര്‍വം തെറ്റിച്ച് തോറ്റു കൊടുക്കുക പതിവാക്കി - കൊച്ചു കുട്ടികളോടൊപ്പം കളിക്കുമ്പോള്‍ ചെയ്യാറുള്ളതു പോലെ.

1991 ജനുവരി 15. എന്റെ ജീവിതത്തില്‍ രക്തവര്‍ണത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന ദിനം. പതിവു രംഗങ്ങള്‍ക്കൊടുവില്‍ ചെറുത്തുനില്‍പ്പ് മതിയാക്കി, ഒരു ‘സാദാ’ ചോദ്യത്തിന് ഉത്തരം തെറ്റിച്ച് കീഴടങ്ങുമ്പോള്‍ പതിവു ‘ക്വാട്ട’യായ രണ്ടോ മൂന്നോ അടിയും വാങ്ങി നാടകത്തിന്റെ അന്നത്തെ ‘എപ്പിസോഡി’ന് കര്‍ട്ടനിടാമെന്നായിരുന്നു മനസ്സില്‍. പക്ഷേ അന്ന് എന്നെ കാത്തിരുന്നത് ഒരു ‘ഷോക്ക് ട്രീറ്റ്മെന്റാ’യിരുന്നു. ക്ലാസ്സിലെ ഒന്നാം സ്ഥാനക്കാ‍രനെന്ന നിലയില്‍ മറ്റു കുട്ടികള്‍ക്ക് മാതൃകയാകേണ്ട എനിക്ക് തരുന്ന ശിക്ഷയും മാതൃകാപരമാവണമെന്ന ന്യായവാ‍ദവുമായി എനിക്ക് ‘പ്രത്യേക പരിഗണന’ വാഗ്ദാനം ചെയ്തു സാര്‍ - മറ്റുള്ളവര്‍ക്ക് നല്‍കിയതിനേക്കാള്‍ ഒരടി കൂടുതല്‍! അതും പോരാഞ്ഞ് ഒരു കാര്യവുമില്ലാതെ ‘തര്‍ക്കുത്തരം’ പോലെ ചോദിക്കാന്‍ തോന്നിയ ഒരു ചോദ്യം കൂടിയായപ്പോള്‍ എല്ലാമായി. രണ്ടു കൈയും ഒന്നിച്ച് നീട്ടാനായിരുന്നു ‘ഓര്‍ഡര്‍’. രണ്ടുമൂന്നു മാസമായി സാറിന്റെയും എന്റെയും ഏറ്റവും പ്രിയപ്പെട്ട ‘കൂട്ടുകാരി’- യായിരുന്ന ‘സ്ലിം ബ്യൂട്ടി’യുടെ മുന്‍പില്‍ കൈകള്‍ നീട്ടിക്കൊടുക്കാന്‍ എനിക്ക് സന്തോഷമേ ഉണ്ടായിരുന്നുള്ളൂ. ആജ്ഞാനുസരണം നീട്ടിപ്പിടിച്ച കൈവെള്ളകളില്‍ ആ ‘കൊച്ചു സുന്ദരി‘ സ്നേഹപൂര്‍വം സമ്മാനിച്ചത് ഒന്നും രണ്ടുമല്ല, അഞ്ചു ‘ചുടുചുംബന’ങ്ങളായിരുന്നു. വലതു കൈവെള്ളയില്‍ ചോര പൊടിഞ്ഞു തുടങ്ങിയിട്ടും എന്തുകൊണ്ടെന്നറിയില്ല, കാര്യമായ വേദന തോന്നിയില്ല. സാറെന്നല്ല, ആരും ആ ‘സംഭവം’ അറിഞ്ഞതേയില്ല - അറിയിച്ചില്ല എന്നു പറയുന്നതാവും കൂടുതല്‍ ശരി. അന്ന് സാര്‍ തന്ന ആ ‘സമ്മാന’ത്തിന്റെ ബാക്കിപത്രമായി വലതു കൈവെള്ളയില്‍ ശേഷിച്ച പാട് കാലമെന്ന മഹാവൈദ്യന്റെ പ്രഭാവത്തില്‍ മങ്ങി - ത്തുടങ്ങിയെങ്കിലും ഈ വരികള്‍ എഴുതുമ്പോഴും പൂര്‍ണമായും മാഞ്ഞിട്ടില്ല.

സ്കൂള്‍ ജീവിത കാലത്ത് എന്റെ ഏറ്റവും ശക്തനായ എതിരാളിയായിരുന്ന ബെന്നി മാഷ് പതിനാറു വര്‍ഷങ്ങള്‍ക്കു ശേഷം ഇത് എഴുതുമ്പോള്‍ മാറ്റങ്ങളുടെ ഒരു മഹാപ്രവാഹത്തിലൂടെ കടന്നുപോയിക്കഴിഞ്ഞു. ഇന്ന് അദ്ദേഹം എനിക്ക് ഒരു അദ്ധ്യാപകന്‍ എന്നതിനേക്കാളുപരി മറ്റെന്തൊക്കെയോ ആണ്. ‘സുഹൃത്ത്’ എന്നു വിശേഷിപ്പിക്കുന്നത് അമിതസ്വാതന്ത്ര്യവും അപമര്യാദയുമായേക്കാം. എങ്കിലും സൌഹാര്‍ദപൂര്‍ണമായ ഒരു തലത്തിലേക്ക് വളര്‍ന്നിരിക്കുന്ന ആ ബന്ധത്തെ ഇനി ഗുരു-ശിഷ്യ ബന്ധത്തിന്റെ നിര്‍‌വചനത്തിനുള്ളില്‍ മാത്രം ഒതുക്കാനാവില്ല എന്നത് സത്യം.

‘സാഹിത്യവാസന’ എന്ന ‘അസുഖം’ എന്നെ പിടികൂടുന്നതും എട്ടാം ക്ലാസ് നാളുകളിലായിരുന്നു. ക്ലാസ്സില്‍ എന്റെ അടുത്ത് ഇരിക്കാറുണ്ടായിരുന്ന ഒരു കുട്ടി (അവന്റെ പേരും ‘വിജിത്ത്’ എന്നു തന്നെയായിരുന്നു എന്നത് കേവലം യാദൃശ്ചികം!) എഴുതിയ ഒരു കഥയിലെ ചില കുറ്റങ്ങളും കുറവുകളും പരിഹരിച്ച് സാമാന്യം കൊള്ളാവുന്ന രൂപത്തിലാക്കാന്‍ സഹായിച്ചതായിരുന്നു ആദ്യപടി. അക്കാലത്ത് വായിച്ചിരുന്ന നോവലുകളുടെ ചുവടു പിടിച്ച് ചില ചെറുനോവലുകള്‍ എഴുതി - ക്കൊണ്ടായിരുന്നു സ്വന്തം സൃഷ്ടികള്‍ക്ക് തുടക്കം കുറിച്ചത്. ആദ്യ നോവലിന് എനിക്ക് പ്രേരണയും തുണയുമായത് ബെന്നി മാഷ്‌ടെ ക്ലാസ്സുകളില്‍ നിന്ന് ലഭിച്ച അനുഭവ സമ്പത്തായിരുന്നു. ആദ്യ സൃഷ്ടികള്‍ മലയാളത്തിലായിരുന്നെങ്കിലും അധികം വൈകാതെ ഇംഗ്ലീഷിലും കൈ വെച്ചു തുടങ്ങി.

ഏത് കയറ്റത്തിനും ഒരു ഇറക്കമുണ്ടെന്നു പറയുന്നതു പോലെ എട്ടാം ക്ലാസ്സിലെ ആ ‘സുവര്‍ണ നാളുകള്‍’ക്കും അധികം ആയുസ്സുണ്ടായില്ല. അടുത്ത വര്‍ഷം എന്നെസ്സംബന്ധിച്ചിടത്തോളം ഏഴാം ക്ലാസ്സിന്റെ ‘പകര്‍പ്പ്’ പോലെയായിരുന്നു. ഒന്നുരണ്ടു പുതിയ കൂട്ടുകാരെ മാറ്റിനിര്‍ത്തിയാല്‍ ഓര്‍ത്തു വെക്കാന്‍ ബാക്കി കാര്യമായിട്ടൊന്നുമില്ല. ‘ഇല്ല’ എന്ന് ഉറപ്പിച്ചു പറയാനാവില്ല - ഉണ്ട്. വിന്‍സെന്റ് മാഷും (ശ്രീ. വിന്‍സെന്റ് ഫെര്‍ണാണ്ടസ്) ഒരു ‘നുണ നാടക’വും. പിന്നെ ആദ്യ മിഡ് - ടേം പരീക്ഷയിലെ കെമിസ്ട്രി പേപ്പറും.

സ്കൂളില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപകരുടെ തല്ലു കൊള്ളാതിരിക്കാന്‍ വേണ്ടി കളവു പറഞ്ഞിട്ടുള്ളവര്‍ എത്ര വേണമെങ്കിലും ഉണ്ടാവും. കള്ളം പറഞ്ഞതിന് തല്ലു കിട്ടിയവരും. പക്ഷേ തല്ലു വാങ്ങാന്‍ വേണ്ടി കള്ളം പറഞ്ഞ ‘ചരിത്രം’ എന്നെപ്പോലെ ആര്‍ക്കെങ്കിലും ഉണ്ടാകുമെന്ന് തോന്നുന്നില്ല. ഒരു തരം ‘വട്ടു കേസ്’ എന്ന് തോന്നിയേക്കാം, എങ്കിലും മറ്റൊന്നും പറയാനില്ലാത്തതു കൊണ്ട് ആ ‘കഥ’ തന്നെ ആവാം. കുട്ടികളെ തല്ലുന്ന കാര്യത്തില്‍ സാമാന്യം ‘കുപ്രസിദ്ധി’യാര്‍ജ്ജിച്ചിരുന്ന അദ്ധ്യാപകനായിരുന്നു അന്ന് 9th F-ല്‍ ഇംഗ്ലീഷ് സെക്കന്‍‌ഡ് പേപ്പര്‍ പഠിപ്പിച്ചിരുന്ന വിന്‍സെന്റ് മാഷ്. അദ്ദേഹത്തിന്റെ അടിയുടെ ‘ചൂടിനെ’പ്പറ്റി അനുഭവ പരിചയമുള്ള ചില കൂട്ടുകാര്‍ പറഞ്ഞ് അറിയാമായിരുന്നു. എന്തുകൊണ്ടെന്നറിയില്ല, അവരുടെ വിവരണങ്ങള്‍ എനിക്ക് അത്ര വിശ്വാസയോഗ്യമായി തോന്നിയില്ല. ചിലര്‍ക്ക് അടി കൊള്ളുന്നത് നേരിട്ടു കണ്ടിട്ടുണ്ടെങ്കിലും തല്ലിനോടുള്ള അവരുടെ പ്രതികരണവും വല്ലാതെ പര്‍വതീകൃതമാണെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് അതൊന്ന് തെളിയിക്കണമെന്ന് തോന്നിയത് - ഒരു (‘തല തിരിഞ്ഞ’!) ‘പരീക്ഷണം’. തല്ലിന്റെ ചൂട് പരീക്ഷിക്കാന്‍ എളുപ്പവഴിയൊന്നുമില്ലല്ലോ - തല്ല് കൊള്ളുകയല്ലാതെ? പക്ഷേ അതു നടക്കണമെങ്കില്‍ മന:പൂര്‍വം എന്തെങ്കിലും കാരണമുണ്ടാക്കണം - അടി കിട്ടുമെന്ന് ഉറപ്പാക്കുന്നതും എന്നാല്‍ കൂടുതല്‍ പ്രശ്നമൊന്നും ഉണ്ടാക്കാത്തതുമാ‍യ ഒരു കാരണം. (കളി കാര്യമാകരുതല്ലോ?) അതിന് അധികം ആലോചിക്കേണ്ടി വന്നില്ല. അങ്ങനെ കഥയും സ്ക്രിപ്റ്റും ഒക്കെ ഒരുക്കി, ദിവസവും ‘മുഹൂര്‍ത്ത’വും നിശ്ചയിച്ചതോടെ മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തതും ഇനി ഉണ്ടാകാന്‍ ഒട്ടും സാധ്യതയില്ലാത്തതുമായ ‘നുണ നാടക’ത്തിന് അരങ്ങൊരുങ്ങി.

1992 ഫെബ്രുവരി 12. എന്റെ പതിനാലാം പിറന്നാളിന് രണ്ടു ദിവസം മാത്രം ബാക്കി. അന്ന് രണ്ടാമത്തെ പിരിയഡ് ഇംഗ്ലീഷ് സെക്കന്‍‌ഡ് പേപ്പര്‍ ആയിരുന്നു. അന്ന് ക്ലാസ്സില്‍ ‘ചിലതൊക്കെ നടക്കു’മെന്ന് ഞാന്‍ എന്റെ ചില കൂട്ടുകാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു - എന്താണെന്ന് യാതൊരു സൂചനയും നല്‍കാതെ. സമയം 10.45. സാര്‍ പതിവു പോലെ ക്ലാസ്സ് തുടങ്ങാന്‍ ഒരുങ്ങുമ്പോള്‍ ഞാന്‍ പറഞ്ഞു, ഞാന്‍ ടെക്സ്റ്റ് ബുക്ക് കൊണ്ടു വന്നിട്ടില്ലെന്ന് - മറന്നുപോയെന്ന്. സാറിന്റെ പ്രതികരണം പ്രതീക്ഷിച്ചതു തന്നെ - സാമാന്യം ‘ഭേദപ്പെട്ട‘ ചൂരല്‍ പ്രഹരങ്ങള്‍ അഞ്ചെണ്ണം - നാലെണ്ണം ചന്തിയിലും ഒരെണ്ണം ചന്തിയിലും ഇടതു തുടയിലും ചേര്‍ന്നും. (ഈ ‘അഞ്ച്’ സാറിന്റെ ‘ഫേവറിറ്റ്’ ആയിരുന്നു. എന്തു തെറ്റിനും സാര്‍ നല്‍കുന്ന ‘മിനിമം’ ശിക്ഷ.) പ്രതീക്ഷിച്ചത്ര വേദനയൊന്നും തോന്നിയില്ല. ആ ‘നിലവാര’ത്തില്‍ അഞ്ചല്ല, അമ്പതെണ്ണം കിട്ടിയാലും താങ്ങാവുന്നതേയുള്ളൂ എന്നോര്‍ത്തപ്പോള്‍ അറിയാതെ ചിരി വന്നെങ്കിലും പാടുപെട്ട് അടക്കി - ‘നാടകം’ പൊളിയരുതല്ലോ? അടുത്ത രംഗം ക്ലാസ് കഴിഞ്ഞ് സാര്‍ സ്റ്റാഫ് റൂമിലേക്കു മടങ്ങിയതിനു ശേഷമായിരുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതു പോലെ ബാഗ് തുറന്ന് ടെക്സ്റ്റ് ബുക്ക് എടുത്ത് ഡെസ്കിന്‍‌മേല്‍ വെച്ചതു കണ്ടപ്പോഴാണ് കൂട്ടുകാര്‍ ശരിക്കും ഞെട്ടിയത് - സംഭവം ഒരു ‘നാടക’മാണെന്ന് ആദ്യം പറഞ്ഞപ്പോള്‍ വിശ്വസിക്കാതിരുന്നവര്‍ കൂടി.

എട്ടാം ക്ലാസ്സിലെ സുവര്‍ണനാളുകളുടെ ഉന്നതിയില്‍ നിന്ന് ഒന്‍‌പതിലെ ശരാശരി നിലവാരത്തിലേക്കുള്ള ഇറക്കം ശരിക്കും അറിയാനായത് കെമിസ്ട്രി ക്ലാസ്സിലായിരുന്നു. തൊട്ടു മുന്‍ വര്‍ഷം സുകുമാരന്‍ മാഷ്‌ടെ ക്ലാസ്സില്‍ ഇരുന്ന ശേഷം ഒന്‍‌പതാം ക്ലാസ്സില്‍ വന്നു പെട്ടപ്പോള്‍ ഉച്ചവെയിലില്‍ നടന്നു വന്നിട്ട് തട്ടിന്‍ ‌പുറത്തു കയറിയ പ്രതീതി. ആദ്യ മിഡ്-ടേം പരീക്ഷയില്‍ ആ മാറ്റത്തിന്റെ പ്രതിഫലനം ശരിക്കും അനുഭവിച്ചു. ഞങ്ങളുടെ ഡിവിഷനിലെ പത്തുനാല്പത്തഞ്ചു പേരില്‍ കെമിസ്ട്രിക്ക് പാസ്സായത് ഒരേയൊരാള്‍ - ഈയുള്ളവന്‍ മാത്രം! അതും വെറും അര മാര്‍ക്കിന്റെ നൂലിഴയില്‍ തൂങ്ങി... മറ്റൊരു ഡിവിഷനില്‍ പേരിനു പോലും ഒരാളും രക്ഷപ്പെട്ടില്ല. എന്തോ കുഴപ്പമുണ്ടായിരുന്നിരിക്കണം എന്നു തോന്നുന്നോ...? ചോദ്യങ്ങളുടെ നിലവാരം അല്പം ഉയര്‍ന്നതായിരുന്നു എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാലും മറ്റു ഡിവിഷനുകളിലെ കുട്ടികളുടെ മെച്ചപ്പെട്ട പ്രകടനവും ‘കൂട്ട തോല്‍‌വി’ നേരിട്ട രണ്ടു ഡിവിഷനിലും പഠിപ്പിച്ചിരുന്നത് ഒരേ അദ്ധ്യാപകന്‍ തന്നെയായിരുന്നു (അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ എനിക്ക് താല്പര്യമില്ല) എന്നതും കൂടി ചേര്‍ത്തു വായിക്കുമ്പോള്‍ എവിടെയോ എന്തോ പന്തികേട് തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

അടുത്ത വര്‍ഷം പത്താം ക്ലാസ്സ്. ഭാവി എങ്ങനെയാവണമെന്ന് നിര്‍ണയിക്കാന്‍ കെല്പുള്ള സുപ്രധാനമായ വഴിത്തിരിവില്‍ എത്തുകയാണ് ജീവിതം. ഏറെ നാളായി കണ്ടുകൊണ്ടിരുന്ന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍, ആഗ്രഹങ്ങള്‍ സഫലമാക്കാന്‍ നിര്‍ണായകമായ ദിനങ്ങള്‍. എന്റെ ‘അഡ്വാന്‍സ് സ്റ്റഡി ടെക്‍നിക്കി’നെ ഉച്ചസ്ഥായിയില്‍ എത്തിച്ചുകൊണ്ട് ഏപ്രില്‍ മാസത്തില്‍ത്തന്നെ പുസ്തകങ്ങളുമായി ഇടപഴകിത്തുടങ്ങി. വിവിധ കമ്പനിക്കാര്‍ പുറത്തിറക്കിയ ഗൈഡുകളും ‘റാങ്ക് ഫയലു’കളുമൊക്കെ ആദ്യഘട്ടത്തില്‍ കൂട്ടിനുണ്ടായിരുന്നെങ്കിലും പലതിലും തെറ്റുകള്‍ കടന്നുകൂടിയിരുന്നത് തിരിച്ചറിഞ്ഞതോടെ എല്ലാം ഒറ്റയടിക്ക് ഷെല്‍ഫില്‍ തള്ളി. ‘ഗുഡ്‌ബൈ ടു ഗൈഡ്‌സ്’. അച്ഛന്റെയും അമ്മയുടെയും സഹപ്രവര്‍ത്തകരായ ചിലര്‍ നിര്‍ദേശിച്ച ‘പ്രൈവറ്റ് ട്യൂഷന്‍‘ എന്ന, ഏറെക്കുറെ നാട്ടുനടപ്പായിരുന്ന ആശയത്തെ പരിഗണിക്കുക പോലും ചെയ്തില്ല ഞാന്‍. സ്വന്തം കഴിവു കൊണ്ട് നേടാന്‍ കഴിയുന്നതു മതി എന്നായിരുന്നു എന്റെ നിലപാട്. ഏതായാലും സ്കൂള്‍ തുറക്കുന്നതിനു മുന്‍പു തന്നെ മലയാളം ഉപപാഠപുസ്തകം (സി. വി. രാമന്‍ പിള്ളയുടെ ‘ധര്‍മരാജാ’ എന്ന ആഖ്യായികയുടെ ലളിതരൂപം) ഏറെക്കുറെ ‘മന:പാഠ’മാക്കിക്കഴിഞ്ഞിരുന്നു ഞാന്‍. ഒപ്പം, മലയാളം ഒന്നാം പേപ്പറില്‍ പഠിക്കാനുണ്ടായിരുന്ന പദ്യങ്ങളില്‍ നൂറിലേറെ വരികളുണ്ടായിരുന്ന ‘ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി’ എന്നതടക്കം പകുതിയോളം പദ്യങ്ങളും. സ്കൂള്‍ തുറന്ന ശേഷം മലയാളം ഉപപാഠപുസ്തകം ഞാന്‍ തുറക്കുന്നത് സാര്‍ ക്ലാസ്സെടുക്കുന്ന സമയത്ത്, ഒഴിവാക്കാന്‍ പറ്റാത്തതുകൊണ്ടു മാത്രമായിരുന്നു. പിന്നെ പരീക്ഷയ്ക്കു തൊട്ടു മുന്‍പ് വെറുതെ ഒന്ന് ‘ഓര്‍മ പുതുക്കാ’നും.

പത്താം ക്ലാസ്സുകാര്‍ക്കു വേണ്ടി (മിക്ക സ്കൂളുകളിലും) പതിവുള്ള ‘വെക്കേഷന്‍ ക്ലാസ്സുകള്‍’ തുടങ്ങുമ്പോള്‍ ഒരാഗ്രഹമുണ്ടായിരുന്നു മനസ്സില്‍ - എട്ടാം ക്ലാസ്സില്‍ പഠിപ്പിച്ചിരുന്ന അദ്ധ്യാപകരുടെ ‘ഡ്രീം കോമ്പിനേഷന്‍’ തന്നെ ഈ വര്‍ഷവും കിട്ടിയിരുന്നെങ്കില്‍ എന്ന്. പിന്നെ എസ് എസ് എല്‍ ‌സി പരീക്ഷയിലെ ‘പ്രകടനം’ എങ്ങനെയാവണം എന്നതിനെക്കുറിച്ച് രണ്ട് ആഗ്രഹങ്ങള്‍ വേറേയും - ഒന്ന്: ‘സ്കൂള്‍ ടോപ്പര്‍’ സ്ഥാനം സ്വന്തമാക്കണം - വര്‍ഷങ്ങളായി ഇംഗ്ലീഷ് മീഡിയം‌കാരുടെ കുത്തക തകര്‍ക്കണം; രണ്ട്: ഏറെക്കാലമായി നിലനിര്‍ത്തിയിരുന്നതും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഒന്നോ രണ്ടോ വിദ്യാര്‍ഥികളുടെ പരാജയം കൊണ്ട് സ്കൂളിന് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ 100% വിജയം ഇത്തവണയെങ്കിലും തിരിച്ചുപിടിക്കാന്‍ കഴിയണം. ക്ലാസ്സില്‍ സ്വന്തം ഡിവിഷനിലെ ഒന്നാം റാങ്കുകാരനുള്ള ഫാദര്‍ പതിയില്‍ എന്‍‌ഡോവ്‌മെന്റ് കഴിഞ്ഞ അഞ്ചു കൊല്ലമായി നിലനിര്‍ത്തുന്ന എനിക്ക് ‘സ്കൂള്‍ ടോപ്പര്‍‘ എന്ന ആഗ്രഹം സഫലമാക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമുണ്ടായിരുന്നു - സ്വന്തം പ്രകടനം കുറച്ചു കൂടി ഒന്ന് മെച്ചപ്പെടുത്തിയാല്‍ മാത്രം മതി. രണ്ടാമത്തെ ആഗ്രഹം ഞാന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്നതല്ലല്ലോ...?

ഏതായാലും ക്ലാസ്സെടുക്കുന്ന അദ്ധ്യാപകരെക്കുറിച്ചുള്ള ആഗ്രഹം ഏറെക്കുറെ സാധിച്ചു - ജയന്‍ മാഷെ കിട്ടിയില്ലെങ്കിലും ക്ലാസ്സ് ടീച്ചറായി സുകുമാരന്‍ മാഷും മാത്‌സിന് ബെന്നി മാഷും ബയോളജിക്ക് ശ്രീകുമാരന്‍ മാഷും ഇവര്‍ക്കൊക്കെ പുറമേ ഹെഡ് മാസ്റ്ററായിരുന്ന ബാലന്‍ മാഷും - ശ്രീ. ടി. കെ. ബാലന്‍ - ആറാം ക്ലാസ്സിലെ മാര്‍ക്കോസ് മാഷ്‌ക്കു ശേഷം ഞാന്‍ കണ്ടിട്ടുള്ള ഏറ്റവും മികച്ച ഇംഗ്ലീഷ് അദ്ധ്യാപകന്‍ - അങ്ങനെ പ്രഗത്ഭരായ അദ്ധ്യാപകരുടെ മികച്ച ഒരു നിര തന്നെയുണ്ടായിരുന്നു 10th B-യെ സ്വപ്നതുല്യമാക്കാന്‍. (കൂട്ടത്തില്‍ ‘കണ്ണു കൊള്ളാതിരിക്കാന്‍’ നാട്ടുന്ന നോക്കുകുത്തി പോലെ ഒരാള്‍ കൂടി ഉണ്ടായിരുന്നു എന്നത് വേറെ കാര്യം. അദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.)

ഫെബ്രുവരി പത്താം ക്ലാസ്സുകാരെസ്സംബന്ധിച്ചിടത്തോളം ‘വിടവാങ്ങല്‍ മാസ’മാണ്. ഓട്ടോഗ്രാഫുകളുടെ പൂക്കാലം. അദ്ധ്യാപക - വിദ്യാര്‍ഥി ബന്ധം കോളേജുകളിലെപ്പോലെ ‘കാഷ്വല്‍’ നിലവാരത്തിലേക്ക് കൂപ്പുകുത്തിയിട്ടില്ലാത്തതു കൊണ്ട് മിക്കവാറും എല്ലാവരും തങ്ങളുടെ ഓട്ടോഗ്രാഫ് ബുക്കുകള്‍ ‘ഉദ്‌ഘാടനം’ ചെയ്യിക്കുന്നത് ഹെഡ് മാസ്റ്ററെയോ അവരവര്‍ക്ക് പ്രിയപ്പെട്ട മറ്റേതെങ്കിലും അദ്ധ്യാപകരെയോ കൊണ്ടാവും. ആദ്യത്തെ ഏതാനും പേജുകള്‍ അദ്ധ്യാപകര്‍ക്കു വേണ്ടി നീക്കി വെച്ചിരിക്കും. തുടര്‍ന്നുള്ള പേജുകള്‍ ഏറ്റവും അടുത്ത കൂട്ടുകാര്‍ക്കും. അദ്ധ്യാപകര്‍ക്കാകട്ടെ, ‘തേഞ്ഞു തീരാറായ’ സ്ഥിരം ആശംസാവചനങ്ങള്‍ പൊടിതട്ടിയെടുക്കാനുള്ള നാളുകളാണ് മുന്‍പില്‍. കൂട്ടുകാരുടെ ഓട്ടോഗ്രാഫുകളില്‍ വെറുതെ എന്തെങ്കിലും മൂന്നുനാലു വാചകങ്ങളും മേല്‍‌വിലാസവും എഴുതി ചടങ്ങു തീര്‍ക്കുന്ന പരിപാടി എനിക്കെന്തോ, അത്ര സ്വീകാര്യമായി തോന്നിയിരുന്നില്ല. സൌഹൃദം ഓര്‍മയില്‍ സൂക്ഷിക്കണമെങ്കില്‍ വാക്കുകളില്‍ ആത്മാര്‍ഥതയുണ്ടാകണം. വാചകങ്ങളില്‍ വ്യക്തിബന്ധത്തിന്റെ സ്പര്‍ശമുണ്ടാകണം. അതു കൊണ്ടു തന്നെ, കൂട്ടുകാരില്‍ ഒരാള്‍ക്ക് എഴുതുന്ന വചകങ്ങള്‍ ഒരിക്കലും മറ്റൊരാളുടെ ഓട്ടോഗ്രാഫില്‍ ആവര്‍ത്തിക്കില്ല എന്ന് തീരുമാനിച്ചുറപ്പിച്ചാണ് ഞാന്‍ ഓട്ടോഗ്രാഫുകള്‍ എഴുതിത്തുടങ്ങിയത്. നൂറിലേറെപ്പേരുടെ ഓട്ടോഗ്രാഫുകള്‍ വന്നുപോയിട്ടും ഒരു തവണ എഴുതിയ വാചകങ്ങള്‍ ഒരെണ്ണത്തില്‍പ്പോലും ആവര്‍ത്തിച്ചില്ല. ഓരോ ഓട്ടോഗ്രാഫ് പുസ്തകവും കൈയില്‍ കിട്ടുമ്പോള്‍ ചെറു കവിതാശകലങ്ങളും തനതായ ആശംസകളുമൊക്കെ ആവശ്യാനുസരണം ‘ഓണ്‍ ദ സ്പോട്ട്’ ആയി സൃഷ്ടിക്കുകയാണ് ഞാന്‍ ചെയ്തിരുന്നത്.

എട്ടാം ക്ലാസ് മുതല്‍ കഥകളും കവിതകളുമൊക്കെ എഴുതാറുണ്ടായിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ. അങ്ങനെ എഴുതിയ ഒരു കവിത (‘Teachers' എന്ന പേരില്‍ ഇംഗ്ലീഷില്‍) സ്കൂളിന്റെ സുവര്‍ണജൂബിലി സ്മരണികയില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടത് എനിക്ക് ഏറെ ആഹ്ലാദം നല്‍കിയ അനുഭവമായി. ആ സ്മരണികയില്‍ പരസ്യങ്ങളെ ഒഴിച്ചുനിര്‍ത്തിയാല്‍ ഏറെക്കുറെ പൂര്‍ണമായും അദ്ധ്യാപകരും ഇംഗ്ലീഷ് മീഡിയം‌കാരാ‍യ രണ്ടുമൂന്ന് വിദ്യാര്‍ഥികളും ചേര്‍ന്ന് കയ്യടക്കിയിരുന്ന ഇംഗ്ലീഷ് വിഭാഗത്തില്‍ ഒരു മലയാളം മീഡിയം വിദ്യാര്‍ഥിയുടെ കവിത പ്രത്യക്ഷപ്പെട്ടത് ‘ഇംഗ്ലീഷ് ഭ്രമം’ പിടിപെട്ടിരുന്ന വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമൊക്കെയുള്ള മറുപടിയായി, ‘ഇംഗ്ലീഷ് മീഡിയം‌കാര്‍ക്കെന്താ കൊമ്പുണ്ടോ?’ എന്ന് പലരും പലപ്പോഴായി ചോദിക്കാന്‍ ആഗ്രഹിച്ചിരുന്നതെങ്കിലും എങ്ങു നിന്നും ഉയരാതിരുന്ന ചോദ്യത്തിന്റെ ശംഖനാദമായി.

1993 മാര്‍ച്ച് 10. എസ് എസ് എല്‍ സി പരീക്ഷ തുടങ്ങുന്ന ദിവസം. മലയാളം ഒന്നും രണ്ടും പേപ്പറുകള്‍. പ്രശ്നങ്ങളൊന്നുമില്ലാതെ അനായാസം എഴുതാനായി. രണ്ടാം പേപ്പറിലെ അവസാന ചോദ്യമായ പൊതു ഉപന്യാസത്തില്‍ മാത്രമാണ് ചെറിയൊരു പിശകു പറ്റിയത്. വിദ്യാഭ്യാസരംഗവും സിനിമയും തമ്മിലുള്ള ബന്ധമായിരുന്നു വിഷയം. എഴുതി വന്നപ്പോള്‍ കുറച്ചേറെ വിമര്‍ശനാത്മകമായി എന്ന് പുറത്തിറങ്ങിയപ്പോള്‍ത്തന്നെ തോന്നി. എന്നാലും രണ്ടു പേപ്പറിലും നാല്പത്തഞ്ചിനടുത്ത് മാര്‍ക്ക് നേടാനാവും. പിറ്റേന്ന് ഇംഗ്ലീഷ്. ഫസ്റ്റ് പേപ്പറിലെ ‘ഗ്രാമര്‍’ ഭാഗങ്ങള്‍ കുറച്ച് പ്രശ്നമുണ്ടാക്കിയെങ്കിലും മൊത്തത്തില്‍ മോശമില്ലാത്ത പ്രകടനം കാഴ്ചവെക്കാനായി. പിറ്റേന്നത്തെ ഹിന്ദി. ഹിസ്റ്ററി പേപ്പറുകള്‍ പ്രശ്നമൊന്നും ഉണ്ടാക്കിയില്ല. അടുത്ത ദിവസം നടക്കേണ്ടിയിരുന്ന ‘ഭൂമിശാസ്ത്രം’ എറണാകുളത്തോ കോട്ടയത്തോ മറ്റോ (ഓര്‍മയില്ല) ഒരു സ്കൂളില്‍ ചോദ്യപേപ്പറിന്റെ പായ്ക്കറ്റ് മാറി പൊട്ടിച്ചതു കൊണ്ട് മാറ്റിവെക്കേണ്ടിവന്നു - എസ് എസ് എല്‍ സി പരീക്ഷയുടെ ചരിത്രത്തില്‍ അത്യപൂര്‍വമായ സംഭവം. അങ്ങനെ അന്ന് ഫിസിക്സ് പരീക്ഷ മാത്രമായി. അവസാനത്തെ ചോദ്യം ഇവിടെയും ‘പാര’യായി. ഉത്തരത്തോടൊപ്പം നല്‍കേണ്ടിയിരുന്ന ചിത്രത്തില്‍ തെറ്റു പറ്റി. നേടാനാകുമായിരുന്ന മാര്‍ക്ക് നഷ്ടമാകുമെന്ന് വ്യക്തമായപ്പോഴും നഷ്ടപ്പെട്ടതിനെക്കുറിച്ചോര്‍ത്ത് തല പുകയ്ക്കാനൊന്നും നിന്നില്ല. അടുത്തത് എന്റെ ‘സ്വന്തം’ കെമിസ്ട്രി. സ്കൂള്‍ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത എനിക്ക് ഏറ്റവും ആഹ്ലാദകരമായ നിമിഷങ്ങളായിരുന്നു ആ സായാഹ്നം സമ്മാനിച്ചത്. അതേ ദിവസത്തെ രണ്ടാമത്തെ പരീക്ഷ(ബയോളജി)യും അനായാസം പിന്നിടാനായി.

മാര്‍ച്ച് 17. അവസാന ദിവസം. ഗണിതശാസ്ത്രം - ഒന്നും രണ്ടും പേപ്പറുകള്‍. രാവിലത്തെ പരീക്ഷ എഴുതിക്കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ മനസ്സില്‍ നിറഞ്ഞത് സന്തോഷമായിരുന്നു. ‘100%’ വിജയം ഉറപ്പിച്ചതിന്റെ ആഹ്ലാദം, പക്ഷേ അല്പായുസ്സായി. പുറത്തിറങ്ങിയ ശേഷം ചോദ്യപേപ്പര്‍ വെറുതെ ഒന്ന് ‘റിവ്യൂ’ ചെയ്തപ്പോഴാണ് ഞാനതു ശ്രദ്ധിച്ചത് - ഒന്നാം പേജില്‍ ഏറ്റവും അവസാനം ഉണ്ടായിരുന്ന ചോദ്യം. ചോദ്യം വളരെ ലളിതമായിരുന്നെങ്കിലും അതുവരെ മനസ്സില്‍ നിറഞ്ഞുനിന്ന സന്തോഷം ഒരു നിമിഷം കൊണ്ട് എരിഞ്ഞുതീര്‍ന്നു. ആ ചോദ്യം പരീക്ഷാ ഹാളില്‍ ഞാന്‍ കണ്ടതേയില്ലായിരുന്നു. കുട്ടിക്കാലം തൊട്ടേ എന്റെ ‘കൂടപ്പിറപ്പാ’യിരുന്ന അശ്രദ്ധ, ഉറപ്പായിരുന്ന രണ്ടുമാര്‍ക്ക് തട്ടിയെടുത്തതിലുള്ള നിരാശയും എന്നോടു തന്നെയുള്ള ദേഷ്യവും ഞാന്‍ തീര്‍ത്തത് വൈകീട്ട് വീട്ടിലെത്തിയ ശേഷമായിരുന്നു - കുറ്റബോധം വല്ലാതെ അലട്ടുന്ന സന്ദര്‍ഭങ്ങളില്‍ മനസ്സിനെ അടക്കിനിര്‍ത്താനായി ഞാന്‍ തന്നെ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആവിഷ്കരിച്ചിരുന്ന ‘സ്വയംശിക്ഷാ’ പരിപാടിയിലൂടെ. വീട്ടിലെത്തിയപാടെ പതിവുപോലെ ‘ഓഫീസ് റൂ‍മി’ല്‍ (‘ഡ്രോയിങ് - കം - സ്റ്റഡി റൂം’ എന്ന പേരാണ് അതിന് കൂടുതല്‍ യോജിക്കുക) കയറി പുസ്തകങ്ങളൊക്കെ ഷെല്‍ഫില്‍ വെച്ചു. പിന്നെ മുറിയുടെ വാതിലുകളും ജനലുകളും അടച്ചിട്ട് യൂണിഫോം അഴിച്ചുമാറ്റി. എന്നിട്ട് മേശ തുറന്ന്, പുസ്തകങ്ങള്‍ക്കു പിന്നിലായി ഒളിപ്പിച്ചു വെച്ചിരുന്ന ചൂരല്‍ പുറത്തെടുത്തു. അടുത്ത മൂന്നുനാലു മിനിറ്റു നേരം മുറിയിലെ നിശ്ശബ്ദതയെ ഭഞ്ജിച്ചത് വായുവില്‍ പുളയുന്ന ചൂരലിന്റെ മുഴക്കവും തുടയിലും ചന്തിയിലുമായി പതിക്കുന്ന പ്രഹരങ്ങളുടെ പ്രകമ്പനവും മാത്രം. പത്തു മിനിറ്റു കൂടി കഴിഞ്ഞ് വാതില്‍ തുറന്ന് കട്ടിലിന്മേല്‍ കിടന്നിരുന്ന പാന്റ്‌സും ഷര്‍ട്ടും എടുത്തിട്ട് പുറത്തേക്കിറങ്ങുമ്പോള്‍ മനസ്സ് പതിവിലേറെ ശാന്തമായിരുന്നു. നഷ്ടങ്ങളെയും ദു:ഖങ്ങളെയും കുറിച്ച് ഓര്‍ക്കുക പോലും ചെയ്യാതെ മനസ്സിനെ സ്വതന്ത്രമായി വിഹരിക്കാന്‍ വിട്ട് ആസ്വദിക്കാനുള്ള സ്വച്ഛതയുടെ ദിനങ്ങളാണിനി മുന്‍പില്‍.

മാര്‍ച്ച് 29. നേരത്തെ മാറ്റിവെച്ച ഭൂമിശാസ്ത്രം പരീക്ഷ ഇന്നാണ്. വിദ്യാര്‍ഥി എന്ന നിലയില്‍ ക്ലാസ്സില്‍ ഇരിക്കാന്‍ കഴിയുന്ന അവസാന ദിവസം. പഠിക്കാ‍ന്‍ അപ്രതീക്ഷിതമായി വീണുകിട്ടിയ ദിവസങ്ങളുടെ പ്രയോജനം വ്യക്തമായിരുന്നു പരീക്ഷാ ഹാളില്‍. സമയം ആവശ്യത്തിലേറെയുണ്ടെന്നു തോന്നി. ഹാളില്‍ നിന്ന് പുറത്തിറങ്ങിയ ശേഷവും കുറേ നേരം കൂടി വരാന്തയിലൂടെ നടന്നും കടലിന്റെ അനന്തതയിലേക്ക് മിഴികള്‍ നട്ടു നിന്നും വിദ്യാലയ ജീവിതത്തിന്റെ അവസാന നിമിഷങ്ങള്‍ അവിസ്മരണീയമാം വിധം ആസ്വദിക്കാന്‍, എന്നെന്നും മനസ്സില്‍ താലോലിക്കാന്‍ ഗൃഹാതുരത്വം തുടിക്കുന്ന സ്മൃതിമുത്തുകള്‍ ആവോളം വാരിയെടുക്കാന്‍ കൂട്ടുകാര്‍ ഏറെയുണ്ടായിരുന്നു കൂടെ. പിന്നെ ഓരോരുത്തരായി യാത്രപറഞ്ഞ് പിരിഞ്ഞുതുടങ്ങി. എല്ലാവരും യാത്രയാകും വരെ കാത്തുനിന്ന ശേഷം ഒടുവില്‍ വിജനമായ വരാന്തയിലൂടെ തിരിഞ്ഞു നടന്നു. ഗേറ്റു കടന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒരുനിമിഷം പിന്നില്‍നിന്ന് ഒരു വിളിയൊച്ച കേട്ടതുപോലെ തോന്നി. വെറും തോന്നലാണെന്ന് അറിയാമായിരുന്നിട്ടും വെറുതെ ഒന്നു തിരിഞ്ഞു നോക്കി. അടഞ്ഞുകിടക്കുന്ന വാതിലുകള്‍ക്കു നേരെ അവസാനമായി ഒരിക്കല്‍ക്കൂടിയൊന്ന് കണ്ണോടിച്ചു. വിട. കുനിഞ്ഞ ശിരസ്സോടെ തിരിഞ്ഞു നടക്കുമ്പോള്‍ വര്‍ഷങ്ങളായി നെഞ്ചോടു ചേര്‍ത്തുപിടിച്ചിരുന്ന വിലപ്പെട്ടതെന്തോ നഷ്ടപ്പെടുന്നതു പോലെ തോന്നി.

പരീക്ഷയിലെ മൊത്തത്തിലുള്ള പ്രകടനത്തെപ്പറ്റി ചോദിച്ച അച്ഛനോടും അമ്മയോടും ഞാന്‍ ഒന്നേ പറഞ്ഞുള്ളൂ: (600-ല്‍) 560 മാര്‍ക്ക് ഉറപ്പിക്കാം. 540 (90%)-നു മുകളില്‍ എത്തണമെന്ന ആഗ്രഹമേ അവര്‍ക്കുണ്ടായിരുന്നുള്ളൂ. സ്കൂളിലെ പരീക്ഷകളില്‍ ഉത്തരത്തിന്റെ കൃത്യത മാത്രം പരിഗണിക്കപ്പെടുന്ന കണക്ക്, സയന്‍സ് വിഷയങ്ങളിലൊഴികെ ഞാന്‍ കണക്കുകൂട്ടുന്ന മാര്‍ക്ക് പലപ്പോഴും കിട്ടാറില്ല. അതുകൊണ്ടു തന്നെ അത്തവണത്തെ ‘560’ന്റെ കണക്കും അവര്‍ എത്രത്തോളം മുഖവിലയ്ക്കെടുത്തുകാണുമെന്നറിയില്ല.

അടുത്ത ഏതാനും ദിവസങ്ങള്‍ പൂര്‍ണ സ്വാതന്ത്ര്യം ആഘോഷിക്കാനുള്ളതായിരുന്നു. സമയം കളികള്‍ക്കും പുസ്തകങ്ങള്‍ക്കും കൂടി വീതിച്ചുകൊടുത്തു. വലുതാകുമ്പോള്‍ ഡോക്ടറാകണമെന്ന ആഗ്രഹം കുറേ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ടു നടന്നിരുന്നതുകൊണ്ടാവാം, മെഡിക്കല്‍ സയന്‍‌സുമായി ബന്ധമുള്ള പുസ്തകങ്ങളോടായിരുന്നു കൂടുതല്‍ താല്പര്യം. പിന്നെ സാഹിത്യം... ഭാഷാവിജ്ഞാനം... അങ്ങനെ പലതും. അതിനിടെ നാഷനല്‍ ടാലന്റ് സ്കോളര്‍ഷിപ്പ് പരീക്ഷയില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയിരുന്ന ഇരുന്നൂറോളം പേര്‍ക്കായി സംഘടിപ്പിക്കപ്പെട്ടിരുന്ന കോച്ചിങ് ക്യാമ്പും എത്തി. ഏപ്രില്‍ 24 മുതല്‍ മെയ് 7 വരെ തൃശ്ശൂര്‍ രാമവര്‍മപുരത്തെ ജില്ലാ വിദ്യാഭ്യാസ - പരിശീലന കേന്ദ്രത്തിന്റെ (DIET) കാമ്പസിലായിരുന്നു ക്യാമ്പ്. തലശ്ശേരിയില്‍ നിന്ന് രണ്ടു പേര്‍ മാത്രം, രണ്ടു പേരും സെന്റ് ജോസഫ്‌സില്‍ നിന്നു തന്നെ - ഞാനും 10 A-യിലെ വിമലും. രണ്ടാഴ്ച നീണ്ട ക്യാമ്പ് എല്ലാ തരത്തിലും ഒരു പുതിയ അനുഭവമായിരുന്നു. ജീവിതത്തില്‍ ആദ്യമായി വീട്ടില്‍ നിന്ന് അകന്ന് തികച്ചും വ്യത്യസ്തമായ ഒരന്തരീ‍ക്ഷത്തില്‍ കഴിഞ്ഞ ദിനങ്ങള്‍. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള ‘മികച്ച തലകളെ’ പരിചയപ്പെടാനുള്ള അവസരം. അവിടെ പരിചയപ്പെട്ടവരില്‍ കുറച്ചു പേരെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു ഞാന്‍. എറണാകുളം‌ കാരിയായ സരിത എന്‍‍., തൃശ്ശൂരുകാരിയായ (അത് പിന്നീടാണ് മനസ്സിലായത്) അഖില മൂര്‍ത്തി, കോഴിക്കോട്ടു നിന്നുള്ള രവിരാജ്... അങ്ങനെ കുറച്ചുപേര്‍. പിന്നെ മലപ്പുറത്തു നിന്നുള്ള ജാസ്മിന്‍ ഇസ്മായില്‍ എന്ന ഒരു പെണ്‍കുട്ടിയും. ആദ്യത്തെ മൂന്നുപേരും ശ്രദ്ധിക്കപ്പെട്ടത് ‘അക്കാദമിക്’ മികവു കൊണ്ടാണെങ്കില്‍ (എസ്. എസ്. എല്‍. സി. പരീക്ഷയില്‍ മികച്ച വിജയം നേടാന്‍ സാധ്യതയുണ്ട് സരിത - അഖില - രവിരാജ്‌മാര്‍ക്കെന്ന് എനിക്ക് ആദ്യമേ തോന്നിയിരുന്നു.) ജാസ്മിന്‍ എന്റെ ശ്രദ്ധയെ ആകര്‍ഷിച്ചത് ക്യാമ്പിലെ ഏക മുസ്ലിം പെണ്‍കുട്ടി എന്ന നിലയിലായിരുന്നു. അന്നൊക്കെ മലപ്പുറം ജില്ല പൊതുവേ വിദ്യാഭ്യാസ നിലവാരത്തില്‍ പിന്നാക്കം നില്‍ക്കുന്ന മേഖലയായാണ് കരുതപ്പെട്ടിരുന്നത്. ആ മേഖലയില്‍ നിന്നുള്ള ഒരാള്‍ - അതും ഒരു മുസ്ലിം പെണ്‍‌കുട്ടി - എന്ന നിലയ്ക്കാണ് ഞാന്‍ ആദ്യം ആ കുട്ടിയെ ശ്രദ്ധിച്ചത്. ആദ്യമായി കണ്ട നിമിഷം മറ്റൊരു തരത്തില്‍ക്കൂടി എന്നെ പിടിച്ചുനിര്‍ത്തി അവള്‍ - തന്റെ പൊക്കം കൊണ്ട്! ആ പ്രായത്തില്‍ ശരാശരി ആണ്‍കുട്ടികളേക്കാള്‍ കൂടുതല്‍ പൊക്കമുണ്ടായിരുന്ന എന്നോട് അക്കാര്യത്തില്‍ ഒപ്പത്തിനൊപ്പം ‘മത്സരിക്കാന്‍’ പോന്ന ഒരു പെണ്‍കുട്ടിയെ ഞാന്‍ ആദ്യമായി കണ്ടത് അന്നായിരുന്നു. എന്തുകൊണ്ടെന്നറിയില്ല, എനിക്ക് ആ കുട്ടിയോട് എന്തോ ഒരു പ്രത്യേക അടുപ്പം തോന്നി. സൌഹൃദമെന്നോ സ്നേഹമെന്നോ ബഹുമാനമെന്നോ ആരാധനയെന്നോ ഇനി, ഇതൊന്നുമല്ലാതെ ഒരു പക്ഷേ ‘പ്രണയം’ എന്നാണോ അതിനെ വിളിക്കേണ്ടത്? എനിക്കറിഞ്ഞുകൂടാ. ഏതായാലും രണ്ടാഴ്ചക്കാലം ഒരേ കാമ്പസില്‍ കഴിഞ്ഞിട്ടും ക്ലാസ്സുകളില്‍ ഇരുന്നിട്ടും ഒരിക്കല്‍പ്പോലും മുഖാമുഖം കാണാതെ, ഒരു വാക്കു പോലും പരസ്പരം സംസാരിക്കാതെ വഴി പിരിഞ്ഞ ശേഷം ഒരിക്കലും പരസ്പരം കാണുകയോ അറിയുകയോ ചെയ്തില്ലെങ്കിലും ജാസ്മിന്‍ എനിക്ക് നല്‍കിയത് ഒരു കഥാപാത്രത്തെയായിരുന്നു - വര്‍ഷങ്ങള്‍ക്കു ശേഷം എഴുതിയ ഒരു കഥയിലെ നായികയായി.

രണ്ടാഴ്ചത്തെ ക്യാമ്പ് ജീവിതവും അതു കഴിഞ്ഞ് എറണാകുളത്ത് പരീക്ഷയും കഴിഞ്ഞ് തിരികെയെത്തിയ ശേഷം വീണ്ടും പുസ്തകങ്ങളുടെ ലോകത്തേക്ക്. പതിവു പോലെ കടന്നു പോയ ദിവസങ്ങള്‍. എസ്. എസ്. എല്‍. സി. പരീക്ഷാഫലം പ്രഖ്യാപിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ ചില ‘കഥകള്‍’ പുറത്തുവന്നുതുടങ്ങി. ആദ്യ പതിനഞ്ചു റാങ്കുകളില്‍ ‘കോണ്‍‌വെന്റില്‍’ (സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍) രണ്ടും സെന്റ് ജോസഫ്‌സില്‍ ഒന്നും ഉണ്ടെന്നായിരുന്നു ‘വാര്‍ത്ത’കള്‍. കോണ്‍‌വെന്റില്‍ രാധികാവേണുഗോപാല്‍, ജിജി ജോര്‍ജ് എന്നീ പേരുകളും ഞങ്ങളുടെ സ്കൂളില്‍ വിമലിന്റെ പേരുമായിരുന്നു ‘റാങ്ക് പ്രചാരണ’ത്തില്‍ ഉയര്‍ന്നുകേട്ടത്. ഏതായാലും ഔദ്യോഗിക ഫലപ്രഖ്യാപനം വന്നപ്പോള്‍ ‘കഥകള്‍’ പലതും തകര്‍ന്നു. കണ്ണൂര്‍ ജില്ലയില്‍ ആകെ ഉണ്ടായിരുന്നത് ഒറ്റ റാങ്ക് മാത്രം - സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ നിന്ന് പത്താം റാങ്ക് നേടിയ രാധിക. എന്‍‌ ടി‌ എസ് ക്യാമ്പില്‍ വെച്ച് ഞാന്‍ കണക്കു കൂട്ടിയത് തെറ്റിയില്ല. 588 മാര്‍ക്കോടെ സരിത ഒന്നാം റാങ്ക് സ്വന്തമാക്കിയപ്പോള്‍ മൂന്നാം സ്ഥാനത്ത് അഖിലയും നാലാം സ്ഥാനത്ത് രവിരാജും ഉണ്ടായിരുന്നു. രണ്ടാം റാങ്ക് രണ്ടു പേര്‍ പങ്കിട്ടതില്‍ ഒരാള്‍ (കോഴിക്കോടുകാരിയായ ലക്ഷ്മി) ഉള്‍പ്പെടെ ആദ്യ പതിനഞ്ചു റാങ്കുകള്‍ പങ്കിട്ടവരില്‍ എഴുപതോളം പേര്‍ അന്ന് ക്യാമ്പില്‍ ഉണ്ടായിരുന്നവരാണെന്ന് പിന്നീടു മനസ്സിലായി. പരീക്ഷാഫലത്തെസ്സംബന്ധിച്ച് എനിക്കുണ്ടായിരുന്ന ആഗ്രഹങ്ങളില്‍ രണ്ടാമത്തേത് സഫലമായി - സ്കൂളിന് അഞ്ചു വര്‍ഷത്തിനു ശേഷം 100% വിജയം നേടാനായി - എന്നത് ഏറെ സന്തോഷം നല്‍കുന്നതായി. (ആദ്യത്തേതിന്റെ കാര്യം അറിയണമെങ്കില്‍ എസ് എസ് എല്‍ സി ബുക്ക് സ്കൂളില്‍ എത്തുന്നതു വരെ കാത്തിരിക്കണം.)

പരീക്ഷാഫലം വന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷം എസ് എസ് എല്‍ സി ബുക്കുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തി. തലശ്ശേരി ഡി ഇ ഒ ഓഫീസില്‍ അച്ഛന് പരിചയമുണ്ടായിരുന്ന ഒന്നുരണ്ടുപേര്‍ വഴി എന്റെ മാര്‍ക്ക് വിവരങ്ങള്‍ നേരത്തെ അറിയാന്‍ ഒരു ശ്രമം നടത്തി നോക്കിയിരുന്നെങ്കിലും അപ്പോഴേക്കും ബുക്കുകള്‍ സ്കൂളിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു. എങ്കില്‍‌പ്പിന്നെ അവിടെ ചെന്നുനോക്കാം എന്നായി. അങ്ങനെ സ്കൂളിലെത്തിയ എന്നെ കാത്തിരുന്നത് ഏറ്റവും ആഹ്ലാദകരമായ വാര്‍ത്തയായിരുന്നു - 600-ല്‍ 562 മാര്‍ക്ക്. ഒപ്പം ഞാന്‍ ഏറെ ആഗ്രഹിച്ച ‘സ്കൂള്‍ ടോപ്പര്‍’ സ്ഥാനവും എനിക്കു സ്വന്തം. നേരത്തെ ‘റാങ്ക് കഥ’കളില്‍ നിറഞ്ഞുനിന്നിരുന്ന വിമല്‍, അതേ ക്ലാസ്സിലെ അവിനാഷ് എന്നിവര്‍ 556 മാര്‍ക്കോടെ രണ്ടാം സ്ഥാനത്തും. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഇംഗ്ലീഷ് മീഡിയത്തിന്റെ മേധാവിത്വം തകര്‍ന്നത് അദ്ധ്യാപകര്‍ക്കിടയില്‍പ്പോലും ചര്‍ച്ചാവിഷയമാകുകയായിരുന്നു. ഒരു വിഷയത്തിനു പോലും ട്യൂഷനില്ലാതെ ചരിത്രം തിരുത്തിയെഴുതിയ അട്ടിമറി വിജയത്തിലൂടെ ‘സൂപ്പര്‍ താര’ പദവിയിലേക്ക് ഉയരുകയായിരുന്നു ഞാന്‍. ഓരോ വിഷയത്തിലെയും മാര്‍ക്കുവിവരം കൂടി അറിഞ്ഞപ്പോള്‍ ആഹ്ലാദിക്കാന്‍ മറ്റൊരു നിമിത്തം കൂടി - കെമിസ്ട്രിയിലെ അത്ഭുതപ്രകടനം - 50-ല്‍ 50. ഒന്നാം റാങ്കുകാരിക്കു പോലും അവകാശപ്പെടാനാവാ‍ത്ത നേട്ടം.

തുടര്‍ന്നുള്ള ഒന്നുരണ്ടാഴ്ച വിജയാഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയുമായിരുന്നു. അതുവരെ എന്റെ ‘എസ്റ്റിമേറ്റു’കളെ മുഖവിലക്കെടുക്കാതിരുന്ന അച്ഛനും അമ്മയും എന്റെ കണക്കുകൂട്ടലുകളുടെ അവിശ്വസനീയമായ കൃത്യതയ്ക്കു മുന്‍‌പില്‍ മറുപടിയില്ലാത്തവരായി. ജില്ലയിലെ രണ്ടാം സ്ഥാനം ഒറ്റ മാര്‍ക്ക് വ്യത്യാസത്തില്‍ നഷ്ടപ്പെട്ടത് ചരിത്രവിജയത്തിന്റെ ആഹ്ലാദത്തിനിടയിലും എനിക്ക് നേരിയൊരു നൊമ്പരമായി. 563 മാര്‍ക്കോടെ ജിജി - ജിജി ജോര്‍ജ് - ആ സ്ഥാനം സ്വന്തമാക്കിയിരുന്നു. കണക്കിന്റെ ഒന്നാം പേപ്പറില്‍ തികഞ്ഞ അശ്രദ്ധ കൊണ്ടു മാത്രം നഷ്ടമായ രണ്ടു മാര്‍ക്ക് എത്രത്തോളം വിലപ്പെട്ടതായിരുന്നു എന്ന് ശരിക്കും ബോധ്യമായത് അപ്പോഴായിരുന്നു. അതിന് ഞാന്‍ സ്വയം സ്വീകരിച്ച ശിക്ഷ അല്പം കൂടിപ്പോയോ എന്ന് ഇടയ്ക്ക് തോന്നിയിരുന്നു. ആ സംശയവും അതോടെ തീര്‍ന്നു.

*****

സ്കൂളിന്റെയും പല സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിലുള്ള സ്വീകരണങ്ങളും അവാര്‍ഡുകളുമൊക്കെയായി കുറേ ദിവസങ്ങള്‍ കൂടി കടന്നുപോയി. അതിനിടയ്ക്ക് ഒരു ദിവസം ഒന്നാം റാങ്കുകാരിയായ സരിതയ്ക്ക്, അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ട് ഞാന്‍ ഒരു കത്തെഴുതി, ക്യാമ്പില്‍ നിന്ന് കിട്ടിയ അഡ്രസ് വെച്ച് - ഒരു പെണ്‍‌കുട്ടിക്ക് ജീവിതത്തില്‍ ആദ്യമായി എഴുതുന്ന എഴുത്ത്. ‘സഹോദരി’യെന്ന് സംബോധന ചെയ്തുകൊണ്ട് എഴുതിയ എഴുത്തിന് മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല ഞാന്‍. അതുകൊണ്ട് ഒരാഴ്ചയ്ക്കു ശേഷം എന്നെ തേടിയെത്തിയ കാര്‍ഡ് കണ്ടപ്പോള്‍ ഏറെ സന്തോഷം തോന്നി.

ജില്ലയിലെ ഏറ്റവും പ്രശസ്തമായ കോളേജുകളിലൊന്നായ ഗവണ്‍‌മെന്റ് ബ്രണ്ണന്‍ കോളേജില്‍ പ്രീഡിഗ്രി സെക്കന്‍‌ഡ് ഗ്രൂപ്പിന് പ്രവേശനം ഉറപ്പിച്ചതോടെ വിദ്യാഭ്യാസജീവിതത്തിലെ അടുത്ത ഘട്ടം ആരംഭിക്കുകയായി. ഇനി കലാലയ ജീവിതത്തിലേക്ക്.

*****

രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ടു ഷിഫ്റ്റിലായി നടന്നിരുന്ന പ്രീഡിഗ്രി ക്ലാസ്സുകളില്‍ ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റായിരുന്നു എനിക്ക് കിട്ടിയത്. സഹപാഠികളില്‍ നേരത്തെ കുറച്ചെങ്കിലും പരിചയമുള്ളത് ജിജിയെ മാത്രം. ബാക്കിയെല്ലാം തികച്ചും അപരിചിത മുഖങ്ങള്‍. കോളേജിലെ ആദ്യ ദിനങ്ങള്‍ ആശങ്കയുടേതായിരുന്നു. അന്നോളം പരിചയിച്ചതില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒരന്തരീക്ഷം. സീനിയര്‍ ചേട്ടന്മാര്‍ എങ്ങനെയാവും ‘സ്വീകരിക്കുക’യെന്ന ചിന്തയായിരുന്നു ആദ്യം മനസ്സിലുണ്ടായിരുന്നത്. അച്ഛന്റെ അളിയനായ വാസുവേട്ടന്റെ സുഹൃത്തും കോളേജില്‍ ചരിത്ര വിഭാഗം പ്രൊഫസറുമായ സുധാ‍കരന്‍ മാഷ് കാര്യങ്ങളെപ്പറ്റി ഒരു ഏകദേശ ധാരണ തന്നിരുന്നു. നവാഗതരെ സാമ്പത്തികമായി ‘പിഴിയാന്‍’ കാത്തിരിക്കുന്ന ചിലരെങ്കിലും ഉണ്ടാകുമെന്ന് അറിയാമായിരുന്നതുകൊണ്ട് ആദ്യത്തെ കുറച്ചു ദിവസമെങ്കിലും ബസ് ചാര്‍ജിനും ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ മാത്രം അത്യാവശ്യം ഉച്ചഭക്ഷണത്തിലും വേണ്ടതില്‍ക്കൂടുതല്‍ പണം കൈയില്‍ വെക്കേണ്ട എന്ന് തീരുമാനിച്ചിരുന്നതാണ് ഏക ‘മുന്‍‌കരുതല്‍ നടപടി’. (കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഫിസിക്സ് പ്രൊഫസര്‍ മാത്യു അദ്ദേഹത്തിന്റെ വീട്ടില്‍ നടത്തിയിരുന്ന ട്യൂഷന്‍ ക്ലാസ്സില്‍ മറ്റു പലരോടുമൊപ്പം ചേര്‍ന്നിരുന്നു ഞാനും. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ രാവിലെയാണ് ക്ലാസ്. അതുകൊണ്ട് ഉച്ചയ്ക്ക് ഭക്ഷണം ഹോട്ടലില്‍ നിന്ന് കഴിക്കുകയേ വഴിയുള്ളൂ.) ഏതായാലും ആശങ്കകളൊക്കെ അസ്ഥാനത്താണെന്ന് ഒരാഴ്ച കൊണ്ടു തന്നെ മനസ്സിലായി. സംസ്ഥാനത്തെ ഏറ്റവും ശക്തമായ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ് എഫ് ഐ-ക്ക് ഏറ്റവും ശക്തമായ സ്വാധീനമുള്ള കോളേജ് ക്യാമ്പസില്‍ എപ്പോഴും എന്തു സഹായത്തിനും എത്താന്‍ തയ്യാറുള്ള സംഘടനാ പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ പ്രശ്നങ്ങള്‍ക്ക് സ്ഥാനമില്ല എന്ന് വ്യക്തമായിരുന്നു. ആദ്യ നാളുകളില്‍ത്തന്നെ സംഘടനയുടെ ചില പ്രമുഖ നേതാക്കളെ പരിചയപ്പെടാനും സൌഹൃദം സ്ഥാപിക്കാനും കഴിഞ്ഞത് എനിക്ക് ഒട്ടൊന്നുമല്ല സന്തോഷം പകര്‍ന്നത്.

ആദ്യത്തെ ഒരു മാസത്തോളം ക്ലാസ്സുകള്‍ കാര്യമായൊന്നും നടന്നിരുന്നില്ല. ഇടയ്ക്കിടെ സമരങ്ങളും മറ്റുമായി ദിവസങ്ങള്‍ കടന്നുപോയി. ആയിടയ്ക്കാണ് ‘ആഫ്റ്റര്‍‌നൂണ്‍’ ഷിഫ്റ്റിന്റെ ഒരു പോരായ്മ മനസ്സിലായത് - സമരങ്ങള്‍ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഞങ്ങളെയാണ്. രാവിലത്തെ ഷിഫ്റ്റില്‍ നേരത്തെ ക്ലാസ് തുടങ്ങുന്നതു കൊണ്ട് ആദ്യത്തെ ഒരു മണിക്കൂറെങ്കിലും ക്ലാസ് തടസ്സമില്ലാതെ നടക്കും. ഈ യൊരു ഗുണം കണക്കിലെടുത്തപ്പോള്‍ രാവിലത്തെ ഷിഫ്റ്റിലേക്ക് മാറാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും എന്ന് തോന്നിത്തുടങ്ങി. അതിനു വേണ്ടി അച്ഛന്റെയും വാസുവേട്ടന്റെയും ഉപദേശമനുസരിച്ച്, അന്ന് പ്രിന്‍‌സിപ്പലിന്റെ ചാര്‍ജ് കൂടി വഹിച്ചിരുന്ന സുധാകരന്‍ മാഷെ സമീപിച്ചു. പ്രയാസമൊന്നുമില്ലാതെ കാര്യം നടന്നു. ഓണം അവധിക്കു ശേഷം ക്ലാസ് തുടങ്ങുമ്പോള്‍ രാവിലത്തെ ഷിഫ്റ്റിലേക്ക് മാറ്റാമെന്ന് അദ്ദേഹം ഉറപ്പു നല്‍കി. അങ്ങനെ രണ്ടു ഷിഫ്റ്റിലും പഠിക്കാന്‍ കഴിയുക എന്ന അപൂര്‍വ ഭാഗ്യത്തിന് ഉടമയാകുകയായിരുന്നു ഞാന്‍.

1993 സപ്തംബര്‍ 13. തിങ്കളാഴ്ച. ഓണം അവധി കഴിഞ്ഞ് ക്ലാസ് തുടങ്ങുന്ന ദിവസം. ഷിഫ്റ്റ് മാറ്റത്തിനു ശേഷം ആദ്യ ദിവസമായതുകൊണ്ട് രാവിലെ കുറച്ച് നേരത്തെ തന്നെ ക്ലാസ്സിലെത്തിയിരുന്നു ഞാന്‍. പഴയതില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ എനിക്ക് നേരത്തെ പരിചയമുള്ള കുറച്ചുപേര്‍ ഉണ്ട് - സ്കൂളില്‍ ഒപ്പം ഉണ്ടായിരുന്ന ചിലര്‍. ആണ്‍കുട്ടികള്‍ ന്യൂനപക്ഷമാണെന്നത് മറ്റൊരു പ്രത്യേകത. ക്ലാസ്സിന്റെ മൂന്നില്‍ രണ്ടു ഭാഗവും പെണ്‍കുട്ടികള്‍ കൈയടക്കിയിരിക്കുന്നു. അക്കൂട്ടത്തിലും ഉണ്ട് എനിക്ക് നേരത്തെ പരിചയമുള്ള ഒരു മുഖം - രാധിക.

സമയം 8.50. കുട്ടികള്‍ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ. വലത്തേയറ്റത്തെ ‘റോ’യിലെ ആദ്യ ബെഞ്ചില്‍ സ്ഥാനം പിടിച്ചിരുന്ന ഞാന്‍ അടുത്തിരുന്ന പുതിയ കൂട്ടുകാരെയൊക്കെ ഔപചാരികമായി പരിചയപ്പെട്ടു കഴിഞ്ഞു. ഡെസ്കിന്മേല്‍ ഏതോ ഒരു പുസ്തകം തുറന്നു വെച്ച് വെറുതെ വാതില്‍ക്കലേക്ക് നോക്കിക്കൊണ്ട് ഇരിക്കുകയായിരുന്നു ഞാന്‍ - പരിചയമുള്ള മുഖങ്ങളേതെങ്കിലും കടന്നു വരുന്നുണ്ടോ എന്നറിയാന്‍. ആ സമയത്താണ് മഞ്ഞ നിറമുള്ള പാവാടയും ബ്ലൌസുമണിഞ്ഞ് ഒരു പെണ്‍കുട്ടി കടന്നുവന്നത്. സാമാന്യം നല്ല ഭംഗിയുള്ള മുഖം. ഒരല്പം അസാധാരണത്വം തോന്നിക്കുമാറ് വിടര്‍ന്ന കണ്ണുകളാണ് ആദ്യം ശ്രദ്ധിച്ചത്. എന്തുകൊണ്ടെന്നറിയില്ല ഏതാനും നിമിഷം കണ്ണിമയ്ക്കാതെ നോക്കിയിരുന്നുപോയത്. ഉള്ളിന്റെയുള്ളില്‍ എവിടെയോ ഒരു ചെറു ചലനം. ഏറെ നാളായി തേടിക്കൊണ്ടിരുന്ന വിലമതിക്കാനാവാത്ത എന്തോ ഒന്ന് കണ്ടെത്തിയതു പോലെ. വല്ലാതെ പിടയ്ക്കുന്ന മനസ്സിനെ അടക്കിനിര്‍ത്താനാവുന്നില്ല എത്ര ശ്രമിച്ചിട്ടും. ജീവിതത്തില്‍ ആദ്യമായിട്ടാണിങ്ങനെ... എന്നോ കൈവിട്ടുപോയ സഹോദരിയെ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടിയാലെന്ന പോലെ. മനസ്സ് വര്‍ഷങ്ങള്‍ക്കു പിന്നിലേക്കു പറക്കുകയായിരുന്നു. അമ്മയ്ക്ക് എന്നേക്കാള്‍ മുന്‍പേ ജനിക്കേണ്ടിയിരുന്ന കുഞ്ഞിനെപ്പറ്റി അറിഞ്ഞതു മുതല്‍ ഞാന്‍ അറിഞ്ഞോ അറിയാതെയോ മനസ്സില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമായിരുന്നു ഒരു ചേച്ചി - അല്ലെങ്കില്‍ സമപ്രായക്കാരിയായ ഒരു സഹോദരി - ഉണ്ടായിരുന്നെങ്കില്‍ എന്നത്. ഒരിക്കലും സഫലമാകില്ല എന്ന് അറിയാമെങ്കിലും കവി പാടിയതു പോലെ ‘വെറുതേ മോഹിക്കുവാന്‍ മോഹം’. ഒരു പതിറ്റാണ്ടോളമായി ഉള്ളിന്റെയുള്ളില്‍ ഉറങ്ങിക്കിടന്ന ആഗ്രഹങ്ങള്‍ക്ക് ഒടുവില്‍ ചിറകു മുളയ്ക്കുകയാണോ എന്നു തോന്നി.

പരിചയപ്പെടണമെന്ന് അതിയായ ആഗ്രഹം തോന്നിയെങ്കിലും അങ്ങോട്ടു കയറി ‘ഹെഡ്’ ചെയ്യാന്‍ - എന്തിന്, പേരു ചോദിക്കാന്‍ പോലും - എന്തോ, തെല്ലൊരു മടി തോന്നി. സ്വതവേ കുറച്ചധികം അന്തര്‍‌മുഖത്വമുള്ള സ്വഭാവമായിരുന്നു എന്റേത്. ('ആയിരുന്നു' എന്നല്ല, ഇപ്പോഴും അതെ!) അതാവാം കാരണം. പിന്നീട് എപ്പോഴെങ്കിലും പരിചയപ്പെടാന്‍ അവസരം കിട്ടും എന്ന് സ്വയം ആശ്വസിപ്പിച്ചു. അടുത്ത ദിവസം ഫിസിക്സ് ട്യൂഷന്‍ ക്ലാസ്സില്‍ എത്തിയപ്പോള്‍ അവിടെയും കണ്ടു ആ മുഖം. പരിചയപ്പെടാന്‍ അവസരത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്ന് ഉറപ്പായി. സംസാരിക്കാനുള്ള മടി കൂടെത്തന്നെ ഉണ്ടായിരുന്നതു കൊണ്ട് തല്‍ക്കാലം മൌനം തുടര്‍ന്നു.

രണ്ടുമൂന്നാഴ്ചകള്‍ അങ്ങനെ കടന്നുപോയി. ഒരു ദിവസം ട്യൂഷന്‍ ക്ലാസ്സില്‍ സാര്‍ തൊട്ടുമുന്‍പത്തെ ആഴ്ച നടത്തിയിരുന്ന ഒരു ‘ടെസ്റ്റ്’ന്റെ മൂല്യനിര്‍ണയം കഴിഞ്ഞ് പുസ്തകങ്ങള്‍ തിരിച്ചുനല്‍കുകയായിരുന്നു. പതിവില്‍ കവിഞ്ഞ ശ്രദ്ധയോടെയാ‍യിരുന്നു ആ നിമിഷങ്ങളില്‍ ഞാന്‍ ഇരുന്നത്. കാരണം മറ്റൊന്നുമല്ല, ‘ആ കുട്ടി’യുടെ പേര് നേരിട്ടു ചോദിക്കാതെ തന്നെ അറിയാനുള്ള അവസരമാണ് കൈവരുന്നത് എന്നതു തന്നെ! ഏറെ നേരമൊന്നും കാത്തിരിക്കേണ്ടി വന്നില്ല. ‘പ്രിയങ്ക മോഹൻ’... സാറിന്റെ ശബ്ദം കാതുകളിലെത്തിയതോടൊപ്പം അവള്‍ കസേരയില്‍ നിന്ന് എഴുന്നേല്‍ക്കുന്നതു കണ്ടതോടെ എന്റെ മനസ്സില്‍ ആ നാമധേയം കാലത്തിനു പോലും മായ്ക്കാനാവാത്ത വിധം സ്ഥിരപ്രതിഷ്ഠിതമാകുകയായിരുന്നു. ഒരു വാക്കു പോലും നേരില്‍ സംസാരിക്കാതെ തന്നെ അവളെ ഞാന്‍ എന്റെ സ്വപ്നങ്ങളിലെ സഹോദരിയായി സങ്കല്പിച്ചു തുടങ്ങുകയായിരുന്നു. അന്നു മുതല്‍ ഇന്നോളം ഞാന്‍ ആ പെണ്‍കുട്ടിയെ എന്റെ സ്വന്തം സഹോദരിയായിട്ടേ കണ്ടിട്ടുള്ളൂ‍.

എടുത്തുപറയത്തക്ക സംഭവങ്ങളൊന്നും ഇല്ലാതെ നാളുകള്‍ കടന്നുപോയിക്കൊണ്ടിരുന്നു, കോളേജിലെ ക്ലാസ്സുകളും ട്യൂഷനുമൊക്കെയായി. ഫിസിക്സിനു പുറമേ കെമിസ്ട്രിക്ക് സുകുമാരന്‍ മാഷ്‌ടെ വീട്ടിലും മാത്‌സിന് (ഫിസിക്സും കെമിസ്ട്രിയും ബയോളജിയും ഉള്‍പ്പെട്ട സെക്കന്‍‌ഡ് ഗ്രൂപ്പാണ് എടുത്തിരുന്നതെങ്കിലും കൂടെ ‘അഡീഷണല്‍ ഓപ്‌ഷനല്‍’ ആയി മാത്‌സും എടുത്തിരുന്നു) കോളേജില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെ ചിറക്കുനിയില്‍ സുരേഷ് എന്നയാളുടെ വീട്ടിലുമായിരുന്നു ട്യൂഷന്‍ ക്ലാസ്സുകള്‍. മിക്കവാറും വിരസമായ ദിനങ്ങള്‍. വായനയിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങിയതു മാത്രമായിരുന്നു ഇക്കാലയളവിലെ പറയത്തക്ക ഏക ‘സംഭവവികാസം’. ഇംഗ്ലീഷിനോട് നേരത്തേ ഉണ്ടായിരുന്ന ‘പ്രണയം’ കൂടുതല്‍ ശക്തമായതോടെ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ടുമെന്റിലെ അദ്ധ്യാപകരുമായിട്ടായി കൂടുതല്‍ അടുപ്പം.

ആദ്യ വര്‍ഷത്തെ പരീക്ഷ എത്തിയപ്പോഴാണ് എന്റെ ‘ഇംഗ്ലീഷ് ഭ്രമം’ വിനയായിത്തുടങ്ങുന്നു എന്നു മനസ്സിലായത്. ഭാഷയിലുള്ള സ്വാധീനം എടുത്തു കാട്ടാനുള്ള ശ്രമത്തില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ആവശ്യത്തിലേറെ നീണ്ടുപോകാന്‍ തുടങ്ങി. ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഒതുക്കേണ്ടതു പോലും പേജുകളോളം നീണ്ടപ്പോള്‍ അവസാനം നാലഞ്ചു ചോദ്യങ്ങള്‍ക്ക് ഉത്തരം ചുരുക്കിപ്പോലും എഴുതിത്തീര്‍ക്കാന്‍ പോലും പറ്റിയില്ല. റിസള്‍ട്ട് വന്നപ്പോള്‍ അതിന്റെ ‘ഗുണം’ കാണാനുണ്ടായിരുന്നു. മറ്റു വിഷയങ്ങള്‍ക്കൊക്കെ സാമാന്യം മികച്ച പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഇംഗ്ലീഷില്‍ മാര്‍ക്ക് നൂറില്‍ അറുപതിലൊതുങ്ങി.

അടുത്ത കൊല്ലവും ജീവിതം ഏറെക്കുറെ അതേ രീതിയില്‍ത്തന്നെ തുടര്‍ന്നു. കാര്യമായ സംഭവങ്ങളൊന്നുമില്ലാതെ, ഒഴുക്കിനൊത്ത് നീന്തുന്നതുപോലെ. ‘സഹോദരി’യുടെ സാമീപ്യം ഒഴിച്ചുനിര്‍ത്തിയാല്‍ കെമിസ്ട്രിയുടെയും ബോട്ടണിയുടെയുമൊക്കെ പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ മാത്രമായിരുന്നു കോളേജിനോട് കുറച്ചെങ്കിലും താല്പര്യം നിലനിര്‍ത്താന്‍ സഹായിച്ചിരുന്നത്. ബാക്കിയൊക്കെ തികച്ചും വിരസമായ കുറേ മണിക്കൂറുകള്‍ മാത്രം. എന്തുകൊണ്ടെന്നറിയില്ല, ക്ലാസ്സിലെ സഹപാഠികളോട് സംസാരിക്കാനുള്ള താല്പര്യം പോലും കുറഞ്ഞു വരുന്നതു പോലെ തോന്നി. (രണ്ടു കൊല്ലത്തെ പ്രീഡിഗ്രി പഠനത്തിന്റെ അവസാന നാളുകള്‍ എത്തുന്നതു വരെ ഞാന്‍ ഒരു വാക്കു പോലും സംസാരിച്ചിട്ടില്ലാത്ത കുട്ടികള്‍ പോലും ഉണ്ടായിരുന്നു ക്ലാസ്സില്‍ എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ?)

1995 ജനുവരി 26. അമ്മയുടെ അമ്മാവന്റെ മകളായ ലീലേച്ചിയുടെ മകന്റെ വിവാഹദിനം. സാധാരണ നിലയിലാണെങ്കില്‍ അമ്മയുടെയും അച്ഛന്റെയും കൂടെ ഞാനും കല്യാണത്തിന് പോകേണ്ടതായിരുന്നു. പക്ഷേ കോളേജ് അവധിയാണെങ്കിലും മാത്‌സ് ട്യൂഷന്‍ ഉള്ളതുകൊണ്ട് അതിനു പോകേണ്ടിവന്നു. കല്യാണ വീട്ടില്‍ വെച്ച് അമ്മയെ ഒരു പെണ്‍‌കുട്ടി വന്ന് പരിചയപ്പെട്ടു - ‘പ്രശാന്തിന്റെ അമ്മയാണോ...?’ എന്നു ചോദിച്ച്. (ഞങ്ങളുടെ ക്ലാസ്സില്‍ ഒരു പ്രശാന്ത് ഉണ്ടായിരുന്നു. ലീലേച്ചിയുടെ വീടിനടുത്തായിരുന്നു അവന്റെ വീട്. മകന്‍ ബ്രണ്ണനില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണെന്ന് അമ്മ ആരോടെങ്കിലും പറയുന്നത് കേട്ടായിരിക്കാം അങ്ങനെ ചോദിച്ചത്.) പരിചയപ്പെട്ടു വന്നപ്പോള്‍ മനസ്സിലായി, അവള്‍ വാസുവേട്ടന്റെ (ലീലേച്ചിയുടെ ഭര്‍ത്താവ്) സഹോദരിയുടെ മകളാണെന്ന്. ബ്രണ്ണനില്‍ പ്രീഡിഗ്രിക്ക് പഠിക്കുകയാണെന്നും സെക്കന്‍ഡ് ഗ്രൂപ്പില്‍ രാവിലത്തെ ഷിഫ്റ്റിലാണെന്നുമൊക്കെ പറഞ്ഞു. വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ അമ്മ ചോദിച്ചു, ‘നിനക്ക് ഒരു പ്രിയങ്കയെ അറിയാമോ’ എന്ന്. പരിചയപ്പെട്ടതും ബന്ധത്തിന്റെ കാര്യവുമൊക്കെ കേട്ടപ്പോള്‍ എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ‘ഇനി കാണുമ്പോള്‍ ധൈര്യമായി പറയാമല്ലോ എന്റെ പെങ്ങളാണെന്ന്‘ എന്നായിരുന്നു എന്റെ പ്രതികരണം. പിറ്റേന്ന് കോളേജില്‍ ഇന്റര്‍‌വെല്‍ സമയത്ത് അവള്‍ എന്റെ അടുത്തു വന്ന് അമ്മയെ പരിചയപ്പെട്ട കാര്യം പറഞ്ഞു. ഒപ്പം ഒരു ചോദ്യവും: ‘അമ്മ പരിചയപ്പെട്ട കാര്യം പറഞ്ഞപ്പോള്‍ നീയെന്തു പറഞ്ഞു’ എന്ന്. “എനിക്ക് ഒരു പെങ്ങളെക്കൂടി കിട്ടി” എന്നായിരുന്നു എന്റെ മറുപടി - ഒന്നരക്കൊല്ലമായി മനസ്സില്‍ അടക്കിയിരുന്ന സ്വപ്നങ്ങള്‍ക്ക് ആദ്യമായി സ്വാതന്ത്ര്യം നല്‍കുകയായിരുന്നു ഞാന്‍.

ഏതാനും നാളുകള്‍ക്കകം വീണ്ടും ഒരു ‘വിടപറയല്‍ കാലം’ എത്തി. രണ്ടു വര്‍ഷത്തെ കോളേജ് ജീവിതത്തോട് യാത്ര പറഞ്ഞ് പിരിയാനുള്ള സമയം അടുക്കുകയായി. ഓട്ടോഗ്രാഫുകളും ആശംസാവചനങ്ങളുമൊക്കെ ഒരിക്കല്‍ക്കൂടി ഓര്‍മകളില്‍ നിറയുകയായി. എന്റെ ഓട്ടോഗ്രാഫ് ബുക്കിന്റെ ആദ്യ പേജ് ഇത്തവണ എന്റെ ‘സഹോദരി‍’ക്കു വേണ്ടി നീക്കിവെച്ചു ഞാന്‍. ഒപ്പം മനോഹരമായ ഏതാനും വാചകങ്ങള്‍ ഒരുക്കിവെച്ചു, അവളുടെ ഓട്ടോഗ്രാഫ് പുസ്തകത്തിനു വേണ്ടി മാത്രം. ജീവിതത്തില്‍ മുന്‍‌കൂട്ടി പ്ലാന്‍ ചെയ്ത് എഴുതിയ ഏക ഓട്ടോഗ്രാഫ് കുറിപ്പ് അതായിരുന്നു. കോളേജ് ജീവിതത്തോട് വിടപറയുന്നതിന് മുന്നോടിയായി ഒരു ‘ചടങ്ങു’കൂടി ബാക്കിയുണ്ടായിരുന്നു - ‘ഫെയര്‍വെല്‍ ഡേ’ - ഔപചാരികമായ വിടവാങ്ങല്‍. അംഗസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും പരിപാടികള്‍ പ്ലാന്‍ ചെയ്യാനും സംഘടിപ്പിക്കാനും തയ്യാറായി എത്തിയത് ഏതാണ്ടെല്ലാവരും ആണ്‍‌കുട്ടികള്‍ തന്നെയായിരുന്നു. (‘ഫെയര്‍‌വെല്‍ പാര്‍ട്ടി’യുടെയും അനുബന്ധ പരിപാടികളുടെയുമൊക്കെ പേരു പറഞ്ഞ് പണം പിരിക്കാനും അതില്‍ ഒരു പങ്ക് ‘അടിച്ചുമാറ്റാനു’മുള്ള സാധ്യതയാണ് ഈ ‘സേവന തല്പരത’യ്ക്കു പിന്നിലെന്നത് പരസ്യമായ രഹസ്യം.)

അങ്ങനെ ആ ദിനവും എത്തി. സന്ധ്യയാവും വരെ നീണ്ടുനിന്ന പരിപാടികള്‍ക്കൊടുവില്‍ ‘സംഘാടകര്‍’ മിക്കവാറും എല്ലാവരും സമര്‍ഥമായി ‘മുങ്ങി’ - ക്ലാസ് മുറി വൃത്തിയാക്കുന്നതടക്കമുള്ള ‘മേലനങ്ങേണ്ട’ ജോലികളൊക്കെ മറ്റുള്ളവരുടെ മേല്‍ വെച്ചുകെട്ടിക്കൊണ്ട്. അവസാനം ബാക്കിയായത് ഞാനും മറ്റു മൂന്നുനാല് ആണ്‍‌കുട്ടികളും രണ്ടേരണ്ടു പെണ്‍‌കുട്ടികളും. അവരില്‍ ഒരാള്‍ അവളായിരുന്നു - എന്റെ ‘പെങ്ങള്‍’. നേരം ഇരുട്ടാറായതു പോലും കണക്കിലെടുക്കാതെ മേശയും ഡെസ്കും നിലവുമൊക്കെ വൃത്തിയാക്കാന്‍ പൂര്‍ണ മനസ്സോടെ സഹകരിക്കാനും ഡെസ്കുകള്‍ തുടക്കാന്‍ തുണി വേണമെന്നു വന്നപ്പോള്‍ സ്വന്തം ചുരിദാറിന്റെ ഷാള്‍ പോലും എടുത്ത് ഉപയോഗിക്കാനും തക്ക ആത്മാര്‍ഥത പ്രകടിപ്പിച്ച ആ പെണ്‍‌കുട്ടിയെ മനസ്സുകൊണ്ട് പ്രണമിച്ചുപോയി ഞാന്‍.

അങ്ങനെ കോളേജ് ജീവിതത്തോടും ‘ഗുഡ് ബൈ’ പറഞ്ഞു. രണ്ടാം വര്‍ഷ പരീക്ഷയിലും എന്റെ ‘ഇംഗ്ലീഷ് ഭ്രമം’ വില്ലനായി തുടര്‍ന്നു. (ആദ്യത്തെ അനുഭവത്തില്‍ നിന്ന് പാഠം പഠിച്ചില്ല...!) ഇംഗ്ലീഷിനൊപ്പം ഫിസിക്സിലും പ്രകടനം ആഗ്രഹിച്ച നിലവാരത്തില്‍ എത്തിക്കാനായില്ല. പക്ഷേ ആ നഷ്ടം നികത്താന്‍ എന്റെ പ്രിയപ്പെട്ട വിഷയം - കെമിസ്ട്രി - ഇത്തവണയും കൂട്ടിനുണ്ടായിരുന്നു. 150-ല്‍ 147 മാര്‍ക്കുമായി ഇംഗ്ലീഷിലെയും ഫിസിക്സിലെയും കുറവ് തീര്‍ത്തുതന്നു. 74% മാര്‍ക്കുമായി കോളേജ് ജീവിതത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കി. (എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന പലരും ആ മികവ് തുടര്‍ന്നു നിലനിര്‍ത്തുന്നതില്‍ വിജയിക്കാറില്ല എന്ന ‘പതിവി‘ന് അപവാദമെന്നോണം, എസ് എസ് എല്‍ സിയിലെ മൂന്നാം റാങ്കുകാരിയായിരുന്ന അഖിലയായിരുന്നു അത്തവണ പ്രീഡിഗ്രിക്ക് ‘യൂണിവേഴ്സിറ്റി ടോപ്പര്‍’.)

*****

പ്രൊഫഷനല്‍ കോളേജ് സ്വപ്നങ്ങളുമായി ദേശീയ - സംസ്ഥാന പ്രവേശന പരീക്ഷകള്‍ എഴുതി ഫലത്തിനു വേണ്ടിയുള്ള കാത്തിരിപ്പായി പിന്നെ. അതിനിടെ ഡിഗ്രി പ്രവേശനത്തിനുള്ള സമയമായപ്പോള്‍ ബ്രണ്ണനില്‍ തന്നെ ബി.എസ്.സി.-ക്ക് കെമിസ്ട്രി മെയിന്‍ എടുത്ത് ചേര്‍ന്നിരുന്നു - എന്‍‌ട്രന്‍സ് പരീക്ഷയുടെ റിസള്‍ട്ട് വരുന്നതു വരെ ഒരു ‘താല്‍ക്കാലിക സംവിധാനം’ എന്ന നിലയില്‍.

ഒരു മാസത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ സംസ്ഥാന പ്രവേശന പരീക്ഷയുടെ ഫലം പ്രഖ്യാപിക്കപ്പെട്ടു. മെഡിക്കല്‍ വിഭാഗത്തില്‍ 847 ആയിരുന്നു എന്റെ റാങ്ക്. എന്‍‌ജിനീയറിങ് വിഭാഗത്തില്‍ 973-ഉം. (അപ്പോഴും മറ്റൊരു കാര്യത്തില്‍ എന്റെ പ്രതീക്ഷ തെറ്റിയില്ല. റാങ്ക് ലിസ്റ്റിന്റെ മുന്‍‌നിരയില്‍ത്തന്നെയുണ്ടായിരുന്നു അഖില - മെഡിക്കല്‍ വിഭാഗത്തില്‍ മൂന്നാം റാങ്കുമായി മികവിന്റെ ‘ഹാട്രിക്’ സ്വന്തമാക്കിക്കൊണ്ട്.) ഡോക്ടറാകുക എന്ന ആഗ്രഹം തല്‍കാലത്തേക്കെങ്കിലും നടക്കില്ല എന്ന് വ്യക്തം. നാട്ടില്‍ സ്വകാര്യ പ്രൊഫഷനല്‍ കോളേജുകള്‍ പാരലല്‍ കോളേജുകള്‍ പോലെ വ്യാപകമായി ‘മുളച്ചുപൊങ്ങി’യിരുന്നില്ല അന്ന്. ആകെ ഉണ്ടായിരുന്ന 5 സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ മൊത്തം 600 പേര്‍ക്കു മാത്രമേ പ്രവേശനത്തിന് സാധ്യതയുള്ളൂ. അതില്‍ത്തന്നെ പകുതിയോളം സീറ്റുകള്‍ വിവിധ വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിലൂടെ ‘നഷ്ടപ്പെടുക‘യും ചെയ്യും. എന്‍‌ജിനീയറിങ്ങിന് സീറ്റു കിട്ടുമെന്ന് ഉറപ്പായിരുന്നെങ്കിലും ഡിഗ്രി പഠനം തുടരാനും അടുത്ത വര്‍ഷം വീണ്ടും എന്‍‌ട്രന്‍‌സ് എഴുതാനുമായിരുന്നു എനിക്ക് താല്പര്യം. പക്ഷേ കിട്ടിയ അവസരം കളയേണ്ട എന്ന പലരുടെയും ഉപദേശം കണക്കിലെടുത്ത് ആ ആഗ്രഹം ഉപേക്ഷിച്ചു.

അങ്ങനെ പ്രൊഫഷനല്‍ കോളേജ് പ്രവേശനത്തിന്റെ ‘കൌണ്‍‌സലിങ്’ നടപടികള്‍ക്കായി തിരുവനന്തപുരത്തേക്ക്. ആദ്യ ഘട്ടത്തില്‍ ആഗ്രഹിച്ച കോഴ്‌സുകള്‍ പലതും കിട്ടില്ലെന്ന് കണ്ടതു കൊണ്ട് തിരുവനന്തപുരം ഗവണ്‍‌മെന്റ് എന്‍‌ജിനീയറിങ് കോളേജില്‍ ഇന്‍‌ഡസ്ട്രിയല്‍ എന്‍‌ജിനീയറിങ്ങിന് ചേര്‍ന്നു. പ്രവേശനത്തിന്റെ ആദ്യ റൌണ്ട് പൂര്‍ത്തിയായപ്പോള്‍ മെഡിക്കല്‍ എന്‍‌ട്രന്‍‌സ് റാങ്ക് ലിസ്റ്റില്‍ ഏതാണ്ട് 550 വരെയുള്ളവര്‍ക്ക് ജനറല്‍ മെറിറ്റില്‍ പ്രവേശനം ലഭിച്ചിരുന്നു. സംവരണത്തിന്റെ ആനുകൂല്യമുള്ള ഒ ബി സി വിഭാഗത്തില്‍ നിന്ന് 840-നടുത്തു വരെയുള്ളവര്‍ക്കും. അച്ഛനും അമ്മയും സര്‍ക്കാര്‍ സര്‍വീസിലായതിന്റെ ‘ദോഷം’ ആദ്യമായി അനുഭവപ്പെട്ടത് അപ്പോഴായിരുന്നു. (ഒരാളെങ്കിലും സര്‍ക്കാര്‍ സര്‍വീസില്‍ അല്ലായിരുന്നെങ്കില്‍ സംവരണത്തിന്റെ ആനുകൂല്യത്തിന് അര്‍ഹതയുള്ള വാര്‍ഷിക വരുമാന പരിധിയുടെ തടസ്സത്തെ മറികടക്കാന്‍ അനായാസം കഴിയുമായിരുന്നേനെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ഇന്ന് എനിക്കിത് എഴുതാന്‍ കഴിയുമായിരുന്നോ എന്നത് വേറെ പ്രശ്നം!)

ആദ്യം പ്രവേശനം ലഭിച്ചത് തിരുവനന്തപുരത്തായിരുന്നെങ്കിലും ഒരു ദിവസം പോലും ക്ലാസ്സില്‍ ഇരിക്കേണ്ടി വന്നില്ല. ക്ലാസ്സുകള്‍ തുടങ്ങുന്നതിനു മുന്‍‌പു തന്നെ പ്രവേശന നടപടികളുടെ രണ്ടാം ഘട്ടത്തില്‍ കൊല്ലത്തെ ടി. കെ. എം. എന്‍‌ജിനീയറിങ് കോളേജില്‍ കം‌പ്യൂട്ടര്‍ സയന്‍‌സിന് പ്രവേശനം ലഭിച്ചിരുന്നതു കൊണ്ട്. അങ്ങനെ അന്നു വരെ യാതൊരു പരിചയവുമില്ലാതിരുന്ന കൊല്ലം നഗരത്തിലേക്ക്. ‘പ്രൊഫഷനല്‍ കോളേജ്’ എന്ന ‘മായിക ലോക’ത്തിലേക്കുള്ള വാതിലുകള്‍ തുറക്കുകയായി.

കോളേജില്‍ ചേരുന്നതിനു മുന്‍പു തന്നെ അച്ഛന്‍ തന്റെ ചില സുഹൃത്തുക്കള്‍ വഴി അവിടുത്തെ തലശ്ശേരിക്കാരായ രണ്ട് അദ്ധ്യാപകരെ പരിചയപ്പെട്ടിരുന്നു - മെക്കാനിക്കല്‍ എന്‍‌ജിനീയറിങ് വിഭാഗത്തിലെ ശ്രീ. ഇംതിയാസ്, ഇലക്‍ട്രിക്കല്‍ എന്‍‌ജിനീയറിങ് വിഭാഗത്തില്‍ ഗസ്റ്റ് ലക്‍ചററായിരുന്ന ശ്രീ. ഷാഹിന്‍ എന്നിവര്‍. അങ്ങനെ കോളേജിലെ ആദ്യ നാളുകളിലെങ്കിലും എന്റെ ‘ലോക്കല്‍ ഗാര്‍ഡിയന്‍സ്’ ആയി അവര്‍.

ആദ്യവര്‍ഷ വിദ്യാര്‍ഥികള്‍ക്ക് കോളേജ് ഹോസ്റ്റലില്‍ പ്രവേശനം നല്‍കാറില്ല (പ്രൊഫഷനല്‍ കോളേജുകളുടെ പൊതുവായ നയമായിരുന്നു അതെന്നു തോന്നുന്നു. സീനിയര്‍ വിദ്യാര്‍ഥികളുടെ ‘ഇടപെടലുകള്‍‘ കൊണ്ടുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ വേണ്ടിയാവാം.) എന്ന് അറിയാമായിരുന്നതുകൊണ്ട് കോളേജിന്റെ അടുത്തുതന്നെയുള്ള സ്വകാര്യ ഹോസ്റ്റലുകളിലൊന്നില്‍ പ്രവേശനം തേടുകയേ വഴിയുണ്ടായിരുന്നുള്ളൂ. അങ്ങനെ കോളേജിലെ ഒരു പ്രൊഫസര്‍ തന്നെ നടത്തുന്ന ‘ട്രൂത്ത്ഫുള്‍’ ഹോസ്റ്റലിന്റെ അനുബന്ധവിഭാഗത്തില്‍ (Annexe) താമസ സൌകര്യം സംഘടിപ്പിച്ചു - ജീവിതത്തിലെ ആദ്യത്തെ ‘യഥാര്‍ഥ’ ഹോസ്റ്റല്‍ ജീവിത്തിന്റെ തുടക്കം. (പത്താം ക്ലാസ് കഴിഞ്ഞ ഉടനെ എന്‍. ടി. എസ്. സ്കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനു വേണ്ടി തൃശ്ശൂരിലെ ‘ഡയറ്റ്’ കാമ്പസിലെ ഹോസ്റ്റലില്‍ രണ്ടാഴ്ചയോളം താമസിച്ചിരുന്നു എന്നത് വിസ്മരിക്കുന്നില്ല. പക്ഷേ അതിനെ പൂര്‍ണമായ അര്‍ഥത്തില്‍ ഒരു ‘ഹോസ്റ്റല്‍ ജീവിതം’ എന്ന് വിശേഷിപ്പിക്കാനാവില്ല.)

1995 ഒക്ടോബര്‍ 4. സംസ്ഥാനത്തെ എന്‍‌ജീയറിങ് കോളേജുകളില്‍ ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ തുടങ്ങുകയാണിന്ന്. എന്റെ പ്രൊഫഷനല്‍ കോളേജ് ജീവിതത്തിന്റെ ആദ്യ ദിവസം. തികച്ചും അപരിചിതമായ ചുറ്റുപാടുകള്‍, മുന്‍പ് ഒരിക്കലും കണ്ടിട്ടുപോലുമില്ലാത്ത സഹപാഠികള്‍. സര്‍വോപരി, പ്രൊഫഷനല്‍ കോളേജുകളുമായി ബന്ധപ്പെട്ട് കേട്ടറിവുമാത്രമുണ്ടായിരുന്ന ‘റാഗിങ്’ എന്ന ‘ഭീകര’നെക്കുറിച്ചുള്ള ആശങ്കകളും. ഇതൊക്കെയായിരുന്നു എന്റെ മനസ്സില്‍ - എന്റെ മാത്രമല്ല, ഏതാണ്ട് എല്ലാ പുതുമുഖങ്ങളുടെയും.

പ്രതീക്ഷിച്ചതുപോലുള്ള പ്രശ്നങ്ങളൊന്നുമില്ലാതെ ആദ്യ നാളുകള്‍ കടന്നുപോയി. യാതൊരു മുന്‍പരിചയവുമില്ലാതിരുന്ന കൊല്ലം നഗരത്തിലൂടെ സാമാന്യം നന്നായി ഒന്നു ചുറ്റിക്കറങ്ങിയതും മിക്കവാറും വാരാന്ത്യങ്ങളിലെ കൊല്ലം - തിരുവനന്തപുരം ‘ഷട്ടില്‍’ ബസ് യാത്രയും മാത്രമാണ് എടുത്തു പറയത്തക്കതായി ഉള്ളത്. കോളേജില്‍ ‘എന്‍‌ജിനീയറിങ് വര്‍ക്‍ഷോപ്പ്’ ക്ലാസ്സിനു വേണ്ടി യൂണിഫോം - ചാര നിറമുള്ള പാന്റ്‌സും കടുംനീല നിറമുള്ള ഷര്‍ട്ടും - വാങ്ങാന്‍ തുണി - തയ്യല്‍ കടകള്‍ തേടിയായിരുന്നു നഗരത്തിലെ കറക്കം. തിരുവനന്തപുരം എന്‍‌ജിനീയറിങ് കോളേജില്‍ നിന്ന് ട്രാന്‍സ്‌ഫര്‍ വാങ്ങിയപ്പോള്‍ തിരിച്ചുകിട്ടാനുണ്ടായിരുന്ന ‘കോഷന്‍ ഡെപ്പോസിറ്റും’ ചില രേഖകളും വാങ്ങുന്നതിനായിരുന്നു ശനിയാഴ്ചകളില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രകള്‍. പലപ്പോഴും രണ്ടുമണിക്കൂറിലേറെ യാത്ര ചെയ്ത് കോളേജില്‍ എത്തിയാലാണ് അറിയുക, ഓഫീസില്‍ ബന്ധപ്പെട്ട സെക്‍ഷനിലെ ആള്‍ അവധിയിലാണ്, അല്ലെങ്കില്‍ പ്രിന്‍‌സിപ്പല്‍ സ്ഥലത്തില്ല എന്നൊക്കെ. ഏതായാലും രണ്ടുമാസത്തോളം മന്ത്രിമാരെപ്പോലെ തിരക്കു പിടിച്ച ‘ഷെഡ്യൂള്‍’ ആയിരുന്നു എന്റേത് - കരിക്കോട് - കൊല്ലം - തിരുവനന്തപുരം - ശ്രീകാര്യം - എന്‍‌ജിനീയറിങ് കോളേജ് - ശ്രീകാര്യം - തിരുവനന്തപുരം - കൊല്ലം - കരിക്കോട് ‘ഷട്ടില്‍ സര്‍വീസ്’ എന്നു വേണമെങ്കില്‍ പറയാം. രാവിലെ ആദ്യത്തെയോ രണ്ടാമത്തെയോ ബസ്സിന് കൊല്ലം ടൌണില്‍ എത്തും. ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ തിരുവനന്തപുരത്തേക്ക് ഒന്നര മണിക്കൂറിലേറെ നീളുന്ന യാത്ര. പിന്നെ തമ്പാനൂര്‍ ബസ് സ്റ്റാന്‍‌ഡില്‍ നിന്ന് ശ്രീകാര്യത്തേക്ക്. കോളേജ് ഓഫീസില്‍ കാത്തിരിക്കേണ്ടിവരുന്നത് ഏതാനും മിനിറ്റുകളോ മണിക്കൂറുകളോ ആകാം. പിന്നെ പോയ വഴിയേ തന്നെ മടക്ക യാത്ര. ഹോസ്റ്റലില്‍ തിരിച്ചെത്തുമ്പോഴേക്കും സന്ധ്യയായിട്ടുണ്ടാവും. രണ്ടു മാസത്തോളം ഇതായിരുന്നു പതിവ്.

ഞങ്ങള്‍ താമസിച്ചിരുന്ന ഹോസ്റ്റലിന്റെ തൊട്ടടുത്തു തന്നെ റോഡിന്റെ എതിര്‍ വശത്തായി മറ്റൊരു സ്വകാര്യ ഹോസ്റ്റല്‍ ഉണ്ടായിരുന്നു, ‘ശ്രീഹരി’ എന്ന പേരില്‍. സീനിയര്‍ വിദ്യാര്‍ഥികളായിരുന്നു അവിടെ താമസിച്ചിരുന്നത്. ഒരു ഞായറാഴ്ച അവിടെ നിന്ന് രണ്ടുമൂന്നുപേര്‍ ഞങ്ങളുടെ ഹോസ്റ്റലില്‍ എത്തി, ‘പുതുമുഖ’ങ്ങളെ ‘പരിചയപ്പെടാന്‍’ എന്ന പേരില്‍ ഞാന്‍ ഉള്‍പ്പെടെ അഞ്ചാറു പേരെ വിളിച്ചുകൊണ്ടു പോയി. അത്യാവശ്യം പരിചയപ്പെടലൊക്കെ കഴിഞ്ഞ ശേഷം കൂട്ടത്തില്‍ ഒരാളെ അടുത്തുള്ള ഒരു കടയിലേക്ക് പറഞ്ഞുവിട്ടു, ‘ചേട്ടന്മാര്‍ക്ക്’ സിഗരറ്റ് വാങ്ങിക്കൊണ്ടു വരാന്‍. വേറെ രണ്ടുമൂന്നുപേരോട് ഡാന്‍സ് ചെയ്യാനും പാട്ടു പാടാനുമൊക്കെയായിരുന്നു നിര്‍ദേശം. അതിനിടയ്ക്ക് എന്നെയും ‘പിടികൂടി’, രണ്ടുപേര്‍. ‘സിനിമ കാണാറുണ്ടോ’, ‘പാട്ടു കേള്‍ക്കാറുണ്ടോ’ എന്നൊക്കെ ചോദിച്ചു. ഇടയ്ക്ക്, ‘പാട്ടു പാടാമോ’ എന്നൊരു ചോദ്യം. ‘നിര്‍ബന്ധമാണെങ്കില്‍ പാടാം, പക്ഷേ കേട്ടിരിക്കാന്‍ നിങ്ങള്‍ക്ക് പാടാവും’ (ബുദ്ധിമുട്ടാവും) എന്ന മറുപടി അവര്‍ക്ക് നന്നേ ബോധിച്ചെന്നു തോന്നി. ഏതായാലും കൂടുതല്‍ ബുദ്ധിമുട്ടിക്കാതെ ഹോസ്റ്റലിലേക്ക് മടങ്ങാന്‍ അനുവദിച്ചു.

ഏതാനും ദിവസങ്ങള്‍ കൂടി കാര്യമായൊന്നും സംഭവിക്കാതെ കടന്നുപോയി. ഒരു ദിവസം - അന്നൊരു ബുധനാഴ്ചയായിരുന്നെന്നാണ് ഓര്‍മ - രാവിലെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങാന്‍ തുടങ്ങുകയായിരുന്നു ഞാന്‍. അപ്പോഴാണ് ഗേറ്റില്‍ ഒരാള്‍ പ്രത്യക്ഷപ്പെട്ടത്. ഒറ്റ നോട്ടത്തില്‍ ഏതാണ്ട് ഇരുപതു വയസ്സു തോന്നിക്കുന്ന നല്ല സുമുഖനായ ഒരാള്‍. എന്തോ ഒരു പരിചയം തോന്നിയതു കൊണ്ട് അയാള്‍ വിളിച്ചപ്പോള്‍ ഞാന്‍ ഗേറ്റിലേക്കു ചെന്നു. സ്വയം പരിചയപ്പെടുത്തിയതില്‍ നിന്ന് വിജയകുമാര്‍ എന്നാണ് പേരെന്നും മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണെന്നും മനസ്സിലായി. ഒരു ‘മിനി ഡ്രാഫ്റ്റര്‍’ (എന്‍‌ജിനീയറിങ് ഡ്രോയിങ്ങുകള്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്ന ഒരു ഉപകരണം) ആയിരുന്നു പുള്ളിക്ക് ആവശ്യം. (സ്വന്തം ഡ്രാഫ്റ്റര്‍ ഹോസ്റ്റലിലോ വീട്ടിലോ എവിടെയോ മറന്നുവെച്ചെന്നു തോന്നുന്നു.) വേണമെങ്കില്‍ ‘സീനിയര്‍’ എന്ന നിലയിലുള്ള ‘അലിഖിത അധികാരം’ ഉപയോഗിച്ച് ആരോടും ആവശ്യപ്പെടാമായിരുന്നു. ‘തരില്ല’ എന്നു പറയാന്‍ ജൂനിയര്‍മാരായ ആരും ധൈര്യപ്പെടുകയുമില്ലായിരുന്നു. പക്ഷേ അത്തരത്തിലുള്ള ‘അധികാര ഭാവം’ ഒട്ടും ഇല്ലാത്ത, തികച്ചും വിനയപൂര്‍വമായ സമീപനമായിരുന്നു ഈ ചേട്ടന്റേത്. ‘നിങ്ങളുടെ (‘നിന്റെ‘ എന്നല്ല) മിനി ഡ്രാഫ്റ്റര്‍ ഒന്നു തരാമോ...? ക്ലാസ് കഴിഞ്ഞയുടനെ തിരിച്ചെത്തിക്കാം’ എന്ന ആ അപേക്ഷ നിരസിക്കാന്‍ കഴിയുമായിരുന്നില്ല, എനിക്കെന്നല്ല, ആര്‍ക്കും. അതും പോരാഞ്ഞ്, ഞാന്‍ കൊണ്ടു ചെന്നു കൊടുത്ത ഡ്രാഫ്റ്റര്‍ വാങ്ങുമ്പോള്‍ ‘തിരിച്ചു തരുമെന്ന ഉറപ്പിന് ‘surety’ ആയി എന്തെങ്കിലും വേണോ’ എന്ന ചോദ്യം കൂടി കേട്ടപ്പോള്‍ എന്റെ അത്ഭുതം പതിന്മടങ്ങായി. ‘വിജയകുമാര്‍‘ എന്നല്ല, ‘വിനയകുമാര്‍’ എന്ന പേരാണ് പുള്ളിക്ക് കൂടുതല്‍ ചേരുക എന്നു തോന്നിപ്പോയി. ഒരു ജൂനിയര്‍ വിദ്യാര്‍ഥിയുടെ മുന്‍പില്‍ അത്രയ്ക്ക് സൌമ്യമായ സംസാരവും പെരുമാറ്റവും അതിനു മുന്‍പോ ശേഷമോ ഒരു സീനിയറിന്റെ ഭാഗത്തു നിന്ന് ഉണ്ടായതായി കേട്ടിട്ടുപോലുമില്ല ഞാന്‍. ഏതായാലും ക്ലാസ് കഴിഞ്ഞ് ഞാന്‍ ഹോസ്റ്റലില്‍ തിരിച്ചെത്തി ഏതാനും മിനിറ്റുകള്‍ക്കകം എന്റെ മിനി ഡ്രാഫ്‌റ്ററുമായി വിജയകുമാറും ഗേറ്റില്‍ എത്തിയിരുന്നു. ഡ്രാഫ്റ്റര്‍ തിരിച്ചു തന്ന് നന്ദിയും പറഞ്ഞ് മടങ്ങിയ പുള്ളിയെ അതിനു ശേഷം ഒരിക്കലും ഒന്നു കാണാന്‍ പോലും കഴിഞ്ഞില്ല എന്ന ഒരു വിഷമം ഉണ്ടായിരുന്നു എനിക്ക്.

ക്ലാസ് തുടങ്ങി കഷ്ടിച്ച് ഒന്നര മാസം കഴിഞ്ഞപ്പോഴേക്കും പല ഹോസ്റ്റലുകളിലും വിദ്യാര്‍ഥികള്‍ക്കിടയില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചു. അതിനെത്തുടര്‍ന്ന് കോളേജിന് രണ്ടാഴ്ചത്തേക്ക് അവധി പ്രഖ്യാപിക്കപ്പെട്ടു. ആദ്യത്തെ കുറച്ചു ദിവസം ഹോസ്റ്റലില്‍ത്തന്നെ കഴിഞ്ഞെങ്കിലും തുടര്‍ന്ന് ഹോസ്റ്റലും അടച്ചതോടെ വീട്ടിലേക്കു മടങ്ങേണ്ടിവന്നു. ആദ്യം പ്രഖ്യാപിക്കപ്പെട്ടിരുന്ന അവധി കഴിഞ്ഞ് ഹോസ്റ്റലില്‍ തിരിച്ചെത്തിയ എന്നെ കാത്തിരുന്നത് അവധി ദീര്‍ഘിപ്പിച്ചു എന്ന വാര്‍ത്തയായിരുന്നു. വീണ്ടും വീട്ടിലേക്ക്.

ഈ ‘നിര്‍ബന്ധിത അവധി’ക്കാലത്തിനിടയ്ക്കാണ് ‘പ്രവേശന കൌണ്‍‌സലിങ്ങി’ന്റെ അവസാന ഘട്ടം എത്തിയത്. ഡിസംബറില്‍ തിരുവനന്തപുരത്തു നടന്ന ഈ ‘സെഷനി’ല്‍ തൃശ്ശൂര്‍ ഗവണ്‍‌മെന്റ് എന്‍‌ജിനീയറിങ് കോളേജിലേക്ക് മാറ്റം നേടിയെടുക്കാന്‍ കഴിഞ്ഞു. അതോടെ രണ്ട് വ്യത്യസ്ത സര്‍വകലാശാലകളുടെ കീഴില്‍ എന്‍‌ജിനീയറിങ് പഠനം എന്ന അത്യപൂര്‍വ അനുഭവമാണ് എന്നെ കാത്തിരുന്നത്.

അങ്ങനെ 1995 ഡിസം‌ബര്‍ 18 തിങ്കാളാഴ്ച തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജില്‍ എന്റെ ആദ്യ ദിവസമായി. അമ്മാവന്റെ സുഹൃത്തും തൃശ്ശൂര്‍ സ്വദേശിയുമായ ഡോക്ടര്‍ സാമുവലിന്റെ (അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 1996-ല്‍ കോയമ്പത്തൂരില്‍ വെച്ച് ഉണ്ടായ ഒരു റോഡപകടത്തില്‍ ജീവന്‍ വെടിയേണ്ടിവന്ന അദ്ദേഹത്തിന്റെ ഓര്‍മയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.) സഹായം കിട്ടിയതു കൊണ്ട് അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താല്‍ക്കാലിക താമസ സൌകര്യം കിട്ടി - കോളേജില്‍ നിന്ന് അധികം അകലെയല്ലാതെ പെരിങ്ങാവ് എന്ന സ്ഥലത്ത്. ആദ്യത്തെ ഒരാഴ്ച അവിടെ കഴിഞ്ഞു.

ക്ലാസ്സുകള്‍ തുടങ്ങിയിട്ട് രണ്ടു മാസത്തിലേറെയായിരുന്നതുകൊണ്ടുള്ള നഷ്ടം പുസ്തകങ്ങള്‍ വായിച്ച് നികത്തിയെടുക്കുകയേ നിര്‍‌വാഹമുള്ളൂ. നോട്ടുകള്‍ എന്നത് ഏറെക്കുറെ നിലവിലില്ലാത്ത ഒരു സങ്കല്പം മാത്രമായതുകൊണ്ട് മറ്റു കുട്ടികളില്‍ നിന്ന് ആ വഴിക്കുള്ള സഹകരണം പ്രതീക്ഷിക്കേണ്ടതില്ല. കൃത്യമായി നോട്ടുകള്‍ നല്‍കാറുള്ളത് ഒരേയൊരു വിഷയത്തില്‍ മാത്രം - മെക്കാനിക്സ്. രണ്ടു മാസത്തെ നോട്ടുകള്‍ എഴുതിയെടുക്കുക എന്ന ദൌത്യം ക്ഷിപ്രസാദ്ധ്യമല്ലല്ലോ. അതുകൊണ്ട് ആരുടെയെങ്കിലും നോട്ട്ബുക്ക് വാങ്ങി ഫോട്ടോസ്റ്റാറ്റ് കോപ്പിയെടുക്കുകയേ വഴിയുള്ളൂ. അതിന് ആരെ സമീപിക്കും എന്നതായിരുന്നു എന്റെ മുന്‍‌പില്‍ ഉയര്‍ന്നുവന്ന ആദ്യ പ്രശ്നം. ആദ്യത്തെ രണ്ടുമൂന്നു ദിവസത്തെ നിരീക്ഷണം കൊണ്ടു തന്നെ സഹപാഠികളില്‍ ഏറെക്കുറെ എല്ലാവരെക്കുറിച്ചും ഒരു പ്രാഥമിക ധാരണ രൂപപ്പെടുത്തിയിരുന്നു ഞാന്‍. അതിന്റെ അടിസ്ഥാനത്തില്‍ സ്നേഹയെ (സ്നേഹ മേരി വര്‍ഗീസ്) സഹായാഭ്യര്‍ഥനയുമായി സമീപിക്കാന്‍ തീരുമാനിച്ചു. ജീവിതത്തില്‍ ആദ്യമായാണ് ഒരു പെണ്‍‌കുട്ടിയുടെ സഹായം തേടുന്നത്. വെറും രണ്ടു ദിവസത്തെ ‘പരിചയം’ മാത്രമുള്ള, ഏതു തരക്കാരനെന്നറിയാത്ത ഒരാള്‍ക്ക് തന്റെ പുസ്തകം കൈമാറാന്‍ അവള്‍ തയ്യാറാകുമോ എന്ന് തെല്ലൊരാശങ്കയുണ്ടായിരുന്നു മനസ്സില്‍. എങ്കിലും പ്രതീക്ഷ അസ്ഥാനത്തായില്ല. അങ്ങനെ സ്നേഹയുടെ നോട്ട്‌ബുക്ക് തൃശ്ശൂര്‍ എന്‍‌ജിനീയറിങ് കോളേജിലെ എന്റെ ആദ്യ ‘റഫറന്‍സ് പുസ്തക’മായി. (ആ പുസ്തകത്തിന്റെ അന്ന് എടുത്ത ഫോട്ടോകോപ്പി ഇന്നും എന്റെ പക്കലുണ്ട് - സ്നേഹയോടുള്ള കടപ്പാടിന്റെ ‘സ്മരണിക’യായി.)

(സ്നേഹയെന്ന ആ പെണ്‍കുട്ടിയെക്കുറിച്ച് ഏതാനും വരികള്‍ ഇവിടെ എഴുതേണ്ടത് ഒഴിച്ചുകൂടാനാവാത്ത ആവശ്യമാണെന്ന് എനിക്കു തോന്നുന്നു. പതിനെട്ടു കൊല്ലത്തെ സ്കൂള്‍ - കോളേജ് ജീവിതത്തിലും അതിനു ശേഷവും ഞാന്‍ പരിചയപ്പെട്ടിട്ടുള്ള നൂറിലേറെ പെണ്‍കുട്ടികളില്‍ എനിക്ക് ഏറ്റവും സ്നേഹവും ബഹുമാനവും തോന്നിയിട്ടുള്ള രണ്ടുപേരില്‍ ഒരാള്‍ സ്നേഹയാണ്. (മറ്റേത് എന്റെ പ്രിയപ്പെട്ട ‘അഞ്ജുച്ചേച്ചി’യും - അതാരാണെന്ന് വഴിയേ വ്യക്തമാകും.) ഒരു പക്ഷേ തികഞ്ഞ വൈരുദ്ധ്യമാകാം, ഞാന്‍ അറിഞ്ഞോ അറിയാതെയോ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിട്ടുള്ളതും അവളെത്തന്നെ. ഒരു ദശാബ്ദത്തിനിപ്പുറം ഇന്നും ഇടയ്ക്കിടെ മനസ്സില്‍ ഉയരുന്ന കുറ്റബോധം വേട്ടയാടുമ്പോഴും ഞാന്‍ ആശ്വാസം കണ്ടെത്തുന്നത്, ഞാന്‍ ചെയ്തതൊന്നും അവളെ വേദനിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല എന്ന ‘തൊടുന്യായ’ത്തില്‍ മാത്രം. അന്നും ഇന്നും എന്നും ഞാന്‍ എന്റെ സ്വന്തം സഹോദരിയുടേതിനു തുല്യമായ സ്ഥാനത്ത് സങ്കല്പിക്കുന്ന സ്നേഹയോട് മന:പൂര്‍വമായല്ലെങ്കിലും ചെയ്ത തെറ്റിനുള്ള ഒരു പ്രായശ്ചിത്തമെന്നോണം എന്റെ അനിയത്തിയുടെ മകള്‍ക്ക് ‘സ്നേഹ’യെന്ന് പേരിട്ടിരിക്കുകയാണ് ഞാന്‍ - ജീവിതകാലം മുഴുവന്‍ ഓര്‍ക്കാന്‍, സ്വാത്മപീഢനത്തിലൂടെ സ്വയം ശിക്ഷിക്കാന്‍.)

ഒരാഴ്ചത്തെ ക്ലാസ്സിനു ശേഷം ക്രിസ്‌മസ് അവധിക്ക് വീട്ടിലെത്തിയ ഞാന്‍ അത്തവണ ആശംസാ കാര്‍ഡുകള്‍ അയക്കുന്ന കൂട്ടത്തില്‍ പതിവു ലിസ്റ്റില്‍ അദ്ധ്യാപകര്‍ക്കൊപ്പം ഒരാളെക്കൂടി കൂട്ടിച്ചേര്‍ത്തു - എന്റെ ‘സതീര്‍ഥ്യ സഹോദരി’(പ്രിയങ്ക)യെ. ഔപചാരികമായ ഒരു പ്രതികരണമേ ഞാന്‍ പ്രതീക്ഷിച്ചിരുന്നുള്ളൂ. അവധി കഴിഞ്ഞ് മടങ്ങിയ ഞാന്‍ അടുത്ത തവണ വീട്ടിലെത്തിയപ്പോള്‍ (മൂന്നാഴ്ചയ്ക്കു ശേഷം) പ്രതീക്ഷിച്ചതു പോലെ ഒരു മറുപടി കിട്ടുകയും ചെയ്തു. അവള്‍ എനിക്കെഴുതിയ ആദ്യത്തെ എഴുത്ത്. കിട്ടുന്ന എഴുത്തുകള്‍ക്കെല്ലാം മറുപടി അയച്ചേ പറ്റൂ എന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ അന്നു തന്നെ മറുപടിയെഴുതി, കാര്യമായി ഒന്നും എഴുതാനില്ലായിരുന്നെങ്കിലും. സഹോദരിക്ക് എന്റെ ആദ്യത്തെ എഴുത്ത്. മൂന്നാഴ്ച കൂടി കഴിഞ്ഞ് ഫെബ്രുവരി 16-ന് വീണ്ടും വീട്ടിലെത്തിയ എന്നെ കാത്തിരുന്നത് സാമാന്യം ദീര്‍ഘമായ ഒരു മറുപടിയായിരുന്നു. കത്തിലെ രണ്ടാമത്തെ വാക്യം എന്നെ ഒരു നിമിഷം ഒന്ന് അമ്പരപ്പിച്ചു. എന്റെ ആദ്യത്തെ എഴുത്ത് ‘എനിക്കു കിട്ടിയ ഏറ്റവും വലിയ പിറന്നാള്‍ സമ്മാനമാണ്’ എന്ന വരി വായിച്ച നിമിഷം എന്റെ മനസ്സ് വല്ലാതെ ഒന്നു തുടിച്ചു. കണ്ണുകള്‍ അറിയാതെ കടലാസിന്റെ മുകളില്‍ വലതുവശത്തെ മൂലയിലേക്കു തെന്നി നീങ്ങി. ‘29.01.1996’. ഒരു നിമിഷം - മനസ്സില്‍ ആഹ്ലാദത്തിന്റെ ഒരായിരം പൂത്തിരികള്‍ ഒന്നിച്ചു തെളിയുകയായി. നെഞ്ചില്‍ ഒരു പൂരത്തിന്റെ പഞ്ചാരിമേളം. ജന്മം മുഴുവന്‍ തപസ്സിരുന്നാലും സഫലമാകില്ലെന്ന് കരുതിയിരുന്ന ആ സ്വപ്നം ഭാഗികമായെങ്കിലും യാഥര്‍ഥ്യമാകുകയാണ്. അതെ, എനിക്ക് ഒരു ചേച്ചിയെ കിട്ടിയിരിക്കുന്നു...! വെറും രണ്ടാഴ്ചത്തെ - കൃത്യമായി പറഞ്ഞാല്‍ പതിനാറു ദിവസത്തെ - പ്രായവ്യത്യാസമേ ഉള്ളൂവെന്നതോ ഒരേ ക്ലാസ്സില്‍ ഒന്നിച്ചു പഠിച്ചവരാണെന്നോ ഉള്ള സാങ്കേതികതകളൊന്നും പ്രതിബന്ധമായില്ല എനിക്ക് എന്റെ ‘ചേച്ചി’യെ സര്‍വാത്മനാ സ്വീകരിക്കാന്‍. ആ എഴുത്തിന് ഞാന്‍ മറുപടിയെഴുതിയത് ‘എന്റെ ഏറ്റവും പ്രിയപ്പെട്ട ചേച്ചി’ എന്ന് സംബോധന ചെയ്തുകൊണ്ടായിരുന്നു. ഒരു ചേച്ചിക്ക് അനിയന്റെ മേല്‍ എന്തൊക്കെ അവകാശങ്ങളും അധികാരങ്ങളും ഉണ്ടോ അതെല്ലാം - ശാസിക്കാനും ആവശ്യമെന്നു തോന്നിയാല്‍ എങ്ങനെ വേണമെങ്കിലും ശിക്ഷിക്കാനുമുള്ള അധികാരമുള്‍പ്പെടെ - പൂര്‍ണമായ അര്‍ഥത്തില്‍ അംഗീകരിച്ചു കൊടുത്തുകൊണ്ട് ആ നിമിഷം മുതല്‍ ഇന്നോളം സ്വന്തം ചേച്ചിയായിട്ടേ ആ പെണ്‍‌കുട്ടിയെ ഞാന്‍ കണ്ടിട്ടുള്ളൂ. ഇനിയും എന്നും അങ്ങനെതന്നെ ആയിരിക്കുകയും ചെയ്യും.

ക്രിസ്‌മസ് അവധി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍ എന്റെ ‘താല്‍കാലിക താവള’ത്തില്‍ നിന്ന് താമസം മാറ്റിയിരുന്നു - അടുത്തുള്ള ഒരു ലോഡ്ജിലേക്ക്. അതേ ലോഡ്ജില്‍ത്തന്നെ മറ്റു രണ്ടു മുറികളില്‍ കോളേജിലെ രണ്ട് അദ്ധ്യാപകരും കൂട്ടിനുണ്ടായിരുന്നു. കോളേജിനടുത്തുതന്നെയുള്ള ഏതെങ്കിലും പ്രൈവറ്റ് ഹോസ്റ്റലില്‍ താമസിക്കുന്നത് ആദ്യം പരിഗണിച്ചിരുന്നെങ്കിലും ചില പ്രത്യേക സാഹചര്യങ്ങള്‍ കാരണം പിന്നീടത് വേണ്ടെന്നു വെക്കുകയായിരുന്നു. പറയത്തക്ക സംഭവ വികാസങ്ങളൊന്നും ഇല്ലാതെ ക്ലാസ്സുകളും ഇടയ്ക്ക് സമരങ്ങളും ഒക്കെയായി ദിവസങ്ങള്‍ കടന്നു പോയിക്കൊണ്ടിരുന്നു. അതിനിടയ്ക്ക് എടുത്തുപറയത്തക്കതായി ഉണ്ടായ ഒരു സംഭവം എസ് എസ് എല്‍ സി - പ്രീഡിഗ്രി - എന്‍‌ട്രന്‍സ് പരീക്ഷകളിലെ ‘സൂപ്പര്‍ താര’മായിരുന്ന അഖിലയുടെ വീട് യാദൃശ്ചികമായി കണ്ടെത്താന്‍ കഴിഞ്ഞതായിരുന്നു - പെരിങ്ങാവില്‍ ഞാന്‍ താമസിച്ചിരുന്നതിനടുത്ത്. എന്‍ ടി എസ് ക്യാമ്പിലെ പരിചയം വെച്ച് അങ്ങോട്ടു കയറി പരിചയം പുതുക്കിയാലോ എന്നൊരു തോന്നല്‍ ഉണ്ടായിരുന്നെങ്കിലും അതു ശരിയാവില്ല എന്നുതോന്നിയതുകൊണ്ട് വേണ്ടെന്നുവെച്ചു.

അതിനിടെ ‘ഫ്രീ ടൈം’ ആവശ്യത്തിലേറെ ഉണ്ടായിരുന്നതു കൊണ്ട് ‘എഴുത്തുപരിപാടി’യില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയിരുന്നു ഞാന്‍. നാലു സഹപാഠികളോടൊപ്പം ചേര്‍ന്ന് ഒരു കമ്പ്യൂട്ടര്‍ വാങ്ങിയിരുന്നത് ഞാന്‍ ഉപയോഗിച്ചു തുടങ്ങിയത് പഠിക്കാനോ ഗെയിമുകള്‍ കളിക്കാനോ അല്ല, നോവലെഴുതാനായിരുന്നു - ‘The Ultimate Winner' എന്ന പേരില്‍ എന്റെ ആദ്യത്തെ ഇംഗ്ലീഷ് നോവല്‍. കൈയെഴുത്തുപ്രതി ഇല്ലാതെ പൂര്‍ണമായും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തായിരുന്നു നോവല്‍ തയ്യാറാക്കിയത്. ഏതാണ്ട് ആ നാളുകളില്‍ത്തന്നെ ലോഡ്ജില്‍ ഞാന്‍ താമസിച്ചിരുന്നതിന്റെ തൊട്ടടുത്ത മുറിയില്‍ ഒരു നാടക സംഘത്തിന്റെ (പ്രൊഫഷനല്‍ സംഘമല്ല) റിഹേഴ്സല്‍ ക്യാമ്പ് തുടങ്ങിയത് മറ്റൊരു ‘നിമിത്ത’മായി - നാടകരചനാരംഗത്തും ഒരു കൈ നോക്കാന്‍ തക്ക പ്രചോദനമായി. (‘വരണമാല്യം’ എന്ന പേരില്‍ ആദ്യ നാടകം - ഇതു വരെ എഴുതിയതില്‍ അവസാനത്തേതും - എഴുതിത്തുടങ്ങിയെങ്കിലും പൂര്‍ത്തിയായത് അടുത്ത വര്‍ഷം ഞാന്‍ കോളേജ് ഹോസ്റ്റലിലേക്ക് മാറിയ ശേഷമായിരുന്നു.)

നാടകത്തില്‍ ഏതാനും മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കേണ്ടതുണ്ടായിരുന്നു. ആ ഘട്ടത്തിലാണ് കുറേ നാളായി ‘ഉറങ്ങിക്കിടന്നി’രുന്ന താല്പര്യം വീണ്ടും ഉണര്‍ന്നത് - മതങ്ങളെപ്പറ്റിയുള്ള പഠനം. ഇസ്ലാമിനെ അടുത്തറിയാനുള്ള താല്പര്യം വിശുദ്ധ ഖുര്‍-ആന്‍‌ന്റെ ഒരു മലയാള പരിഭാഷ തേടിപ്പിടിച്ച് സ്വന്തമാക്കു - ന്നതിലാണ് എന്നെ എത്തിച്ചത്. വരും വര്‍ഷങ്ങളില്‍ സഹപാഠികളെയും സുഹൃത്തുക്കളെയും അമ്പരപ്പിക്കാന്‍ പോന്ന ഒരു ‘അത്ഭുത’മായി മാറി, എന്റെ ഖുര്‍‌ആന്‍ പഠനം. ഇന്നും പല മുസ്ലിം സുഹൃത്തുക്കളുമായും ഇസ്ലാമുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടാറുണ്ട് ഞാന്‍.

ദിവസങ്ങള്‍ മാസങ്ങള്‍ക്കു വഴിമാറി. ഒരിക്കല്‍ക്കൂടി പരീക്ഷാനാളുകള്‍ എത്തി. എന്‍‌ജിനീയറിങ് കോളേജ് ജീവിതത്തിലെ ആദ്യ പരീക്ഷ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞ മെക്കാനിക്സ് ഒഴികെ മറ്റു പേപ്പറുകളിലൊന്നും ആഗ്രഹിച്ച നിലവാരത്തിലെത്താന്‍ കഴിഞ്ഞില്ല. എന്റെ ‘ആള്‍ - ടൈം ഫേവറിറ്റ്’ ആയ കെമിസ്ട്രി മാത്രമായിരുന്നു സാമാന്യം നന്നായി ചെയ്യാന്‍ കഴിഞ്ഞത്. അതു പോലും എന്റെ ‘ബെഞ്ച്മാര്‍ക്ക്’ നിലവാരത്തില്‍ എത്തിയില്ല. (ഒരു പരിധി വരെ ക്ലാസ്സിന്റെ നിലവാരമില്ലായ്മയായിരുന്നു കാരണം എന്നു പറയാം.) മാത്‌സിന്റെ രണ്ടു പേപ്പറുകളും ക്ലിയര്‍ ചെയ്യാന്‍ കഴിയുമോ എന്നു പോലും സംശയമായിരുന്നു. ഏതായാലും പരീക്ഷാഫലം പുറത്തു വരുന്നതോടെ പഴയ ചില പരിപാടികള്‍ പുനരുജ്ജീവിപ്പിക്കേണ്ടി വരുമെന്ന് ഞാന്‍ ഏറെക്കുറെ ഉറപ്പിച്ചു.

പരീക്ഷ കഴിഞ്ഞ് ചെറിയൊരു ഇടവേളയ്ക്കു ശേഷം മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകള്‍ക്ക് തുടക്കമായി. പുതിയ ബാച്ചിന്റെ ഒന്നാം വര്‍ഷ ക്ലാസ്സുകള്‍ കൂടി തുടങ്ങിയ - തോടൊപ്പം കോളേജ് ഹോസ്റ്റലില്‍ പ്രവേശനവും ലഭ്യമായി. ‘ഡി’ ബ്ലോക്കിലെ അറുപത്തിനാലാം നമ്പര്‍ മുറിയില്‍ എനിക്ക് കൂട്ടുകാരായി കിട്ടിയത് രണ്ട് ഒന്നാം വര്‍ഷക്കാരെയായിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിച്ചിരുന്നത് എന്റെ നാട്ടുകാരനായ ഷമില്‍ എന്നു പേരുള്ള ഒരു കക്ഷിയായിരുന്നു. പഠനത്തെ പെരുവഴിയിലിട്ട് പലവിധ ‘സൈഡ് ബിസിനസ്സു’കളുമായി കഴിയുന്ന ഒരു ‘അത്ഭുത പ്രതിഭാസം’ എന്നു വേണമെങ്കില്‍ വിശേഷിപ്പിക്കാം ഈ ‘വിദ്വാനെ’.

മറ്റുള്ളവരുമായി - പ്രത്യേകിച്ച് പെണ്‍കുട്ടികളുമായി - ഇടപഴകുന്നതിന് പൊതുവേ അല്പം വിമുഖതയുള്ള കൂട്ടത്തിലായിരുന്നല്ലോ ഞാന്‍. ക്ലാസ്സിലെ ആറു പെണ്‍കുട്ടികളില്‍ മൂന്നുപേരുമായി മാത്രമേ എനിക്ക് കുറച്ചെങ്കിലും സംസാരിക്കാവുന്നത്ര അടുപ്പം ഉണ്ടായിരുന്നുള്ളൂ - സ്നേഹ, പ്രസീത, വിനീത എന്നിവര്‍. ഇവരില്‍ സ്നേഹ ഒഴികെ രണ്ടുപേരും വളരെ ‘ഫ്രീ’ ആയി ഇടപെടുന്ന പ്രകൃതക്കാരായിരുന്നു; സ്നേഹയാകട്ടെ വളരെ ‘റിസര്‍വ്ഡ്‘ ടൈപ്പും - ഏറെക്കുറെ എന്നെപ്പോലെ തന്നെ എന്നു പറയാം. ഈ സവിശേഷതയും നേരത്തെയുള്ള കടപ്പാടും പഠിത്തത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രകൃതവുമൊക്കെ കൊണ്ടാവാം എനിക്ക് അവളോട് ഒരു പ്രത്യേക മമത - പ്രണയമല്ല, ബഹുമാനം കലര്‍ന്ന സ്നേഹം - തോന്നിയിരുന്നു. ആയിടയ്ക്ക് ഒരു ദിവസം തികച്ചും യാദൃശ്ചികമായി അവളുടെ ഐഡന്റിറ്റി കാര്‍ഡ് ഒരുനോക്കു കാണാനിടയായത് അവളെക്കുറിച്ച് ഞാന്‍ അറിയണമെന്ന് ആഗ്രഹിച്ചിരുന്ന രണ്ടു കാര്യങ്ങള്‍ അറിയാന്‍ സഹായിച്ചു - ജന്മദിനവും (ജനുവരി 18) മേല്‍‌വിലാസവും. എന്റെ ചേച്ചിയെപ്പോലെ സ്നേഹയും എന്നേക്കാള്‍ ‘സീനിയര്‍’ ആണെന്ന് - ഏതാനും ദിവസത്തേക്കാണെങ്കിലും - അറിഞ്ഞതു മുതല്‍ സ്നേഹയോടുള്ള എന്റെ മനോഭാവത്തിന് അല്പം കൂടി മാറ്റം വന്നു - സതീര്‍ഥ്യയോടുള്ള സ്നേഹത്തേക്കാളുപരി, മുതിര്‍ന്ന ഒരു പെണ്‍കുട്ടിയോടുള്ള ബഹുമാനത്തിനായി പ്രാമുഖ്യം - അത് പ്രകടിപ്പിക്കാനുള്ള അവസങ്ങളൊന്നും ഉണ്ടായിരുന്നില്ലെങ്കിലും.

മൂന്നാം സെമസ്റ്റര്‍ ക്ലാസ്സുകളുടെ അവസാന ഘട്ടത്തില്‍ ക്ലാസ്സിലെ ഏതാനും ആണ്‍കുട്ടികള്‍ ചേര്‍ന്ന് ഉന്നയിച്ച നിര്‍ദേശത്തിന് ഭൂരിപക്ഷം സഹപാഠികളുടെയും പിന്‍‌തുണ ലഭിച്ചതോടെ ഞങ്ങളുടെ ബാച്ചിന്റെ ആദ്യത്തെ വിനോദയാത്രയ്ക്ക് അരങ്ങൊരുങ്ങി - കൊടൈക്കാനലിലേക്ക്. (അത് അവസാനത്തേതുമായി എന്നത് വേറെ കാര്യം!) ക്ലാസ്സിലെ 36 പേരില്‍ മൂന്നു പെണ്‍കുട്ടികള്‍ ഒഴികെ എല്ലാവരും ഉണ്ടായിരുന്നു സംഘത്തില്‍ - 33 ആണ്‍കുട്ടികളും മൂന്നു പെണ്‍കുട്ടികളും. കൂടെ രണ്ടു ടീച്ചര്‍മാരും. 1997 മാര്‍ച്ച് 6 വ്യാഴാഴ്ച. അന്നായിരുന്നു ഞങ്ങളുടെ യാത്രയുടെ തുടക്കം.

കഥ തുടരുന്നു...

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.