Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



മുഖ്യമന്ത്രിക്കു നേരെ അക്രമം: അന്താരാഷ്ട്ര വിദഗ്ദ്ധസംഘം കേരളത്തിലേക്ക്


തിരുവനന്തപുരം / കണ്ണൂര്‍: മുഖ്യമന്ത്രി ശ്രീ. ഉമ്മന്‍ ചാണ്ടിക്കു നേരെ കണ്ണൂരിലുണ്ടായ കല്ലേറ് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് പഠിക്കാന്‍ വിവിധ രാഷ്ട്രങ്ങളില്‍ നിന്നുള്ള ശാസ്ത്രവിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന ഒരു ഗവേഷകസംഘം ഏതാനും ദിവസങ്ങള്‍ക്കകം കേരളം സന്ദര്‍ശിച്ചേക്കും. മുഖ്യമന്ത്രിക്കു നേരെ ഉണ്ടായ ആക്രമണത്തില്‍ അദ്ദേഹം സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഒരു വശത്തെ ഗ്ലാസ് തകര്‍ത്ത കല്ല് അദ്ദേഹത്തിന്റെ നെഞ്ചില്‍ പതിച്ച ശേഷം മറുവശത്തെ ഗ്ലാസ്സും തകര്‍ത്ത് പുറത്തേക്കു പോയി എന്ന് വിവിധ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ അദ്ദേഹം തന്നെ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഈ സംഭവത്തെക്കുറിച്ച് വിശദമായ പഠനം ആവശ്യമാണെന്ന നിഗമനത്തില്‍ എത്തിച്ചേര്‍ന്നതിനെത്തുടര്‍ന്നാണ് ഈ നീക്കം. ശാസ്ത്രലോകം ഇന്നോളം അംഗീകരിച്ചുപോന്നിരുന്ന ഭൌതികശാസ്ത്ര നിയമങ്ങളില്‍ പലതിനെയും പൊളിച്ചെഴുതാന്‍ പോന്നതാണ് ഈ സംഭവം എന്ന് വിവിധ രാജ്യങ്ങളിലെ ശാസ്ത്രജ്ഞര്‍ ഉള്‍പ്പെടെയുള്ളവര്‍ വിലയിരുത്തിയതിനെത്തുടര്‍ന്നാണ് ഈ പ്രതിഭാസത്തെക്കുറിച്ച് കൂടുതല്‍ പഠനം ആവശ്യമാണെന്ന നിര്‍ദേശം ഉയര്‍ന്നത്. യു എസ്, റഷ്യ, യു കെ തുടങ്ങി എട്ടോളം രാജ്യങ്ങളില്‍ നിന്നുള്ള ഭൌതികശാസ്ത്രജ്ഞര്‍ ഉള്‍പ്പെട്ട ഒരു സമിതി ഇതിനായി രൂപീകരിച്ചിട്ടുണ്ട്. അതോടൊപ്പം ഇത്തരത്തില്‍ ശരീരത്തില്‍ പതിച്ച കല്ലിന്റെ ആഘാതത്തിലും മുഖ്യമന്ത്രിയുടെ ശരീരത്തില്‍ ഗൌരവമായ പരിക്കുകളോ മറ്റ് അസ്വസ്ഥതകളോ അനുഭവപ്പെട്ടില്ല എന്നത് വൈദ്യശാസ്ത്ര - ശരീരശാസ്ത്രവിദഗ്ദ്ധരെയും അമ്പരപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെയും നെഞ്ചിന്റെ സവിശേഷ ഘടനയെയും പഠനവിധേയമാക്കാനും നിര്‍ദേശമുയര്‍ന്നിട്ടുണ്ട്. അതിനായി വിദഗ്ദ്ധസംഘത്തില്‍ പ്രമുഖ വൈദ്യശാസ്ത്രജ്ഞരെയും ഉള്‍പ്പെടുത്തുമെന്ന് അറിയുന്നു. പഠനത്തില്‍ സഹകരിക്കാന്‍ രാജ്യത്തെ വിവിധ ഐ ഐ ടികള്‍ ഉള്‍പ്പെടെയുള്ള ഗവേഷണസ്ഥാപനങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധരെ ക്ഷണിച്ചിട്ടുള്ളതായും അറിയുന്നു.

കണ്ണൂര്‍: മുഖ്യമന്ത്രിക്കു നേരെ ‘അപൂര്‍വ കല്ലേറു‘ണ്ടായ അഭൂതപൂര്‍വമായ പ്രതിഭാസത്തെക്കുറിച്ച് അന്താരാഷ്ട്ര ഗവേഷകസംഘം നടത്താന്‍ ഉദ്ദേശിക്കുന്ന പഠനത്തിന്റെ ഭാഗമായി സംഭവത്തില്‍ ഉള്‍പ്പെട്ട കല്ലിന്റെ ഭൌതികഘടനയും അതിന്റെ ഉത്ഭവസ്ഥാനവും ഗവേഷണവിധേയമാക്കേണ്ടതുണ്ട് എന്ന സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കണ്ണൂരിലും പരിസരപ്രദേശങ്ങളിലും തെരച്ചില്‍ ഊര്‍ജിതമാക്കി. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ ഗ്ലാസ് തകര്‍ക്കുകയും ശരീരത്തില്‍ പരിക്കേല്പിക്കുകയും ചെയ്ത കല്ല് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പോലീസ് നേരത്തെ പറഞ്ഞിരുന്നു. കല്ലേറിനെക്കുറിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സാക്ഷികളുടെ മൊഴികളും സാഹചര്യത്തെളിവുകളും വെച്ചുതന്നെ കേസ് തെളിയിക്കാനാവുമെന്നതിനാല്‍ കല്ല് കണ്ടെത്തുന്നതിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് അന്വേഷണം അല്പം മന്ദഗതിയിലായെങ്കിലും മാറിയ സാഹചര്യത്തില്‍ തെരച്ചില്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ വിളിച്ചുകൂട്ടിയ പ്രത്യേക അന്വേഷണസംഘത്തിന്റെ യോഗത്തില്‍ തീരുമാനിക്കുകയായിരുന്നു എന്ന് പോലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

അതിനിടെ മുഖ്യമന്ത്രി ആക്രമണത്തിനിരയായ ഇന്നോവ കാറിന്റെ നിര്‍മാതാക്കളായ ടൊയോട്ട കമ്പനിയുടെ ജപ്പാനില്‍ നിന്നുള്ള എന്‍‌ജിനീയര്‍മാരുടെ ഒരു പ്രത്യേക വിദഗ്ദ്ധസംഘവും കേരളത്തില്‍ എത്തിയേക്കുമെന്ന് സൂചനയുണ്ട്. സാധാരണ വേഗതയില്‍ കല്ലുകളോ അതുപോലുള്ള മറ്റു ബാഹ്യവസ്തുക്കളോ പതിച്ചാല്‍ പൊട്ടുമെങ്കിലും തകര്‍ന്നുവീഴാത്ത തരത്തില്‍ നിര്‍മിച്ചിട്ടുള്ള ഗ്ലാസ്സാണ് ഈ കാറിനുള്ളത്. എന്നിട്ടും ഒരൊറ്റ കല്ലുകൊണ്ട് രണ്ടുവശത്തെയും ഗ്ലാസ്സുകള്‍ തകര്‍ന്നു എന്നത് കമ്പനിയിലെ സാങ്കേതികവിദഗ്ദ്ധരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ മോഡല്‍ കാറുകളില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്ലാസ്സിന്റെ ഘടനയിലോ നിര്‍മാണത്തിലോ എന്തെങ്കിലും പിഴവു സംഭവിച്ചിട്ടുണ്ടായിരിക്കാനുള്ള സാധ്യത പരിശോധിക്കാനാണ് കമ്പനിയുടെ തീരുമാനം. അത്തരത്തില്‍ എന്തെങ്കിലും സാങ്കേതിക ന്യൂനത കണ്ടെത്തുകയാണെങ്കില്‍ അത് ടൊയോട്ടയുടെ സാങ്കേതികവൈദഗ്ദ്ധ്യത്തിനു നേരെ ഉയരുന്ന ചോദ്യചിഹ്നമാകും. ലോകമെങ്ങും വിറ്റഴിച്ചിട്ടുള്ള ആയിരക്കണക്കിന് കാറുകള്‍ തിരിച്ചുവിളിക്കാന്‍ പോലും കമ്പനി നിര്‍ബന്ധിതമായേക്കുമെന്ന് സാങ്കേതികവിഭാഗം മേധാവി ചില അടുത്ത വൃത്തങ്ങളില്‍ സൂചിപ്പിച്ചതായി അറിയുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട കല്ലിന്റെ എന്തെങ്കിലും സവിശേഷതയാണോ ഗ്ലാസ് തകരാനിടയാക്കിയത് എന്നതും സംഘം പഠനവിധേയമാക്കുമെന്ന് സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ഭാവിയില്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മോഡലുകളില്‍ ഉപയോഗിക്കുന്ന ഗ്ലാസ്സ് ഇത്തരം സാഹചര്യങ്ങളെക്കൂടി നേരിടാന്‍ പര്യാപ്തമായ തരത്തില്‍ റീഡിസൈന്‍ ചെയ്യേണ്ടിവരുമെന്ന് സാങ്കേതിക വിദഗ്ദ്ധര്‍ പറഞ്ഞു.



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.