Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



നുണ പരിശോധന: ശാസ്ത്രവും മുഖ്യമന്ത്രിക്കൊപ്പം



സോളാർ കേസിൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന മുഖമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാടിനു നിയമത്തിന്റെ മാത്രമല്ല, ശാസ്ത്രത്തിന്റെ പിന്തുണയുമുണ്ടെന്ന് വിദഗ്ദ്ധർ. നുണപരിശോധനയുടെ ശാസ്ത്രീയതയെക്കുറിച്ച് ശ്രദ്ധേയമായ ഒട്ടേറെ പഠനങ്ങൾ നടത്തിയിട്ടുള്ള പ്രമുഖർ അടങ്ങിയ ഗവേഷകസംഘമാണ് മുഖ്യമന്ത്രിയുടെ നിലപാടിനെ സാധൂകരിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരിക്കുന്നത്. കാലിഫോർണിയ സർവകലാശാലയിലെ മന:ശാസ്ത്ര വിഭാഗം തലവൻ ഡോ. ജാക്ക് റോബർട്സ്, ന്യൂയോർക്കിലെ ശാസ്ത്ര - സാങ്കേതികസർവകലാശാലയിലെ നരവംശശാസ്ത്ര വിഭാഗം തലവൻ പ്രൊഫസർ ടെന്നിസൺ ജോസഫ്, എഡിൻബറോ യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ സൈക്കോളജി വിദഗ്ദ്ധനും കേരളത്തിൽ വേരുകളുള്ളയാളുമായ അസിസ്റ്റന്റ് പ്രൊഫസർ സലാം റജബ് എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പഠനം നടത്തിയത്.

ഒരു വ്യക്തി തനിക്ക് അറിവുള്ള കാര്യങ്ങൾ മന:പൂർവം മറച്ചുവെക്കാനോ വസ്തുതാവിരുദ്ധമോ സാങ്കല്പികമോ ആയ കാര്യങ്ങൾ കെട്ടിച്ചമയ്ക്കാനോ ശ്രമിക്കുമ്പോൾ സാധാരണ ശാരീരികപ്രവർത്തനങ്ങളുടേതിൽ നിന്ന് വ്യത്യസ്തമായി ശരീരത്തിൽ ഉണ്ടാകുന്നതും അയാളുടെ സ്വമേധയാ ഉള്ള നിയന്ത്രണത്തിൽ അല്ലാത്തതുമായ വ്യതിയാനങ്ങൾ വിലയിരുത്തുന്നതുവഴിയാണ് നുണപരിശോധന അഥവാ പോളിഗ്രാഫ് ടെസ്റ്റ് എന്നറിയപ്പെടുന്ന സാങ്കേതികവിദ്യ പ്രവർത്തിക്കുന്നത്. മനുഷ്യൻ സാധാരണ സാഹചര്യങ്ങളിൽ കള്ളം പറയാൻ സാധ്യതയില്ലെന്നും തന്റെയോ തനിക്കു വേണ്ടപ്പെട്ടവരുടെയോ ഭാഗത്തുള്ള വീഴ്ച അല്ലെങ്കിൽ കുറ്റം മറച്ചുവെക്കാൻ നിർബന്ധിതനാകുന്ന ഘട്ടത്തിൽ മാത്രമേ അതിനു ശ്രമിക്കുകയുള്ളൂ എന്നുമുള്ള പൊതുതത്ത്വമാണ് 'നുണപരിശോധന' എന്ന സങ്കേതത്തിന്റെ അടിത്തറ. ഈ സാങ്കേതികവിദ്യ സോളാർ കേസിലോ നിലവിൽ സംസ്ഥാനത്ത് വിവാദവിഷയമായിട്ടുള്ള മറ്റു കേസുകളിലോ മുഖ്യമന്ത്രിയുടെ മേൽ പ്രയോഗിക്കുക പ്രായോഗികമല്ലെന്നാണ് ഈ രംഗത്ത് വർഷങ്ങളുടെ പരിചയമുള്ള വിദഗ്ദ്ധർ വിലയിരുത്തുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹത്തിന്റെ മാനസിക - ശാരീരിക ആരോഗ്യനില വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ. സാധാരണ വ്യക്തികളുടേതിൽ നിന്ന് വ്യത്യസ്തമായി സത്യം മറച്ചുവെക്കൽ, വ്യാജപ്രസ്താവനകൾ തുടങ്ങിയവ ഇക്കാലയളവിൽ അദ്ദേഹത്തിന്റെ സ്വാഭാവിക ദിനചര്യയുടെ ഭാഗമായിട്ടുണ്ടെന്ന നിരീക്ഷണമാണ് ഈ വിലയിരുത്തലിന്റെ അടിസ്ഥാനം. വർഷങ്ങളായുള്ള നിരന്തരശീലവും പരിചയവും കാരണം മുഖ്യമന്ത്രിയുടെ ശരീരം 'നുണ പറച്ചിൽ' എന്ന അവസ്ഥയോട് താദാത്മ്യം പ്രാപിച്ചിരിക്കുന്നതായാണ് സംഘത്തിന്റെ കണ്ടെത്തൽ. അതുകൊണ്ടുതന്നെ അദ്ദേഹം തനിക്ക് അറിവുള്ള എന്തെങ്കിലും കാര്യം മറച്ചുവെക്കുന്നതോ വസ്തുതാവിരുദ്ധമായ എന്തെങ്കിലും പ്രസ്താവം നടത്തുന്നതോ ആയ സന്ദർഭത്തിൽ അത് ശരീരത്തിന്റെ തനതായ പ്രവണതയാകയാൽ മറ്റു മനുഷ്യരിൽ ഉണ്ടാകുന്നതു പോലുള്ള വ്യതിയാനങ്ങൾ അദ്ദേഹത്തിന്റെ ശരീരത്തിൽ ഉണ്ടാകില്ല. ഈ സാഹചര്യത്തിൽ 'നുണപരിശോധന' എന്ന സാങ്കേതികവിദ്യയുടെ അടിസ്ഥാനം തന്നെ തകരുന്നു എന്നതു കൊണ്ടുതന്നെ പരിശോധന പരാജയപ്പെടും എന്നാണ് വിദഗ്ദ്ധർ പറയുന്നത്. നുണപരിശോധനയ്ക്കു പകരം ഒരു 'സത്യപരിശോധന' നടത്തിയാൽ മാത്രമേ എന്തെങ്കിലും കണ്ടെത്താൻ സാധ്യതയുള്ളൂ എന്നാണ് ഈ സംഘത്തിന്റെ നിഗമനം. എന്നാൽ അത്തരമൊരു പരിശോധനയ്ക്ക് ഇന്ത്യയിലെന്നല്ല, വിദേശരാജ്യങ്ങളിൽപ്പോലും സാധുതയില്ലാത്തതിനാൽ ഫലത്തിൽ മുഖ്യമന്ത്രിക്കെതിരെ ഇക്കാര്യത്തിൽ ഒന്നും ചെയ്യാനാവില്ലെന്നാണ് വിദഗ്ദ്ധമതം.

മറ്റു സ്വതന്ത്ര തെളിവുകളുടെ അഭാവത്തിൽ നുണപരിശോധനയോ അതിലെ നിഗമനങ്ങളോ ഒരു വ്യക്തിക്ക് ഒരു കുറ്റകൃത്യത്തിൽ പങ്കുണ്ടെന്നോ ഇല്ലെന്നോ സ്ഥിരീകരിക്കാൻ തക്ക തെളിവായി ഇന്ത്യൻ നിയമവ്യവസ്ഥ അംഗീകരിച്ചിട്ടില്ലാത്തതിനാൽ മുഖ്യമന്ത്രിയുടെ നിലപാടിനു നിയമസാധുതയും പരിരക്ഷയും ഉണ്ടെന്ന് പ്രമുഖ നിയമവിദഗ്ദ്ധർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിലപാടിന്റെ ശാസ്ത്രീയ അടിത്തറ കൂടി ഉറപ്പിച്ചുകൊണ്ട് വിദഗ്ദ്ധരുടെ നിരീക്ഷണങ്ങൾ പുറത്തു വന്നിരിക്കുന്നത്.



ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.