Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



കമ്യൂണിസാധിഷ്ഠിത ഭരണം


ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ നിരീക്ഷണവും വിമർശനങ്ങളും കണക്കിലെടുത്ത്, സംസ്ഥാന ഭരണരംഗത്ത് പൂർണമായും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ സംവിധാനങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ഉടൻ തുടങ്ങിയേക്കുമെന്ന് സൂചന. സ്വാശ്രയ കോളേജ് പ്രവേശന നടപടികളുമായി ബന്ധപ്പെട്ടുള്ള കേസിൽ ഇന്നലെ കോടതി നടത്തിയ പരാമർശങ്ങളെത്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാഭ്യാസ - ആരോഗ്യവകുപ്പുമന്ത്രിമാരുമായി ചർച്ച നടത്തി. കോടതി പരാമർശങ്ങൾക്ക് ഇടയാക്കിയ സാഹചര്യങ്ങളിൽ തനിക്കുള്ള അതൃപ്തി അറിയിച്ച മുഖ്യമന്ത്രി തുടർന്ന് ബന്ധപ്പെട്ട വകുപ്പുസെക്രട്ടറിമാരെയും വിളിച്ചുവരുത്തി അടിയന്തര റിപ്പോർട്ട് തേടിയതായും അറിയുന്നു. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ നിയമോപദേശം തേടേണ്ടതുണ്ടെന്ന് ഇവർ അഭിപ്രായപ്പെട്ടതിനെത്തുടർന്ന് മുഖ്യമന്ത്രി അഡ്വക്കേറ്റ് ജനറലുമായി ഫോണിൽ സംസാരിച്ചു. വിഷയത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത്, കേസിലെ തുടർ നടപടികൾക്കു മുൻപു തന്നെ നിയമോപദേശം നൽകിയേക്കുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു.

അതിനിടെ, കമ്യൂണിസ്റ്റ് പാർട്ടി നയിക്കുന്ന സർക്കാരിന്റെ ഭരണരംഗത്തെ നടപടികൾ കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിന് ചേർന്ന വിധമായിരിക്കണമെന്ന ധ്വനിയുള്ള ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ വിദ്യാഭ്യാസ രംഗത്തു മാത്രമല്ല, ഭരണസംബന്ധമായ സമസ്ത മേഖലകളിലും കമ്യൂണിസ്റ്റ് ശൈലിയിലുള്ള നടപടികളായിരിക്കണം സർക്കാർ നടപ്പാക്കേണ്ടത് എന്ന, കൂടുതൽ വ്യാപ്തിയുള്ള നിർദേശത്തിന്റെ സൂചനയായാണ് കണക്കാക്കേണ്ടതെന്ന് പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ വിലയിരുത്തുന്നു. പാർട്ടിയിലെ വലിയൊരു വിഭാഗം അംഗങ്ങളും പ്രവർത്തകരിൽ ഭൂരിപക്ഷവും ഇതേ നിലപാടുള്ളവരാണെന്നാണ് വിവിധ പാർട്ടിഘടകങ്ങളുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വി എസ് അച്യുതാനന്ദന്റെയും മുന്നണിയിലെ രണ്ടാം കക്ഷിയായ സി പി ഐയുടെയും പിന്തുണയും തങ്ങൾക്കുണ്ടെന്ന് ഇവർ പറയുന്നു. ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷൻ കൂടിയായ വി എസ്സിന്റെ നിലപാട് ഇക്കാര്യത്തിൽ പാർട്ടിക്ക് ഗുണകരമായി ഭവിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ടുതന്നെയാവാം, മറ്റു പല വിഷയങ്ങളിലും വി എസ്സിന്റെ നിലപാടുകളെ തള്ളിക്കളഞ്ഞിട്ടുള്ള ഔദ്യോഗിക നേതൃത്വം ഈ വിഷയത്തിൽ അനുകൂല നിലപാട് എടുത്തേക്കുമെന്നാണ് പിണറായിയുടെ നടപടികൾ സൂചിപ്പിക്കുന്നത്.

അതേ സമയം, കോടതിയുടെ വിമർശനം ഇരുതലമൂർച്ചയുള്ള ഒരു വാളായി മാറുമെന്ന് പാർട്ടിയിലെ തന്നെ മറ്റൊരു വിഭാഗം കരുതുന്നുണ്ട്. രാജ്യത്ത് നിലവിലുള്ള ഭരണഘടനയും നിയമചട്ടക്കൂടും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തെ അംഗീകരിക്കുന്നതല്ല എന്നും ഇപ്പോഴത്തെ കോടതി ഇടപെടലിനു ആധാരമായ വിദ്യാഭ്യാസ മേഖലയിൽ ഉൾപ്പെടെ മിക്ക വിഷയങ്ങളിലും കമ്യൂണിസ്റ്റ് തത്ത്വങ്ങളെ പാടേ തള്ളിക്കളയുന്ന തരത്തിലാണു ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും പൊതുസ്വഭാവമെന്നും ഈ വിഭാഗം പറയുന്നു. ഈ സാഹചര്യത്തിൽ കമ്യൂണിസ്റ്റ് രീതിയിലുള്ള ഭരണനടപടികൾ സ്വീകരിക്കുന്നതിനു മുൻകാല കോടതി വിധികൾ തന്നെ തടസ്സമാണെന്ന് ഇവരുടെ വിലയിരുത്തൽ. സ്വാശ്രയ കോളേജ് വിഷയത്തിൽത്തന്നെ കഴിഞ്ഞ ഏതാനും വർഷങ്ങളായി കോടതികൾ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ ഇടതുപക്ഷ നിലപാടിനെ തള്ളിക്കളയുന്നതും മുതലാളിമാർക്ക് ഏറെക്കുറെ പൂർണസ്വാതന്ത്ര്യം അനുവദിക്കുന്നതുമാണെന്നുള്ളത് ഈ ദിശയിലുള്ള സൂചനകളാണു നൽകുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ഭരണതലത്തിൽ ‘കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രം’ പിന്തുടരുന്ന നടപടികൾ സർക്കാർ സ്വീകരിച്ചാൽ കോടതി അത് അനുവദിക്കുമോ എന്നും ഇവർ ചോദിക്കുന്നു. ഈ വാദഗതിയിൽ കഴമ്പുണ്ടെന്ന് ഔദ്യോഗികനേതൃത്വത്തിലെ പല പ്രമുഖർക്കും അഭിപ്രായമുണ്ടത്രേ. ഇക്കാര്യം മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ മന്ത്രിമാർ അറിയിച്ചതായും സൂചനയുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്ത്, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത ആവശ്യപ്പെട്ടും കമ്യൂണിസ്റ്റ് തത്ത്വശാസ്ത്രത്തിൽ അധിഷ്ഠിതമായ ഭരണനടപടികളുമായി മുന്നോട്ടുപോകാൻ വ്യക്തമായ അനുമതി തേടിക്കൊണ്ടും സർക്കാർ കോടതിയെ സമീപിച്ചേക്കുമെന്ന് അറിയുന്നു. മുൻ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് സ്വാശ്രയ വിദ്യാഭ്യാസ വിഷയത്തിൽ സർക്കാർ കൊണ്ടുവന്ന നിയമത്തിലെ പല വ്യവസ്ഥകളും കോടതി ഇടപെട്ട് റദ്ദാക്കിയതു പോലെ, കമ്യൂണിസ്റ്റ് രീതിയിലുള്ള ഭരണനടപടികളുമായി മുന്നോട്ടു പോയാൽ കോടതി ഇപ്പോഴത്തെ നിരീക്ഷണത്തിനു കടകവിരുദ്ധമായ നിലപാട് സ്വീകരിക്കാനുള്ള സാധ്യത പരിഗണിച്ചാണിത്. കോടതിയുടെ വിമർശനം ഉൾക്കൊണ്ട് സ്വീകരിക്കുന്ന നടപടികൾ കോടതി തന്നെ പിന്നീട് തള്ളിക്കളയുന്ന സാഹചര്യം ഉണ്ടാകാതിരിക്കാൻ ഇക്കാര്യത്തിൽ വ്യക്തമായ ഒരു ഉത്തരവ് ഉണ്ടാകേണ്ടതുണ്ട് എന്ന പൊതു അഭിപ്രായം മന്ത്രിസഭയിലും മുന്നണിയിലും ഉയർന്നിട്ടുള്ളതിനാലും സ്വാശ്രയ കോളേജ് വിഷയം പരിഗണിക്കു പരിഗണിക്കുന്ന ബെഞ്ചാണ് വിമർശനം ഉന്നയിച്ചത് എന്നതിനാലും ഇതേ ബെഞ്ചിന്റെ തന്നെ പരിഗണയിൽ വരുന്ന തരത്തിൽ ഹർജി നൽകാനാണു സർക്കാരിന്റെ നീക്കമെന്നറിയുന്നു.

---------------------------------------------------------------------------------------------
ലേബൽ: ‘മ...’ അല്ലെങ്കിൽ വേണ്ട, ലേബലിന്റെയൊന്നും ആവശ്യമില്ല...!


ഫേസ്‌ബുക്ക് പോസ്റ്റ് ഇവിടെ

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.