Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



ലാവലിന്‍ കേസും 'സുധീരവചനങ്ങ'ളും

(പള്ളിവാസല്‍ - ശെങ്കുളം - പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണ പ്രവര്‍ത്തനങ്ങൾ എസ് എൻ സി ലാവലിൻ എന്ന കനേഡിയൻ കമ്പനിയെ ഏല്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന അഴിമതി ആരോപണങ്ങളെയും വൈദ്യുതി വകുപ്പ് മുൻ‌മന്ത്രിയും സി പി ഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്‌ബ്യൂറോ അംഗവുമായ ശ്രീ. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി ബി ഐ റജിസ്റ്റർ ചെയ്ത കേസിനെയും തുടർ സംഭവവികാസങ്ങളെയും കുറിച്ച് കെ പി സി സി പ്രസിഡന്റ് ശ്രീ. വി. എം. സുധീരൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച 'തുറന്ന കത്തു'കളിലെ ആരോപണങ്ങൾക്കുള്ള മറുപടി. 'നേർരേഖ' എന്ന ഓൺലൈൻ മാഗസിനു വേണ്ടി എഴുതിയ ലേഖനം, ചില ടൈപ്പിങ് - വ്യാകരണപ്പിശകുകൾ തിരുത്തി പുന:പ്രസിദ്ധീകരിക്കുന്നത്.) ‍


(സംസ്ഥാന രാഷ്ട്രീയത്തിൽ ഒരു മുഖവുര ആവശ്യമില്ലാത്ത 'ലാവലിൻ കേസി'നെക്കുറിച്ച് കെ പി സി സി പ്രസിഡന്റ് ശ്രീ. വി. എം. സുധീരൻ തന്റെ ഫേസ്‌ബുക്ക് പേജിൽ പ്രസിദ്ധീകരിച്ച 'തുറന്ന കത്ത്' പോസ്റ്റുകളിലൂടെ ഉന്നയിച്ച വാദങ്ങളെ സി എ ജി റിപ്പോർട്ടിന്റെയും തുടർ നടപടികളുടെയും അനുബന്ധ പത്ര - മാധ്യമ വാർത്തകളുടെയും അടിസ്ഥാനത്തിൽ പരിശോധിക്കാൻ ഒരു ശ്രമം നടത്തുകയാണ് ഈ കുറിപ്പിലൂടെ.)

നാലു ദിവസം മുൻപ് (ഫെബ്രുവരി മൂന്നാം തീയതി) ശ്രീ. സുധീരൻ പുറത്തിറക്കിയ 'തുറന്ന കത്തിൽ' നിന്നുതന്നെയാവാം തുടക്കം. "സംസ്ഥാന ഖജനാവിന് 374 കോടികള്‍ നഷ്ടമുണ്ടാക്കിയെന്ന കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ 2005-06 ലെ റിപ്പോര്‍ട്ടിലൂടെയാണല്ലോ ഈ അഴിമതിയുടെ ഞെട്ടിക്കുന്ന കഥ പുറംലോകം അറിഞ്ഞത്" എന്ന വാക്യവുമായാണ് അദ്ദേഹം കേസിനെക്കുറിച്ചുള്ള വിശദാംശങ്ങളിലേക്കു കടന്നത്. 'ലാവലിൻ കേസ്' എന്ന 'വീർപ്പിച്ച ബലൂണിന്റെ' പൊള്ളത്തരം വ്യക്തമാക്കുന്നതായിപ്പോയി തുടക്കം തന്നെയെന്നത് കേസിനെക്കുറിച്ച് അല്പമെങ്കിലും പഠിക്കാൻ ശ്രമിച്ചിട്ടുള്ള ഏതൊരാൾക്കും ഒട്ടും അത്ഭുതമുളവാക്കാത്ത 'സ്വാഭാവിക പരാജയം' എന്നേ പറയാനാവൂ. '374 കോടി നഷ്ടം' എന്ന പരാമർശം സി എ ജി റിപ്പോർട്ടിൽ ഒരിടത്തും ഇല്ലെന്നിരിക്കെ വസ്തുതാവിരുദ്ധമായ പരാമർശവുമായി 'കത്തെഴുത്തു യജ്ഞ'ത്തിനിറങ്ങിയ ശ്രീ. സുധീരന് മറുപടിയായി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ തന്നെ പ്രതികരിച്ച സി പി ഐ (എം) കേന്ദ്രകമ്മിറ്റി അംഗവും എം എൽ എയുമായ ശ്രീ. തോമസ് ഐസക്ക് മുതലിങ്ങോട്ട് സാധാരണ സി പി ഐ (എം) അനുഭാവികൾ വരെയുള്ള ഒട്ടേറെപ്പേർ പോസ്റ്റുകളിലൂടെയും കമന്റുകളിലൂടെയും പ്രതികരിച്ചതു കണ്ടാവാം, അദ്ദേഹം കഴിഞ്ഞ ദിവസം വീണ്ടുമൊരു മറുപടിപ്പോസ്റ്റുമായി എത്തിയത്.

(രണ്ടു പോസ്റ്റുകളിലും ഉന്നയിച്ചിരിക്കുന്ന വാദമുഖങ്ങളിൽ കാര്യമായ വ്യത്യാസമൊന്നും ഇല്ലാത്തതിനാൽ പോസ്റ്റുകളെ വെവ്വേറെ പരിഗണിക്കാൻ മുതിരുന്നില്ല.)

'374 കോടി നഷ്ട'ത്തെപ്പറ്റി സി എ ജി റിപ്പോർട്ടിൽ എവിടെയാണുള്ളതെന്ന ചോദ്യത്തിനു മറുപടിയെന്നോണം രണ്ടാം പോസ്റ്റിൽ പറയുന്നത് ഇങ്ങനെ: "നിര്‍മ്മാണം പൂര്‍ത്തിയായപ്പോള്‍ സര്‍ക്കാരിന് 389.98 കോടി രൂപ ചിലവഴിക്കേണ്ടി വരികയും വൈദ്യുതി ഉത്പാദനം നവീകരണത്തിന് മുമ്പുണ്ടായിരുന്നതിനേക്കാള്‍ കുറയുകയും ചെയ്തു. ഇതും, നവീകരണത്തോടനുബന്ധിച്ച് ഷട്ടറുകള്‍ അടച്ചുപൂട്ടിയതുമൂലം ഉത്പാദനം നിലച്ചതുള്‍പ്പെടെ കണക്കാക്കിയാണ് സി.എ.ജി. റിപ്പോര്‍ട്ടിന്റെ ആമുഖത്തിലും ഖണ്ഡിക 3.27 ലും 374.5 കോടിരൂപ ചിലവഴിച്ചിട്ടും ഉദ്ദേശിച്ച യാതൊരു ഫലവും ഉണ്ടായില്ലെന്ന് പറഞ്ഞിട്ടുള്ളത്."

ഇതു (മാത്രം) വായിക്കുന്നയാൾക്ക് തോന്നുക സി എ ജി റിപ്പോർട്ടിൽ രണ്ടിടത്തായി വ്യക്തമായി പറഞ്ഞിട്ടുള്ള കാര്യത്തെയാണോ ശ്രീ. തോമസ് ഐസക്കും സി പി എം‌ അണികളും കണ്ടില്ലെന്നു നടിക്കുന്നത് എന്നാവും. എന്നാൽ വാസ്തവമോ? ശ്രീ. സുധീരൻ എഴുതിയതു തന്നെ ഒന്നുകൂടി വായിക്കാം. ആദ്യ വാക്യത്തിൽ പറഞ്ഞത് "സര്‍ക്കാരിന് 389.98 കോടി രൂപ ചിലവഴിക്കേണ്ടി വന്നു" എന്നാണ്. എന്നാണ്. എന്നാൽ തൊട്ടടുത്ത വാക്യത്തിൽ സി എ ജി റിപ്പോർട്ടിൽ പറഞ്ഞതായി ശ്രീ. സുധീരൻ തന്നെ പറഞ്ഞിരിക്കുന്നത് "374.5 കോടിരൂപ ചിലവഴിച്ചിട്ടും" എന്നും...! രണ്ടു വരി എഴുതിയപ്പോഴേക്കും "കാണാതായത്" രൂപ ഒന്നും രണ്ടുമല്ല, 15.48 കോടി...! (കരാർ കൊടുത്ത വകയിൽ 'കമ്മീഷനായി' കാർത്തിയേകയനു കൊടുത്തതാവുമോ ആവോ...?)

പതിനഞ്ചരക്കോടിയുടെ വ്യത്യാസം തൽക്കാലം മറക്കാം. 'സർക്കാരിന്റെ നഷ്ടം' ആണല്ലോ വിഷയം. ശ്രീ. സുധീരൻ തന്നെ ആധികാരിക രേഖയായി അംഗീകരിക്കുന്ന സി എ ജി റിപ്പോർട്ടു തന്നെ ആധാരമാക്കി ഒന്നു പരിശോധിക്കാം. റിപ്പോർട്ടിന്റെ ആമുഖത്തിൽ പറഞ്ഞിരിക്കുന്നത് "the expenditure of Rs.374.50 crore incurred for renovation did not yield commensurate gains due to various technical defects in the equipment renovated" എന്നാണ്. 'did not yield commensurate gains' എന്നതിനു ഇംഗ്ലീഷ് അറിയാവുന്നവർക്ക് അല്ലെങ്കിൽ ഡിക്‌ഷണറി നോക്കിയെങ്കിലും മനസ്സിലാക്കാൻ ശ്രമിക്കുന്നവർക്ക് മനസ്സിലാകുന്ന അർഥം (ചെലവിന്) 'ആനുപാതികമായ ലാഭം ഉണ്ടായില്ല' എന്നാണ്, അല്ലാതെ 'ഉദ്ദേശിച്ച യാതൊരു ഫലവും ഉണ്ടായില്ലെന്ന്' അല്ല. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ ലളിതമായ ഒരു ഉദാഹരണം പറയാം: അമ്പതു രൂപ ലാഭം കിട്ടുമെന്നു കരുതി ഒരാൾ ഒരു കച്ചവടത്തിന് ഇറങ്ങിയിട്ട് അപ്രതീക്ഷിതമായി ചെലവ് കൂടിയതു കൊണ്ട് 20 രൂപയേ ലാഭം (നഷ്ടമല്ല!) കിട്ടിയുള്ളൂ എങ്കിൽ, കച്ചവടത്തിന്റെ കണക്ക് ഒരു ഓഡിറ്ററെ ഏല്പിച്ചാൽ അയാൾ പറയും, "the expenditure did not yield commensurate gains" എന്ന്. (ചെലവ് കൂടുതലായതുകൊണ്ട്) ആ ചെലവിന് ആനുപാതികമായ ലാഭം ഉണ്ടായില്ല എന്ന്. 50 രൂപയ്ക്കു പകരം 49 രൂപ 50 പൈസ മുതൽ താഴേക്ക് 50 പൈസ വരെ ലാഭം ഉണ്ടായാലും നിഗമനം ഏറെക്കുറെ അതുതന്നെയായിരിക്കും - 'did not yield commensurate gains'. എന്നാൽ അഞ്ചു പൈസയെങ്കിലും നഷ്ടമാണുണ്ടായതെങ്കിൽ ഓഡിറ്റർ പറയുന്നത് (expenditure) "resulted in a loss of ... (amount)" എന്നായിരിക്കും - ഇത്ര രൂപ നഷ്ടമുണ്ടായി എന്ന്. ഇനി, ചെലവാക്കിയ പണം മുഴുവൻ വെറുതെ പോയെങ്കിൽ പറയുന്നത് മൊത്തം തുക നഷ്ടമായി എന്നോ ചെലവഴിച്ചതു കൊണ്ട് പ്രയോജനം ഉണ്ടായില്ല എന്നോ ആവും. അല്ലാതെ "ആനുപാതികമായ ലാഭം ഉണ്ടായില്ല" എന്നല്ല...!

'ബാലാനന്ദൻ കമ്മീഷൻ റിപ്പോർട്ട്' ആണ് ശ്രീ. സുധീരന്റെ (മറ്റു പലരുടെയും) മറ്റൊരു പ്രധാന 'ആയുധം'. സുധീരവചനം (ആദ്യ പോസ്റ്റിൽ നിന്ന്):

"പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുതി പദ്ധതികള്‍ നവീകരിക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ 100.5 കോടി രൂപ ചെലവില്‍ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സിനെ കൊണ്ട് പൂര്‍ത്തിയാക്കാം എന്ന് റിപ്പോര്‍ട്ട് നല്‍കിയത് താങ്കളുടെ നേതാവായിരുന്ന ഇ. ബാലാനന്ദന്‍ ചെയര്‍മാനായ കമ്മിറ്റി ആയിരുന്നു. 2.2.1997 ല്‍ സമര്‍പ്പിച്ച ആ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ പോലും താങ്കള്‍ തയ്യാറായില്ല. പകരം മന്ത്രിയായിരുന്ന താങ്കളുടെ നേതൃത്വത്തില്‍ ഒരു സംഘം കാനഡയില്‍ പോവുകയും 243.98 കോടി രൂപയ്ക്ക് 10.2.1997 ല്‍ ഇടത്തട്ടുകാരായ ലാവ്‌ലിന്‍ കമ്പനിയ്ക്ക് സപ്ലൈ കരാര്‍ നല്‍കുകയും ചെയ്തു. ആഗോള ടെണ്ടര്‍ പോലും വിളിക്കാതെയായിരുന്നല്ലോ ഈ നടപടി. ഇ. ബാലാനന്ദന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിയത് ഏത് സാഹചര്യത്തിലാണെന്ന് പൊതുസമൂഹത്തെ അറിയിക്കാന്‍ താങ്കള്‍ക്ക് ബാധ്യതയുണ്ട്."

പ്രത്യക്ഷത്തിൽ തീർത്തും ന്യായയുക്തമെന്നു തോന്നുന്ന വാദം തന്നെ. എന്നാൽ വസ്തുതകളിലേക്കു കടന്നാലോ? വാദം വെറും 'വാദം' മാത്രമായിപ്പോകുന്നതു കാണാം...! ഏതു കമ്മിറ്റിയുടെയും റിപ്പോർട്ടിനെപ്പറ്റി പറയുമ്പോൾ ആദ്യം ആലോചിക്കേണ്ടത് ആ കമ്മിറ്റി എന്തിനുള്ളതായിരുന്നു എന്നല്ലേ? (സി പി ഐ എമ്മിന്റെ പിണറായി ലോക്കൽ കമ്മിറ്റി ശ്രീ. സുധീരനെ കെ പി സി സി പ്രസിഡന്റു സ്ഥാനത്തു നിന്ന് നീക്കണം എന്ന് ഒരു റിപ്പോർട്ടിൽ എഴുതിയാൽ അതിന് എത്രത്തോളം വിലയുണ്ടാവും?) ശ്രീ. ബാലാനന്ദന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധസമിതിയെ സർക്കാർ നിയോഗിച്ചത് 'ലാവലിൻ കേസി'ന് ആധാരമായ പള്ളിവാസൽ - ശെങ്കുളം - പന്നിയാർ പദ്ധതികളെപ്പറ്റിയോ അവയുടെ നവീകരണത്തെപ്പറ്റിയോ അതിനുള്ള കരാറിനെപ്പറ്റിയോ പഠിക്കാനായിരുന്നില്ല എന്ന വസ്തുത ശ്രീ. സുധീരന് അറിയാതിരിക്കാൻ ഇടയില്ല. വസ്തുത ഇതായിരിക്കെ പദ്ധതികൾക്കു വേണ്ടിയുള്ള കരാർ ഒപ്പിടും മുൻപ് പ്രസ്തുത സമിതിയുടെ റിപ്പോർട്ട് "പഠിക്കുകയോ പരിശോധിക്കുകയോ" പോയിട്ട് ഒന്നു തുറന്നു നോക്കേണ്ട കാര്യം പോലും മന്ത്രിയെന്ന നിലയിലോ അല്ലാതെയോ പിണറായി വിജയന് ഇല്ലായിരുന്നു എന്നതാണു യാഥാർഥ്യം.

വീണ്ടും സി എ ജി റിപ്പോർട്ടിലേക്കു വരാം. അടുത്ത "സുധീര വചനം": "കുറ്റ്യാടി എക്‌സ്റ്റെന്‍ഷന്‍ സംബന്ധിച്ചുള്ള പദ്ധതി ചിലവിന്റെ താരതമ്യ വിശകലനവും സി.എ.ജി. റിപ്പോര്‍ട്ടിന്റെ ഖണ്ഡിക 3.27ല്‍ വിവരിച്ചിരിക്കുന്നത് ലാവ്‌ലിന്‍ കേസ് സംബന്ധിച്ച് രണ്ട് പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള ഐസക് പരിശോധിക്കുന്നത് നന്നായിരിക്കും." ശ്രീ. തോമസ് ഐസക്കിനു ഈ 'ഉപദേശം' നൽകിയ ശ്രീ. സുധീരനോട് എനിക്കു പറയാനുള്ളത് ഇതാണ്: 'ഉപദേശത്തിനു നന്ദി. താങ്കൾ പറഞ്ഞ സി എ ജി റിപ്പോർട്ടിന്റെ ഖണ്ഡിക 3.27 താങ്കൾ തന്നെ സ്വയം ഒന്നു നന്നായി പരിശോധിക്കുന്നത് നന്നായിരിക്കും...!' അതിൽ പറഞ്ഞിട്ടുള്ളത് "കുറ്റ്യാടി എക്‌സ്റ്റെന്‍ഷന്‍" സംബന്ധിച്ചല്ലല്ലോ സാർ...! ഇതേ ലാവലിനുമായി താങ്കളുടെ പാർട്ടിയുടെ നേതാക്കളായ സി വി പത്മരാജൻ, ജി കാർത്തികേയൻ എന്നിവരുടെ കാലത്ത് ഇതേ രീതിയിൽ ധാരണാപത്രവും കൺസൽട്ടൻസിയും സപ്ലൈ കരാറും ഒപ്പിട്ട് നടപ്പാക്കിയ 'കുറ്റ്യാടി എക്‌സ്റ്റെന്‍ഷന്‍' പദ്ധതിയെപ്പറ്റിയുള്ള സി എ ജി റിപ്പോർട്ട് വേറെയുണ്ട് - ചെലവഴിച്ച 201 കോടി കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല ("Expenditure of Rs. 201 crore was rendered unfruitful") എന്നു പറഞ്ഞുകൊണ്ടുള്ളത്. ('ആനുപാതികമായ ലാഭം ഉണ്ടായില്ല' എന്നല്ല...!) അതിനെപ്പറ്റി മിണ്ടാൻ സാറിനു "പ്രായോഗിക തടസ്സം" കാണുമെന്നറിയാം...! താങ്കൾ സൂചിപ്പിച്ച ഖണ്ഡിക 3.27-ൽ ഉള്ളത് കുറ്റ്യാടി 'അഡീഷനൽ എക്സ്റ്റൻഷൻ' പദ്ധതിയുടെ കാര്യമാണ്. സാക്ഷാൽ സി എ ജി തന്നെ പദ്ധതിയുടെ ചെലവും ഫലവും തമ്മിലുള്ള അനുപാതം കണക്കാക്കാൻ അടിസ്ഥാന മാനദണ്ഡം ആയി അംഗീകരിച്ച ആ പദ്ധതി ലാവലിനു പകരം BHEL-നെ ഏല്പിച്ച് നടപ്പാക്കിയത് ഇപ്പോൾ താങ്കളടക്കമുള്ളവർ കുറ്റവാളിയാക്കാൻ ശ്രമിക്കുന്ന ശ്രീ. പിണറായി വിജയൻ ആണെന്നത് താങ്കൾക്ക് അറിയാതെ പോയതാവില്ലല്ലോ അല്ലേ?

"പി.എസ്.പി. പദ്ധതിയുടെ നവീകരണത്തിനായി മുന്‍ യു.ഡി.എഫ്. സര്‍ക്കാര്‍ കണ്‍സള്‍ട്ടന്റ് കരാര്‍ മാത്രമാണ് എഴുതി ഒപ്പിട്ടിരുന്നത്" എന്നാണ് ശ്രീ. സുധീരന്റെ അടുത്ത വാദം. പക്ഷേ അങ്ങനെയെങ്കിൽ ആ 'കൺസൽട്ടന്റ് കരാറി'ന്റെ അനുബന്ധമായി കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ട യന്ത്രോപകരണങ്ങളുടെ വിശദാംശങ്ങൾ - വില സഹിതം - ഉൾപ്പെടുത്തിയത് എന്തിനായിരുന്നു എന്ന ചോദ്യം ബാക്കിയാവും. മറുപടി പറയാനുള്ള ബാധ്യത ആ കരാർ ഒപ്പിട്ട കാലത്ത് മന്ത്രിയായിരുന്ന ശ്രീ. ജി. കാർത്തികേയൻ ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തിൽ അന്ന് സർക്കാരിൽ അദ്ദേഹത്തിന്റെ 'സുപ്പീരിയർ' ആയിരുന്ന ശ്രീ. എ. കെ. ആന്റണിക്കോ ഇപ്പോൾ ആ സ്ഥാനം വഹിക്കുന്ന ശ്രീ. ഉമ്മൻ ചാണ്ടിക്കോ കത്തെഴുതിയ ശ്രീ. സുധീരനു തന്നെയോ ഏറ്റെടുക്കാം.

"സംസ്ഥാനത്തെ വൈദ്യുതിമേഖലയപ്പാടെ ലാവലിനു തീറെഴുതാനുളള സി വി പത്മരാജന്‍റെ ധാരണാപത്രം അവസാനിപ്പിച്ചു" എന്ന ശ്രീ. തോമസ് ഐസക്കിന്റെ പോസ്റ്റിലെ പരാമർശത്തിൽ പിടിച്ചാണ് സുധീരന്റെ അടുത്ത ചോദ്യം: "അങ്ങനെയാണെങ്കില്‍ ആ ധാരണാപത്രം അവസാനിപ്പിച്ചതിന്റെ പേരില്‍ പാരീസിലെ കോടതിയില്‍ എന്തുകൊണ്ട് കേസുണ്ടായില്ല?" നല്ല "മില്യൺ ഡോളർ ചോദ്യം" തന്നെ...! ശ്രീ. തോമസ് ഐസക്കിനു തന്റെ പോസ്റ്റിൽ പറ്റിയ ചെറിയൊരു 'ടൈപ്പിങ് പിഴവ്' മുതലെടുക്കാനുള്ള ശ്രമം സ്വാഭാവികം തന്നെ, സമ്മതിക്കുന്നു. ('ധാരണാപത്രം' എന്നല്ല, 'ധാരണാപത്ര മാർഗം' (MOU route) എന്നാണു വേണ്ടിയിരുന്നത്. "സംസ്ഥാനത്തെ വൈദ്യുതിമേഖലയപ്പാടെ ലാവലിനു തീറെഴുതാൻ" ആരെങ്കിലും ഒരു ധാരണാപത്രം ഉണ്ടാക്കുമെന്ന് കരുതാൻ മാത്രം വിഡ്ഡിത്തം ആർക്കും - കുറഞ്ഞ പക്ഷം സുധീരന് - ഉണ്ടാവില്ല എന്നാണ് എന്റെ വിശ്വാസം.) പക്ഷേ 'ധാരണാപത്രം അവസാനിപ്പിക്കൽ = കേസ്' എന്ന 'അതിലളിതസമവാക്യ'ത്തിൽ കാര്യങ്ങൾ ഒതുക്കി മിടുക്കു കാട്ടാൻ ശ്രമിക്കുമ്പോൾ ശ്രീ. സുധീരൻ അവഗണിക്കാൻ ശ്രമിക്കുന്ന ഒരു കാര്യമുണ്ട്: കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ ചെലവഴിച്ച 201 കോടി കൊണ്ട് ഫലമൊന്നും ഉണ്ടായില്ല എന്ന് റിപ്പോർട്ടു നൽകിയത് ഇതേ സി എജി തന്നെയായിരുന്നില്ലേ? എന്നിട്ടും ആ പദ്ധതിക്ക് കരാറുണ്ടാക്കിയ പത്മരാജ - കാർത്തികേയന്മാർക്കെതിരെ സി ബി ഐ കോടതിയിൽ എന്തുകൊണ്ട് കേസുണ്ടായില്ല എന്ന് ആരെങ്കിലും തിരിച്ചു ചോദിച്ചാലോ? (ഒരു ഇടപാട് റദ്ദാക്കിയാൽ അതിനെതിരെ കേസിനു പോകണോ എന്നു തീരുമാനിക്കുന്നത് ആ നടപടി കൊണ്ട് ആർക്കാണോ നഷ്ടമുണ്ടായത്, അയാൾ ആണെന്നാണ് സാധാരണ പതിവ്. കേസിനു പോകാൻ അയാൾക്ക് താല്പര്യമില്ലെങ്കിൽ പോയില്ലെന്നിരിക്കും. അതേ ആൾ തന്നെ മറ്റൊരു ഇടപാടിൽ കേസിനു പോയെന്നുമിരിക്കും. 'മറ്റേ ഇടപാടിൽ എന്തുകൊണ്ട് കേസുണ്ടായില്ല' എന്ന ചോദ്യം തന്നെ നിരർഥകമാണ്. 'ഞാൻ കേസിനു പോകുന്നത് എന്റെ ഇഷ്ടം' എന്നാണു ലളിതമായ മറുപടി.)

ഏതൊരു പദ്ധതിയും ഏറ്റെടുക്കും മുൻപ് നടത്തേണ്ട 'ഫീസിബിലിറ്റി സ്റ്റഡി' (സാധ്യതാ പഠനം) എന്ന നടപടിയെക്കുറിച്ചാണ് അടുത്ത 'സുധീര വചനം': "ഇത്തരമൊരു കരാര്‍ എഴുതി ഒപ്പിടുന്നതിനു മുമ്പായി ഫീസിബലിറ്റി സ്റ്റഡി നടത്തണമെന്ന നിയമവ്യവസ്ഥയും ഇവിടെ ലംഘിക്കപ്പെട്ടു." ഒന്നുമറിയാത്തവനെ പറ്റിക്കാൻ ഇത്രയൊക്കെ മതിയാവും, പക്ഷേ കാര്യങ്ങളെപ്പറ്റി സാമാന്യധാരണയെങ്കിലും ഉള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ അതു മതിയാകാതെ വരുമല്ലോ ശ്രീ. സുധീരൻ...! താങ്കൾ ആധികാരികമായി സ്വീകരിക്കുന്ന സി എ ജി റിപ്പോർട്ട് ഖണ്ഡിക 3.10-ൽ പറയുന്നു: "Feasibility of renovation of the three projects was studied (September 1995) by a retired Chief Engineer of the Board who was later identified by the Board itself as a consultant to SNC." അതായത്, 'ഫീസിബിലിറ്റി സ്റ്റഡി' കൺസൽട്ടൻസി കരാർ പോലും ഒപ്പിടും മുൻപേ 1995 സപ്തംബറിൽത്തന്നെ നടന്നിരുന്നു എന്ന്. അപ്പോൾ 'നിയമവ്യവസ്ഥ ലംഘിക്കപ്പെട്ടു' എന്ന താങ്കളുടെ അവകാശവാദം കള്ളമല്ലേ? ഇനി, ആ സ്റ്റഡി നടത്തിയ ഉദ്യോഗസ്ഥൻ ലാവലിന്റെ കൺസൽട്ടന്റ് ആയിരുന്നു എന്നത് കുറ്റമാണെങ്കിൽ അങ്ങനെയുള്ള ഉദ്യോഗസ്ഥനെ ആ ജോലി ഏല്പിച്ച കാർത്തികേയൻ / യു ഡി എഫ് സർക്കാർ അല്ലേ അതിനുത്തരവാദി?

പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്ന കാലയളവിലെ ഊർജോല്പാദനത്തിന്റെയും റിസർവോയറിലെ ജലലഭ്യതയുടെയും മഴയുടെയുമൊക്കെ കണക്കുകൾ സി എ ജി റിപ്പോർട്ടിൽ നൽകിയിട്ടുള്ളത് ഉദ്ധരിച്ചുകൊണ്ടാണ് ശ്രീ. സുധീരന്റെ അടുത്ത ചോദ്യം: "മഴയുടെ അളവ് വര്‍ദ്ധിച്ചപ്പോഴും വൈദ്യുതി ഉത്പാദനം കുറഞ്ഞതുവഴി വൈദ്യുതി ബോര്‍ഡിനും സര്‍ക്കാരിനും ഉണ്ടായ വന്‍നഷ്ടങ്ങളെപ്പറ്റി പിണറായി, ഐസക് എന്നിവര്‍ക്ക് എന്താണ് പറയാനുള്ളത്?" തികച്ചും യുക്തിഭദ്രമെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും തോന്നാവുന്ന ചോദ്യം തന്നെ. പക്ഷേ ഉത്തരം തേടി പിണറായി വിജയനെയോ തോമസ് ഐസക്കിനെയോ സമീപിക്കേണ്ടതില്ല, സി എ ജിയുടെ റിപ്പോർട്ടിൽത്തന്നെ പറയുന്നുണ്ട് - യന്ത്രഭാഗങ്ങളുടെ സാങ്കേതിക തകരാറുകൾ, ടർബൈനുകൾ സെറ്റ് ചെയ്തതിലെ പിഴവ് അങ്ങനെ പലതും. "തകരാറുള്ള യന്ത്രങ്ങൾ സ്ഥാപിക്കുക" എന്ന വ്യവസ്ഥയിലല്ലല്ലോ കരാറുണ്ടാക്കിയത്? ആ നിലയ്ക്ക് സി എ ജി പറഞ്ഞതു പോലെ തകരാറുള്ള യന്ത്രങ്ങളാണു ലാവലിൻ സ്ഥാപിച്ചതെങ്കിൽ കമ്പനിക്കെതിരെ നിയമാനുസൃതമായ നടപടികൾ എടുക്കാൻ ബോർഡിന് / സർക്കാരിന് കഴിയുമായിരുന്നല്ലോ. ഒരു ഉദാഹരണം റിപ്പോർട്ടിലെ ഖണ്ഡിക 3.33-ൽ നിന്ന്: "In terms of the contract, the supplier was bound to replace/repair the defective equipment supplied. The Board, however, did not initiate any action to obtain replacement of the runners (cost-Rs.2.78 crore) by the suppliers within the warranty period, which was in operation up to July 2004." അതായത്, തകരാറുള്ള ഉപകരണം മാറ്റി നൽകുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്യാൻ കരാർ പ്രകാരം ലാവലിൻ ബാധ്യസ്ഥരായിരുന്നു. എന്നാൽ അപ്രകാരം ഉപകരണം മാറ്റി വാങ്ങാനുള്ള യാതൊരു നടപടിയും ബോർഡിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന്. അപ്രകാരം തകരാറുകളുള്ള യന്ത്രോപകരണങ്ങൾ മാറ്റിക്കാനുള്ള നടപടി അന്നേ ചെയ്തിരുന്നെങ്കിൽ ശ്രീ. സുധീരൻ പറയുന്ന "വൻ നഷ്ടങ്ങൾ" ഒഴിവാക്കാമായിരുന്നില്ലേ? നൂറു രൂപ വിലയുള്ള സാധനം പോലും വാറന്റി കാലാവധിക്കുള്ളിൽ തകരാറായാൽ അതു വിറ്റ കടക്കാരനെക്കൊണ്ട് അതു മാറ്റി നൽകിക്കാനും അല്ലാത്തപക്ഷം നഷ്ടപരിഹാരവും കോടതിച്ചെലവും അടക്കം വാങ്ങിച്ചെടുക്കാനും നിയമമുള്ള നാട്ടിൽ കോടികൾ വില വരുന്ന യന്ത്രങ്ങൾ കേടായിട്ടും ആ കാലയളവിലെ യു ഡി എഫ് സർക്കാർ എന്തു കൊണ്ട് അതു ചെയ്തില്ല എന്ന് അന്നത്തെ മുഖ്യമന്ത്രിമാരും താങ്കളുടെ പാർട്ടിയുടെ ഉന്നത നേതാക്കളുമായ ആന്റണി - ഉമ്മൻ ചാണ്ടിമാരോട് തുറന്ന കത്തല്ലെങ്കിൽ ഒരു "രഹസ്യ കത്തി"ലൂടെയെങ്കിലും ചോദിക്കാമായിരുന്നില്ലേ താങ്കൾക്ക്?

അടുത്ത 'സുധീര വചനം' കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അനുമതിയെക്കുറിച്ചാണ്: "ഇന്ത്യന്‍ ഇലക്ട്രിസിറ്റി സപ്ലൈ നിയമമനുസരിച്ച് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതിയില്ലാതെ കരാര്‍ ഒപ്പിടാനാവില്ല എന്ന നിയമവ്യവസ്ഥയും പിണറായി ഇവിടേ ലംഘിച്ചിരിക്കുന്നു" എന്ന്. 'ഇന്ത്യന്‍ ഇലക്ട്രിസിറ്റി സപ്ലൈ നിയമം', 'കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ മുന്‍കൂട്ടിയുള്ള അനുമതി' എന്നിങ്ങനെ ചില കാര്യങ്ങൾ ഉണ്ട് എന്ന് ശ്രീ, സുധീരന് അറിയാം, അല്ലേ? അപ്പോൾ നമുക്ക് ആ നിയമവ്യവസ്ഥ ഒന്നു നോക്കിയാലോ? ഇലക്ട്രിസിറ്റി (സപ്ലൈ) ആക്റ്റ് 1948-ന്റെ 29 (1) വകുപ്പിൽ ഇങ്ങനെ കാണാം: 'Every scheme estimated to involve a capital expenditure of such sum, as may be fixed by the Central Government, from time to time, by notification in the Official Gazette, shall, as soon as may be after it is prepared, be submitted to the Authority for its concurrence.' അതായത്, കേന്ദ്ര സർക്കാർ കാലാകാലങ്ങളിൽ നിശ്ചയിക്കുന്ന പരിധിയിൽ കൂടുതൽ ചെലവു വരുമെന്ന് കണക്കാക്കപ്പെടുന്ന ഏതൊരു പദ്ധതിയും ആയത് തയ്യാറാക്കിയ ഉടൻ അതോറിറ്റിയുടെ അനുമതിക്കായി സമർപ്പിക്കണം എന്ന്. പി എസ് പി പദ്ധതികളുടെ നവീകരണം തീരുമാനിക്കപ്പെട്ട കാലത്ത് ഈ പരിധി 100 കോടി രൂപ ആയിരുന്നു. എന്നാൽ പള്ളിവാസൽ, ശെങ്കുളം, പന്നിയാർ എന്നീ പദ്ധതികളിൽ ഒന്നിന്റെ പോലും നവീകരണത്തിന്റെ 'എസ്റ്റിമേറ്റഡ്' ചെലവ് 100 കോടിയിൽ കൂടുതലായിരുന്നില്ല. (മൂന്നു പദ്ധതികളുടെയും കൂടി മൊത്തം എസ്റ്റിമേറ്റു തന്നെ 239.81 കോടിയായിരുന്നു.) അപ്പോൾപ്പിന്നെ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ അനുമതിയെസ്സംബന്ധിച്ച വ്യവസ്ഥ ബാധകമാകുന്നതെങ്ങനെ? ബാധകമാകാത്ത വ്യവസ്ഥ 'ലംഘിച്ചു' എന്നു പറയുന്നതിൽ എന്തർഥം? ഇനി, മൂന്നു പദ്ധതികളും ഒന്നിച്ചായിരുന്നു അംഗീകരിച്ചതും നടപ്പാക്കിയതും എന്നു വാദിച്ചാലോ? അങ്ങനെ നോക്കിയാൽ മൊത്തം ചെലവ് 100 കോടിയിൽ കൂടുതൽ ആകുമെന്ന് കൺസൽട്ടൻസി കരാർ ഒപ്പിട്ട ഘട്ടത്തിൽത്തന്നെ ബോർഡിന് അറിയാമായിരുന്നല്ലോ. അപ്പോൾ 'as soon as may be after it is prepared, be submitted to the Authority' എന്ന വ്യവസ്ഥ പ്രകാരം അതോറിറ്റിയുടെ അനുമതി തേടേണ്ടിയിരുന്നത് പദ്ധതി രൂപീകരിച്ച യു ഡി എഫ് സർക്കാരായിരുന്നു എന്നു വരുന്നു. ശ്രീ. സുധീരൻ, താങ്കളുടെ പാർട്ടി നയിച്ച സർക്കാർ ചെയ്തതിനും കുറ്റം പിണറായി വിജയന്റേതാണോ?

മറ്റൊരു സുധീരവചനം: "വൈദ്യുത പദ്ധതികളുടെ നിര്‍മ്മാണപ്രവര്‍ത്തികള്‍ക്ക് ടെണ്ടര്‍ വിളിക്കേണ്ടത് നിര്‍ബന്ധമാണെന്ന് കാണിച്ച് കേന്ദ്രഊര്‍ജ്ജ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി 24.5.1995ല്‍ സംസ്ഥാന ഊര്‍ജ്ജവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചത് പാടെ അവഗണിച്ചുകൊണ്ട് യാതൊരു ടെണ്ടറും വിളിക്കാതെ പിണറായി 10.2.97ല്‍ വൈദ്യുതി ബോര്‍ഡും ലാവ്‌ലിന്‍ കമ്പനിയുമായി പി.എസ്.പി.പദ്ധതി നവീകരണത്തിനായി കരാര്‍ ഒപ്പിട്ടതിനെയും സംസ്ഥാന ഖജനാവിനുണ്ടായ നഷ്ടത്തെയും ന്യായീകരിക്കുന്ന ഐസക്കിന്റെ തൊലിക്കട്ടി അപാരം തന്നെ."

മേല്പറഞ്ഞ കത്ത് സർക്കാരിന്റെ മുൻപിൽ ഇരിക്കെത്തന്നെ യാതൊരു ടെൻഡറും വിളിക്കാതെ 24.02.1996-ന് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിക്കു വേണ്ടി ഇതേ ലാവലിനുമായി സപ്ലൈ കരാറും പി എസ് പി പദ്ധതികൾക്കു വേണ്ടി കൺസൽട്ടൻസി കരാറും ഒപ്പിട്ട കാർത്തികേയനെ സൗകര്യപൂർവം മറക്കുന്ന താങ്കളുടെ 'തൊലിക്കട്ടി'യെപ്പറ്റി എന്തു പറയണം സുധീരാ? അത്യപാരം എന്നോ...?!

മലബാർ കാൻസർ സെന്ററിനെപ്പറ്റിയാണ് അടുത്തത്: "വാഗ്ദാനം ചെയ്ത തുക ക്യാന്‍സര്‍ സെന്ററിന് ലഭിക്കാന്‍ ഉതകുന്ന വിധത്തില്‍ ഒരു കരാര്‍ ലാവ്‌ലിന്‍ കമ്പനിയുമായി എഴുതി പിടിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ച യാദൃശ്ചികമല്ലെന്നും ലാവ്‌ലിന്‍ കമ്പനിയും താങ്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ നടത്തിയ കുറ്റകരമായ ഗൂഢാലോചനയുടെയും ഭാഗമായിരുന്നുവെന്നുമാണ് സി.ബി.ഐ. കണ്ടെത്തിയിരിക്കുന്നത്." സി ബി ഐ "കണ്ടെത്തി"യത് അവിടെ നിൽക്കട്ടെ, ശ്രീ. സുധീരൻ, കാൻസർ സെന്ററിനുള്ള സഹായം ലഭ്യമാക്കുന്നതിനു വേണ്ടി കരാർ ഉണ്ടാക്കുന്നതിനു മുന്നോടിയായി ഒരു ധാരണാപത്രം സർക്കാരും ലാവലിനുമായി ഒപ്പിട്ടിരുന്നു എന്നതും കരാർ ഉണ്ടാക്കുന്നതിനു മുൻപുള്ള കാലയളവിൽ ധാരണ പ്രകാരം അത് പുതുക്കപ്പെട്ടിരുന്നു എന്നതും പ്രസ്തുത ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിൽ കാൻസർ സെന്ററിനുള്ള ഫണ്ട് ലാവലിൻ ലഭ്യമാക്കിയിരുന്നു എന്നതും അതിന്റെ സഹായത്തോടെ കാൻസർ സെന്ററിന്റെ പണികൾ നടക്കുകയും താങ്കളുടെ നേതാവായ ശ്രീ. എ. കെ. ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് പണിപൂർത്തിയായ ഭാഗങ്ങൾ (ഭാഗികമായെങ്കിലും) ഉദ്ഘാടനം ചെയ്യപ്പെടുകയും ചെയ്തിരുന്നു എന്നതും താങ്കൾ മന:പൂർവം മറക്കുകയാണോ? സഹായം തുടർന്നു ലഭ്യമാക്കുന്നതിനു വേണ്ടി നിയമാനുസൃതമായ കരാർ ഒപ്പിടണമെന്ന് ആവശ്യം ഉന്നയിച്ച് ലാവലിൻ ഒന്നിലേറെ തവണ സർക്കാരിനു കത്തെഴുതിയിരുന്നു എന്ന വസ്തുത നിലനിൽക്കെ, നിലവിലുണ്ടായിരുന്ന ധാരണാപത്രം പോലും ലാപ്സാക്കിയതിലെ "വീഴ്ച" ‘യാദൃശ്ചിക’മായിരുന്നോ സാർ...? "The MOU has also not been renewed after March 2002 for reasons not on record." (സി എ ജി റിപ്പോർട്ട്, ഖണ്ഡിക 3.18) കരാർ ഉണ്ടാക്കിയില്ലെന്നതോ പോകട്ടെ, നിലവിലുണ്ടായിരുന്ന ധാരണാപത്രം തന്നെ പേരിനൊരു കാരണം പോലും രേഖപ്പെടുത്താതെ ലാപ്സാക്കിയത് ആരുടെ 'ഗൂഢാലോചന'യുടെ ഫലമാണു ശ്രീ. സുധീരൻ? കടവൂർ ശിവദാസന്റെയോ? അതോ മുഖ്യമന്ത്രിയായിരുന്ന സാക്ഷാൽ ആന്റണിയുടെ തന്നെയോ?

സി എ ജി റിപ്പോർട്ടിന്റെ പേരിൽ നെടുനീളൻ കത്തുകൾ എഴുതിയ സുധീരന്റെ അടുത്ത 'വിലാപം' സി ബി ഐയെപ്പറ്റിയാണ്: "ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. അന്വേഷണം നടത്തി കുറ്റപത്രം നല്‍കിയ കേസില്‍ ഹര്‍ജി പോലും നല്‍കാത്ത പ്രതികളെ ഡിസ്ചാര്‍ജ് ചെയ്ത സംഭവം ഒരുപക്ഷെ നീതിന്യായ ചരിത്രത്തില്‍ ആദ്യത്തേതാകാം." ശ്രീ. സുധീരൻ, 'സർക്കാരിന്റെ കൂട്ടിലടച്ച തത്ത' എന്ന പ്രസിദ്ധമായ നിരീക്ഷണത്തിലൂടെ രാജ്യത്തെ പരമോന്നത കോടതി "വിലയിരുത്തി"യ അന്വേഷണ ഏജൻസിയാണു സി ബി ഐ എന്ന് താങ്കൾ സൗകര്യപൂർവം മറന്നാലും ഓർക്കുന്നവർ നാട്ടിൽ എത്ര വേണമെങ്കിലുമുണ്ട്...! അതിരിക്കട്ടെ, താങ്കളുടെ വാക്കുകൾ തന്നെ കടമെടുത്താൽ "ഇന്ത്യയിലെ പ്രമുഖ അന്വേഷണ ഏജന്‍സിയായ സി.ബി.ഐ. അന്വേഷണം നടത്തി" "ഗൂഢാലോചനയ്ക്ക് അടിത്തറയിട്ടയാൾ' എന്ന് കണ്ടെത്തിയയാൾക്കെതിരെയും പണിയിലെ പിഴവുകൾ കാരണം ബോർഡിന് / സർക്കാരിന് നഷ്ടമുണ്ടാകുന്നു എന്നു കണ്ടിട്ടും അതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കാതെ വെട്ടിപ്പിനു കൂട്ടുനിന്നവർക്കെതിരെയും നൽകാത്ത സേവനങ്ങൾക്കുള്ള കാശു പോലും 'വെറുതെ കൊടുത്ത'യാൾക്കെതിരെയും ഒരു 'പെറ്റിക്കേസ്' പോലും ഇല്ലാതെ, ഇടയ്ക്ക് ചെറിയൊരു കാലയളവിൽ മാത്രം ചുമതല വഹിച്ചയാളെ പ്രതിയാക്കി "കുറ്റപത്രം" "ഉണ്ടാക്കി"യ സംഭവവും "നീതിന്യായ ചരിത്രത്തില്‍ ആദ്യത്തേതാ"യിരുന്നില്ലേ ശ്രീ. സുധീരൻ? അതുകൊണ്ടാവും പ്രതികളെ ഡിസ്ചാര്‍ജ് ചെയ്തതെന്നു കരുതിയാൽ മതി...!!

റിവിഷന്‍ ഹര്‍ജിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെപ്പറ്റി പറഞ്ഞുകൊണ്ടാണ് ശ്രീ. സുധീരൻ കത്തിലെ വാദങ്ങൾ അവസാനിപ്പിക്കുന്നത്. "വിടുതല്‍ ഹര്‍ജി വേഗത്തില്‍ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയെ സമീപിച്ച് ഉത്തരവ് വാങ്ങിയ പിണറായി, ഇപ്പോള്‍ റിവിഷന്‍ ഹര്‍ജിയില്‍ വേഗം വാദം കേള്‍ക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജിയെ എതിര്‍ക്കുന്നതിന്റെ യുക്തിഹീനത ജനങ്ങള്‍ സംശയത്തോടെ കാണുന്നു"വത്രേ...!

"വിടുതല്‍ ഹര്‍ജി വേഗത്തില്‍ വാദം കേള്‍ക്കണമെന്ന്" ആയിരുന്നില്ല, മറിച്ച് ലാവലിൻ കമ്പനിയെയും അതിന്റെ പ്രതിനിധികളെയും നിയമത്തിന്റെ മുൻപിലെത്തിക്കാൻ സി ബി ഐക്ക് കഴിയാതെ വന്ന സാഹചര്യത്തിൽ അവർക്കെതിരെയും താൻ ഉൾപ്പെടെയുള്ളവർക്കെതിരെയുമുള്ള കുറ്റപത്രം വിഭജിക്കണമെന്നും വിചാരണ വേഗത്തിലാക്കണമെന്നുമായിരുന്നു ശ്രീ. പിണറായി വിജയൻ ആവശ്യപ്പെട്ടത് എന്ന 'സാങ്കേതികത' അവഗണിച്ചാലും അന്ന് വിജയന്റെ ആവശ്യത്തെ ശക്തമായി എതിർക്കുകയും കേസിൽ വിധി വന്ന് രണ്ടരക്കൊല്ലം 'അനങ്ങാതിരിക്കുക'യും ചെയ്തവർ ഇപ്പോൾ തെരഞ്ഞെടുപ്പിനു നാലു മാസം മാത്രം ബാക്കിയുള്ളപ്പോൾ സമാനമായ ആവശ്യം ഉന്നയിക്കുന്നതിലെ "യുക്തി" "ജനങ്ങള്‍ സംശയത്തോടെ കാണുന്നി'ല്ലേ ശ്രീ. സുധീരൻ...?

*******
പിൻകുറി ('ഒറിജിനൽ' ലേഖനത്തിൽ ഇല്ലാതിരുന്നത്): പള്ളിവാസൽ, ശെങ്കുളം, പന്നിയാർ പദ്ധതികളുടെ നവീകരണത്തിനായി ലാവലിനുമായി കരാറുണ്ടാക്കിയതു വഴി "സംസ്ഥാന ഖജനാവിന് 374 കോടികള്‍ നഷ്ടമുണ്ടാക്കി" എന്ന് 'വിലപിക്കു'ന്ന സുധീരനോട് ഒരു സംശയം കൂടി ചോദിക്കട്ടെ: 2005 - 06 കാലയളവിൽ അന്നത്തെ യു ഡി എഫ് മന്ത്രിസഭയിൽ അംഗമായിരുന്ന ശ്രീ. ആര്യാടൻ മുഹമ്മദ് നിയമസഭയിൽ രേഖാമൂലം നല്‍കിയ മറുപടിയില്‍ “ലക്ഷ്യമിട്ട കാര്യങ്ങള്‍ തൃപ്തികരമായി കൈവരിച്ചിട്ടുണ്ടെന്ന് ഉറപ്പായതിനു ശേഷമാണ് ലാവലിന് ബാക്കിയുണ്ടായിരുന്ന പണം നല്‍കിയത്” എന്ന് വ്യക്തമാക്കിയിരുന്നു. ഏതാണ്ട് അതേ കാലയളവിൽ ഇതേ വിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ നിലവിലുണ്ടായിരുന്ന കേസിൽ സർക്കാരിനു വേണ്ടി അന്നത്തെ ചീഫ് സെക്രട്ടറി നൽകിയ സത്യവാങ്‌മൂലത്തിലും സമാനമായ നിലപാടായിരുന്നു സർക്കാർ സ്വീകരിച്ചിരുന്നത്. (സി ബി ഐ അന്വേഷണത്തിന് ഉത്തരവിടുന്നതിനു മുൻപാണിത്.) സി ബി ഐ അന്വേഷണവും കുറ്റപത്രവുമൊക്കെ വന്ന് വിവാദം 'കത്തി നിൽക്കുന്ന' ഘട്ടത്തിൽ ലാവലിൻ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തണമെന്നാവശ്യപ്പെട്ട് കെ എസ് ഇ ബിയിലെ മുൻ എക്സിക്യൂട്ടീവ് എൻജിനീയറായ കെ. ആർ. ഉണ്ണിത്താൻ എന്ന വ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും പ്രസ്തുത ഹർജിയിൽ 2014 ജനുവരി 17-ന് സംസ്ഥാന സർക്കാർ കോടതി മുൻപാകെ മറ്റൊരു സത്യവാങ്‌മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ഊർജവകുപ്പ് അഡീഷണൽ സെക്രട്ടറി സമർപ്പിച്ച പ്രസ്തുത സത്യവാങ്‌മൂലത്തിലും ലാവലിനുമായുള്ള കരാർ ഇടപാടുകളിൽ സർക്കാരിനു നഷ്ടം സംഭവിച്ചു എന്ന വാദം തെറ്റാണെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണു സർക്കാർ ചെയ്തിരുന്നത്. ഈ വസ്തുതകളിൽ നിന്ന്, താങ്കളുടെ പാർട്ടി നേതൃത്വം നൽകുന്ന സർക്കാർ ഈ വിഷയത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്ന് വ്യക്തമായിരിക്കുന്ന സാഹചര്യത്തിൽ ശ്രീ. പിണറായി വിജയനെതിരെ പൊള്ളയായ ആരോപണങ്ങളിലൂടെ ജനങ്ങളെ വിഡ്ഢികളാക്കുകയല്ലേ താങ്കളുടെ പാർട്ടി ചെയ്യുന്നത് എന്ന് "ജനങ്ങള്‍ സംശയത്തോടെ കാണു"ന്നുണ്ടാവില്ലേ?

*******

അവലംബം:

1. സി എ ജി റിപ്പോർട്ട്

2. ശ്രീ. വി. എം. സുധീരന്റെ 2016 ഫെബ്രുവരി 3-ലെയും ഫെബ്രുവരി 6-ലെയും ശ്രീ. തോമസ് ഐസക്കിന്റെ ഫെബ്രുവരി 4-ലെയും ഫേസ്‌ബുക്ക് പോസ്റ്റുകൾ.


~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.