Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



ഫോണുകള്‍ ചോരുന്നത് അഥവാ കഥകള്‍ ഉണ്ടാകു(ക്കു?)ന്നത്...

(മുന്‍ വൈദ്യുതിവകുപ്പുമന്ത്രി ശ്രീ. പിണറായി വിജയനെ ‘ലാവലിന്‍ കേസി’ല്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ സി ബി ഐ അനുമതി തേടിയതുമായി ബന്ധപ്പെട്ട്
‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ പൊള്ളത്തരം തുറന്നുകാട്ടുന്നു.) ‍


മെയ് 1, 2010

കഴിഞ്ഞ ആഴ്ച ദേശീയ രാഷ്ട്രീയ രാഷ്ട്രീയത്തില്‍ ചെറുതല്ലാത്ത ഒരു കോളിളക്കം സൃഷ്ടിച്ച ഒരു ‘സംഭവ’മായിരുന്നല്ലോ ‘ഔട്ട്‌ലുക്ക്’ വാരിക ഏപ്രില്‍ അവസാന വാരത്തിലെ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ‘We, The Evesdropped’ എന്ന എക്സ്‌ക്ലൂസീവ് കവര്‍ സ്റ്റോറി? (PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം) 2007 - 2010 കാലയളവില്‍ ദേശീയ രാഷ്ട്രീയത്തിലെ പല പ്രമുഖരുടെയും - ഭരണകക്ഷി നേതാക്കളുടേതുള്‍പ്പെടെ - മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങള്‍ National Technical Research Organization (NTRO) എന്ന ഏജന്‍സി അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ചോര്‍ത്തിയിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടിന്റെ ചുരുക്കം. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്ന് സ്വാഭാവികമായും പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധങ്ങള്‍ ഉയരുകയും തത്‌ഫലമായി ആരോപണങ്ങള്‍ക്ക് പാര്‍ലമെന്റില്‍ മറുപടി നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു. പ്രത്യക്ഷത്തില്‍ത്തന്നെ ദുര്‍ബലമെന്ന് തോന്നിച്ച ഒരു വിശദീകരണമായിരുന്നു സര്‍ക്കാരിനു വേണ്ടി മന്ത്രി ശ്രീ. പി. ചിദംബരം നല്‍കിയത് എന്ന് അതിനെക്കുറിച്ചുള്ള പത്ര വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു.

ഫോണ്‍ ചോര്‍ത്തല്‍ സംഭവം യഥാര്‍ഥത്തില്‍ ഉണ്ടായോ, ഉണ്ടായെങ്കില്‍ അതില്‍ സര്‍ക്കാരിനു പങ്കുണ്ടോ ഉണ്ടെങ്കില്‍ എന്ത്, എത്രത്തോളം, ഇല്ലെങ്കില്‍ എന്താണ് യാഥാര്‍ഥ്യം എന്നൊക്കെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയോ സര്‍ക്കാരിനെയോ പ്രതിപക്ഷത്തെയോ അനുകൂലിക്കുകയോ എതിര്‍ക്കുകയോ അല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച് നമ്മുടെ നാട്ടിലെ പ്രമുഖ പത്ര മാധ്യമങ്ങളിലെ വാര്‍ത്ത... അല്ല, ‘കഥ’യെഴുത്തുകാരുടെ ‘സൃഷ്ടി വൈദഗ്ദ്ധ്യ’ത്തെയും അത് ഉപയോഗപ്പെടുത്താന്‍ മാധ്യമ മുതലാളിമാര്‍ കാട്ടുന്ന അനല്പമായ താല്പര്യത്തെയും അല്പമെങ്കിലും തുറന്നുകാട്ടുക എന്നതാണ്. (പത്രവാര്‍ത്തകളെ സൂചിപ്പിക്കാന്‍ ‘story’ എന്ന വാക്ക് നിര്‍ദേശിച്ചത് ആരായാലും അത് ‘വാര്‍ത്താ സ്രഷ്ടാക്കളുടെ’ ഭാവനാസമ്പന്നമായ ലോകത്തെ ഏറ്റവും നന്നായി അടുത്തറിഞ്ഞുതന്നെയാകും ചെയ്തത് എന്നു തോന്നുന്നു!).

ആദ്യം ഒരല്പം ‘ഫ്ലാഷ് ബാക്ക്’. 2009 ജൂണ്‍. (കു)പ്രസിദ്ധമായ ‘ലാവലിന്‍ കേസ്’ കേരളത്തിലെ പത്ര - ദൃശ്യ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന നാളുകള്‍. സംസ്ഥാന സര്‍ക്കാരിനെ നയിക്കുന്ന സി പി ഐ എം-ന്റെ സംസ്ഥാന സെക്രട്ടറിയും മുന്‍ മന്ത്രിയുമായ ശ്രീ. പിണറായി വിജയനെ ഇന്ത്യന്‍ ശിക്ഷാനിയമ - ത്തിലെയും അഴിമതി നിരോധന നിയമത്തിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസില്‍ പ്രതിയായി ഉള്‍പ്പെടുത്താന്‍‍ സി ബി ഐ തീരുമാനിക്കുകയും അതിന് ഗവര്‍ണറുടെ അനുമതി തേടുകയും അനുമതി നല്‍കേണ്ടതില്ലെന്ന നിലപാട് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ പിന്‍‌ബലത്തോടെ സര്‍ക്കാര്‍ സ്വീകരിക്കുകയും ചെയ്തിരുന്ന സാഹചര്യം. സര്‍ക്കാരിന്റെ നിലപാട് ഗവര്‍ണര്‍ അംഗീകരിക്കുമോ അതല്ല, പ്രതിപക്ഷ കക്ഷികള്‍ പല വിധത്തില്‍ (പ്രസ്താവനകള്‍, നിവേദനങ്ങള്‍, സമ്മര്‍ദ തന്ത്രങ്ങള്‍... അങ്ങനെയങ്ങനെ...) ആവശ്യപ്പെട്ടുകൊണ്ടിരുന്നതു പോലെ സര്‍ക്കാരിന്റെ നിലപാടിനെ മറികടന്ന് വിവേചനാധികാരത്തിന്റെ പിന്‍‌ബലത്തില്‍ സി ബി ഐയുടെ പ്രോസിക്യൂഷന്‍ ആവശ്യത്തിന് അനുമതി നല്‍കുമോ എന്ന ആകാംക്ഷ നിറഞ്ഞു നി‍ന്നിരുന്ന ആ സാഹചര്യത്തില്‍ - രണ്ടായാലും സംസ്ഥാന രാഷ്ട്രീയത്തില്‍ ഉണ്ടാകുന്ന പ്രത്യാഘാതം ചെറുതൊന്നുമാവില്ല - സംസ്ഥാന രാഷ്ട്രീയത്തില്‍ അല്പമെങ്കിലും താല്പര്യമുള്ളവരുടെ ശ്രദ്ധ രാജ്‌ ഭവനില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കെ ജൂണ്‍ മൂന്നാം തീയതി രണ്ട് പ്രമുഖ പത്രങ്ങള്‍ പുറത്തിറങ്ങിയത് ശ്രദ്ധേയമായ ഒരു വാര്‍ത്തയുമായിട്ടായിരുന്നു. പ്രോസിക്യൂഷന് അനുമതി നല്‍കുന്ന വിഷയത്തില്‍ ഗവര്‍ണര്‍ക്ക് മറുപടി നല്‍കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയതിനു പിന്നാലെ സി പി എം-ന്റെ ഒരു ‘പ്രമുഖ നേതാവ്’ (പേരില്ല!) അഡ്വക്കേറ്റ് ജനറലിന്റെ ഒഫീസിലേക്ക് പല തവണ വിളിച്ചിരുന്നു എന്നും അഡ്വക്കേറ്റ് ജനറലിനെ സ്വാധീനിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായ ആ വിളികളുടെ വിശദാംശങ്ങള്‍ സി ബി ഐ ശേഖരിക്കുകയും ഗവര്‍ണര്‍ക്ക് നല്‍കുകയും ചെയ്തു എന്നുമായിരുന്നു ‘മനോരമ’യും ‘മാതൃഭൂമി’യും വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത.


(‘മനോരമ’ റിപ്പോര്‍ട്ടിന്റെ പ്രസക്ത ഭാഗങ്ങള്‍ അടയാളപ്പെടുത്തിയ പത്ര കട്ടിങ്.)

അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍ സി ബി ഐ ചോര്‍ത്തിയെന്ന് സൂചന നല്‍കുന്ന ഈ റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്ന് അഡ്വക്കേറ്റ് ജനറല്‍ സി ബി ഐയോട് വിശദീകരണം തേടുകയും അത്തരത്തില്‍ ഒരു നിയമവിരുദ്ധ നടപടി തങ്ങളുടെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല എന്ന് സി ബി ഐ വ്യക്തമാക്കുകയും ചെയ്തു. സി ബി ഐയുടെ വിശദീകരണത്തിന്റെ വെളിച്ചത്തില്‍ തങ്ങളുടെ റിപ്പോര്‍ട്ടിന്റെ സാധുത അഥവാ സത്യാവസ്ഥ ജനങ്ങളെ അറിയിക്കുക എന്ന സാമാന്യ മാധ്യമ മര്യാദ ‘മഹത്തായ പാരമ്പര്യം’ അവകാശപ്പെടുന്ന ‘മാധ്യമ മഹാരഥി’കളുടെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് ആരെങ്കിലും കരുതിപ്പോയെങ്കില്‍ തെറ്റി. (ഈ ‘മഹാത്മാ’ക്കളുടെ പ്രവര്‍ത്തനശൈലിയും പാരമ്പര്യവും അല്പമെങ്കിലും പരിചയമുള്ളവരൊന്നും‍ അങ്ങനെയൊരു അമിതപ്രതീക്ഷ വെച്ചു പുലര്‍ത്തില്ല എന്നത് വേറെ കാര്യം!) മറ്റു പല ‘സ്റ്റോറി’കളും പോലെ ‘ഫോണ്‍ ചോര്‍ത്തല്‍ കഥ’യും ഭൂതകാലസ്മരണകളില്‍ വിലയം പ്രാപിച്ചു.

ആ ‘കഥ’ അവിടെ കിടക്കട്ടെ. ഇനി നമുക്ക് ഭൂതത്തെ വിട്ട് വര്‍ത്തമാനത്തിലേക്ക് തിരിച്ചു വരാം. 2010 ഏപ്രില്‍ അവസാന വാരം. പ്രതിപക്ഷത്തെയും ഭരണ പക്ഷത്തെ തന്നെയും പ്രമുഖ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യാന്വേഷണ ഏജന്‍സി ചോര്‍ത്തി എന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഷമവൃത്തത്തില്‍ അകപ്പെട്ട സമയം. ‘വേണ്ടപ്പെട്ടവര്‍’ വിഷമം നേരിടുമ്പോള്‍ തങ്ങളാലാവും വിധം സഹായവുമായി ഓടിയെത്തുക എന്ന മഹത്തായ കടമ നിറവേറ്റാന്‍ അച്ചായനും കൂട്ടരും മറന്നില്ല. 2010 ഏപ്രില്‍ 25. ‘മനോരമ’യുടെ ഒന്നാം പേജില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തെസ്സംബന്ധിച്ച വാര്‍ത്തയോടൊപ്പം ‘ബോക്സ് ഐറ്റം’ ആയി ഒരു ലേഖനം - ‘ഫോണ്‍ ചോര്‍ത്താം; രാജ്യസുരക്ഷയ്ക്കു മാത്രം’ എന്ന തലക്കെട്ടില്‍. (PDF ഫോര്‍മാറ്റില്‍ ഇവിടെ വായിക്കാം.)

(രാഷ്ട്രീയ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്താന്‍ അനുമതി നല്‍കാന്‍ സര്‍ക്കാരിന് അധികാരമില്ലാത്തതു കൊണ്ട് അപ്രകാരമുള്ള ആരോപണങ്ങള്‍ ശരിയായിരിക്കാന്‍ ഇടയില്ലെന്നും അഥവാ ചോര്‍ത്തല്‍ നടന്നെങ്കില്‍ തന്നെ സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ ചെയ്തതായിരിക്കാം എന്നുമാണ് സൂചന.)

ലേഖനം തുടങ്ങുന്നത് ഇങ്ങനെയാണ്: “ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ പൊതു ഖജനാവിലെ പണം ചെലവഴിച്ച് ഫോണ്‍ ചോര്‍ത്താന്‍ രഹസ്യാന്വേഷണ ഏജന്‍സികളെ അധികാരപ്പെടുത്താനാവില്ല.” കേന്ദ്ര / സംസ്ഥാന സര്‍ക്കാരിലെ ആഭ്യന്തര സെക്രട്ടറിക്കോ അടിയന്തര സാഹചര്യങ്ങളില്‍ മാത്രം കേന്ദ്രസര്‍ക്കാരിലെ ജോയിന്റ് സെക്രട്ടറിക്കോ മാത്രമേ ഇപ്രകാരമുള്ള ഫോണ്‍ ചോര്‍ത്തലിന് അനുമതി നല്‍കാന്‍ അധികാരമുള്ളൂ എന്നും അതിനുള്ള അപേക്ഷ നല്‍കാന്‍ പോലും ഐ ജി തലം മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ക്കു മാത്രമേ അധികാരമുള്ളൂ എന്നും ലേഖനം തുടര്‍ന്ന് വിശദീകരിക്കുന്നു. വളരെ ശരിയായ, കാര്യമാത്രപ്രസക്തമായ ലേഖനം തന്നെ. പക്ഷേ നിയമ വ്യവസ്ഥകള്‍ ഇങ്ങനെ - യൊക്കെ ആണെന്നിരിക്കെ തങ്ങള്‍ തന്നെ പതിനൊന്നു മാസം മുന്‍പ് എഴുതി വിട്ട ഒരു ‘കഥ’യുടെ അടിത്തറ തോണ്ടുന്നതായില്ലേ ഈ ലേഖനം എന്ന ചിന്ത പോലും അച്ചായന്റെ ‘കഥാകൃത്തു’ക്കളുടെയൊന്നും മനസ്സില്‍ ഉയര്‍ന്നില്ലെന്നു മാത്രം! (അതോ തങ്ങള്‍ സമയാസമയങ്ങളില്‍ സ്വന്തം സൌകര്യവും ആവശ്യവും പോലെ അപ്പപ്പോള്‍ തോന്നുന്ന ചേരുവകള്‍ അരച്ചു കലക്കി കൊടുക്കുന്ന ‘കഥാരസായനം’ തൊണ്ടതൊടാതെ വിഴുങ്ങുന്ന വിഡ്ഢികളാണ് പൊതുജനം എന്നു കരുതിയോ?)

ലേഖനത്തില്‍ പറയുന്ന വ്യവസ്ഥകളില്‍ ഒന്നു പോലും 2009 ജൂണിനു ശേഷം ‘ആവിര്‍ഭവിച്ച’തല്ല എന്നിരിക്കെ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസും ‘പ്രമുഖ സി പി എം നേതാവും’ തമ്മില്‍ ‘നടന്നു എന്നു പറയപ്പെടുന്നു എന്ന് റിപ്പോര്‍ട്ടില്‍ എഴുതപ്പെട്ട’ ഫോണ്‍ സംഭാഷണങ്ങള്‍ സി ബി ഐ ചോര്‍ത്തിയെന്നും അപ്രകാരം (നിയമവിരുദ്ധമായി) നേടിയെടുത്ത വിവരങ്ങള്‍ മറ്റൊരു ഭരണഘടനാ സ്ഥാനമായ ഗവര്‍ണര്‍ക്ക് നല്‍കി എന്നും ‘കഥ - യെഴുതിയ’ത് ജനങ്ങളെ വിഡ്ഢികളാക്കാനോ അതോ സി ബി ഐ എന്ന അത്യുന്നത അന്വേഷണ സംഘം നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കുന്നു എന്ന് തുറന്നുകാട്ടാനോ?

ലാവലിന്‍ കേസുമായി ബന്ധപ്പെട്ട ഫോണ്‍ ചോര്‍ത്തല്‍ കഥ മേല്‍പ്പറഞ്ഞ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന നിയമ വ്യവസ്ഥകളുടെ വെളിച്ചത്തില്‍ ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും എന്നു തോന്നുന്നു - ചുമ്മാ ഒരു രസത്തിനാണേയ്! ‘അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലേക്ക് സി പി എം-ന്റെ ഉന്നത നേതാവ് വിളിച്ച’താണല്ലോ സി ബി ഐ ചോര്‍ത്തിയ(തെന്ന് അച്ചായന്‍ & കമ്പനി അവകാശപ്പെടുന്ന)ത്? അങ്ങനെയെങ്കില്‍ ചോര്‍ത്തപ്പെട്ടത് ഒന്നുകില്‍ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിലെ ഫോണ്‍, അല്ലെങ്കില്‍ സി പി എം നേതാവിന്റെ ഫോണ്‍. നോക്കാം. അഡ്വക്കേറ്റ് ജനറലിന്റെ ഫോണാണ് ചോര്‍ത്തിയത് എന്നു കരുതാനാവുമോ? അപ്പോഴതാ ലേഖനത്തിലെ ആദ്യ വാക്യം വാ പിളര്‍ന്ന് നില്‍ക്കുന്നു: ‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയുയര്‍ത്തുന്ന മട്ടില്‍ പ്രവര്‍ത്തി- ക്കുന്നവരുടെ നീക്കങ്ങള്‍ കണ്ടെത്താന്‍ മാത്രമേ ഫോണ്‍ ചോര്‍ത്താന്‍ നിയമം അനുവദിക്കുന്നുള്ളൂ.’ ഭരണഘടനാ സ്ഥാപനമായ അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് തന്നെ ‘ഭരണഘടനയ്ക്കും രാജ്യസുരക്ഷയ്ക്കും ഭീഷണി’യുയര്‍ത്തിയോ? ഏയ്... അങ്ങനെ പറയാന്‍ മാത്രമുള്ള ‘കഥയില്ലായ്മ’ അച്ചായന്റെ ‘കഥാകൃത്തുക്കള്‍’ കാണിക്കുമോ? അഡ്വക്കേറ്റ് ജനറലിന്റെ ഫോണ്‍ ചോര്‍ത്തിയില്ലെന്ന് സി ബി ഐ തന്നെ അദ്ദേഹത്തെ രേഖാമൂലം അറിയിച്ചിട്ടുമുണ്ടല്ലോ. അപ്പോള്‍പ്പിന്നെ ചോര്‍ത്തിയത് സി പി എം നേതാവിന്റെ ഫോണായിരിക്കണം. വരട്ടെ. നോക്കാം. സി പി എം നേതാവിന്റെ ഫോണില്‍ എന്തൊക്കെ സംഭാഷണങ്ങള്‍ നടക്കാം? ഒന്നുകില്‍ വ്യക്തിപരമായ കാര്യങ്ങള്‍, കുടുംബ കാര്യങ്ങള്‍... അല്ലെങ്കില്‍ രാഷ്ട്രീയ കാര്യങ്ങള്‍ ഒക്കെ. അപ്പോഴോ? ദാണ്ടെ കിടക്കുന്നു വാക്യം നമ്പര്‍ രണ്ട്: ‘രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങള്‍ മനസ്സിലാക്കാനോ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കാനോ’ ഫോണ്‍ ചോര്‍ത്താന്‍ പറ്റില്ലെന്ന്. ചുരുക്കിപ്പറഞ്ഞാല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് തങ്ങള്‍ എഴുതി വിട്ട ‘കഥ’കളില്‍ ഒരെണ്ണമെങ്കിലും വെറും ‘കഥയില്ലായ്മ’ മാത്രമായിരുന്നു എന്ന് പതിനൊന്നു മാസത്തിനു ശേഷം മറ്റൊരു റിപ്പോര്‍ട്ടിലെ രണ്ടേ രണ്ടു വാക്യങ്ങളിലൂടെ അച്ചായനും കൂട്ടരും ‘ആരുമറിയാതെ’ സമ്മതിച്ചിരിക്കുന്നു എന്നു തന്നെ!

സത്യസന്ധമായ നിസ്വാര്‍ഥ ജനസേവനമല്ലാതെ മറ്റു യാതൊരു വിധ ‍താല്പര്യങ്ങളുമില്ലാത്ത അച്ചായന്മാരുടെയും വീരന്മാരുടെയും ‘ഫാക്ടറി’കളില്‍ രാവും പകലും പേനയുന്തിയും കട്ടയടിച്ചും വളര്‍ന്നു വരുന്ന ഭാവനാസമ്പന്നരായ കഥാകൃത്തുക്കളില്‍ നിന്ന് ഉറവെടുക്കുന്ന ഇതുപോലുള്ള കഥകള്‍ തുടര്‍ന്നും അനര്‍ഗളം പ്രവഹിക്കുമെന്ന് ദശലക്ഷക്കണക്കിന് വായനക്കാര്‍ പ്രതീക്ഷിക്കുന്നു. സത്യസന്ധവും കാര്യമാത്രപ്രസക്തവുമായ ലേഖനങ്ങളോ റിപ്പോര്‍ട്ടുകളോ പ്രസിദ്ധീകരിച്ച് പാവം കഥാകൃത്തുക്കളുടെ സര്‍ഗശേഷിയും ആത്മവീര്യവും ‘ചോര്‍ത്തി’ക്കളയുന്ന ‘കടും‌കൈകള്‍’ ഇനിയെങ്കിലും ആവര്‍ത്തിക്കരുത് എന്നും താല്പര്യപ്പെടുന്നു!

**********

കടപ്പാട്: ‘മനോരമ’ പത്രത്തിന്റെ കോപ്പി ലഭ്യമാക്കിയ ‘ദേശാഭിമാനി’ കണ്ണൂര്‍ യൂണിറ്റ്; പത്ര കട്ടിങ് സ്കാന്‍ ചെയ്ത് അയച്ചു തന്ന സുഹൃത്ത് ഭാനുപ്രകാശ് എന്നിവരോട്.

* This atricle was originally posted on 1st May 2010 in the author's blog.

~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.