Home
Home



About
About Me



Favourites Favourites


Photos
Photos



News
Editor's Desk



News
Special Correspondent



Works
Works



Blog
Blog



Biodata
Biodata



Contact Contact Me


Support
Help & Support





വിജി പിണറായി


Viji Pinarayi

SiteMap
Site Map



“വാർത്തകൾ” “ഉണ്ടാക്കുന്ന”ത്...

(ത്രിപുരയിലെ നിയമസഭാതെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനെത്തുടർന്ന് അവിടെ അരങ്ങേറിയ അക്രമങ്ങളുടെ ഭാഗമായി ഉണ്ടായ ഒരു സംഭവത്തെക്കുറിച്ച് ‘മലയാള മനോരമ’ പത്രത്തിന്റെ ഉത്തരപൂർവ മേഖലാ പ്രതിനിധിയായ ജാവേദ് പർവേഷ് ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റിന്റെയും അതിനെ ന്യായീകരിച്ചുകൊണ്ട് അതിന്റെ തുടർച്ചയായി എഴുതിയ മറ്റൊരു പോസ്റ്റിന്റെയും പൊള്ളത്തരം തുറന്നുകാട്ടിക്കൊണ്ട് ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പിന്റെ പുനഃപ്രസിദ്ധീകരണം.)


ഏതൊരു കാര്യവും സംഭവിക്കണമെങ്കിൽ രണ്ടു കാര്യങ്ങൾ അനിവാര്യമാണ് - സ്ഥലവും സമയവും. അതുകൊണ്ടുതന്നെ ഏതു സംഭവത്തെപ്പറ്റി ആരു പറയുമ്പോഴും അതിനെപ്പറ്റി ആർക്കും എപ്പോഴും ചോദിക്കാവുന്ന രണ്ടു ചോദ്യങ്ങളാണ് ‘ ‘എവിടെ‘, ‘എപ്പോൾ‘ എന്നിവ. പ്രസ്തുത സംഭവത്തിന്റെ ‘നിലവാരം’ എന്തുതന്നെയായാലും - ലോകചരിത്രത്തിന്റെ ഗതിയെത്തന്നെ നിർണയിക്കാൻ ശേഷിയുള്ളത്ര പ്രാധാന്യമുള്ളതായിരുന്നാലും യാതൊരു പ്രാധാന്യവും ഇല്ലാത്തതായിരുന്നാലും - ഈ രണ്ടു ചോദ്യങ്ങൾക്കും ഉത്തരം ഉണ്ടായിരിക്കും. “രണ്ടാം ലോക മഹായുദ്ധത്തിൽ അമേരിക്ക അണുബോംബ് പ്രയോഗിച്ചു” എന്ന ചരിത്ര സംഭവത്തിനു അക്ഷാംശ രേഖാംശങ്ങൾ സഹിതം കൃത്യമായ സ്ഥലവും ദിവസവും മണിക്കൂറും മിനിറ്റും എന്നുവേണ്ട, ഒരുപക്ഷേ സെക്കൻഡുകൾ വരെ കൃത്യതയോടെ സമയവും പറയാനാവും - ഇന്നു ജീവിച്ചിരിക്കുന്നവരിൽ ഭൂരിപക്ഷം പേരും ജനിക്കുക പോലും ചെയ്യും മുൻപ് നടന്ന സംഭവമാണെങ്കിൽപ്പോലും. ഇനി, ചരിത്രത്തിൽ സ്ഥാനമേയില്ലാത്ത, “ഞാൻ വീണു” എന്ന വെറും രണ്ടേ രണ്ടു വാക്കുകളിൽ പറയാവുന്ന സംഭവമാണെങ്കിൽപ്പോലും ‘എപ്പോൾ’, ‘എവിടെ‘ എന്നു ചോദിച്ചാൽ മറുപടി തീർച്ചയായും ഉണ്ടാവും - ’ഇന്നലെ രാത്രി, ഫ്ലാറ്റിലെ ഹാളിൽ’ എന്ന്. ചുരുക്കിപ്പറഞ്ഞാൽ പറഞ്ഞുവന്നത് ഇത്രയേ ഉള്ളൂ - ‘എവിടെ’, ‘എപ്പോൾ’ എന്നീ ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരമില്ലാത്ത യാതൊന്നും സംഭവ്യമല്ല. സംഭവിക്കാത്ത കാര്യത്തെപ്പറ്റി പറയുന്നത് ‘കഥ’ മാത്രമേ ആകൂ - വാർത്ത ആകുകയുമില്ല. (കൃത്യമായ രേഖകളോ തെളിവുകളോ ലഭ്യമല്ലാത്ത ‘ചരിത്രാതീതകാല സംഭവ’ങ്ങളുടെയോ വാർത്താപ്രാധാന്യമൊന്നുമില്ലാത്ത നിസ്സാരമായ സംഭവങ്ങളുടെയോ കാര്യമല്ല.)

ഇത്രയൊക്കെ ആമുഖമായി പറഞ്ഞത് കേരളത്തിലെ ഒരു “പ്രമുഖ പത്ര”ത്തിന്റെ, രാജ്യത്തിന്റെ ഉത്തര - പൂർവദേശത്തെ പ്രതിനിധിയായ ഒരു “പ്രമുഖ പത്രപ്രവർത്തക”ൻ കഴിഞ്ഞ ദിവസങ്ങളിൽ “ഒരു പ്രമുഖ സമൂഹ മാധ്യമ”ത്തിൽ പ്രസിദ്ധീകരിച്ച പോസ്റ്റുകൾ വായിക്കാനിടയായ ‘സംഭവ’(!)ത്തെപ്പറ്റി പറയാനാണ്. ത്രിപുരയിൽ കഴിഞ്ഞ മാസം നടന്ന സംസ്ഥാനനിയമസഭാതെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന്, വർഷങ്ങളായി ഭരണത്തിൽ തുടരുകയായിരുന്ന മുന്നണി പരാജയപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടതോടെ അവിടെ വ്യാപകമായ അക്രമങ്ങൾ നടക്കുന്നതായി വാർത്തകൾ വരികയുണ്ടായി. അക്കൂട്ടത്തിൽ ‘എവിടെ’, ‘എപ്പോൾ’ എന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള ഒരു സംഭവമാണ് പ്രസ്തുത പോസ്റ്റുകൾക്ക് ആധാരം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ, ആഗോളതലത്തിലെ തന്നെ ഏറ്റവും ആദരണീയരായ നേതാക്കളിലൊരാളായിരുന്ന ലെനിന്റെ പ്രതിമ തകർക്കപ്പെട്ടു. ഇതുൾപ്പെടെയുള്ള സംഭവങ്ങളുടെ സാഹചര്യത്തിൽ, ഒരു സംഭവത്തെപ്പറ്റിയും കൃത്യമായി പരാമർശിക്കാതെ സംസ്ഥാന ഗവർണർ ശ്രീ. തഥാഗത് റോയ് പോസ്റ്റ് ചെയ്ത ഒരു ‘ട്വീറ്റ്’ മാധ്യമവാർത്തകളിൽ ഇടം പിടിച്ചു. “What one democratically elected government can do another democratically elected government can undo. And vice versa.” എന്നായിരുന്നു ആ പോസ്റ്റ്.

ഇത്രയും കാര്യങ്ങൾ വളരെ കൃത്യമായിരുന്നു. പക്ഷേ നമ്മുടെ “പ്രമുഖ മാധ്യമപ്രവർത്തക”ൻ പ്രസ്തുത ട്വീറ്റിനെ ആസ്പദമാക്കി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ അതിൽ “2008 ലെ തിരഞ്ഞെടുപ്പു വിജയാഹ്ളാത്തിലാണ് ത്രിപുരയിൽ രാജീവ് ഗാന്ധി പ്രതിമ തകര്ക്കപ്പെട്ടത്” (sic) എന്ന ഒരു പരാമർശം കൂടി കടന്നുവന്നു. സ്വാഭാവികമായും മുകളിൽപ്പറഞ്ഞ ആ രണ്ടു ചോദ്യങ്ങൾ - ‘എപ്പോൾ, എവിടെ’ - ആ പോസ്റ്റിനോടുള്ള പ്രതികരണങ്ങളിലും കടന്നുവന്നു. ചോദ്യകർത്താക്കൾ സ്വഭാവികമായും പ്രതീക്ഷിക്കുന്നത് പ്രസ്തുത സംഭവം ത്രിപുരയിൽ എവിടെ, എന്ന് നടന്നു എന്നതിനെക്കുറിച്ചുള്ള കൃത്യമായ മറുപടിയാവും - പോസ്റ്റിട്ടയാൾ ഒരു നൂറ്റാണ്ടിലേറെക്കാലത്തെ ചരിത്രമുള്ള ഒരു പത്രസ്ഥാപനത്തിൽ വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന ആളാണെന്നതും അതിലുപരി, ത്രിപുര ഉൾപ്പെടുന്ന ഉത്തര - പൂർവ മേഖലയിലെ പ്രതിനിധിയാണെന്നതും കണക്കിലെടുക്കുമ്പോൾ പ്രത്യേകിച്ചും. എന്നാൽ പ്രസ്തുത ചോദ്യങ്ങളോടുള്ള പത്രപ്രവർത്തകന്റെ മറുപടി അദ്ദേഹത്തിന്റെ “അത്ഭുതകര”മായ ‘വാർത്താബോധം’ നിറഞ്ഞുനിൽക്കുന്നതായിരുന്നു! ഗവർണറുടെ ട്വീറ്റിനെ പരാമർശിച്ചു കൊണ്ട് ‘ദ ഹിന്ദു’ പത്രം പ്രസിദ്ധീകരിച്ച വാർത്ത ആയിരുന്നു ആ മറുപടി.

ഒരു ചോദ്യത്തിനു മറുപടിയായി ഒരു പത്രവാർത്ത കാണുമ്പോൾ സ്വാഭാവികമായും വായനക്കാരൻ പ്രതീക്ഷിക്കുന്നത് ഈ വാർത്തയിൽ ആ മറുപടിയുടെ വിശദാംശങ്ങൾ ഉണ്ടാവും എന്നയിരിക്കും. എന്നാൽ പ്രസ്തുത വാർത്തയിൽ കാണുന്നതോ, “Mr. Roy is believed to have referred to instances of statues of leaders iconic to other parties demolished or defiled in the past. They include those of Rajiv Gandhi immediately after the Left Front won the elections in 2008.” എന്ന് രണ്ടു വരി മാത്രം. അതായത്, മേല്പറഞ്ഞ ‘വാർത്ത’യിലെ അവസാനത്തെ വാക്യത്തിന്റെ മലയാള തർജ്ജമ മാത്രമായിരുന്നു നമ്മുടെ പത്രപ്രവർത്തകന്റെ പോസ്റ്റിന് ആധാരം!

ഒരു മാധ്യമം പ്രസിദ്ധീകരിച്ച വാർത്തയെ ആധാരമാക്കി അഭിപ്രായപ്രകടനം നടത്തുന്നതോ സ്വന്തമായി വാർത്തയോ പരമ്പരയോ തന്നെ എഴുതുന്നതോ തെറ്റൊന്നുമല്ല - പക്ഷേ അപ്രകാരം ആധാരമാക്കപ്പെടുന്നത് ‘വാർത്ത’ തന്നെയായിരിക്കണം - ‘കഥ’ ആകരുത്. (പത്രവാർത്തകളെ സൂചിപ്പിക്കാൻ, ‘കഥ’ എന്നും അർഥമുള്ള ‘സ്റ്റോറി' എന്ന ഇംഗ്ലീഷ് വാക്ക് ഉപയോഗിക്കാമെന്നു നിശ്ചയിച്ച അജ്ഞാതനായ പ്രതിഭാശാലിയുടെ ദീർഘദൃഷ്ടി അപാരമെന്നേ പറയേണ്ടൂ!) “നിർഭാഗ്യവശാൽ” ഇവിടെ നമ്മുടെ മാധ്യമപ്രവർത്തകന്റെ ‘ആധാര’ത്തിന്റെ ഏക ന്യൂനത അതുതന്നെയായിരുന്നു - അത് ‘കഥ’ ആയിരുന്നു എന്നത്! ഗവർണർ തന്റെ പോസ്റ്റിൽ ഒരു സംഭവത്തെപ്പറ്റിയും പരാമർശിച്ചിട്ടില്ലെന്നിരിക്കെ അദ്ദേഹത്തിന്റെ പോസ്റ്റിനെക്കുറിച്ച് ‘ദ ഹിന്ദു’ ലേഖകൻ പറഞ്ഞത് ഒന്നുകൂടി വായിക്കാം - “Mr. Roy is believed to have referred to instances of statues of leaders iconic to other parties demolished or defiled in the past.” അതായത്, ‘മറ്റു പാർട്ടികളുടെ ആരാധ്യരായ നേതാക്കളുടെ പ്രതിമകൾ തകർക്കപ്പെടുകയോ കേടുവരുത്തപ്പെടുകയോ ചെയ്ത മുൻകാല സംഭവങ്ങളെയാണ് ശ്രീ. റോയ് (ഗവർണർ) പരാമർശിച്ചതെന്ന് കരുതപ്പെടുന്നു’ എന്ന്. എന്നുവെച്ചാൽ ഗവർണർ തന്റെ പോസ്റ്റിലെ പരാമർശത്തിൽ എന്താണുദ്ദേശിച്ചത് എന്നതിനെക്കുറിച്ച് ലേഖകന്റെ ‘ഊഹം’ അഥവാ ‘തോന്നൽ’ മാത്രമാണ് ആ വരികളിൽ ഉള്ളത് എന്ന്. പ്രസ്തുത റിപ്പോർട്ട് നമ്മുടെ ‘കഥാനായകനു’ പ്രിയങ്കരമായത് വെറുതെയല്ല. അദ്ദേഹം ഉൾപ്പെടെയുള്ള മലയാള ‘മാധ്യമപ്രവർത്തകരു’ടെ ‘രാഷ്ട്രീയവാർത്താപാചകക്കൂട്ടി’ലെ ‘അനിവാര്യ ഘടക’ങ്ങളാണല്ലോ “കരുതപ്പെടുന്നു”, “പറയപ്പെടുന്നു”, “അറിയുന്നു”, “ഉണ്ടത്രേ”, “സൂചന” ഇത്യാദി രുചിക്കൂട്ടുകൾ! അക്കൂട്ടത്തിലൊരെണ്ണത്തിന്റെ ആംഗലേയ ‘വേർഷൻ’ - അതും ‘ദ ഹിന്ദു’ പോലൊരു പത്രത്തിന്റെ പരിചയസമ്പന്നനായ ലേഖകന്റെ റിപ്പോർട്ടിൽ - കണ്ടപ്പോൾ ‘ആക്രാന്തം’ തോന്നിയതു സ്വാഭാവികം മാത്രം!

അങ്ങനെ ‘ആക്രാന്ത് കുമാറാ’യ ‘പത്രനു’ പക്ഷേ ചെറിയൊരു പറ്റു പറ്റി. താൻ എഴുതുന്നത് പത്രക്കടലാസിൽ അടിച്ചു തള്ളാനുള്ള കഥയല്ല, ഫേസ്‌ബുക്ക് പോസ്റ്റാണെന്ന കാര്യം കുറച്ചുനേരത്തേക്ക് ‘മറന്നുപോയി‘! പത്രത്തിലെഴുതുന്ന ‘കഥകൾ’ വായിക്കുന്നവർ അതിനെക്കുറിച്ച് ‘കഥാകൃത്തു’ക്കളോട് വിശദീകരണം ചോദിക്കുന്ന പതിവില്ല, അഥവാ വല്ലവരും ചോദിച്ചാൽപ്പോലും മറുപടിയൊന്നും പറയണമെന്നില്ല, മറ്റുള്ളവർ അതൊന്നും അറിയുകയുമില്ല. പക്ഷേ അതല്ലല്ലോ ഫേസ്‌ബുക്കിലെ പോസ്റ്റിന്റെ കാര്യം. അതുകൊണ്ട് “എപ്പോൾ, എവിടെ” ചോദ്യങ്ങൾ ആവർത്തിച്ചു വന്നുകൊണ്ടിരുന്നു. നമ്മുടെ പാവം പത്രൻ കുറേയധികം ‘പരവേശ’പ്പെട്ടു പോസ്റ്റിനെ ന്യായീകരിക്കാൻ. ‘ഹിന്ദു’വിന്റെ വിശ്വാസ്യതയും ലേഖകന്റെ പരിചയസമ്പത്തുമൊക്കെ ചേർത്തു വെച്ച് പഴമുറം പരിചയാക്കി കുറേ പൊരുതിനോക്കി. കിം ഫലം...?! രാജ്യത്തിന്റെ മുൻ പ്രധാനമന്ത്രിയും സംഭവസമയത്ത് രാജ്യം ഭരിച്ചിരുന്ന പാർട്ടിയുടെ ആരാധ്യനായ നായകനുമായിരുന്ന നേതാവിന്റെ പ്രതിമ രാഷ്ട്രീയ എതിരാളികളാൽ തകർക്കപ്പെടുക എന്നത് ഏത് അളവുകോൽ വെച്ചു നോക്കിയാലും നിസ്സാരമോ അവഗണിക്കപ്പെടാവുന്നതോ ആയ ഒരു സംഭവമല്ല. രാഷ്ട്രീയരംഗത്ത് ഏറെ കോളിളക്കമുണ്ടാക്കിയിരിക്കേണ്ട സംഭവമാണത് - നേതാവ് രണ്ടു തവണ തുമ്മിയാൽപ്പോലും ‘ബ്രേക്കിങ് ന്യൂസ്’ ആകുന്ന കേരളത്തിലെങ്കിലും. എന്നാൽ ഇത്രയും രാഷ്ട്രീയപ്രാധാന്യമുള്ള ഒരു സംഭവം നടന്നതായി പറയപ്പെടുന്ന കാലഘട്ടത്തിൽ പ്രസ്തുത സംഭവത്തെപ്പറ്റി ഒരു പത്രത്തിലും - നമ്മുടെ ‘പത്രൻ’ സേവിക്കുന്ന പത്രത്തിലോ അദ്ദേഹം തന്റെ പോസ്റ്റിന് ആധാരമാക്കിയ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’വിലോ എന്തിന്, ‘തകർക്കപ്പെട്ടുവെന്നു സൂചിപ്പിക്കപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന’ പ്രതിമ ഏതു പാർട്ടിയുടെ നേതാവിന്റേതാണോ, അ പാർട്ടിയുടെ മുഖപത്രത്തിൽപ്പോലും - ഒരു ഒറ്റക്കോളം വാർത്തയെങ്കിലും വന്നിരുന്നതായി ചൂണ്ടിക്കാണിക്കാൻ കഴിയുന്നില്ല ആർക്കും! ലോകത്തെവിടെയും വാർത്താപ്രാധാന്യമുള്ള എന്തു സംഭവം നടന്നാലും മിനിറ്റുകൾക്കകം വാർത്തയാകുകയും ഇന്റർനെറ്റു വഴി ലോകത്തിന്റെ ഏതു കോണിലും വിശദാംശങ്ങൾ ലഭ്യമാകുകയും ചെയ്യുന്ന ഇക്കാലത്ത് പലരും പല തരത്തിൽ ‘സെർച്ച്’ ചെയ്തിട്ടും അങ്ങനെയൊരു സംഭവത്തെക്കുറിച്ചു മാത്രം ഒരു വിവരവും എവിടെയും ലഭ്യമല്ല! എന്തിനധികം, സംഭവം നടന്നതായി പറയപ്പെടുന്ന സംസ്ഥാനത്തെ, മേല്പറഞ്ഞ സമുന്നത നേതാവിന്റെ പാർട്ടിയുടെ നേതാക്കൾക്കു പോലും അങ്ങനെയൊരു സംഭവം നടന്നതായി സ്ഥിരീകരിക്കുന്ന ഒരു ഓർമ പോലുമില്ല...!!

ഏതായാലും “പൊരുതിത്തോറ്റുപോയ” പോസ്റ്റിനെ അങ്ങനെയങ്ങു കൈവിടാൻ നമ്മുടെ പത്രൻ ഒരുക്കമായിരുന്നില്ല. എല്ലാം മതിയാക്കി ഇനി കുറച്ച് ‘പ്രകൃതിസൗന്ദര്യം’ മാത്രമെന്നു പറഞ്ഞ് ഒഴിയുന്നതുപോലെ നടിച്ചെങ്കിലും ‘പുരഞ്ജയമായി തുടങ്ങി സൗഭദ്രമെന്നു തോന്നിക്കുന്ന’ അടവുകൾ വേറെയും നമ്മുടെ പോരാളിയുടെ കൈവശം ബാക്കിയുണ്ടായിരുന്നു. അടുത്ത ദിവസം തന്നെ ടിയാൻ വീണ്ടും വന്നു. മുൻ പോസ്റ്റിൽ അവകാശപ്പെട്ട കാര്യം ഗൂഗിളിൽ പരതിയിട്ടു പോലും കിട്ടിയില്ലെന്നു പറഞ്ഞതു കൊണ്ടാണെന്നു തോന്നുന്നു, “സ്പോട്ട് റിപ്പോര്ട്ടിങ് നടത്തുന്ന ലേഖകനേക്കാളും വിവരം’ “ഗൂഗിളിനെ മാത്രം വിശ്വസിക്കുന്ന”വർക്ക് ഉണ്ടെന്ന പരിഹാസവുമായിട്ടാണ് ഇക്കുറി രംഗപ്രവേശം. സമാനമായ മറ്റൊരു സംഭവത്തെപ്പറ്റി പരാമർശിച്ചുകൊണ്ട് ‘ദ ഹിന്ദു’വിന്റെ തന്നെ മറ്റൊരു ലേഖകൻ റിപ്പോർട്ടു ചെയ്തതായി പറയുന്ന വാർത്തയെപ്പറ്റിയാണ് ഇത്തവണത്തെ വാദം. പ്രസ്തുത സംഭവവും നടന്നതായി പറയപ്പെടുന്ന സമയത്ത് വാർത്ത ആയിരുന്നില്ല എന്ന കാര്യം അറിയാവുന്നതുകൊണ്ടാണെന്നു തോന്നുന്നു, ’ഗൂഗിൾ സെർച്ച് റിസൽട്ടു’കളുമായി വരുന്നവർക്കെതിരെ ‘മുൻകൂർ ജാമ്യ’മായി ഇക്കുറി പരിഹാസവുമായി ഇറങ്ങിയത്...!

പക്ഷേ... ‘ന്യായീകരണപരവേശബാധിത’നായ ‘പത്രനു’ വീണ്ടും അബദ്ധം പറ്റി - ഇത്തവണ വായനക്കാരുടെ ഓർമശക്തിയെയായിരുന്നു ടിയാൻ പരീക്ഷിക്കാൻ മുതിർന്നത്...! കുറച്ചു കാലം മുൻപ് - കുറച്ചു കൃത്യമായി പറഞ്ഞാൽ ഒരു കൊല്ലവും എട്ടു മാസവും മുൻപ് - കുറേക്കൂടി കൃത്യമായി പറഞ്ഞാൽ 2016 ജൂൺ 16-ന് - ഇദ്ദേഹം ഒരു പോസ്റ്റ് ഇട്ടിരുന്നു, ഫേസ്‌ബുക്കിൽത്തന്നെ. കുപ്രസിദ്ധമായ ജിഷ കൊലക്കേസിലെ പ്രതിയായ അമീറുൽ ഇസ്ലാമിനെ പിടികൂടിയതുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന അന്നത്തെ എ ഡി ജി പി ബി. സന്ധ്യ ഇറക്കിയ പത്രക്കുറിപ്പിൽ പ്രതിയുടെ മേൽവിലാസം നൽകിയതിൽ ജില്ലയുടെ പേരിൽ തെറ്റുണ്ടായിരുന്നു എന്നതായിരുന്നു പോസ്റ്റിലെ വിഷയം. പ്രസ്തുത പോസ്റ്റിൽ ലേഖകശ്രീയുടെ വക “ഉപദേശം” ഇങ്ങനെ: “ശരിയായായും തെറ്റായാലും തിരക്കഥ എഴുതുമ്പോള്‍ പൊതുവിജ്ഞാനം നല്ലതാണ്. ഗൂഗിള്‍ ചെയ്താല്‍ അത്യാവശ്യം വിവരം കിട്ടും.” ഏയ്... തെറ്റിയിട്ടൊന്നുമില്ല, വിവരം കിട്ടാൻ “ഗൂഗിൾ ചെയ്യാൻ” തന്നെയാണ് അന്ന് “പൊതുവിജ്ഞാന കുതുകി’യായിരുന്ന പത്രന്റെ ഉപദേശം...!! അന്ന് ‘വിശ്വാസയോഗ്യ’മെന്നു പറഞ്ഞ്, പോലീസിനു പോലും പിന്തുടരാമെന്ന് ‘ഉപദേശിച്ച’ അതേ മാർഗം - ഗൂഗിൾ സെർച്ച്’ - ഒന്നരക്കൊല്ലം കഴിഞ്ഞ് സ്വന്തം 'കഥ’യുടെ കാര്യം വന്നപ്പോഴേക്കും ‘ന്യായീകരണപരവേശ യോഗ’ത്താൽ പരിഹാസ്യമായതു കാണുമ്പോൾ ‘സെലക്റ്റീവ് അം‌നീഷ്യ’ ബാധിച്ചിട്ടില്ലാത്ത വായനക്കാർക്കു തോന്നുന്നത് എന്താണെന്നോ...? ശ്രീ. Javed Parvesh, താങ്കളുടെ പേരു ‘ജാവേദ് പരവേശം’ എന്നാണോ എന്ന്...!!

അതെന്തായാലും പത്തു മുപ്പത്തഞ്ചു കൊല്ലമായി പത്രവാർത്തകൾ വായിക്കുന്ന ഒരാളെന്ന നിലയിൽ എന്റെ വക സൗജന്യമായി ഒരു ‘ഉപദേശം’ തരാം, താങ്കൾക്ക് - സഹമാധ്യമത്തൊഴിലാളികൾക്കും - 30 കൊല്ലം നോർത്ത് ഈസ്റ്റിലും 20 കൊല്ലം സൗത്ത് വെസ്റ്റിലും പതിനഞ്ചു കൊല്ലം ഉഗാണ്ടയിലുമൊക്കെ പേനയുന്തിയ ‘സ്പോട്ട് റിപ്പോർട്ട’റാണെന്നൊന്നും പറഞ്ഞിട്ടു കാര്യമൊന്നുമില്ല, ‘എപ്പോൾ‘, ‘എവിടെ’ എന്നീ ചോദ്യങ്ങൾക്കെങ്കിലും വ്യക്തവും കൃത്യവുമായ ഉത്തരം കൈയിലില്ല എങ്കിൽ, നേരിട്ട് അനുഭവമുള്ള കാര്യമാണെങ്കിൽപ്പോലും പരസ്യപ്പെടുത്താൻ നിൽക്കരുത്, വിശ്വാസ്യത - അരക്കാൽക്കഴഞ്ചെങ്കിലും ബാക്കിയുണ്ടെങ്കിൽ - ‘കപ്പലു കേറും’...!!



ഈ ലേഖനത്തിൽ പരാമർശിച്ചിട്ടുള്ള ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ

പോസ്റ്റ് 1 പോസ്റ്റ് 2 പോസ്റ്റ് 3


~ വിജി പിണറായി ~
~ Viji Pinarayi ~


Parts of this site contain text in Malayalam.
You may have to download some Malayalam fonts to view the pages correctly.
Visit 'Fonts Centre' to download all Malayalam fonts used in this site.

This website is hosted by
© Copyright 2021 Viji Pinarayi. All rights reserved. All contents of this site, except mentioned otherwise, are exclusive property of the owner of the site.
News clips / articles from various news papers are the property of the respective news papers. All Trade Marks and copyrights are acknowledged.